താമരക്കുളത്ത് മാതൃക ചന്ദനകൃഷിത്തോട്ടം
text_fieldsതാമരക്കുളം കണ്ണനാകുഴിയിലെ ചന്ദനം കൃഷി
ചാരുംമൂട്: കേരളത്തിൽ സ്വകാര്യമേഖലയിൽ ചന്ദനം കൃഷി വ്യാപകമാകുന്നതു പഠിക്കാൻ താമരക്കുളത്ത് മാതൃക ചന്ദന കൃഷിത്തോട്ടമൊരുങ്ങി. ചത്തിയറ ആലുവിളയിൽ ശങ്കരൻകുട്ടിയുടെ ഒരേക്കർ പുരയിടത്തിലാണ് തോട്ടം ഒരുങ്ങിയത്. കേന്ദ്രസർക്കാർ സ്ഥാപനമായ ബംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയാണ് നേതൃത്വം നൽകുന്നത്. 225 തൈകളാണ് നട്ടിരിക്കുന്നത്. ഇതിനായി ഐ.ഡബ്ല്യു.എസ്.ടി 2,57,000 രൂപയും അനുവദിച്ചിട്ടുണ്ട്. പരിപാലനത്തിന് വസ്തുവുടമക്ക് മാസംതോറും 15,000 രൂപയും നൽകും.
ഗവേഷണത്തിനും നിരീക്ഷണത്തിനുമായി 15 വർഷത്തേക്ക് ഐ.ഡബ്ല്യു.എസ്.ടിക്കാവും മേൽനോട്ടാവകാശം. അതിനുശേഷം തോട്ടം വസ്തുവുടമക്കു സ്വന്തമാകും. വെട്ടാറാകുമ്പോൾ നിയമമനുസരിച്ച് വനംവകുപ്പിനെ അറിയിക്കണം. അവർ വെട്ടി മറയൂരിൽ കൊണ്ടുപോയി ലേലംചെയ്ത് തുക ഉടമക്കു നൽകും. ഇപ്പോഴത്തെ നിലക്ക് കിലോക്ക് 10,000-15,000 രൂപ കിട്ടും. ഗുണമേന്മയനുസരിച്ചാണ് വില. തൊലിക്ക് കിലോക്ക് 300 രൂപയും ചന്ദനവെള്ളക്ക് 1300 രൂപയും കിട്ടും.13-15 വര്‍ഷത്തില്‍ ആദായം കിട്ടും. 50-70 സെന്റീമീറ്റര്‍ വണ്ണമുള്ള മരത്തില്‍നിന്ന് ശരാശരി 20 കിലോ ചന്ദനം കിട്ടും. 20-30 വര്‍ഷം ആയാല്‍ കൂടുതല്‍ കാതലുള്ള മരം കിട്ടും. ഇതില്‍ നിന്നുള്ള ചന്ദനത്തൈലത്തിന്റെ അളവ് കൂടും.
ഇപ്പോള്‍ ആര്‍ക്കും ചന്ദനം കൃഷി ചെയ്യാമെങ്കിലും മരംമുറി, വില്‍പ്പന എന്നിവക്ക് വനംവകുപ്പിനേ അധികാരമുള്ളൂ. ചാരുംമൂട് ഗുരുനാഥൻകുളങ്ങര കൊട്ടക്കാട്ടുശ്ശേരി തയ്യില്‍ കിഴക്കതില്‍ കെ. പ്രസാദാണ് പരിപാടിക്കു ചുക്കാൻ പിടിക്കുന്നത്. പ്രസാദിന്റെ നേതൃത്വത്തിൽ ഭരണിക്കാവ് ബ്ലോക്ക് അതിർത്തിയിലെ 25 ഏക്കറിൽ 56 കർഷകരുടെ നേതൃത്വത്തിൽ പതിനായിരത്തിലധികം ചന്ദനത്തൈ മൂന്നു വർഷമായി നട്ടുവളർത്തുന്നുണ്ട്. ഇടവിളകളടക്കം ഒരു തൈ നടാൻ 500 രൂപയിൽ താഴെയേ ചെലവാകൂവെന്ന് പ്രസാദ് പറഞ്ഞു. ഒരേക്കറിൽ 200 മുതൽ 300 വരെ തൈ നടാം. ചന്ദനമരങ്ങള്‍ക്ക് പൊതുവേ കീടബാധ കുറവാണ്. വെള്ളക്കെട്ടില്ലാത്ത ഏതുപ്രദേശത്തും ചന്ദനമരം നടാം.മാതൃക തോട്ടത്തിൽ ചന്ദനതൈനട്ട് എം.എസ്. അരുൺകുമാർ എം.എൽ.എ കൃഷി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

