കിയവ്: അധിനിവേശം തുടങ്ങിയ ശേഷം ഏറെയായി കൈവശംവെച്ച ഖാർകിവിൽ നിന്ന് റഷ്യൻ സേനയെ തുരത്തിയതായി യുക്രെയ്ൻ. തങ്ങളുടെ സൈന്യം റഷ്യൻ അതിർത്തിവരെ എത്തിയതായും തിരിച്ചുപിടിക്കൽ ദൗത്യം തുടരുകയാണെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകിവ് റഷ്യൻ അതിർത്തിയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ്.
തെക്ക് തുറമുഖ നഗരമായ മരിയുപോളിന് സമാനമായി റഷ്യ തുടക്കം മുതൽ നിയന്ത്രണത്തിലാക്കിയതിനാൽ കനത്ത നാശനഷ്ടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നത്. മാസങ്ങൾ നീണ്ട അധിനിവേശത്തിൽ തളരാതെ പൊരുതിനിന്ന യുക്രെയ്ൻ സേന നഗരം തിരിച്ചുപിടിച്ചത് ചെറുത്തുനിൽപിന് കരുത്തുപകരും. അതിർത്തിയിലെത്തിയ യുക്രെയ്ൻ സേന പ്രസിഡന്റ് സെലൻസ്കിയെ അഭിസംബോധന ചെയ്ത് വിഡിയോ പുറത്തുവിട്ടിരുന്നു. ഖാർകിവ് ഗവർണറും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയിലെ മക്ഡൊണാൾഡ് വിൽക്കുന്നു
റഷ്യയിൽ മൂന്നു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ മക്ഡൊണാൾഡ് വ്യാപാരം അവസാനിപ്പിക്കുന്നു. റഷ്യൻ സംരംഭകന് കൈമാറിയാണ് മക്ഡൊണാൾഡ് കളംവിടുന്നത്. രാജ്യത്ത് 847 കേന്ദ്രങ്ങളിൽ മക്ഡൊണാൾഡ് പ്രവർത്തിക്കുന്നുണ്ട്.
തൊഴിലാളികളായി 62,000 പേരുണ്ട്. ഷികാഗോ ആസ്ഥാനമായ കമ്പനി രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. 1991ൽ സോവിയറ്റ് യൂനിയന്റെ തകർച്ചക്കു പിറകെയായിരുന്നു മക്ഡൊണാൾഡിന്റെ വരവ്. ഉടമസ്ഥത കൈമാറുമെങ്കിലും ലോഗോ നിലനിർത്തിയാകും വ്യാപാരം. മുമ്പും നിരവധി പാശ്ചാത്യകമ്പനികൾ റഷ്യയിലെ വ്യാപാരം നിർത്തിയിരുന്നു.
റഷ്യൻ എണ്ണയെ ഉപരോധിക്കാനാകാതെ യൂറോപ്പ്
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഏറെയായി ചർച്ച തുടരുന്ന റഷ്യൻ എണ്ണക്കു മേൽ ഉപരോധം ഇനിയും തീരുമാനിക്കാനാകാതെ യൂറോപ്യൻ യൂനിയൻ. നിരവധി രാജ്യങ്ങൾ റഷ്യൻ എണ്ണയെ കാര്യമായി ആശ്രയിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചെക് റിപ്പബ്ലിക്,സ്‍ലൊവാക്യ, ബൾഗേറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളാണ് എതിർപ്പുമായി രംഗത്തുള്ളത്.
ഒഡേസയിൽ വിനോദ സഞ്ചാരകേന്ദ്രം തകർത്തു
ഒഡേസയിൽ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രം റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി യുക്രെയ്ൻ സേന അറിയിച്ചു. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കരിങ്കടൽ തീരത്തോടു ചേർന്നുള്ള നീസ്റ്റർ പുഴക്കു കുറുകെയുള്ള പാലമാണ് തകർത്തത്. പ്രധാനമായും റഷ്യൻ വിനോദ സഞ്ചാരികൾ എത്തിയിരുന്ന കേന്ദ്രമാണിത്.
യുക്രെയ്നിൽ നൂറോളം കേന്ദ്രങ്ങളിൽ പുതുതായി ആക്രമണം നടത്തിയതായി റഷ്യ തിങ്കളാഴ്ച അറിയിച്ചിരുന്നു. മൂന്ന് യുക്രെയ്ൻ യുദ്ധവിമാനങ്ങൾ തകർത്തതായും അവകാശവാദമുണ്ട്. മൂന്നു മാസത്തിനിടെ 168 യുദ്ധവിമാനങ്ങൾ, 125 ഹെലികോപ്ടറുകൾ, 307 വിമാനവേധ മിസൈലുകൾ എന്നിവ നശിപ്പിച്ചതായും റഷ്യ പറയുന്നു.
അതേ സമയം, ഖാർകിവിൽനിന്ന് പിൻവാങ്ങിയാലും അസോവ് കടൽ, കരിങ്കടൽ തീരങ്ങളിലും കിഴക്കൻ യുക്രെയ്നിലും നിരവധി മേഖലകൾ ഇപ്പോഴും റഷ്യൻ നിയന്ത്രണത്തിൽ തുടരുകയാണ്. കിഴക്കൻ മേഖലയായ ഡോൺബാസ് പൂർണമായി കീഴടക്കാനാണ് റഷ്യൻ ശ്രമം.