2025 ലെ ലോക മൃഗദിനം ആചരിച്ച് സൗദി അറേബ്യ
text_fieldsസൗദിയിൽ പ്രത്യേകം സംരക്ഷിച്ചുവരുന്ന മൃഗങ്ങൾ
യാംബു: എല്ലാ വർഷവും ഒക്ടോബർ നാലിന് ആചരിക്കുന്ന ലോക മൃഗദിനത്തോടനുബന്ധിച്ച് സൗദിയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തെ ആഗോള മൃഗക്ഷേമ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തീവ്രമാക്കുകയും മൃഗസംരക്ഷണത്തെയും പരിചരണത്തെയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയും ചെയ്യാൻ ഉതകുന്ന വിവിധ പരിപാടികൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമായി വിവിധ പ്രദർശനങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു.സൗദി മൃഗക്ഷേമ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൃഗക്ഷേമ സംസ്കാരം പ്രോത്സാഹിപ്പിക്കുക, ശാസ്ത്രീയ തത്വങ്ങളിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ വ്യാപനം കുറക്കുക, ചികിത്സയും പാർപ്പിടവും നൽകുക, ദത്തെടുക്കൽ സുഗമമാക്കുക, വേട്ടയാടൽ തടയുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി വിവിധ പദ്ധതികൾ പൂർത്തിയാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മൃഗങ്ങളെ സംരക്ഷിക്കാൻ ആളുകളെ ഓർമ്മിപ്പിക്കുന്ന ഒരു ദിനമായിട്ടാണ് ആഗോളതലത്തിൽ ലോക മൃഗദിനം ആചരിക്കുന്നത്. ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങളെക്കുറിച്ചും മനുഷ്യന് അവബോധം ഉണ്ടാക്കുക, ജീവികളോട് അനുകമ്പ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയും ഈ ദിനത്തിന്റെ സന്ദേശമാണ്.
മൃഗക്ഷേമവും പരിസ്ഥിതി ആരോഗ്യവും തമ്മിലുള്ള ബന്ധത്തിന് ഈ ദിനാചരണ പരിപാടികൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. 'മൃഗങ്ങളെ രക്ഷിക്കൂ, ഭൂമിയെ രക്ഷിക്കൂ' എന്നതാണ് ഈ വർഷത്തെ ലോക മൃഗദിനതീം ആയി നിശ്‌ചയിച്ചിരിക്കുന്നത്. മൃഗങ്ങളുടെ ജീവൻ രക്ഷിക്കുന്നത് ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ലോകത്തെ എങ്ങനെ അനുകൂലിക്കുന്നുവെന്ന് തീം സന്ദേശം ഊന്നിപ്പറയുന്നു. വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും പരിസ്ഥിതി യെയും സംരക്ഷിക്കാൻ സൗദിയിൽ വിവിധ ബോധവല്‍ക്കരണപരിപാടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

