ഡന്യൂബ് നദിയിലെ ലോക്കുകൾ

  • ഡന്യുബ്​ നദിയിലൂടെ ഒരു ക്രൂസ്​ യാത്ര

റീനി മമ്പലം
21:15 PM
15/10/2019

ഡന്യൂബ് നദിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ ബോട്ട് പെട്ടന്ന് നിന്നു. തല ഉയർത്തിനോക്കിയപ്പോൾ ​​കൈയെത്തും വിധത്തിൽ എന്നു തോന്നിപ്പിക്കുന്നവണ്ണം  കോൺക്രീറ്റ് ഭിത്തികൾ.  ജലനിരപ്പ് കുറഞ്ഞുകൊണ്ടിരുന്നു. കോൺക്രീറ്റ് ഭിത്തികളുടെ ഉയരം കൂടി.   കുറച്ചുസമയം ബോട്ട് അങ്ങനെ കിടന്ന ശേഷം മെല്ലെ അനങ്ങിത്തുടങ്ങി. സത്യത്തിൽ ബോട്ടിന് എന്താണ്​ സംഭവിച്ചതെന്നറിയാൻ ആകാക്ഷയായി​ൂന്നു, വൈകിട്ട് ക്യാപ്റ്റനെ കാണുന്നതുവരെ.

ഒരു റിവർ ക്രൂസ് നടത്തണമെന്ന് കുറച്ചുനാളുകളായി ആഗ്രഹമുണ്ടായിരുന്നു. സാധാരണയായി ക്രൂസ് എന്നു പറയുന്നത് കടലിൽ കൂടിയുള്ള ക്രൂസാണ്. ആയിരക്കണക്കിനു യാത്രക്കാരും ജോലിക്കാരുമുള്ള ചലിക്കുന്ന പട്ടണങ്ങൾ. പുറം കടലിൽ കൂടി പോകുമ്പോൾ ചുറ്റും വെള്ളം മാത്രം. എന്നാൽ ലോകത്തിലെ പ്രധാനപ്പെട്ട നദികളിൽ കൂടിയുള്ള റിവർ ക്രൂസ് വ്യത്യസ്തമാണ്. വലിയ ബോട്ടുകളിൽ ഏറിവന്നാൽ 130 - 140 യാത്രക്കാർ മാത്രം. വിശാലമായ ഊണുമുറിയിൽ എല്ലാവരും ഒരുമിച്ചിരിക്കുന്നു. അതത് രാജ്യത്തിന്റെ പ്രത്യേക ഭക്ഷണ വിഭവങ്ങളും പാനീയങ്ങളും വിളമ്പിയ അത്താഴങ്ങൾ.

ഇത്തരം ഒരു യാത്രക്ക് നാല്​ സുഹൃത്തുക്കൾ കൂടി തയാറായപ്പോൾ യാത്ര ഉറപ്പിച്ചു. യൂറോപ്പിലെ പ്രധാന നദിയായ ഡന്യൂബിൽ കൂടിയുള്ള ക്രൂസാണ്​ ഞങ്ങൾ തെരഞ്ഞെടുത്തത്​. ജർമനിയിൽ തുടങ്ങി കിഴക്കോട്ടൊഴുകി കരിങ്കടലിൽ എത്തുന്ന ഡന്യൂബ് യൂറോപ്യൻ നദികളിൽ നീളത്തിൽ രണ്ടാം സ്ഥാനത്താണ്. ജർമനിയിലുള്ള വിഷ്ലോഫിൽ തുടങ്ങി, ആസ്​ട്രിയ, സ്​ളോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിൽ കൂടി സഞ്ചരിച്ച് ബുഡപെസ്റ്റിൽ അവസാനിക്കുന്ന, ഒൻപതു ദിവസം നീണ്ടുനിൽക്കുന്ന ക്രൂസ്. ബൂഡപെസ്റ്റിൽ നിന്ന് അമേരിക്കയിലേക്ക് തിരിച്ചു പറക്കുകയും ചെയ്യാം. 

 

ആസ്​ട്രിയ, സ്​ളോവാക്യ, ഹംഗറി എന്നീ രാജ്യങ്ങൾ സന്ദർശിച്ച്​ ബുഡപെസ്റ്റിൽ അവസാനിക്കുന്ന, ഒൻപതു ദിവസത്തെ യാത്രയായിരുന്നു അത്​
 

135 ആൾക്കാരുള്ള യാത്രാസംഘത്തിൽ ആറുപേർ മലയാളികളായിരുന്നു. യാത്ര നദിയിലൂടെ ആയതിനാൽ കടൽച്ചൊരുക്കിന്റെ പ്രശ്നമില്ല.  ഭക്ഷണംകഴിഞ്ഞാൽ യാത്രക്കാർക്ക് വിനോദത്തിനായി ഡാൻസ്, ഏതെങ്കിലും ഗ്രൂപ്പിന്റെ പാട്ട്, യാത്രക്കാരെ പങ്കെടുപ്പിക്കുന്ന പരിപാടികൾ മുതലായവ കാണും.  അങ്ങനെ കൂടുതൽ ആൾക്കാരെ പരിചയപ്പെടുകയുമാവാം.

കോൺക്രീറ്റ് ഭിത്തികൾ തെളിഞ്ഞു വന്നപ്പോൾ ഡന്യൂബ് നദിയിലെ പതിനാറ്​ ലോക്കുകളിൽ ഒന്നിലൂടെ ബോട്ട് കടന്നു പോവുകയായിരുന്നു എന്ന് ക്യാപ്റ്റൻ അറിയിച്ചു. പണ്ട് നദികളിലൂടെ സഞ്ചരിച്ചിരുന്നവർക്ക് യാത്ര ക്ലേശകരമായ ഒരു അനുഭവമായിരുന്നുവത്രെ. എല്ലാനദികളിലും വെള്ളം വളരെ വേഗത്തിലൊഴുകുന്ന റാപ്പിഡ്സ് കാണും. അവിടെ എത്തുമ്പോൾ ബോട്ട്  വെളിയിലെടുത്ത് ചുമന്ന് കൊണ്ടുപോവുകയായിരുന്നു. അല്ലെങ്കിൽ നദിയുടെ അടുത്ത് കരയിലുള്ള കുതിരകൾ ബോട്ട്  കെട്ട്​ വലിക്കുന്നു.

ലോക്കിലെ ജലനിരപ്പ്​ കുറയുന്നതും കാത്ത്​ കിടക്കുന്ന ക്രൂസ്​
 

മെഡീവിയൽ ചക്രവർത്തി യൂറോപ്യൻ ഭൂഖണ്ഡത്തിനെ നോർത്ത് സീ മുതൽ ബ്ലാക്ക് സീ വരെ ജലമാർഗം ബന്ധിക്കുന്നത് സ്വപ്നം കണ്ടിരുന്നു. റൈൻ നദിയെ മെയിൻ ഡന്യൂബ് നദിയുമായി ബന്ധിപ്പിക്കുക.  ആലോചിച്ചാൽ മൂവായിരം മീറ്റർ നീളമുള്ള ഒരു കിടങ്ങിന്റെ ആവശ്യമേയുള്ളു.  പമ്പുകളുടെ അഭാവം, അമിതമായ മഴ, മോശമായ മൺസൂൺ എന്നിവ സ്വപ്നം അസാധ്യമാക്കി. നെപ്പോളിയൻ ബോണപ്പാർട്ടിനും ഇതേ സ്വപ്നമുണ്ടായിരുന്നു.

ലോക്കിലെ ജലനിരപ്പ്​ കുറഞ്ഞ്​ കവാടം ദൃശ്യമാകുന്നു
 

ഡന്യൂബ് നദിയുടെ തുടക്കവും മറ്റേ അറ്റവുമായി ആഴത്തിൽ 107 മീറ്ററിന്റെ  വ്യത്യാസം ഉണ്ട്.  ഇംഗ്ലണ്ടിൽ നിന്നും പ്രചോദനം കൊണ്ട് ഡന്യൂബ് നദിയിൽ ലോക്കുകൾ നിർമ്മിച്ച് സ്വപ്നം സധ്യമാക്കി. ഡന്യൂബ് നദിയിൽ 16 അണക്കെട്ടുകളാണ്. വെള്ളപ്പൊക്കം ഉണ്ടാവാതിരിക്കാൻ അണക്കെട്ടുകൾ സഹായിക്കുന്നു. അണക്കെട്ടുകൾ കാരണം ഡന്യൂബ് നദിയിലെ ജലനിരപ്പ് 16 തട്ടുകളിലാണെന്ന്​ പറയാം. 

കനാൽ ലോക്കുകൾ ബോട്ടുകളെ വ്യത്യസ്​ത ജലനിരപ്പുള്ള കനാലിലൂടെ കടന്നുപോയി കുറഞ്ഞ ദൂരം കൊണ്ട് ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നു. ലോക്കിന്​ പുറകിൽ ഒരു ഗേറ്റും മുൻപിലൊരു ഗേറ്റുമാണൂള്ളത്. ഈ ഗേറ്റുകൾ അടച്ചാൽ വെള്ളം അകത്തേക്ക് കയറുകയോ പുറത്തേക്ക് ഇറങ്ങുകയോ ചെയ്യുന്നില്ല. മുന്നിലും പിന്നിലും ഗേറ്റുകൾ ഉള്ള ലോക്കിനെ പൗണ്ട് ലോക്കെന്നും ഒരു ഗേറ്റ് ഉള്ളതിനെ ഫ്ലാഷ്​ ലോക്കെന്നും വിളിക്കുന്നു.  മുമ്പിലുള്ള ഗേറ്റ് തുറക്കുമ്പോൾ ബോട്ട് കയറിപ്പോവുകയും ഗേറ്റുകൾ അടയുകയും ചെയ്യുന്നു. ബോട്ട് കിടക്കുന്ന ജലസഞ്ചയത്തിലെ ജലനിരപ്പ് അടുത്ത ചേംബറിലെ ജലനിരപ്പിനോട് തുല്ല്യമാവും വരെ ചേംബറിലെ വെള്ളം ഭീമൻ പമ്പുകളുപയോഗിച്ച് കളയുകയോ നിറക്കുകയോ ചെയ്യുന്നു.  ജലം ഒരേ നിരപ്പിലാവുമ്പോൾ മുൻപിലുള്ള ഗേറ്റ് തുറക്കുകയും ബോട്ട് ഇറങ്ങിപ്പോവുകയും ചെയ്യുന്നു.

ക്രൂസിനു മുന്നിൽ തുറന്ന ലോക്കിൻെറ കവാടം
 

ഒരുദിവസം രാത്രിയിൽ വിനോദപരിപടികൾ കഴിഞ്ഞപ്പോൾ സഹയാത്രികർ ഒരൊഴുക്കുപോലെ ബോട്ടിന്റെ ഡെക്കിലേക്ക് പോവുന്നത് കണ്ടു. താമസിയാതെ ഞങ്ങളുടെ ബോട്ട് ലോക്കിലൂടെ കടന്നുപോകുമെന്ന് അറിവുകിട്ടി. ഞങ്ങളും മറ്റ് യാത്രക്കാരെ അനുഗമിച്ച് ബോട്ടിന്റെ ഡെക്കിലിരുന്നു. ഡെക്കിലും ചുറ്റുഭാഗത്തും ലൈറ്റ് ഇട്ടിരുന്നു, എല്ലാം വ്യക്തമായിക്കാണാം. ജലനിരപ്പ്  താഴുകയാണ്.ചുറ്റിലും വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് ജല നിരപ്പ് താഴ്​ത്തുകകയാണ്.  ഇരുവശങ്ങളിലും  നനഞ്ഞ കോൺക്രീറ്റ് ഭിത്തികൾ തെളിഞ്ഞുവന്നു. 

തുറന്ന ലോക്കിലൂടെ മുന്നോട്ട്​ സഞ്ചരിക്കുന്ന ക്രൂസ്​
 

ബോട്ടിന്റെ മുൻപിലുള്ള ലൈറ്റ് ചുവന്ന നിറത്തിൽ കത്തുന്നു. മുൻവശത്തെ ഗേറ്റ് അടഞ്ഞുതന്നെ കിടന്നു. ഏകദേശം 15 മിനിട്ട് അങ്ങനെ കിടന്നുകാണും, ബോട്ട് ഓസ്ട്രിയയിൽ ആണ്.  ബോട്ട് കിടക്കുന്ന ചേംബറിലെ ജലനിരപ്പും ഗേറ്റിന്​ വെളിയിൽ അണക്കെട്ടിലെ ജലനിരപ്പും തുല്ല്യമായപ്പോൾ മുൻപിലെ ലൈറ്റ് പച്ചയായി. ഗേറ്റ് തുറന്നു.  ഗേറ്റിന്റെ പാളികൾ അടുത്തുള്ള ഭിത്തിക്കുള്ളിൽ അപ്രത്യക്ഷമായി.  ബോട്ട് യാത്ര തുടങ്ങി. മങ്ങിയ ലൈറ്റും ചുറ്റും വീശിയടിച്ച ചെറുകാറ്റും മനസിനെ ഒരു വിസ്മയ ലോകത്തിലേക്ക് കൊണ്ടുപോയി. ആദ്യമായാണ്​ ലോക്കിലൂടെ കടന്നുപോവുന്നത്.   അതൊരു അനുഭവമായിരുന്നു.    

ലോക്കുകൾ പലതരം ഉണ്ട്.

സിംഗിൾ ലോക്കുകൾ
സിംഗിൾ ലോക്കുകളിൽ ഒരു ഗേറ്റ് മാത്രമെ കാണു.  ബോട്ടിനെ വേഗത്തിലും ലളിതമായും ഒരു ലെവലിൽനിന്നും മറ്റൊരു ലെവലിലേക്ക് കൊണ്ടുവരാം. മറ്റ് ലോക്കുകളെ അപേക്ഷിച്ച് വെള്ളം കുറച്ച് ഉപയോഗിക്കുന്നു.

ബ്രോഡ് ലോക്കുകൾ
സിംഗിൾ ലോക്കുകളുടെ ഇരട്ടി വീതിയുണ്ട്.  രണ്ട് ചെറിയ ബോട്ടൂകൾക്ക് ഒരേസമത്തോ ഒരു വലിയ ബോട്ടിനോ കടന്നു പോകാം.

ഡബിൾ ലോക്ക്സ്
ബോട്ടുകൾക്ക് വേഗത കൂട്ടുകയും  ഒരെ സമയത്ത് രണ്ടുബോട്ടുകൾക്ക് കടന്നു പോവാവുന്നതുകൊണ്ട് വെള്ളത്തിന്റെ ഉപയോഗം ലാഭിക്കാനും താമസം ഒഴിവാക്കാനുമാവും.

സ്റ്റോപ്പ് ലോക്ക്സ്
രണ്ട് കനാലുകൾ അടുത്തൊഴുകുമ്പോൾ ഒരു കനാലിൽ നിന്നും കൂടുതൽ വെള്ളം എടുക്കുന്നതിനെ തടയുന്നു.


ഗില്ലറ്റിൻ ലോക്ക്സ്
ഗില്ലറ്റിൻ പോലെ ഈ ലോക്കുകൾ പ്രവർത്തിക്കുന്നു. ഈ ലോക്കുകളുടെ ഗേറ്റുകൾ വെർട്ടിക്കൽ ആയതുകൊണ്ട്പ്രവർത്തനം ഇല്ലാത്തപ്പോൾ സ്റ്റോർ ​വെള്ളം സംഭരിച്ചു വെക്കാൻ അധികം സ്ഥലം എടുക്കില്ല.

സ്​റ്റെയർ കേസ് ലോക്ക്സ്
ഒരു കാനാലിൽ ധാരാളം ലോക്ക്സ് ഉള്ളപ്പോൾ അത് ആ ഭൂപ്രദേശത്തുള്ള സ്​റ്റെയർകേസിന്റെ പടികൾ പോലെ തോന്നിക്കും.  അങ്ങനെ സ്​റ്റെയർ കേസ്​ ലോക്ക്സ് എന്ന പേരുവന്നു. ഒരു ലോക്കിന്റെ മുമ്പിലുള്ള ഗേറ്റ് മുമ്പിലുള്ള ലോക്കിന്റെ പിൻവശത്തെ ഗേറ്റ് ആയിരിക്കും.

ലോകത്തിൽ ഏഴു ലോക്കുകളാണ്ജനശ്രദ്ധ  ആകർഷിക്കുന്നത്.

അതിലൊന്നാംസ്ഥാനം ഇംഗ്ലണ്ടിലെ കെയ്​ൻ ഹിൽ ലോക്ക്സിനാണ്. പുതിയതരത്തിലുള്ള പമ്പ് ഒരു ദിവസം ഏഴു മില്യൻ ഗ്യാലൻ വെള്ളം പമ്പ് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ ലോക്കായ കിൽഡ്രെക്റ്റ് ലോക്കിനാണ് രണ്ടാം സ്ഥാനം.  ഈഫൽ ടവർ ഉണ്ടാക്കാൻ ഉപയോഗിച്ചതിലും മൂന്നിരട്ടി സ്റ്റീൽ ഉപയോഗിച്ചിരിക്കുന്ന ഈ ലോക്ക് ബെൽജിയത്തിലാണ്. അടുത്തത് ബെൽജിയത്തിലെ ബെറെൻഡ്രെക്റ്റ് ലോക്കാണ്. വലിപ്പത്തിൽ ഇരട്ട സഹോദരനായ കീൽഡ്രെറ്റ് ലോക്കിനോട് കിടപിടിക്കുമെങ്കിലും നീളത്തിൽ 40 അടിയുടെ കുറവുണ്ട്.

പനാമ കനാലാണ് അടുത്തതായി വിസ്മയിപ്പിക്കുന്നത്. വടക്കെ അമേരിക്കയുടെയും തെക്കെ അമേരിക്കയുടെയും ഇടക്കായി കരയുണ്ട്. അതിനാൽ പസഫിക്ക് സമുദ്രത്തിലുള്ള കപ്പലുകൾക്ക് സൗത്ത് അമേരിക്ക ചുറ്റി വേണമായിരുന്നു നോർത്ത് അമേരിക്കയുടെ മറുദിക്കിൽ എത്താൻ.  നോർത്ത്​ അമേരിക്കയും സൗത്ത് അമേരിക്കയും സന്ധിക്കുന്നിടത്ത്​ കനാൽ ഉണ്ടാക്കിയതിനാൽ കപ്പലുകൾക്ക് സഞ്ചരിക്കുന്ന ദൂരം വളരെയധികം കുറക്കാൻ സാധിച്ചു. പനാമ കനാലിന് 50 മൈൽ നീളവും കടന്നു കിട്ടാൻ 10 മണിക്കൂറും ആവശ്യമാണ്​. ചില വലിയ കപ്പലുകൾ കടന്നുപോവുമ്പോൾ  ചിലയിടങ്ങളിൽ ഇരു വശത്തും കഷ്ടി ഓരോ അടിയേ സ്ഥലം കാണു.  പനാമ കനാലിന്റെ അപകടം പതിയിരിക്കുന്ന വീതി കുറഞ്ഞ സ്ഥലങ്ങളിലൂടെ കപ്പൽ കടന്നുപോവുമ്പോൾ വശങ്ങളിൽ ഇടിക്കാതിരിക്കാൻ ക്യാപ്റ്റൻ അതീവ ശ്രദ്ധാലുവായിരിക്കണം. പനാമ കനാൽ ലോക്കിന് ആറ്റോളിങ്ങ് ഗേറ്റുകൾ ആണുള്ളത്.  ഓരോന്നിനും 3200 ടൺ ഭാരമുണ്ട്.


ഗ്രാൻഡ് കനാൽ ലോക്ക്സ്
ചൈനയിലാണ്​ ഗ്രാൻഡ് കനാൽ ലോക്ക്സ്. ബി.സി 486ലാണ്​ ഈ കനാലിൻെറ പണി തുടങ്ങിയതെന്ന്​ ചരിത്രം. ബി.സി 984ൽ ഇതിൽ ആദ്യത്തെ ലോക്ക് പണിതു.

ഹീരം എം ചിറ്റൻഡൺ ലോക്ക്സ്
അമേരിക്കയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന, സിയാറ്റിലിലുള്ള ഈ ലോക്ക്സ് 1916ൽ പണികഴിഞ്ഞപ്പോൾ അടുത്തുള്ള ലേക്കിലെ വെള്ളത്തിന്റെ നിരപ്പ് ഒമ്പത്​ അടി കുറയ്​ക്കാൻ സാധിച്ചു.

ത്രീ ഗോർഗെസ് ലോക്ക്സ്
ത്രീ ഗോർഗെസ് ലോക്ക്സ് ചൈനയിൽ ആണ്. ത്രീ ഗോർഗെസ് ലോക്കിൽ 370 അടി ജലനിരപ്പിന്റെ വ്യത്യാസമുണ്ട്. നദിയിൽ അഞ്ചുലോക്കുകളാണുള്ളത്. ലോക്കിന്10000 ടൺ വരെ ഭാരമുള്ള  കപ്പലിനെ കൈകാര്യം ചെയ്യാനാവും.

യൂറോപ്പിലെ ഡന്യൂബ് നദിയിലൂടെയുള്ള ക്രൂസിൽ എന്നെ ഏറ്റവും ആകർഷിച്ചത് ലോക്ക്സും അതിലൂടെ കടന്നുപോവുന്നതും അതുനൽകിയ അനുഭവങ്ങളുമാണ്, ഒരു ജീവിതകാലം നീണ്ടുനിൽക്കുന്ന അനുഭവങ്ങൾ!

Loading...
COMMENTS