വിവാഹ ബന്ധം വേർപെടുത്തി ഗൂഗിൾ സഹസ്ഥാപകൻ; കാരണം ഇലോൺ മസ്കുമായുള്ള ഭാര്യയുടെ രഹസ്യ ബന്ധമെന്ന്...
text_fieldsന്യൂയോർക്: ഗൂഗ്ൾ സഹസ്ഥാപകൻ സെർജി ബ്രിന്നും അഭിഭാഷകയും സംരംഭകയുമായ നിക്കോൾ ഷാനഹാനും വിവാഹ മോചിതരായി. ശതകോടീശ്വരനും ടെസ്‍ല സഹസ്ഥാപകനുമായ ഇലോൺ മസ്കുമായി ഷാനഹാന് രഹസ്യ ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിവാഹ മോചനം. മേയ് 26നാണ് വിവാഹം മോചനം നടന്നത്.
നാലുവയസുള്ള മകളുടെ സംരക്ഷണം രണ്ടുപേരും ഏറ്റെടുക്കും. ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് നേരത്തേ മസ്കുമായുള്ള സൗഹൃദം ബ്രിൻ അവസാനിപ്പിച്ചിരുന്നു. മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിൻവലിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. എന്നാൽ ആരോപണം മസ്ക് നിഷേധിച്ചിരുന്നു. മസ്കുമായി ബന്ധമുണ്ടെന്ന വാർത്തകൾ ഷാനഹാനും തള്ളിയിരുന്നു. മൂന്നുവർഷത്തിനിടെ ഷാനഹാനെ കണ്ടത് രണ്ടു തവണ മാത്രമാണെന്നും ആ സമയത്ത് ഒരുപാട് പേർ തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്നും പ്രണയമില്ലെന്നുമാണ് മസ്ക് ആണയിട്ടത്.
ലോകത്തിലെ ഒമ്പതാമത്തെ ധനികനാണ് 50 കാരനായ സെർജി ബ്രിൻ. ബ്ലൂംബർഗ് ബില്യണയർ ഇൻഡക്സ് അനുസരിച്ച് 118 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
ആദ്യ ഭാര്യ ആനി വോജ്സിഖിയുമായി വേർപിരിഞ്ഞ 2015ലാണ് ബ്രിൻ ഷാനഹാനുമായി പ്രണയത്തിലായത്. 2018ൽ ഇരുവരും വിവാഹിതരായി. എന്നാൽ 2021 ഡിസംബർ മുതൽ രണ്ടുപേരും വേർപിരിഞ്ഞ് താമസിക്കുകയാണ്. 2022ലാണ് ബ്രിൻ വിവാഹ മോചനത്തിന് ഹരജി നൽകിയത്.