വികല സാമ്പത്തിക നയങ്ങളുടെ വിമർശകൻ; പട്ടിണിക്കെതിരായ പോരാളി
text_fieldsസ്റ്റോക്ഹോം: മൂന്നാം ലോകത്ത് പിടിമുറുക്കിയ പട്ടിണി ലഘൂകരിക്കാൻ ആത്മാർഥ ശ്രമങ്ങളുമായി ലോകത്തിെൻറ കൈയടി നേടിയ സാമ്പത്തിക ശാസ്ത്രജ്ഞരായ ദമ്പതികൾക്ക് ലഭിച്ച നൊബേൽ അർഹമായ ആദരം. ‘പുവർ ഇക്കണോമിക്സ്’ എന്ന ബെസ്റ്റ് സെല്ലറിെൻറ കർത്താവായും യു.എസിലെ പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഫസറായും അറിയപ്പെട്ട പ്രഫ. അഭിജിത് വിനായക് ബാനർജി അക്കാദമിക വൃത്തത്തിൽനിന്നിറങ്ങി ലോകം മുഴുക്കെ പാവങ്ങൾക്കായി കർമഗോദയിലിറങ്ങിയതിനാണ് അംഗീകരിക്കപ്പെടുന്നത്.
2008ലെ ആഗോള മാന്ദ്യത്തിലും പിടിച്ചുനിന്ന ഇന്ത്യയെ സ്വയംനിർമിത മാന്ദ്യത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനത്തിനെതിരെ കടുത്ത വിമർശനവുമായിട്ടായിരുന്നു അഭിജിത് രംഗത്തെത്തിയത്. നോട്ടുനിരോധിച്ച് 50 ദിവസം കഴിഞ്ഞയുടൻ രാജ്യത്തെ മാധ്യമസ്ഥാപനത്തിന് നൽകിയ അഭിമുഖത്തിൽ വൻ ദുരന്തമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്ത് 85 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന അനൗദ്യോഗിക സാമ്പത്തിക വിനിമയങ്ങളെ ഇത് തകർക്കുമെന്നും നിരോധിച്ച നോട്ടുകൾക്ക് പകരം 2,000 രൂപ നോട്ട് ഇറക്കിയത് പ്രഹസനമാണെന്നും അഭിജിത് കുറ്റപ്പെടുത്തി. കള്ളപ്പണം തടയാനെന്ന പേരിൽ പ്രഖ്യാപിച്ച ഈ പരീക്ഷണം പിന്നീട് ഇലക്ട്രോണിക് ഇടപാടുകളിലേക്കുള്ള ചുവടായി സർക്കാർ മാറ്റിയെങ്കിലും അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്.
ഇതോടൊപ്പം, രാജ്യത്തെ ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ വാഗ്ദാനം ചെയ്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെച്ച ‘ന്യായ്’ പദ്ധതിയുടെ പിന്നിലും അദ്ദേഹമായിരുന്നു. 2,500 രൂപ വീതം നൽകാമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ചതെങ്കിലും കോൺഗ്രസ് തുക ഇരട്ടിയിലേറെയായി ഉയർത്തുകയായിരുന്നു. രാജ്യത്തെ 20 ശതമാനം കുടുംബങ്ങൾക്കും പ്രയോജനം നൽകുന്നതായിരുന്നു പദ്ധതി. ആവശ്യമായ തുക നിലവിലെ സമ്പദ്വ്യവസ്ഥയിൽ ലഭ്യമല്ലാത്തതിനാൽ അധികമായി പണം കണ്ടെത്തണമെന്നായിരുന്നു നിർദേശം.
ലോകം മുഴുക്കെ ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ട് അദ്ദേഹവും ഭാര്യയും മുൻകൈയെടുത്ത് സ്ഥാപിച്ച അബ്ദുല്ലത്തീഫ് പോവർട്ടി ദാരിദ്ര്യ നിർമാർജന ലാബിൽ ഇപ്പോഴും ഡയറക്ടറാണ്. ബ്യൂറോ ഫോർ ദി റിസർച്ച് ഇൻ ദ ഇക്കണോമിക് അനാലിസിസ് െഡവലപ്മെൻറ് പ്രസിഡൻറ്, കിയൽ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഫെലോ, അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ് ഫെലോ തുടങ്ങിയ എണ്ണമറ്റ പദവികൾ വേറെയും.
പുവർ ഇക്കണോമിക്സ് എന്ന അദ്ദേഹത്തിെൻറ ബെസ്റ്റ് സെല്ലർ 17 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നു പുസ്തകങ്ങളുടെ എഡിറ്ററായും രണ്ടു ഡോക്യുമെൻററികളുടെ സംവിധായകനായും പ്രവർത്തിച്ചു. 1972ൽ പാരിസിൽ ജനിച്ച ഭാര്യ ഡഫ്ലോ 1999ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഡോക്ടറേറ്റ് നേടിയാണ് അതേ സ്ഥാപനത്തിൽ അധ്യാപികയായി ചേർന്നത്.