മീഡിയവൺ ‘ഹെർസ്റ്റോറി’:11 വനിത പ്രതിഭകൾ വേദിയിലെത്തും
text_fieldsദുബൈ: മീഡിയവൺ സംഘടിപ്പിക്കുന്ന ‘ഹെർസ്റ്റോറി’യിൽ അനുഭവങ്ങൾ പങ്കുവെക്കാൻ 11 വനിത പ്രതിഭകളെത്തും. പെൺകരുത്തിൽ യു.എ.ഇയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര ചാർത്തിയ ഇവർ, തങ്ങൾ പിന്നിട്ട വഴികളെക്കുറിച്ച് സദസ്സിന് മുന്നിൽ മനസ്സുതുറക്കും.
സിനിമാതാരം നൈല ഉഷ മുതൽ എ.ആർ.റഹ്മാന്റെ മകളും സംഗീതകാരിയുമായ ഖദീജ റഹ്മാനും ഇക്കൂട്ടത്തിലുണ്ട്. ഞായറാഴ്ച ദുബൈ അക്കാദമിക് സിറ്റിയിലെ ഡി മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിലാണ് മീഡിയവൺ ഹെർസ്റ്റോറിക്ക് വേദിയൊരുക്കുന്നത്. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച 11 വനിതകളാണ് സദസ്സിന് മുന്നിൽ അനുഭവ കഥകളുമായി എത്തുന്നത്. സിനിമാ താരവും റേഡിയോ അവതാരകയുമായ നൈല ഉഷ ഉദ്ഘാടനം നിർവഹിക്കും.
ഖദീജ റഹ്മാനുപുറമെ, യു.എ.ഇയുടെ ആദ്യ വനിതാ എയർക്രാഫ്റ്റ് എൻജിനീയർ ഡോ. സുആദ് ആൽ ശംസി, ഭിന്നശേഷിക്കാരുടെ പഠനത്തിനായി സെൻസസ് സെന്റർ എന്ന സ്ഥാപനത്തിന് തുടക്കമിട്ട ഇമാറാത്തി വനിത നാദിയ അൽ സയേഗ്, അന്താരാഷ്ട്ര പാരാബാഡ്മിന്റൺ രംഗത്ത് തിളങ്ങുന്ന മലയാളി കായികതാരം ആൽഫിയ ജെയിംസ്, ലൈഫ് സ്റ്റൈൽ ഇൻഫ്ലുവൻസറും സംരംഭകയുമായ ഇമാറാത്തി വനിത മോന തജർബി, മലയാളികളെ പോലെ മലയാളം പറഞ്ഞ് വൈറലായ ഇമാറാത്തി സഹോദരിമാരായ നൂറ അൽ ഹിലാലിയും മറിയം അൽഹിലാലിയും ഹെർസ്റ്റോറി വേദിയിലുണ്ടാകും.
സെലിബ്രിറ്റി ഷെഫ് ജുമാന ഖാദിരി, ഖലീജ് ടൈംസ് ഹാപ്പിനസ് എഡിറ്റർ നസ്റീൻ അബ്ദുല്ല, ഫുഡ് എ.ടി.എം എന്ന സംവിധാനത്തിന് തുടക്കമിട്ട ആയിശ ഖാൻ എന്നിവരാണ് സദസ്സിൽ ഹെർസ്റ്റോറി അവതരിപ്പിക്കുന്ന മറ്റുള്ളവർ. വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെ നീളുന്ന പരിപാടിയിൽ വിവിധ കലാപ്രകടനങ്ങളും അരങ്ങേറും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് herstory.mediaoneonline.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

