ദുബൈയുടെ മലയോരം വികസിക്കുന്നു; വാതിൽ തുറന്ന് അവസരങ്ങൾ
text_fieldsഹത്ത വെള്ളച്ചാട്ടത്തിന് താഴെ നിർമിച്ചിരിക്കുന്ന കടകളും കിയോസ്കുകളും
ദുബൈ: എമിറേറ്റിന്‍റെ മലയോര മേഖലയായ ഹത്തയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിനോടകം തന്നെ പ്രദേശിക, വിദേശ സഞ്ചാരികളുടെ കേന്ദ്രമായി മാറിയ പ്രദേശത്ത് വാണിജ്യ, നിക്ഷേപ മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഹത്തയിലെ ഏറെ ആകർഷകമായ വെള്ളച്ചാട്ടത്തിന് സമീപത്തായി കടകളും റസ്റ്റോറന്റുകളും നടത്താനുള്ള സൗകര്യമാണ് മനോഹരമായി രീതിയിൽ പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്. സ്വദേശികൾക്കാണ് കടകളും റസ്റ്റോറന്‍റുകൾ നടത്താനുള്ള അവസരം.
വെള്ളച്ചാട്ടത്തിന് താഴെ വെള്ളമൊഴുകുന്ന സ്ഥലത്തിന് ഇരുഭാഗത്തുമായി 750 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. നാല് റസ്റ്റോറന്‍റുകൾ, നാല് ചെറുകിട കടകൾ, ആറ് ഭക്ഷ്യ, പാനീയ കിയോസ്കുകകൾ എന്നിവക്ക് ആവശ്യമായ സംവിധാനങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്ത രീതിയിലുള്ള ഭക്ഷ്യ വിഭവങ്ങൾ, സുവനീറുകളും സമ്മാനങ്ങളും ലഭിക്കുന്ന കടകൾ എന്നിവയടക്കം ഇവിടെ സഞ്ചാരികൾക്കായി സജ്ജീകരിക്കാനാകും. ടൂറിസത്തെ സഹായിക്കുന്നതിനൊപ്പം, പ്രദേശിക സംസ്കാരത്തെയും ഹത്ത താമസക്കാരുടെ സ്വയം പര്യാപ്തതതയെയും പദ്ധതി പിന്തുണക്കും.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം നടപ്പിലാക്കിയ പദ്ധതിയിലൂടെ പ്രദേശത്തെ സ്വദേശികളെ ബിസിനസ് ഉടമകളാക്കുകയാണ് ലക്ഷ്യം. ആദ്യത്തെ ഒരു വർഷക്കാലയളവിൽ ഇവർക്ക് വാടകയില്ലാതെ നടത്തിപ്പിന് നൽകും. പ്രദേശത്തെ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം ചെറുകിട ബിസിനസുകളെ പ്രോൽസാഹിപ്പിക്കുന്നതുമാണ് പദ്ധതി.
വിനോദസഞ്ചാര മേഖലയിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ദുബൈ ഇക്കോണമിക് അജണ്ട ഡി33ക്കും ദുബൈ 2040 അർബൺ മാസ്റ്റർ പ്ലാനിനും യോജിച്ച വികസന സംരംഭമാണിത്.
ഹത്തിയിലെ ഡാം പ്രദേശത്തിന് താഴെയായാണ് വെള്ളച്ചാട്ടവും പുതിയ സംരംഭവും നിലകൊള്ളുന്നത്. ഓരോ വർഷവും നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട്. സമീപ കാലത്തായി വളരെ വിപുലമായ വികസന പ്രവർത്തനങ്ങളാണ് മേഖലയിൽ നടപ്പിലാക്കി വരുന്നത്. ശൈത്യകാലത്ത് നടപ്പിലാക്കുന്ന വിവിധ വിനോദസഞ്ചാര അവസരങ്ങൾ ഉപയോഗപ്പെടുത്താൻ വിദേശ സഞ്ചാരികളും എത്തിച്ചേരാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

