ദുബൈ മെട്രോ റെഡ് ലൈനിൽ തിരക്ക് കുറച്ച് പുതിയ റൂട്ട്
text_fieldsദുബൈ: മെട്രോ വഴി ദിവസേന സഞ്ചരിക്കുന്ന യാത്രക്കാർക്ക് തിരക്കേറിയ സമയങ്ങളിൽ കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിന് റെഡ് ലൈനിൽ പുതിയ റൂട്ട് ആരംഭിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). സെന്‍റർപോയിന്‍റ് സ്റ്റേഷൻ മുതൽ അൽ ഫർദാൻ എക്സ്ചേഞ്ച് സ്റ്റേഷൻ വരെയാണ് പുതിയ റൂട്ട് സർവീസ് നടത്തുക. രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. നിലവിൽ സെന്‍റർ പോയിന്‍റ് മുതൽ എക്സ്പോ സിറ്റി ദുബൈ വരെയും സെൻറർപോയിന്‍റ് മുതൽ ലൈഫ് ഫാർമസി സ്റ്റേഷൻ വരെയും രണ്ട് റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് മൂന്നാമത് പുതിയ റൂട്ട് ആരംഭിച്ചിരിക്കുന്നത്. രാവിലെ 7മുതൽ 9വരെയും വൈകുന്നേരം നാലുമുതൽ 8വരെയുമാണ് തിരക്കേറിയ സമയങ്ങൾ.
നേരത്തെയുള്ള റൂട്ടുകളേക്കാൾ ദൂരം കുറഞ്ഞതാണ് പുതിയ റൂട്ട്. അതുവഴി തിരക്ക് കുറക്കാനും യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ യാത്ര ചെയ്യാനും സാധിക്കും. നേരത്തെ എക്സ്പോ സിറ്റി സ്റ്റേഷനിലേക്ക് സെന്‍റർ പോയിന്‍റിൽ നിന്ന് നേരിട്ട് റൂട്ട് ആർ.ടി.എ ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായ ഈ റൂട്ട് നിലവിൽ വന്നതോടെ എക്സ്പോ സിറ്റി സ്റ്റേഷനിലേക്ക് പോകുമ്പോൾ ജബൽ അലി സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാറേണ്ട സാഹചര്യം ഒഴിവായി. ഇതുവഴി യാത്രക്കാർക്ക് സമയം ലാഭിക്കാനും ട്രെയിൻ മാറുന്നതിന്‍റെ പ്രയാസങ്ങൾ ഒഴിവാകാനും സാധിക്കും.
റെഡ് ലൈനിൽ യാത്ര ചെയ്യുന്നവർ തെറ്റിദ്ധാരണ ഒഴിവാക്കാൻ ട്രെയിൻ കയറുന്നതിന് മുമ്പ് സ്റ്റേഷനുകളിലെ തൽസമയ ഡിസ്പ്ലേ സ്ക്രീനുകൾ നോക്കണമെന്ന് അധികൃതർ നിർദേശിച്ചു. ട്രെയിൻ ലക്ഷ്യ സ്ഥാനത്തേക്കുള്ളതാണോ എന്ന് ഉറപ്പിച്ചാവണം യാത്ര ചെയ്യേണ്ടത്. വ്യത്യസ്ത റൂട്ടുകൾ നടപ്പിലാക്കിയതോടെ തിരക്കേറിയ സമയങ്ങളിൽ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുന്നതും കാത്തിരിപ്പ് സമയവും കുറഞ്ഞിട്ടുണ്ട്. ട്രെയിനുകൾ സഞ്ചരിക്കുന്ന ദൂരം കുറയുന്നത് ഊർജ ഉപയോഗവും മെട്രോ ശൃംഖലയുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതാണ്. മാറ്റങ്ങളുടെ പശ്ചാതലത്തിൽ യാത്രക്കാരെ സഹായിക്കാൻ ആർ.ടി.എ കൂടുതൽ ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

