നിയമക്കുരുക്കിൽ ഷാരൂഖും ദീപികയും; തകരാറുള്ള കാറുകളെ പ്രമോട്ട് ചെയ്തതിന് എഫ്.ഐ.ആർ
text_fieldsരാജസ്ഥാനിലെ ഭരത്പൂരിൽ നിർമാണ തകരാറുകൾ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു വാഹനത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വഞ്ചന ആരോപണത്തിൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ഹ്യുണ്ടായിയുടെ ആറ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2022ൽ വാങ്ങിയ തന്റെ ഹ്യുണ്ടായി അൽകാസർ എസ്.യു.വിയിൽ മാസങ്ങൾക്കുള്ളിൽ വലിയ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായെന്നും ആവർത്തിച്ചുള്ള തുടർനടപടികൾ ഉണ്ടായിരുന്നിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നും ആരോപിച്ച് ഒരു പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് കേസ്.
ഭരത്പൂർ സ്വദേശിയായ കീർത്തി സിങ് സമർപ്പിച്ച പരാതി പ്രകാരം 2022 ജൂണിൽ ഹരിയാനയിലെ സോണിപത്തിലെ കുണ്ഡ്‌ലിയിലുള്ള മാൽവ ഓട്ടോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 23,97,353 രൂപക്ക് ഹ്യുണ്ടായ് അൽകാസർ വാങ്ങിയിരുന്നു. ഏകദേശം ആറ് മുതൽ ഏഴ് മാസം വരെ വാഹനം ഉപയോഗിച്ചതിന് ശേഷം, അതിൽ ആവർത്തിച്ചുള്ള തകരാറുകൾ കാണിക്കാൻ തുടങ്ങിയെന്ന് സിങ് ആരോപിക്കുന്നു. ആറേഴ് മാസം കാർ ഓടിച്ചതിന് ശേഷം സാങ്കേതിക തകരാറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഉയർന്ന വേഗതയിൽ ഓടിക്കുമ്പോൾ ശബ്ദമുണ്ടാകുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റത്തിൽ കാർ തകരാറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
ഈ ആശങ്കകളുമായി ഡീലർഷിപ്പിനെ സമീപിച്ചപ്പോൾ ഈ പ്രശ്നങ്ങൾ കാർ മോഡലിന്റേതാണെന്നും അവ പരിഹരിക്കാൻ കഴിയില്ലെന്ന് തന്നോട് പറഞ്ഞതായും സിങ് ആരോപിച്ചു. ഇത് നിർമാണ പിഴവാണെന്നാണ് പറയുന്നത്. ഭരത്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നമ്പർ 2-നെയാണ് സിങ് ആദ്യം സമീപിച്ചത്. തുടർന്ന് വഞ്ചനയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരം മറ്റ് പ്രസക്തമായ വകുപ്പുകൾക്കൊപ്പം കേസ് രജിസ്റ്റർ ചെയ്യാൻ കോടതി മഥുര ഗേറ്റ് പൊലീസ് സ്റ്റേഷനോട് നിർദേശിച്ചു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1998 മുതൽ ഷാരൂഖ് ഖാൻ ഹ്യുണ്ടായി കമ്പനിയുടെ ഏറ്റവും അറിയപ്പെടുന്ന ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണ്. 2023 ഡിസംബറിലാണ് ദീപിക പദുക്കോൺ കമ്പനിയുടെ ഭാഗമാകുന്നത്. കഴിഞ്ഞ വർഷം രണ്ട് പേരും ഒരു ഹ്യുണ്ടായി പരസ്യത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുവരെ ഷാരൂഖ് ഖാനോ ദീപിക പദുക്കോണോ പരാതിയെക്കുറിച്ചോ അവർക്കെതിരെ ഫയൽ ചെയ്ത കേസിനെക്കുറിച്ചോ പരസ്യമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

