ബെറ്റിങ് ആപ്പ് കേസിൽ നടിമാരായ ഉർവശി റൗട്ടേലക്കും മിമി ചക്രബർത്തിക്കും ഇ.ഡി സമൻസ്
text_fieldsന്യൂഡൽഹി: ബെറ്റിങ് ആപ്പ് കേസിൽ ബോളിവുഡ് താരങ്ങളായ ഉർവശി റൗട്ടേല, മിമി ചക്രബർത്തി എന്നിവർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) സമൻസ്. മിമി ചക്രബർത്തി സെപ്റ്റംബർ 15നും ഉർവശി റൗട്ടേല സെപ്റ്റംബർ 16നും ചോദ്യം ചെയ്യലിന് ഇ.ഡി ആസ്ഥാനത്ത് ഹാജരാകണം.
ബെറ്റിങ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ കിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ അടക്കം നിരവധി പ്രമുഖരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എട്ട് പ്രാവശ്യമാണ് ശിഖർ ധവാനെ ചോദ്യം ചെയ്തിട്ടുള്ളത്.
ചില അംഗീകാരങ്ങൾ ലഭിച്ചത് വഴി ബെറ്റിങ് ആപ്പുമായി ക്രിക്കറ്റ് താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. രാജ്യത്ത് ഓൺലൈൻ ഗെയിമുകൾ കേന്ദ്ര സർക്കാർ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് എം.പിയായിരുന്ന മിമി ചക്രബർത്തി 2024 ഫെബ്രുവരിയിൽ ലോക്സഭാംഗത്വം രാജിവെച്ചിരുന്നു. സ്വന്തം മണ്ഡലമായ ജാദവ്പൂരിലെ പാർട്ടി പ്രവർത്തകരുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നായിരുന്നു രാജി. 2019ലെ തെരഞ്ഞെടുപ്പിൽ 2,95,239 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മിമി ചക്രബർത്തി ബി.ജെ.പിയുടെ അനുപം ഹസ്രയെ പരാജയപ്പെടുത്തിയത്.
അനധികൃത വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻമാരായ പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
ഹൈദരാബാദ് പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, കേസിൽ 29 സെലിബ്രിറ്റികൾക്കെതിരെ അന്വേഷണ ഏജൻസി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, ലക്ഷ്മി മഞ്ചു, പ്രകാശ് രാജ്, നിധി അഗർവാൾ, അനന്യ നാഗല്ല, ടെലിവിഷൻ അവതാരക ശ്രീമുഖി എന്നിവരാണ് ഉൾപ്പെടുന്നത്.
ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോ എന്നുമാണ് ഇ.ഡി അന്വേഷിക്കുന്നത്. സിനിമ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇ.ഡി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

