കൂടുതൽ വിപുലമായി ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു
text_fieldsജിദ്ദ: യാത്രക്കാർക്ക് വിവിധങ്ങളായ ഷോപ്പിംഗ് അനുഭവങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ വിപുലമായി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിച്ചു. ജിദ്ദ എയർപോർട്ട്സ് കമ്പനി തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയായ ജി.എ.എച്ച് ഇൻ്റർനാഷണൽ അറബ് ഡ്യൂട്ടി ഫ്രീയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കിയത്. ജർമ്മൻ കമ്പനിയായ ജിയോഫ്രി ഹീനെമാൻ, സൗദി ആസ്ട്ര ഗ്രൂപ്പ്, ജോർദാൻ ഡ്യൂട്ടി ഫ്രീ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടുകൂടിയ ഈ സ്ഥാപനം ആഗോള അനുഭവസമ്പത്തും പ്രാദേശിക സാന്നിധ്യവും സമന്വയിപ്പിക്കുന്നു.
ഡ്യൂട്ടി ഫ്രീ ഷോപ്പിനകത്ത് നിന്നും.
ടെർമിനൽ ഒന്നിലും നോർത്ത് ടെർമിനലിലുമായി 8,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്താണ് ഡ്യൂട്ടി ഫ്രീ മാർക്കറ്റ് വ്യാപിച്ചു കിടക്കുന്നത്. ഇത് യാത്രക്കാർക്ക് ആഗോള ആഡംബരത്തിൻ്റെയും പ്രാദേശിക തനിമയുടെയും അതുല്യമായ സംയോജനം വാഗ്ദാനം ചെയ്യുന്നു. 35 ലധികം സ്റ്റോറുകളിലായി ഏകദേശം 500 അന്താരാഷ്ട്ര ബ്രാൻഡുകൾ ഇവിടെ ലഭ്യമാണ്. സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, മിഠായികൾ, രുചികരമായ ഭക്ഷണങ്ങൾ, പുകയില ഉൽപ്പന്നങ്ങൾ, സുവനീറുകൾ, ഫാഷൻ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഇവിടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
ലോങ്ചാംപ്, മൈക്കിൾ കോർസ്, സ്വരോവ്‌സ്‌കി, ബോസ്, റാൽഫ് ലോറൻ, ലക്കോസ്റ്റ് തുടങ്ങിയ പ്രശസ്തമായ ബ്രാൻഡുകൾക്ക് പ്രത്യേക സ്റ്റോറുകളുമുണ്ട്. ജിദ്ദയുടെ തനതായ സ്വഭാവം പ്രതിഫലിക്കുന്നതിനായി ഈന്തപ്പഴം, നട്സ്, പ്രാർത്ഥനാ പരവതാനികൾ (മുസല്ല) തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സുഗന്ധദ്രവ്യങ്ങളുടെ വിഭാഗത്തിലും ബുഗ്ഷാൻ, സഹാരി, മസ്ക്, അൽമാസ്, ഗലാത്തി തുടങ്ങിയ സൗദി ബ്രാൻഡുകൾ ലഭ്യമാണ്. കൂടാതെ, 'ജിദ്ദ പെർഫ്യൂംസ്' എന്ന പേരിൽ വിദഗ്ധർ പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് സുഗന്ധങ്ങൾ ഇവിടെ മാത്രമായി ലഭ്യമാണ്.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ആധുനിക ഷോപ്പിംഗ് അനുഭവമാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നൽകുന്നത്. ഡിജിറ്റൽ വില പ്രദർശന ഷെൽഫുകൾ, സെൽഫ് സർവീസ് കൗണ്ടറുകൾ എന്നിവയോടൊപ്പം പരമ്പരാഗത കൗണ്ടറുകളും ഇവിടെയുണ്ട്. കൂടാതെ, സ്റ്റോറുകൾക്കുള്ളിൽ ഇൻ്ററാക്ടീവ് ഗെയിമുകളും 'മെമ്മറീസ് ഓഫ് ജിദ്ദ' എന്ന പ്രത്യേക ഫോട്ടോ ബൂത്തും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

