'അത് നിങ്ങളുടെ ഭാഷ..., പക്ഷെ എനിക്ക് എന്‍റെ സിനിമകൾ ജാതി വിരുദ്ധ സിനിമകളാണ്' -മാരി സെൽവരാജ്
text_fieldsതന്‍റെ സിനിമകൾ ജാതി വിരുദ്ധ സിനിമകളാണെന്ന് സംവിധായകൻ മാരി സെൽവരാജ്. ഏറ്റവും പുതിയ ചിത്രമായ 'ബൈസൺ' പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമകളുടെ പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് മാരി സെൽവരാജ് സംസാരിച്ചു. ജാതി, വർഗ വേർതിരിവ് അടിസ്ഥാനമാക്കി എന്തിനാണ് സിനിമകൾ നിർമിക്കുന്നതെന്ന് ചോദിക്കരുതെന്ന് അദ്ദേഹം പ്രേക്ഷകരോട് അഭ്യർഥിച്ചു. ഈ ചോദ്യങ്ങൾ തന്റെ ജോലിയെയും ചിന്തയെയും ആഖ്യാനത്തെയും ബാധിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തന്റെ സിനിമകളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാൻ ആളുകൾ ശ്രമിച്ചാൽ അതിനെതിരെ പോരാടുമെന്ന് മാരി സെൽവരാജ് കൂട്ടിച്ചേർത്തു. ജാതി വിവേചനത്തിനെതിരായ ഘടകങ്ങൾ തന്റെ സിനിമകളിൽ ഉണ്ടാകുമെന്നും എപ്പോഴും തന്റെ സിനിമയിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ രാഷ്ട്രീയക്കാരനോ, ഉപന്യാസകാരനോ, സർവേയറോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ സിനിമകളെ നിങ്ങൾ ജാതി അടിസ്ഥാനമാക്കിയുള്ള സിനിമകൾ എന്ന് വിളിക്കുന്നു. അത് നിങ്ങളുടെ ഭാഷയാണ്. എന്നാൽ ഞാൻ അവയെ ജാതി വിരുദ്ധ സിനിമകൾ എന്നാണ് വിളിക്കുന്നത്' അദ്ദേഹം പറഞ്ഞു. അത്തരം സിനിമകൾ തുടർന്നും നിർമിക്കുമെന്നും കൂട്ടിച്ചേർത്തു. ഒരു വർഷത്തിൽ തിയറ്ററുകളിൽ എത്തുന്ന വാണിജ്യ സിനിമകളുടെ എണ്ണവും, ചലച്ചിത്ര നിർമതാക്കൾ സാമൂഹിക പ്രസക്തമായ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.
'നിങ്ങൾക്ക് ആഘോഷിക്കാൻ കഴിയുന്നതും നിങ്ങളെ രസിപ്പിക്കുന്നതുമായ നിരവധി സിനിമകളുണ്ട്. എന്നെ വെറുതെ വിടൂ' -മാരി സെൽവരാജ് പറഞ്ഞു. ചലച്ചിത്രനിർമാണത്തോടുള്ള തന്റെ സമീപനം ബലപ്രയോഗത്തിലൂടെ മാറ്റരുതെന്നും പ്രേക്ഷകരോട് ആവശ്യപ്പെട്ട സംവിധായകൻ ഒരു വിഭാഗം പ്രേക്ഷകരിലുള്ള വിശ്വാസവും പ്രകടിപ്പിച്ചു.
ധ്രുവ് വിക്രം നായകനായ ബൈസൺ ഒക്ടോബർ 17നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കബഡിയെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത്, അദിതി ആനന്ദ്, സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

