മോദിക്കായി യമുനാ തീരത്ത് ‘വ്യാജ യമുന’...!; ഛഠ് പൂജക്ക് മുമ്പേ വിവാദം; ആരോപണവുമായി എ.എ.പി
text_fieldsയമുനാ നദി തീരത്ത് ശുദ്ധ ജലം നിറച്ച് നിർമിച്ച താൽകാലിക ജലശേഖരം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂഡൽഹിയിലെ ബി.ജെ.പി സർക്കാറിനുമെതിരെ കടുത്ത ആരോപണവുമായി ആം ആദ്മി പാർട്ടി (എ.എ.പി) രംഗത്ത്.
ബിഹാറിലെ തെരഞ്ഞെടുപ്പ് സ്റ്റണ്ടിന് മുമ്പായി തെക്കേ ഇന്ത്യ, വലിയ ആഘോഷങ്ങളിലൊന്നായ ഛഠ് പൂജയെ വരവേൽക്കാൻ ഒരുങ്ങവെ യമുനാ നദിയോട് ചേർന്ന് പ്രധാനമന്ത്രിക്കായി ശുദ്ധീകരിച്ച ജലം നിറച്ച് വ്യാജ യമുന നിർമിച്ചുവെന്ന് തെളിവുസഹിതം ആരോപണമുന്നയിച്ച് പ്രതിപക്ഷം. മുൻ മന്ത്രിയും എ.എ.പി നേതാവുമായ സൗരഭ് ഭരദ്വാജാണ് യമുനാ നദിക്കരയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ സഹിതം രംഗത്തെത്തിയത്.
നദിയോട് ചേർന്ന് പുതിയ പടിക്കെട്ടുകൾ സഹിതം, കൃത്രിമ കുളം നിർമിച്ചാണ് പ്രധാനമന്ത്രിക്കായി വ്യാജ യമുന നിർമിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രി ഛഠ് പൂജയിൽ പങ്കെടുക്കാനായി യമുനാ നദികരയിൽ എത്താനിരിക്കെയാണ് വലിയ തോതിൽ മലിനമായ നദിയോട് ചേർന്ന് മറ്റൊരു ‘സുരക്ഷിത’ ജലശേഖരമൊരുക്കിയത്.
വസിറാബാദിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും ശുചീകരിച്ചെത്തിച്ച വെള്ളം പ്രത്യേക ജലാശയത്തിൽ ശേഖരിച്ചാണ് പ്രധാനമന്ത്രിക്കായി ‘വ്യാജ യുമുന’ ഒരുക്കിയതെന്ന് സൗരഭ് ഭരദ്വാജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഐ.എസ്.ബി.ടിയോട് ചേർന്ന് വസുദേവ് ഘട്ടിനരികിലായാണ് കുളം പണിതതത്. യമുനാ നദിയിലെ വെള്ളം കലാരാതിരിക്കാൻ പ്രത്യേക മതിൽകെട്ടുകളും, കുളത്തിലേക്കിറങ്ങാൻ പടവുകളുമെല്ലാമായാണ് ‘ഫേക് യമുന’ തയ്യാറാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.
ഛഠ് പൂജക്കെത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികൾ മലിനീകരിക്കപ്പെട്ട യുമനയിൽ മുങ്ങി കുളിക്കുമ്പോൾ, പ്രധാനമന്ത്രി ആരോഗ്യ സംരക്ഷണത്തിനായി ശുദ്ധീകരിച്ച ജലം നിറച്ച ‘വ്യാജ യമുനയിൽ’ സ്നാനം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വീഡിയോ സഹിതമുള്ള എ.എ.പിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേർ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ച് രംഗത്തെത്തി.
ഗുരുതര മലിനീകരണം നേരിടുന്ന നദി സുരക്ഷിതമല്ലെന്ന് സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെയും മറ്റ് ബി.ജെ.പി നേതാക്കളെയും യമുനയിലെ വെള്ളം കുടിക്കാൻ വെല്ലുവിളിച്ചതായും, പക്ഷേ ആരും ആ വെല്ലുവിളി ഏറ്റെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആരോഗ്യത്തെയും ജീവിതത്തെയും അപകടത്തിലാക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇതെന്നും കുറ്റപ്പെടുത്തി.
രാഷ്ട്രീയ ലാഭത്തിനായി ‘ഛാത്തി മയിയെ വഞ്ചിക്കുന്നവരെ’ വിശ്വസിക്കാൻ കൊള്ളില്ലെന്നും എ.എ.പി പറഞ്ഞു.
ഛഠ് പൂജയെ ബി.ജെ.പി സർക്കാർ രാഷ്ട്രീയമുതലലെടുപ്പിനുള്ള അവസരമാക്കി മാറ്റുകയാണെന്ന ആരോപണവും ഇതിനിടെ ഉയർന്നു. കഴിഞ്ഞ നാലു വർഷമായി മലിനീകരണത്തെ തുടർന്ന് യമുനാ നദിയിൽ ഛഠ് പൂജക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് പൂർവാഞ്ചലിലേതുൾപ്പെടെ വിശ്വാസികൾക്കായി നദി വിട്ടു നൽകിയത്. പൂജയുടെ ഭാഗമായി നദീ സ്നാനം ചെയ്യാൻ പ്രധാനമന്ത്രിയെത്തുന്നതും ബിഹാറിലെ വോട്ട് മുന്നിൽ കണ്ടെന്നാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപണമുന്നയിക്കുന്നു.
അതേസമയം, പൂജാ ആഘോഷങ്ങൾക്കു മുമ്പായി യമുനാ നദി ശുചീകരിച്ചുവെന്ന് ബി.ജെ.പി സർക്കാർ അവകാശവാദമുന്നയിച്ചുവെങ്കിലും ഇത് തള്ളുന്നതാണ് മാധ്യമ റിപ്പോർട്ടുകൾ. നദിയിൽ വ്യാപകമായി വിഷനുര പൊങ്ങുന്നതും, മാരകമായ തോതിൽ മാലിന്യം തുടരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

