റിക്രൂട്ട്മെന്റ് നിയമങ്ങൾ ലംഘിച്ച 37 ഓഫിസുകൾ പിടികൂടി
text_fieldsറിയാദ്: റിക്രൂട്ട്മെന്റ് നടത്തുന്നതിനും തൊഴിൽ സേവനങ്ങൾ നൽകുന്നതിനുമുള്ള നിയമങ്ങൾ ലംഘിച്ചതിന് 37 റിക്രൂട്ട്മെന്റ് ഓഫിസുകൾ പിടികൂടി. 2025ലെ മൂന്നാം പാദത്തിൽ റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെയും കമ്പനികളുടെയും ഓഡിറ്റിങ് ഫലങ്ങൾ വിശദീകരിച്ചപ്പോഴാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയെ നിയന്ത്രിക്കുന്നതിനും അനുസരണ നിലവാരം ഉയർത്തുന്നതിനും എല്ലാ പങ്കാളികളുടെയും അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും 37 റിക്രൂട്ട്‌മെന്റ് ഓഫിസുകൾക്കെതിരെ നടപടികൾ സ്വീകരിക്കേണ്ടി വന്നതായും മന്ത്രാലയം വെളിപ്പെടുത്തി. പത്ത് ഓഫിസുകളുടെ പ്രവർത്തനം ഉടനടി താൽക്കാലികമായി നിർത്തിവെച്ചു.
നിർദിഷ്ട കാലയളവിനുള്ളിൽ ലംഘനങ്ങൾ തിരുത്താത്തതിന് 27 ഓഫിസുകളുടെ ലൈസൻസുകൾ പിൻവലിച്ചു. റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനും തൊഴിൽ സേവനങ്ങൾ നൽകുന്നതിനുമുള്ള നിയമങ്ങൾ ലംഘിക്കൽ, ആളുകൾക്ക് നൽകേണ്ട തുകകൾ തിരികെ നൽകുന്നത് വൈകിപ്പിക്കൽ, ഗുണഭോക്താക്കളുടെ പരാതികൾ പരിഗണിക്കാതിരിക്കൽ എന്നിവ കണ്ടെത്തിയ ലംഘനങ്ങളിൽ ഉൾപ്പെടുന്നു.
തൊഴിൽ വിപണിയിലെ അനുസരണം വർധിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെയും മേൽനോട്ട, നിയന്ത്രണ സംവിധാനത്തിന്റെയും ഭാഗമായാണ് ഇത് വരുന്നത്. റിക്രൂട്ട്‌മെന്റ് ഓഫിസുകളുടെയും കമ്പനികളുടെയും പ്രകടനം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്തവർക്കെതിരെ നിയമപരമായ പിഴകൾ ചുമത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത ദേശീയ പ്ലാറ്റ്‌ഫോമായ ‘മുസാനിദ്’ പ്ലാറ്റ്‌ഫോമിലൂടെ വിശ്വസനീയമായ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ എല്ലാ ഗുണഭോക്താക്കളോടും ആഹ്വാനം ചെയ്തു. അംഗീകൃത സേവന ദാതാക്കളുമായി ഇലക്ട്രോണിക് കരാറിൽ ഏർപ്പെടാൻ ഈ പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. ഏതൊരു ലംഘനവും ഏകീകൃത നമ്പർ 920002866 വഴിയോ സ്മാർട്ട് ഉപകരണങ്ങളിൽ ലഭ്യമായ ‘മുസാനിദ്’ ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

