പെൺവാണിഭക്കേസിൽ ശിക്ഷ കഴിഞ്ഞ് നാടുകടത്തപ്പെട്ടു
text_fieldsമനാമ: പെൺവാണിഭക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുകയും പിന്നീട് നാടുകടത്തപ്പെടുകയും ചെയ്ത മൂന്ന് ഇന്ത്യക്കാരായ പ്രവാസികൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് പുതിയ വിചാരണ ആരംഭിച്ചു. ഹൈ ക്രിമിനൽ കോടതിയിലാണ് കേസിന്റെ നടപടികൾ ആരംഭിച്ചത്. നാടുകടത്തപ്പെട്ട പ്രതികളെ കൂടാതെ മരിച്ച നാലാമത്തെ സഹായിയുമടക്കം 1,38,000 ദിനാറിലധികം കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
2019നും 2023നും ഇടയിലാണ് സംഭവം. മസാജ് പാർലറുകളുടെ ഉടമകളായ ഇവർ, അതിലൂടെ ലഭിച്ച 1,38,748 ദിനാർ അന്താരാഷ്ട്ര വയർ ട്രാൻസ്ഫറുകളിലൂടെയും ജി.സി.സി കറൻസികൾ വാങ്ങിയും വിറ്റും കള്ളപ്പണം വെളുപ്പിച്ചെന്നാണ് ആരോപണം. പെൺവാണിഭക്കേസ് നടക്കുന്ന സമയത്താണ് ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. മിക്ക ഉപഭോക്താക്കളും പണം നേരിട്ടോ കാർഡ് വഴിയോ ആണ് നൽകിയിരുന്നത്. ഈ പണം വിദേശത്തേക്ക് അയച്ചും ഗൾഫ് കറൻസികൾ വാങ്ങിയും പണത്തിന്റെ ഉറവിടം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചു. കോടതി രേഖകൾ പ്രകാരം 42 വയസ്സുള്ള ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരുമാണ് പ്രതികൾ. അതിൽ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ഇവർ നാലുപേരും കൂടിയാണ് കള്ളപ്പണം വെളുപ്പിച്ചതെന്നാണ് കണ്ടെത്തിയത്.
2023ലെ കേസിൽ പ്രതികൾക്ക് രണ്ടുവർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ പൂർത്തിയാക്കിയശേഷം ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ഡയറക്ടറേറ്റ് ഓഫിസർ കോടതിയിൽ മൊഴി നൽകി. കേസിൽ ഒക്ടോബർ 14ന് കോടതി വിധി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

