റെയിൽവെ കനിയുന്നു; പ്രതീക്ഷയോടെ തിരൂരിലെ വെറ്റില വ്യാപാരികൾ
text_fieldsതിരൂർ: മംഗളൂരു- ചെന്നൈ പാതയിൽ പ്രത്യേക ഗുഡ്സ് ട്രെയിൻ സർവിസ് ആരംഭിക്കാനുള്ള റെയിൽവേ തീരുമാനം തിരൂരിലെ വെറ്റില വ്യാപാരികൾക്ക് ആശ്വാസമാകും. മിനിറ്റുകൾ മാത്രം നിർത്തുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലാണ് നിലവിൽ തിരൂരിൽനിന്നും വെറ്റില കയറ്റി അയക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലൊഴിച്ച് ബാക്കിയെല്ലാ ദിവസവും ആയിരം കെട്ട് വെറ്റിലയെങ്കിലും തിരൂരിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് കയറ്റി വിടുന്നുണ്ട്.
ഡൽഹിയിലേക്കാണ് അയക്കേണ്ടത്. മുമ്പ് മംഗള ലക്ഷദ്വീപ് എക്സ പ്രസിലായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ രണ്ട് മിനിറ്റ് മാത്രം തിരൂരിൽ നിർത്തുന്ന ഈ ട്രെയിനിൽ ആയിരം കെട്ട് വെറ്റില കയറ്റിവെക്കാൻ സാധിക്കാത്ത സ്ഥിതിയായി. ഇതോടെയാണ് വെസ്റ്റ് കോസ്റ്റിനെ ആശ്രയിക്കേണ്ടി വന്നത്. ഈ ട്രെയിനിൽ ചെന്നൈയിലേക്ക് എത്തിച്ച് അവിടെ നിന്നു ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറ്റിവിടും. വെറ്റില കയറ്റാൻ ചുരുങ്ങിയത് 10 മിനിറ്റെങ്കിലും ട്രെയിൻ തിരൂരിൽ നിർത്തേണ്ടതുണ്ട്.
ചില ലോക്കോ പൈലറ്റുമാരും ഗാർഡുമാരും കർഷകരുടെ ദയനീയ സ്ഥിതി മനസ്സിലാക്കി ട്രെയിൻ അൽപ സമയം നിർത്തിക്കൊടുക്കും. ചിലപ്പോൾ അതു നടക്കില്ല. ഇതോടെ കയറ്റാൻ സാധിച്ച വെറ്റിലയുമായി ട്രെയിൻ സ്റ്റേഷൻ വിടും. ഇത് കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്.
ഇതിനിടെയാണ് പുതിയ സർവിസ് റെയിൽവേ പ്രഖ്യാപിക്കാനിരിക്കുന്നത്. ദക്ഷിണ റെയിൽവേ രണ്ട് ട്രെയിനുകളാണ് പ്രഖ്യാപിക്കുക. ഇതിലൊന്ന് മംഗളൂരു-ചെന്നൈ പാതയിലാണ്. ഈ ട്രെയിൻ സർവിസ് ആരംഭിച്ചാൽ വെറ്റില കയറ്റുമതി ചെയ്യാൻ കൂടുതൽ എളുപ്പമായിരിക്കുമെന്നാണ് കരുതുന്നത്. ഡൽഹിക്കു പുറമേ ഉത്തർപ്രദേശിലേക്കും വെറ്റില തിരൂരിൽ നിന്നും കയറ്റുമതിയുണ്ട്. ഭൗമസൂചിക പദവി ലഭിച്ചിട്ടുള്ള തിരൂർ വെറ്റിലക്ക് വടക്കൻ സംസ്ഥാനങ്ങളിൽ വലിയ ആവശ്യക്കാരുണ്ട്. മുൻപ് പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് വെറ്റില കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ആ കയറ്റുമതി നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

