Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീനിലെ കുടിയേറ്റം...

ഫലസ്തീനിലെ കുടിയേറ്റം നിർത്തണമെന്ന് ഇസ്രായേലിനോട് യു.എൻ: ‘ഫലസ്തീന്റെ മണ്ണും വിഭവവും കൈയേറുന്നു, ജനങ്ങളു​ടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു’

text_fields
bookmark_border
ഫലസ്തീനിലെ കുടിയേറ്റം നിർത്തണമെന്ന് ഇസ്രായേലിനോട് യു.എൻ: ‘ഫലസ്തീന്റെ മണ്ണും വിഭവവും കൈയേറുന്നു, ജനങ്ങളു​ടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു’
cancel
camera_altഇന്നലെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീൻ യുവാക്കൾ

യുനൈറ്റഡ് നേഷൻസ്: ഫലസ്തീന്റെ മണ്ണിൽ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ​ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ (യു.എൻ) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി കു​ടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഇസ്രായേലിന്റെ നീക്കം സംഘർഷങ്ങൾക്കും അക്രമങ്ങൾക്കും വഴിയൊരുക്കുമെന്നും ശാശ്വത സമാധാനത്തിന് തടസ്സം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ഹെലികോപ്ടർ ​ബോംബിങ്ങിൽ 15 വയസ്സുകാരൻ ഉൾപ്പെടെ ആറ് ഫലസ്തീനികൾ കൊല്ലപ്പെടുകയും 90ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യു.എൻ മേധാവി ഇസ്രായേലിനെതിരെ രംഗത്തുവന്നത്.

‘ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശം കൂടുതൽ ശക്തമാക്കുന്നു, ഫലസ്തീൻ മണ്ണിലും പ്രകൃതി വിഭവങ്ങളിലും കടന്നുകയറുന്നു, ഫലസ്തീൻ ജനതയുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു, സ്വയം നിർണ്ണയത്തിനും പരമാധികാരത്തിനുമുള്ള ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങളെ തുരങ്കം വയ്ക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കുടിയേറ്റം. മേഖലയിൽ സംഘർഷവും അക്രമങ്ങളും വർധിക്കാനുള്ള പ്രധാന പ്രേരകമാണ് അനധികൃത കുടിയേറ്റം വ്യാപനം. കൂടാതെ മാനുഷിക പ്രതിസന്ധിയും രൂക്ഷമാക്കും" -യു.എൻ മേധാവി പറഞ്ഞതായി വക്താവ് ഫർഹാൻ ഹഖ് പ്രസ്താവനയിൽ പറഞ്ഞു.

വ്യോമാക്രമണം 20 വർഷത്തിന് ശേഷം

20 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്നലെ ഫലസ്തീന് നേരെ ഇസ്രായേൽ ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ജെനിൻ അഭയാർഥി ക്യാമ്പിന് നേരെയാണ് ആകാശത്തുനിന്ന് റോക്കറ്റുകൾ തൊടുത്തുവിട്ടത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും 90ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്യാമ്പിൽ ടാങ്കറുകളും കവചിത വാഹനങ്ങളുമായി കടന്നുകയറിയ ഇസ്രായേൽ ​സൈനികർക്കെതിരെ ഫലസ്തീൻ പോരാളികൾ ചെറിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് മണിക്കൂറുകളോളം പോരാടി. നിരവധി ഇസ്രായേലി സൈനിക വാഹനങ്ങൾ ഇവർ കേടുവരുത്തി. ഏകദേശം 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ എട്ട് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷിക​ളെ ഉദ്ധരിച്ച് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനിൽ 4560 ജൂത കുടിയേറ്റ വീ​ടു​ക​ൾ​ നിർമിക്കാനൊരുങ്ങി ഇസ്രായേൽ

4560 ജൂത കുടിയേറ്റ വീ​ടു​ക​ൾ​ക്ക് അനുമതി നൽകാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന സു​പ്രീം പ്ലാ​നി​ങ് കൗ​ൺ​സി​ൽ ഇതിന് അ​നു​മ​തി ന​ൽ​കു​മെന്നാണ് റിപ്പോർട്ട്. മേഖലയിൽ സമാധാനം സാധ്യമാക്കാൻ കുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതി നിർത്തിവെക്കണമെന്ന് യു.എസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് 1,332 വീടുകൾക്ക് ഉടൻ അന്തിമ അനുമതി നൽകുന്നത്. ബാക്കിയുള്ളവക്ക് പ്രാഥമിക അനുമതി നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലിൽ ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം ഫലസ്തീന്റെ മണ്ണിൽ കുടിയേറ്റം വ്യാപിപ്പിക്കുമെന്നത് പ്രഖ്യാപിത നിലപാടായി സ്വീകരിച്ചിരുന്നു. 7000ത്തിലേറെ ഭവന യൂനിറ്റുകൾക്കാണ് പുതിയ ഭരണകൂടം ഇതുവരെ അനുമതി നൽകിയത്. ഇതിൽ അധികവും വെസ്റ്റ് ബാങ്കിലാണ്. കുടിയേറ്റം തുടരുമെന്നും മേഖലയിൽ ഇസ്രായേലിന്റെ ശക്തി വർധിപ്പിക്കുമെന്നും പ്രതിരോധത്തിന്റെ കൂടി ചുമതല വഹിക്കുന്ന ധനമന്ത്രി ബെസലിസ് സ്മോട്ട്റിച് പറഞ്ഞു.

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റം വ്യാപിപ്പിക്കുന്നത് അനധികൃതമാണെന്ന് ഭൂരിഭാഗം രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ -ഇസ്രായേൽ പ്രശ്നത്തിന്റെ അടിസ്ഥാനം തന്നെ ഇസ്രായേൽ കുടിയേറ്റ പദ്ധതികളിലൂടെ ഫലസ്തീൻ ഭൂമി കവരുന്നതാണ്. ഫലസ്തീൻ സമാധാന ചർച്ച 2014 മുതൽ നിലച്ചിരിക്കുകയാണ്.

സംഘർഷങ്ങളുണ്ടാകുമ്പോൾ ഇടക്കിടെ ഒറ്റപ്പെട്ട ചർച്ചകൾ നടക്കാറുണ്ടെങ്കിലും അതിന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണയില്ല. ഇസ്രായേൽ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മിൽ സംഘർഷം വ്യാപകമാണ്. ഇസ്രായേൽ നടപടി അപലപിച്ച ഹമാസ് ഫലസ്തീനികൾ ഇതിനെ എല്ലാ അർഥത്തിലും ചെറുക്കുമെന്ന് പ്രഖ്യാപിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelantonio guterusUN
News Summary - UN chief tells Israel to halt illegal settlements in Palestine
Next Story