ഇന്ത്യക്കാർക്ക് ഇരട്ടി മധുരം സമ്മാനിച്ച് യു.എസ് ഓഹരി വിപണി; നേടിയത് 72 ശതമാനം റിട്ടേൺ
text_fieldsമുംബൈ: ആഭ്യന്തര ഓഹരി വിപണി കനത്ത ഇടിവ് നേരിട്ടപ്പോൾ വിദേശ നിക്ഷേപത്തിലൂടെ വൻ നേട്ടമുണ്ടാക്കി ഇന്ത്യക്കാർ. ഒരു വർഷത്തിനിടെ വിദേശ മ്യൂച്ച്വൽ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ടുകളും 72 ശതമാനം റിട്ടേണാണ് ഇന്ത്യക്കാർക്ക് സമ്മാനിച്ചത്. നിങ്ങൾ നൽകുന്ന പണം വിദഗ്ധർ തിരഞ്ഞെടുത്ത മ്യൂച്ച്വൽ ഫണ്ടുകളിലോ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലോ നിക്ഷേപിക്കുന്ന സംവിധാനമാണ് ഫണ്ട് ഓഫ് ഫണ്ട് (എഫ്.ഒ.എഫ്).
യു.എസ് ഓഹരി വിപണി കുതിപ്പ് തുടർന്നതോടെ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്. ടെക്നോളജി, എ.ഐ, കമ്മോഡിറ്റീസ് തുടങ്ങിയ മേഖലയിലെ ഓഹരികൾ നടത്തിയ ശക്തമായ മുന്നേറ്റമാണ് ഇന്ത്യക്കാരുടെ മനംകവർന്നത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഇടിയുകകൂടി ചെയ്തതോടെ നിക്ഷേപകർക്ക് അഞ്ച് ശതമാനം അധിക ലാഭവും നേടാൻ കഴിഞ്ഞു.
രാജ്യത്തിന്റെ കട ബാധ്യത കൂടുകയാണെന്ന ആശങ്കയുണ്ടായിട്ടും യു.എസ് ഓഹരി വിപണിയിൽ അപ്രതീക്ഷിത മുന്നേറ്റമാണുണ്ടായത്. വ്യാപാര കമ്മി കുറക്കാനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിപണിയുടെ കുതിപ്പ്.
ആറ് മാസത്തിനിടെ യു.എസ് ഓഹരി വിപണിയിലെ ടെക് കമ്പനികളുടെ സൂചികയായ നസ്ദാക് 35 ശതമാനത്തിലേറെയും എസ്&പി 500 സൂചിക 24 ശതമാനവുാ ഡോജോൺസ് 18 ശതമാനവും റാലി നടത്തി. അതേസമയം, ആഭ്യന്തര വിപണിയിൽ ഈ കാലയളവിൽ നിഫ്റ്റി 5.7 ശതമാനം മാത്രം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്.
ഏറ്റവും ലാഭം നൽകിയ ഫണ്ടുകൾ
എയ്സ് മ്യൂച്ച്വൽ ഫണ്ടിന്റെ ഒക്ടോബർ 20 വരെയുള്ള കണക്കു പ്രകാരം 10 പ്രമുഖ വിദേശ ഫണ്ടുകൾ ഒരു വർഷത്തിനിടെ 33 മുതൽ 72 ശതമാനം വരെ റിട്ടേൺ നൽകി. മിറേ അസറ്റിന്റെ എൻ.വൈ.എസ്.ഇ ഫാങ്+ ഇ.ടി.എഫ് എഫ്.ഒ.എഫാണ് ഏറ്റവും കൂടുതൽ റിട്ടേൺ നൽകിയത്. ഒരു വർഷത്തിനിടെ 71.78 ശതമാനവും മൂന്ന് വർഷത്തിനിടെ 62.72 ശതമാനവും ലാഭം നൽകി. മെറ്റ, ആമസോൺ, ഗൂഗിൾ തുടങ്ങിയ യു.എസ് വിപണിയിലെ പത്ത് പ്രധാന ടെക് കമ്പനികളുടെ ഓഹരികളാണ് എൻ.വൈ.എസ്.ഇ ഫാങ്+ ഇ.ടി.എഫിലുള്ളത്. ആഗോള കൺസ്യൂമർ ബ്രാൻഡുകളുടെ ഓഹരികളിൽ നിക്ഷേപിച്ച ഇൻവെസ്കോ ഗ്ലോബൽ കൺസ്യൂമർ ട്രെൻഡ്സ് എഫ്.ഒ.എഫ് 52.65 ശതമാനം ലാഭം സമ്മാനിച്ചു.
മിറേ അസറ്റ് എസ് & പി -500 ടോപ് -50 ഇ.ടി.എഫ് എഫ്.ഒ.എഫ് 49.91 ശതമാനം റിട്ടേൺ നേടി. അതേസമയം മോത്തിലാൽ ഓസ്വാളിന്റെ നാസ്ദാഖ് 100 എഫ്.ഒ.എഫ് 42.48 ശതമാനം ലാഭം കൈവരിച്ചു. ടെക്നോളജി ഇതര ഓഹരികളിൽ നിക്ഷേപിച്ചവർക്കും കൈനിറയെ റിട്ടേൺ ലഭിച്ചതായാണ് കണക്കുകൾ പറയുന്നത്. ആഗോളതലത്തിൽ സ്വർണം, വെള്ളി തുടങ്ങിയവയുടെ വില ഉയർന്നതിനാൽ ഡി.എസ്.പി വേൾഡ് മൈനിങ് ഓവർസീസ് ഇക്വിറ്റി എഫ്.ഒ.എഫ് 32.83 ശതമാനം നേട്ടമുണ്ടാക്കി.
ഇന്ത്യക്കാരുടെ നിക്ഷേപം ഒഴുകുന്നു
മികച്ച ലാഭം ലഭിക്കാൻ തുടങ്ങിയതോടെയാണ് യു.എസ് വിപണിയിൽ നിക്ഷേപിക്കാനുള്ള ഇന്ത്യക്കാരുടെ താൽപര്യവും ഉയർന്നത്. സെപ്റ്റംബർ പാദത്തിൽ 1660 കോടി രൂപ എഫ്.ഒ.എഫുകൾ വഴി വിദേശ ഓഹരി വിപണിയിലേക്ക് ഒഴുകി. ജൂൺ പാദത്തിലെ 305 കോടി രൂപയിൽനിന്നാണ് ഈ വർധന. മാർച്ച് പാദത്തിൽ 87 കോടിയും ഡിസംബർ പാദത്തിൽ 59 കോടിയും രൂപയും വിദേശ വിപണിയിലെത്തി.
സെപ്റ്റംബർ പാദത്തിൽ 1.08 ലക്ഷം പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളാണ് (ഫോളിയോ) മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ തുടങ്ങിയത്. ഇതിൽ ഭൂരിഭാഗവും യു.എസ് ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് വേണ്ടിയായിരുന്നു.
ആക്ടിവ് ഫണ്ടുകളിൽ ഏഴ് ബില്ല്യൻ ഡോളറിന്റെയും പാസീവ് ഫണ്ടുകളിൽ ഒരു ബില്ല്യൻ ഡോളറിന്റെയും പരിധി കടന്നതോടെ മൂന്ന് വർഷങ്ങൾക്ക് മുമ്പ് മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ വിദേശ നിക്ഷേപം സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് തടഞ്ഞിരുന്നു. എന്നാൽ, പിന്നീട് ഇളവ് നൽകുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

