വേട്ടയാടല്‍ ഭയന്നാണ് അവാര്‍ഡ് നിഷേധിച്ചപ്പോള്‍ മിണ്ടാതിരുന്നത് - ബ്ലെസി
text_fields‘ആടുജീവിത’ത്തിന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയപ്പോള്‍ പ്രതികരിക്കാതിരുന്നത് ഭയം കൊണ്ടാണെന്ന് സംവിധായകന്‍ ബ്ലെസി. ഇവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ലെന്ന് അറിയാം. ഇ.ഡിയുടെ വേട്ടയാടല്‍ പ്രതീക്ഷിക്കാമെന്നും ബ്ലെസി പറഞ്ഞു.
ആടുജീവിതത്തിനായി ഒരു കലാകാരന്‍ ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയി. എന്നിട്ടും ആ സിനിമ മോശമാണെന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഡിപ്രഷൻ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
”ഗള്‍ഫില്‍ നടന്ന സെമ അവാര്‍ഡ്ദാന ചടങ്ങില്‍ ബെസ്റ്റ് ഫിലിം ഡയറക്ടര്‍ എന്ന നിലയില്‍ പങ്കെടുത്തപ്പോള്‍ മഹാരാജ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു, നാഷണല്‍ അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ സോഫ്റ്റ് ആയിട്ടാണല്ലോ പ്രതികരിച്ചത്.”
”ഞാന്‍ മറുപടിയായി പറഞ്ഞു, എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്ന് അറിയാം. സ്വസ്ഥത നഷ്ടമാവും. ഇ.ഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര്‍ പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്” ബ്ലെസി പറഞ്ഞു.
”അവാര്‍ഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയക്കോ തുറന്ന് കാട്ടാന്‍ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയില്‍ ഒരു പേരിടുമ്പോള്‍ പോലും നമ്മള്‍ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരന്‍ ഒരു ജീവിതത്തില്‍ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാന്‍.”
ദേശീയ അവാര്‍ഡില്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. മികച്ച നടന്‍, സംവിധായകന്‍, ഛായാഗ്രഹണം, തുടങ്ങിയ 14 വിഭാഗത്തില്‍ ആടുജീവിതം ഇടം പിടിച്ചിരുന്നു. എന്നാല്‍ ഒന്നിനും പുരസ്‌കാരം ലഭിച്ചില്ല. കേരളസ്റ്റോറിക്ക് അവാര്‍ഡ് നല്‍കിയതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

