പി.എം ശ്രീയിൽനിന്ന് പിന്മാറണമെന്ന് ഡി. രാജ; ‘100 വർഷത്തെ മഹത്തായ ചരിത്രമുള്ള, പക്വതയും വിവേകവുമുള്ള പാർട്ടിയാണ് സി.പി.ഐ’
text_fieldsന്യൂഡൽഹി: പി.എം ശ്രീയിൽനിന്ന് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ പിന്മാറണമെന്നും എം.എ.യു മരവിപ്പിക്കണമെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ബി.ജെ.പി സർക്കാറിന്റെ എൻ.ഇ.പി 2020 രാജ്യത്തിന് അപകടകരമാണെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവ് കമ്മറ്റിയും വിലയിരുത്തിയത്.
വിദ്യാഭ്യാസ കച്ചവടവത്കരണത്തിനും വർഗീയവത്കരണത്തിനും സ്വകാര്യവത്കരണത്തിനും എൻ.ഇ.പി 2020 ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടതായും ഡി. രാജ പറഞ്ഞു. ഈ സാഹചര്യത്തിൽ എൻ.ഇ.പി അടിസ്ഥാനമാക്കിയുള്ള പി.എം. ശ്രീ പദ്ധതിയുമായി ഒത്തുപേകാനാവില്ല. ഫണ്ട് തടഞ്ഞതിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് പോലെ കേരളവും പോകണം. എന്ത് കൊണ്ടാണ് ആ വഴി സ്വീകരിക്കാത്തത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘100 വർഷത്തെ മഹത്തായ ചരിത്രമുള്ള പക്വതയുള്ള, വിവേകമുള്ള പാർട്ടിയാണ് സി.പി.ഐ. രാഷ്ട്രീയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാം. പി.എം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിഹാരം കണ്ടെത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിടുന്നതിനോട് തങ്ങൾ എതിരാണ്. എൻ.ഇ.പി 2020 എന്നത് ബിജെപി- ആർഎസ്എസ് സർക്കാർ പിന്തുടരുന്ന പ്രതിലോമകരമായ നയമാണ്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാനാണ് അവർ ആഗ്രഹിക്കുന്നത്. ഈ നയം വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുന്നതിനും എല്ലാ അധികാരങ്ങളും കേന്ദ്ര സർക്കാരിൻ്റെ കൈകളിൽ കേന്ദ്രീകരിക്കുന്നതിനും ഒടുവിൽ സിലബസും കരിക്കുലവും വർഗീയവൽക്കരിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇക്കാരണങ്ങളാലാണ് പി.എം ശ്രീയുമായി സഹകരിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നത്’ - അദ്ദേഹം വ്യക്തമാക്കി.
മതേതര ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായവും മതേതര ജനാധിപത്യപരമായിരിക്കണം. ശാസ്ത്രീയ മനോഭാവത്തെയും വസ്തുനിഷ്ഠമായ ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും ഡി. രാജ ആവശ്യപ്പെട്ടു.
അതിനിടെ, പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തമായ നടപടികളിലേക്ക് സി.പി.ഐ കടക്കുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കും. നേരത്തെ സി.പി.എം സമവായത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. എന്നാൽ ഈ യോഗത്തിലും പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. നാല് സി.പി.ഐ മന്ത്രിമാരും മറ്റന്നാളത്തെ യോഗത്തിൽനിന്ന് വിട്ടുനിൽക്കും.
ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പി.എം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥ തലത്തിൽ നീക്കുന്നത് സാവധാനത്തിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം ലഭിച്ച ശേഷമേ ഉദ്യോഗസ്ഥർ പട്ടിക കൈമാറൂ. സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടത് മുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെ പി.എം ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന സാധ്യത ചർച്ച ചെയ്യും. ശേഷം പി.എം ശ്രീയെ കുറിച്ച് പഠിക്കുന്നതിന് എൽ.ഡി.എഫിൽ സബ്കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയായിരിക്കും തുടർനടപടികൾ ഏത് വിധത്തിൽ വേണമെന്ന് നിർദേശിക്കുക.
നേരത്തെ പി.എം ശ്രീ വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നിലപാട് മയപ്പെടുത്താത്ത പ്രതികരണമാണ് ബിനോയ് വിശ്വവും സി.പി.ഐ മന്ത്രിമാരും നടത്തിയത്. ചർച്ചയുടെ വാതിൽ എൽ.ഡി.എഫിൽ എപ്പോഴും തുറന്നു കിടപ്പുണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഇടത് മുന്നണിയിലെ പാർട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. അതിനാൽ, മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യും. ചർച്ചയുടെ എല്ലാ വാതിലും എൽ.ഡി.എഫിൽ ഉണ്ടാകും. എൽ.ഡി.എഫ് എൽ.ഡി.എഫ് ആണെന്നും ആശയ അടിത്തറയും രാഷ്ട്രീയ അടിത്തറയും ഉണ്ട്. അതുകൊണ്ട് പരസ്പര ബന്ധങ്ങളുണ്ട്. ചർച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

