Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാലാഖയല്ല ബൈഡൻ
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightമാലാഖയല്ല ബൈഡൻ

മാലാഖയല്ല ബൈഡൻ

text_fields
bookmark_border

കാൽനൂറ്റാ​െണ്ടങ്കിലും കൊണ്ട്​ നേടിയെടുക്കേണ്ട നേട്ടങ്ങളാണ്​ ഡോണൾഡ്​ ട്രംപിന്റെ നാലുവർഷങ്ങളിൽ​ ഇസ്രയേൽ സമ്പാദിച്ചതെന്ന്​ പറയപ്പെടുന്നുണ്ട്​. മുൻ പിൻ നോക്കാത്ത ട്രംപിന്റെ നയങ്ങളും അതിന്റെ വരും വരായ്​കകൾ പരിഗണിക്കാതെ പിന്താങ്ങിയ സഖ്യകക്ഷികളുമാണ്​ പശ്​ചിമേഷ്യയെ ഇന്നത്തെ അവസ്​ഥയിൽ കൊണ്ടെത്തിച്ചത്​. ഇതി​െൻറ ഫലമായി തങ്ങളുടെ ഭാ​ഗധേയം നിർണയിക്കുന്ന വേദികളിൽ ഫലസ്​തീ​െൻറ സാന്നിധ്യം ഇല്ലാതായി. ഏകപക്ഷീയമായ ട്രംപി​െൻറ നടപടികൾ വഴി ചർച്ചകളിൽ ഇരകൾക്ക്​ സ്വരമില്ലാതായി മാറി. ഇസ്രയേലി​െൻറ സകല ആവശ്യങ്ങളും ഇൗ കുറഞ്ഞകാലം കൊണ്ട്​ സാധിതമായി. ട്രംപി​െൻറ വാഴ്​ചക്കൊടുവിൽ വൈറ്റ്​ഹൗസിൽ ജോ ബൈഡൻ എത്തു​േമ്പാൾ പശ്​ചിമേഷ്യക്ക്​ മാത്രമല്ല, ​അറേബ്യക്ക്​ ഒന്നാകെയും അത്​ നിർണായകമാകുന്നത്​ അങ്ങനെയാണ്​. ട്രംപി​െൻറ വിനാശ നയങ്ങളിൽ മാറ്റം വരുമെങ്കിയും ബൈഡ​െൻറ വരവ്​ ​അമേരിക്കയുടെ പരമ്പരാഗത നയങ്ങളിൽ നിന്നുള്ള വ്യക്​തമായ വ്യതിചലനത്തിന്​ കാരണമാകുമെന്ന്​ ആരും വിശ്വസിക്കുന്നില്ല. താനൊരു സയണിസ്​റ്റാണെന്നും ഇസ്രയേലാണ്​ മേഖലയിൽ അമേരിക്കയുടെ ഏക യഥാർഥ സുഹൃത്തെന്നും പലതവണ ആവർത്തിച്ച ബൈഡനിൽ ഫലസ്​തീനികളും ഒരുപരിധിക്കപ്പുറം പ്രതീക്ഷ വെക്കുന്നില്ല.

ഇക്കാര്യത്തിൽ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസി​െൻറ പ്രത്യേക ​പ്രതിനിധി നബീൻ ശഅസ്​ തങ്ങളുടെ നിലപാട്​ വ്യക്​തമാക്കിയിട്ടുണ്ട്​: 'ഫലസ്​തീനികളോടുള്ള യു.എസ്​ നയത്തിൽ വലിയ വ്യതിയാനമൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും അങ്ങേയറ്റം പ്രതിലോമകരമായ ട്രംപ്​ യുഗം അവസാനിക്കുന്നു എന്നത്​ തന്നെ ഏതുതരത്തിലും ഗുണകരമാണ്​. ബൈഡനിൽ നിന്നും കമലയിലും നിന്നും നാം കേൾക്കുന്ന വാക്കുകൾ പരിഗണിക്കു​േമ്പാൾ കൂടുതൽ സന്തുലിതമായ നിലപാടാണ്​ പ്രതീക്ഷിക്കുന്നത്​. എന്തുതന്നെയായാലും ട്രംപിനേക്കാൾ ദോഷം കുറവായിരിക്കും അതിന്​'.

ഫലസ്​തീനികളുടെ പൊതു നിലപാടി​െൻറ ആകെത്തുകയായി ഇൗ വാക്കുകളെ വിലയിരുത്താം. പക്ഷേ, കൂടുതൽ കരുതലോടെയായിരുന്നു​ പി.എൽ.ഒ എക്​സിക്യൂട്ടീവ്​ കമ്മിറ്റി അംഗം ഹനൻ അശ്​റാവിയുടെ പ്രതികരണം. ട്രംപ്​ ഉയർത്തിയ വെല്ലുവിളികൾ അവസാനിപ്പിക്കുകയെന്നതാകണം ആദ്യ ചുവടുവെപ്പെന്ന്​ പറഞ്ഞ അവർ ഫലസ്​തീനികൾക്ക്​ ഒരിക്കലും ഒരു​ രക്ഷകനായിരിക്കില്ല ബൈഡനെന്നും കൂട്ടിച്ചേർത്തു.

'അധിനിവേശ'ത്തിലെ തിരുത്ത്​

ഇസ്രയേലുമായുള്ള ത​െൻറ ആത്​മബന്ധം ഒരിക്കലും മറച്ചുവെച്ചിട്ടുള്ള ആളല്ല ബൈഡൻ. ഏറ്റവുമൊടുവിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പി​െൻറ ഡെമോക്രാറ്റിക്​ പ്രചരണത്തി​െൻറ കരടിൽ നിന്ന്​ ഇസ്രയേലിനെ പരാമർശിക്കുന്ന ഭാഗത്ത്​ 'അധിനിവേശം' എന്ന വാക്ക്​ ഒഴിവാക്കാൻ പോലും മുൻകൈയെടുത്തു അദ്ദേഹം. 'സ്വതന്ത്രമായും വിദേശ അധിനിവേശത്തിന്​ കീഴിലല്ലാതെയും ജീവിക്കാനുള്ള ഫലസ്​തീനി​െൻറ അവകാശത്തെ ഉയർത്തിപ്പിടിക്കുന്നു' എന്ന വാചകത്തിൽ നിന്നാണ്​ ബൈഡൻ ഇടപെട്ട്​ 'അധിനിവേശം' എന്ന വാക്ക്​ വെട്ടിയത്​. ഇസ്രയേലി അനുകൂല ലോബിയുടെ ആവശ്യത്തെ തുടർന്നായിരുന്നു ബൈഡ​െൻറ തിരുത്ത്​. ഡെമോക്രാറ്റിക്​ പാർട്ടിക്കുള്ളിലെ ​െഎക്യത്തിന്​ ഇൗ വാക്ക്​ തുരങ്കം വെക്കുമെന്നായിരുന്നു ബൈഡ​െൻറ ന്യായം.

റിപ്പബ്ലിക്കൻ പ്രസിഡൻറായ ജോർജ്​ ഡബ്ല്യു. ബുഷ്​ പോലും 'അധിനിവേശം' എന്ന്​ വാക്ക്​ ഉപയോഗിക്കാൻ ധൈര്യപ്പെട്ടിടത്താണ്​ ഡെമോക്രാറ്റായ ബൈഡ​െൻറ അധീരത. 2008 ജനുവരി 10 ന്​ വെസ്​റ്റ്​ബാങ്കിലെ റാമല്ലയിൽ ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസുമൊത്തുള്ള സംയുക്​ത വാർത്തസമ്മേളനത്തിലാണ്​, '1967 ൽ തുടങ്ങിയ അധിനിവേശത്തിന്​ ഒരു അവസാനം ഉണ്ടാകണം' എന്ന്​ അർഥശങ്കക്കിടയില്ലാത്ത വണ്ണം ബുഷ്​ പ്രഖ്യാപിച്ചത്​. ബൈഡ​െൻറ മുൻഗാമിയും ​െഡമോക്രാറ്റുകാരൻ തന്നെയുമായ ബറാക്​ ഒബാമയും അധിനിവേശത്തെ പരാമർശിക്കാൻ മടിച്ചിട്ടില്ല. 2009 ൽ ​ൈ​കറോയിലെ അൽഅസ്​ഹർ സർവകലാശാലയിൽ നടത്തിയ വിശ്വപ്രസിദ്ധ പ്രസംഗത്തിൽ 'അധിനിവേശത്തിനൊപ്പമുള്ള ചെറുതും വലുതുമായ ദിനേനയുള്ള അവഹേളനങ്ങൾ' അവസാനിക്കണമെന്നായിരുന്നു ഒബാമ ആവശ്യപ്പെട്ടത്​.

അചഞ്ചലമായ ഇസ്രയേൽ പിന്തുണ

'അധിനിവേശം' എന്ന ഒരൊറ്റവാക്കിന​്​ മേലുള്ള പ്രശ്​നമല്ല ബൈഡനുള്ളത്​. ഒബാമക്ക്​ കീഴിൽ വൈസ്​ പ്രസിഡൻറായിരുന്ന ജോ ബൈഡൻ 2015 ഏപ്രിൽ 23 ന്​ ഇസ്രയേലി​െൻറ 67ാമത്​ സ്വാതന്ത്ര്യദിന ആഘോഷത്തോട്​ അനുബന്ധിച്ച്​ വാഷിങ്​ടണിലെ ആൻഡ്രൂ മെലൺ ഒാഡിറ്റോറിയത്തിൽ നടത്തിയ പ്രസംഗം ശ്രദ്ധിക്കുക. ''.. 1948 മേയ്​ 14 ന്​ അർധരാത്രിയിൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന്​, പൊള്ളിക്കുന്ന ദുരന്തങ്ങൾക്ക്​ മധ്യേ, അതിർത്തികളിൽ വന്നുനിറഞ്ഞ സൈനിക നിരകളിൽ ഭയക്കാതെ ആധുനിക ഇ​സ്രയേൽ രാഷ്​ട്രം പിറന്നു. പിന്നീട്​ നിങ്ങൾ ചെയ്​തതെല്ലാം അത്യത്​ഭുതകരം തന്നെ. ഇൗ ഭൂമുഖത്തെ ഏറ്റവും നൂതന സമൂഹത്തെ നിങ്ങൾ സൃഷ്​ടിച്ചെടുത്തു. ആ വളർച്ചക്കിടെ നിങ്ങളുടെ മാതൃഭൂമിയെ നിങ്ങൾ പ്രതിരോധിച്ചു. മേഖലയിലെ ഏറ്റവും കരുത്തുള്ള സൈനിക സംവിധാനമായി മാറി. ഇൗ വർഷങ്ങൾ കാര്യങ്ങൾ എങ്ങനെയെല്ലാം മാറി. പക്ഷേ, അപകടം ഇപ്പോഴും നിലനിൽക്കുന്നു. അപകടകരമായ മേഖലകളിലാണ്​ ഇസ്രയേലി ജനത വസിക്കുന്നത്​. ഇസ്രയേലി ആയിരിക്കുക എന്നത് തന്നെ അസാധാരണമായ കരുത്ത്​ ആവശ്യപ്പെടുന്നതാണ്​.

പലതും മാറി. രണ്ടുകാര്യങ്ങൾ പക്ഷേ, അതേപടി നിലനിൽക്കുന്നു. നിങ്ങളുടെ ജനതയുടെ കരുത്ത്​, നിങ്ങളോടുള്ള എ​െൻറ പ്രതിബന്ധത'... മിനിറ്റുകളോളം നീണ്ട കര​േഘാഷത്തിനിടെ ബൈഡൻ തുടർന്നു.

ഗോൾഡ മെയർ പറഞ്ഞത്​

അതിനും മുമ്പ്​ 1973 ലാണ്​ ത​െൻറ ജീവിതത്തെ മാറ്റി മറിച്ചതെന്ന്​ പിൽക്കാലത്ത്​ ബൈഡൻ പറഞ്ഞ ആ കൂടിക്കാഴ്​ച ഉണ്ടായത്​. ​ ഡെലാവയർ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട 30 കാരൻ ബൈഡൻ ആ വർഷം ഒക്​ടോബറിൽ ആദ്യമായി ഇസ്രയേലിൽ എത്തി​. അന്നത്തെ ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡ മെയറിനെയും സന്ദർശിച്ചു. 'ശത്രുരാജ്യ'ങ്ങൾക്കിടയിൽ ഇസ്രയേലി​െൻറ അതിജീവനത്തി​െൻറ കഥകൾ ഗോൾഡ പറയുന്നത്​ കേട്ട്​ ബൈഡൻ വികാരഭരിതനായി. അവസാനം മെയർ ഒരു കാര്യം പറഞ്ഞു. 'ഇതൊക്കെയാണെങ്കിലും വെല്ലുവിളികളൊ​െയാക്കെ അതിജയിക്കാൻ ഒരു രഹസ്യായുധം ഇസ്രയേലി​െൻറ കൈയിലുണ്ട്​. ഇസ്രയേലികൾക്ക്​ പോകാൻ ലോകത്ത്​ മറ്റൊരിടമില്ല എന്ന യാഥാർഥ്യം'. ഇൗ കൂടിക്കാഴ്​ചയെ കുറിച്ച്​ പിന്നീട്​ എത്രയോ തവണ ബൈഡൻ പ്രസംഗിച്ചിട്ടുണ്ട്​. ബൈഡ​െൻറ ഇസ്രയേൽ ബന്ധവും അചഞ്ചമായ പിന്തുണയും ആരംഭിക്കുന്നത്​ ഇൗ കൂടിക്കാഴ്​ചയിൽ നിന്നാണത്രെ.

1986 ജൂണിൽ യു.എസ്​​ സെനറ്റിൽ ഇസ്രയേലി​െൻറ അമേരിക്കൻ ബന്ധത്തെ കുറിച്ച്​ വികാര നിർഭരമായ ഒരു പ്രസംഗം ബൈഡൻ നടത്തി. 'ഇസ്രയേലിനെ പിന്തുണക്കുന്നതിൽ നമ്മൾ മാപ്പപേക്ഷിക്കുന്നത്​ അവസാനിപ്പിക്കേണ്ട സമയമാണിത്​. നാം നടത്തുന്നത്​ മൂന്ന്​ ബില്യൻ ​േഡാളറി​െൻറ മികച്ച നിക്ഷേപമാണ്​. ഇസ്രയേൽ അവിടെ ഇല്ലെങ്കിൽ നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആ മേഖലയിൽ മറ്റൊരു ഇസ്രയേലിനെ നമുക്ക്​ കണ്ടെ​ത്തേണ്ടിവരുമായിരുന്നു. മേഖലയിലെ യു.എസി​െൻറ ഏക യഥാർഥ സുഹൃത്ത്​ ഇസ്രയേലാണ്​'. ഇന്നും അമേരിക്കയിൽ നിന്ന്​ ഇ​സ്രയേലിന്​ ലഭിച്ചുകൊണ്ടിരിക്കുന്ന വാർഷിക സൈനിക സഹായത്തി​െൻറ തുടക്കമായിരുന്നു ആ മൂന്ന്​ ബില്യൻ ഡോളർ.

വെല്ലുവിളികളുടെ തീരം

ഇസ്രയേലിനോടുള്ള ത​െൻറ ആഭിമുഖ്യം തുറന്നുപ്രഖ്യാപിച്ച ബൈഡന്​ മുന്നിൽ നിരവധിയായ വെല്ലുവിളികളാണ്​ പശ്​ചിഷ്യേ കാത്തുവെച്ചിരിക്കുന്നത്​. അമേരിക്കയു​െട പരമ്പരാഗത നിലപാടായ 'ഇരുരാഷ്​ട്ര ഫോർമുല'യെ ട്രംപ്​ ചുരുട്ടിക്കൂട്ടി എറിഞ്ഞിരിക്കുന്നു. അധിനിവേശ മേഖലകളിലെ കുടിയേറ്റം നിർബാധം തുടരുന്നു. ഫലസ്​തീൻ അതോറിറ്റിക്കുള്ള ധനസഹായം ട്രംപ്​ അവസാനിപ്പിച്ചു. യു.എസ്​ എംബസി ജറ​ുസലമിലേക്ക്​ മാറ്റി. ദശലക്ഷക്കണക്കിന്​ ഫലസ്​തീനികൾ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ജീവിതമാർഗത്തിനും ആശ്രയിക്കുന്ന യു.എൻ റെഫ്യൂജി ഏജൻസിക്കുള്ള ഫണ്ടിങ്​ അമേരിക്ക നിർത്തിയിരിക്കുന്നു. ഇതിനൊക്കെ പുറമേയാണ്​ മരുമകൻ ജാരദ്​കുഷ്​നറുടെ കാർമികത്വത്തിൽ ട്രംപ്​ ചു​െട്ടടുത്ത നൂറ്റാണ്ടിലെ കരാർ എന്ന ഏകപക്ഷീയ ധാരണ.

ഇതിൽ ഏതിൽ നിന്നൊക്കെ ബൈഡൻ പിൻമാറും, ഇതിലൊക്കെ എന്ത്​ തുടർനടപടികൾ ഉണ്ടാകും എന്നാണ്​ ഇനി അറിയേണ്ടത്​. ജറുസലം എംബസി വിഷയത്തിൽ വലിയ മാറ്റം ആരും പ്രതീക്ഷിക്കുന്നില്ല. അതിനെ ബാലൻസ്​ ചെയ്യാനായി കിഴക്കൻ ജറുസലമിലെ ഫലസ്​തീനികൾക്ക്​ വേണ്ടിയുള്ള യു.എസ്​ കോൺസുലേറ്റ്​ പുനരാരംഭിച്ചേക്കാം. ചർച്ചമേശയിലേക്ക്​ ഫലസ്​തീനികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടാകും. എന്നിവയല്ലാതെ വിപ്ലവകരമായ മാറ്റങ്ങളൊന്നും ഫലസ്​തീനികളും പ്രതീക്ഷിക്കുന്നില്ല.

ആശങ്കകൾ ഇസ്രയേലിലും

ബൈഡൻ പ്രസിഡൻറാകു​േമ്പാൾ ഇസ്രയേലിലും ആശങ്കകൾ ഉയരുന്നുണ്ട്​. ട്രംപിനെ പോലെ കണ്ണുംപൂട്ടി തങ്ങളെ പിന്താങ്ങുന്ന ഒരു അമേരിക്ക​ൻ പ്രസിഡൻറ്​ പോകുന്നത്​ വലിയ നഷ്​ടമാണെന്ന്​ അവരും തിരിച്ചറിയുന്നുണ്ട്​. യു.എസ്​ നയത്തിലെ ആസന്നമായ മാറ്റങ്ങൾ മുൻകൂട്ടി കണ്ട്​ ഇസ്രയേൽ ചില നടപടികൾ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ടുണ്ട്​. അതി​െൻറ ഭാഗമാണ്​, ജറുസലമിലെ അതിർത്തി രേഖയായ ഗ്രീൻലൈനിന്​ അപ്പുറത്തെനിർമാണ പ്രവർത്തനങ്ങൾക്ക്​ തിരക്കിട്ട്​ അനുമതി നൽകാനുള്ള ശ്രമം. ട്രംപ്​ ഒഴിയുന്നതിന്​ മുമ്പ്​ രണ്ടുമാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ്​ ആലോചന. ബൈഡൻ സ്​ഥാനമേറ്റാൽ ഇത്തരം നിർമാണ പ്രവർത്തനങ്ങൾ മരവിപ്പിക്കാനുള്ള ​സമ്മർദംഉണ്ടാകുമെന്നാണ്​ ഇസ്രയേലി​െൻറ ആശങ്ക. ജറുസലമിലെ ഇൗ നിർമാണത്തിൽ ബൈഡന്​ 'സവിശേഷമായ താൽപര്യ'മുണ്ടെന്ന്​ ഇസ്രയേൽ തിരിച്ചറിയുന്നുണ്ട്​. 2010 ൽ ​ൈവസ്​ പ്രസിഡൻറായി ഇസ്രയേൽ സന്ദർശിച്ച ബൈഡൻ, നെതന്യാഹുവി​െൻറ വസതിയിൽ വിരുന്നിൽ പ​െങ്കടുക്കുകയും അനധികൃത നിർമാണങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ച്​ ചർച്ച നടത്തുകയും ചെയ്​തിരുന്നു. അദ്ദേഹം തിരിച്ച്​ യു.എസിലെത്തിയതിന്​ പിന്നാലെ ജറുസലമിലെ ഗ്രീൻ ലൈനിന്​ അപ്പുറത്തെ റാമത്​ ശ്​ലോമോ പ്രദേശത്ത്​ 1,800 പുതിയ വീടുകൾ നിർമിക്കാനുള്ള പദ്ധതി ഇസ്രയേൽ പ്രഖ്യാപിച്ചു. വാർത്ത ​േകട്ട്​ ഒബാമയും ബൈഡനും കുപിതരായി. ബൈഡനെ അപമാനിക്കുന്നതിന്​ തുല്യമാണ്​ ഇൗ നീക്കമെന്ന്​ ഒബാമ ഭരണകൂടം വിലയിരുത്തി. നയതന്ത്ര ബന്ധം വഷളായി. അമേരിക്കയുടെ അതൃപ്​തി തിരിച്ചറിഞ്ഞ ഇസ്രയേൽ ഗ്രീൻ ലൈൻ കടന്നുള്ള നിർമാണങ്ങൾ മരവിപ്പിച്ചു. പിന്നീട്​ 'ബൈഡൻ നൈബർഹുഡ്​' എന്ന്​ അറിയപ്പെട്ട റാമത്​ ശ്​ലോമോയിലെ നിർമാണത്തിനുള്ള വിലക്ക്​ ട്രംപ്​ വന്ന ശേഷമാണ്​ നീങ്ങിയത്​. ട്രംപി​െൻറ തോൽവി വാർത്ത വന്നതിന്​ പിന്നാലെ, നിലവിൽ നിർമാണം പൂർത്തിയായതിന്​ പുറമേയുള്ള കെട്ടിടങ്ങളുടെ അനുമതി എത്രയും വേഗം നേടാൻ സിറ്റി എൻജി​നീയേഴസ്​ ഒാഫീസിന്​ ഉന്നതതല നിർദേശം ലഭിച്ചുകഴിഞ്ഞു. ത​െൻറ അഭിമാന പ്രശ്​നമായി ബൈഡൻ സ്വീകരിച്ച ഇൗ മേഖലയിൽ ഇനി തുടർ നിർമാണത്തിന്​ അനുമതി യു.എസിൽ നിന്ന്​ ലഭിക്കില്ല എന്ന്​ ഇസ്രയേലിന്​ അറിയാം. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിന്​ നെതന്യാഹു സർക്കാരിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ഉയരുന്നുണ്ട്​.

ചുരുക്കത്തിൽ പശ്​ചിമേഷ്യൻ രാഷ്​ട്രീയം ഒരു സന്നിഗ്​ധ ഘട്ടത്തിൽ എത്തിനിൽക്കുകയാണ്​. ഇരുപക്ഷത്തിനും ആശങ്കക്കും പ്രതീക്ഷക്കും വകയുണ്ട്​. എന്നാൽ അടിസ്​ഥാന നയങ്ങളിൽ നിന്ന്​ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുകയും വേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:joe bidenDonald Trump
Next Story