വാൽമീകിയെ അപമാനിച്ചു; ആജ്തക് അവതാരക അഞ്ജന ഓം കശ്യപിനും ചെയർമാൻ അരൂൺ പുരിക്കുമെതിരെ കേസ്
text_fieldsഅഞ്ജന ഓം കശ്യപ്, അരൂൺ പുരി
ന്യൂഡൽഹി: വാൽമീകി സമുദായത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്. ഹിന്ദി വാർത്ത ചാനലായ ആജ് തക് അവതാരകയും മാനേജിങ് എഡിറ്ററുമായ അഞ്ജന ഓം കശ്യപ്, ഇന്ത്യ ടുഡേ ഗ്രൂപ് ചെയർമാനും എഡിറ്റർ ഇൻ ചീഫുമായ അരൂൺ പുരി എന്നിവർക്കെതിരെയാണ് കേസ്. ചാനൽ ഉടമകളായ ലിവിങ് മീഡിയ ഇന്ത്യ ലിമിറ്റഡിനെതിരെയും (ഇന്ത്യ ടുഡേ ഗ്രൂപ്പ്) കേസെടുത്തിട്ടുണ്ട്.
ദളിത് സംഘടനയായ ഭാരതീയ വാൽമീകി ധർമ സമാജം ദേശീയ കോർഡിനേറ്റർ ചൗധരി യശ്പാലിന്റെ പരാതിയിലാണ് നടപടി. കശ്യപിനെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്നും ദേശീയ മാധ്യമത്തിൽ വാൽമീകിയെ അപമാനിച്ചതിൽ അവതാരക മാപ്പുപറയണമെന്നും ചൗധരി യശ്പാൽ ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി നേതാവും വാൽമീകി ധർമ സമാജം ചീഫ് കോർഡിനേറ്ററുമായ വിജയ് ധാനവും പ്രതിഷേധവുമായി രംഗത്തെത്തി. മഹർഷി വാൽമീകിയെ അപമാനിച്ചതിന് അവതാരകയെ അറസ്റ്റ് ചെയ്യണമെന്ന് വിജയ് ആവശ്യപ്പെട്ടു. ചാനൽ പരിപാടിയുടേതെന്ന പേരിൽ മഹർഷി വാൽമീകിയെ അപമാനിക്കുന്ന പരാമർശങ്ങളടങ്ങിയ വീഡിയോ ക്ളിപ്പുകൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമമടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് ലുധിയാന പൊലീസ് കമീഷണർ സ്വപൻ ശർമ പറഞ്ഞു. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് മാധ്യമപ്രവർത്തകരും രംഗത്തെത്തി. കേസിനാസ്പദമായ പരിപാടിയിൽ മഹർഷി വാൽമീകിയെ അപമാനിക്കുന്ന തരത്തിൽ യാതൊരു പരാമർശങ്ങളും ഉണ്ടായിട്ടില്ലെന്ന് അഞ്ജന ഓം കശ്യപ് പറഞ്ഞു. പരിപാടിയിൽ നിന്ന് ചില ഭാഗങ്ങൾ അടർത്തിയെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നുവെന്നാണ് അവരുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

