'രജിഷ സഹോദരിയെപ്പോലെ, മൂന്ന് ഭാഷയിൽ അഭിനയിച്ചിട്ടും അനുപമ കഠിനാധ്വാനം തുടരുന്നു' -ധ്രുവ് വിക്രം
text_fieldsരജിഷ, ധ്രുവ്, അനുപമ
മാരി സെൽവരാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന തന്‍റെ ഏറ്റവും പുതിയ ചിത്രമായ ബൈസണിന്‍റെ പ്രൊമോഷൻ തിരക്കിലാണ് ഇപ്പോൾ ധ്രുവ് വിക്രം. ധ്രുവിനൊപ്പം അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ, അമീർ, പശുപതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ഒക്ടോബർ 17നാണ് തിയറ്ററിൽ എത്തുന്നത്. ഇപ്പോഴിതാ, പ്രീ-റിലീസ് പരിപാടിയിൽ ധ്രുവ് തന്റെ സഹതാരങ്ങളെക്കുറിച്ചും സംവിധായകനെക്കുറിച്ചും സംസാരിക്കുകയാണ്.
പ്രസംഗത്തിനിടെ, ധ്രുവ് അനുപമ പരമേശ്വരനും രജിഷ വിജയനും നന്ദി പറഞ്ഞു. 'ഈ ചിത്രത്തിലൂടെ രജിഷ എന്റെ സഹോദരിയെപ്പോലെയായി. അനുപമ, നിങ്ങൾ വളരെ നല്ല ഒരു നടിയാണ്. മൂന്ന് ഭാഷകളിൽ അഭിനയിച്ചിട്ടും, നിങ്ങൾ സിനിമയിൽ വളരെ കഠിനാധ്വാനം ചെയ്യുന്നു. ഭാവിയിലും നിങ്ങൾക്ക് നിരവധി നല്ല സംവിധായകരുടെ കൂടെ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു' -ധ്രുവ് പറഞ്ഞു.
പശുപതിയോടൊപ്പം ജോലി ചെയ്യുന്നതിനെക്കുറിച്ചും ധ്രുവ് പറഞ്ഞു. 'ധൂളിൽ എന്റെ അച്ഛന്റെ വില്ലനായി പശുപതി സർ അഭിനയിച്ചിരുന്നു. അതുകൊണ്ട് ചെറുപ്പം മുതലേ എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു. പിന്നെ മാജ എന്ന സിനിമയിൽ എന്റെ അച്ഛനോടൊപ്പം ജ്യേഷ്ഠനായി അദ്ദേഹം അഭിനയിച്ചു. ഇപ്പോൾ, ബൈസണിൽ എന്റെ അച്ഛനായി അഭിനയിച്ചു. നിങ്ങൾ ഒരു ഇതിഹാസമാണ്, നിങ്ങളുടെ അഭിനയരീതി എനിക്ക് വളരെ ഇഷ്ടമാണ്' -ധ്രുവ് കൂട്ടിച്ചേർത്തു.
വിക്രമിന്‍റെ സിനിമ പാരമ്പര്യത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സമ്മർദത്തെക്കുറിച്ചും ധ്രുവ് തുറന്നുപറഞ്ഞു. ദുഷ്‌കരമായ സീക്വൻസ് ഷൂട്ട് ചെയ്യുമ്പോഴൊക്കെ വിക്രം തന്റെ മനസ്സിൽ ഉണ്ടാകുമെന്നും അദ്ദേഹം സിനിമക്കായി വളരെയധികം കാര്യങ്ങൾ ചെയ്യുമ്പോൾ, തനിക്ക് കുറച്ചുകൂടി ശ്രമിക്കാൻ പറ്റില്ലേ? എന്നതാണ് സ്വയം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാരി സെൽവരാജിനോട് എത്ര നന്ദി പറഞ്ഞാലും അത് മതിയാകില്ലെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമകൾക്കായി താൻ 2-3 വർഷം പാഴാക്കിയെന്ന് ചിലർ പറയുന്നു, പക്ഷേ അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാൻ 10 വർഷം കാത്തിരിക്കാനും തയാറാണെന്ന് ധ്രുവ് പറഞ്ഞു.
കബഡിയെ ആസ്പദമാക്കിയുള്ള ഒരു സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത് അദിതി ആനന്ദ് സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

