Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightNaturechevron_rightഓർമകളുടെ കുന്നുകയറി...

ഓർമകളുടെ കുന്നുകയറി നരിമടയിൽ

text_fields
bookmark_border
ഓർമകളുടെ കുന്നുകയറി നരിമടയിൽ
cancel
camera_alt????????? ?????? ??????? ???????????? ????????????????? ??????..

രുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷമാണ് അക്കിക്കാവ് ടി.എം.എച്ച്.എസ് സ്കൂളിലെ 90 ബാച്ച് പത്താം ക ്ലാസുകാരുടെ സംഗമം നടക്കുന്നത്. പഴയ കുറേ കൂട്ടുകാ‍രെ ദിവസം മുഴുവൻ കണ്ടിട്ടും മതിവരാതെയായിരുന്നു പിറ്റേന്നുതന ്നെ എവിടേക്കെങ്കിലും പോകാൻ തീരുമാനിച്ചത്​. ഒഴിവുള്ളവരൊന്നിച്ച് തൊട്ടടുത്ത പ്രദേശമാ‍യ കല്ലായിക്കുന്ന്, നരിമ ട എന്നീ പേരുകളിൽ അറിയപ്പെടുന്ന കലശമല സന്ദർശിക്കണമെന്ന് തീരുമാനമായി. അങ്ങനെയാണ് വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടു ം ഓർമകളുടെ കുന്നുകയറിയത്. നരിമടയെന്ന ആ പഴയ പേരും പൊടിതട്ടിയ കുറെ ചുരുളോർമകളും മാത്രമായിരുന്നു മനസ്സിലുണ്ടായ ിരുന്നത്. മൂന്ന് ദശകങ്ങൾക്കിടയിൽ നമ്മുടെ നാട്ടിലെ ഒരു ഗ്രാമപ്രദേശത്തിനു വരാവുന്ന ഏതാണ്ട് മാറ്റങ്ങൾ കണക്ക് കൂ ട്ടിയാണ്​ പോകുന്നത്. വലിയ മാറ്റങ്ങളുടെ സാധ്യത വിദൂരമാണെന്ന് തന്നെയായിരുന്നു തോന്നൽ. കൂട്ടുകാരായ സബാഹുവും സുബ ൈറും ഷാജഹാനും അവരുടെയൊക്കെ കുടുംബങ്ങളും കൂടെയുണ്ടായിരുന്നു. സ്ഥലം കാണുക എന്നതിനുമപ്പുറം വിശാലമായ ഏതെങ്കിലു ം ഒരു സ്ഥലത്ത് കുറേ നേരം കൂടിയിരിക്കണം, പഴയ കുറെ വർത്തമാനങ്ങൾ പറയണം, പുതിയ വിശേഷങ്ങളുടെ കെട്ടഴിക്കണം. അതിനൊക്ക െയാണ് ഈ പ്രദേശം തെരെഞ്ഞെടുത്തത്.

തൂവാനത്തുമ്പികൾ, പൊന്തൻമാട തുടങ്ങിയ സിനിമകൾക്കും ഒട്ടേറെ ആൽബങ്ങൾക്കുമ ൊക്കെ വേദിയായ നരിമടക്കുന്നിന്റെ (കലശമലയെന്നാണു ഈ സ്ഥലത്തിനു ഔദ്യോഗിക നാമം) ഉച്ചിയിൽ ഇരുന്ന് വേണം പഴയ ഓർമകൾക്ക ് തീ കൊളുത്താൻ. കുന്നിനപുറവും നാലുപാടുമൊക്കെയൊന്നുകൂടി ചുറ്റിക്കറങ്ങണം. പാറക്കെട്ടുകളുടെ ഇടയിലേക്കൊന്ന് എത ്തിനോക്കണം. അവിടെയുള്ള കുന്നിറങ്ങിയാൽ കാണുന്ന അമ്പലനടയിലെ ആൽമരങ്ങളും പ്രശസ്തമായ കുളവെട്ടിമരവുമൊക്കെ ഒന്ന് അടുത്തുകാണണം. അത്രയൊക്കെ കുഞ്ഞുകുഞ്ഞു ഉദ്ദേശ്യങ്ങളായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. പണ്ട് സ്കൂളിൽ നിന്ന് ഉ ച്ചക്ക് കൂട്ടുകാരൊന്നിച്ച്​ ഇവിടെ സന്ദർശിക്കുമ്പോഴും ഈ പാറപ്പുറവും പുലിയുടെ മടയും ഇവിടെയുണ്ടാ‍യിരുന്നു. നമ്മുടെ നാട്ടിലല്ലേ എന്ന വിചാരമായിരിക്കാം അന്ന് ഈ സ്ഥലത്തിന്റെ വില ഞങ്ങൾ കുട്ടികൾക്കൊന്നും അത്ര അറിയില്ലായിരുന്നു. സ്കൂളിൽ നിന്ന് ചാടി കുറച്ച് കളിക്കാൻ അല്ലെങ്കിൽ അവധി ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് കറങ്ങാനൊക്കെയായിരുന്നു നരിമടയിൽ വന്നിരുന്നത്. ഇന്ന് ഇവിടെത്തെ മണ്ണിനും മരങ്ങൾക്കുമൊക്കെ എന്തൊ ഒരു ഗൃഹാതുരത്വമുണ്ടെന്ന തോന്നൽ. വിദേശനാടുകൾ പലതും കാണാൻ പോയപ്പോഴൊക്കെ ഇത് പോലുള്ള പ്രകൃതിസുന്ദരമായ പ്രദേശങ്ങൾ കാണുമ്പോൾ ഞങ്ങളുടെ നാട്ടിൻപുറത്തുള്ള ഈ മൊട്ടക്കുന്നും ചുറ്റുപാടുമുള്ള പച്ചപ്പുമെല്ലാം ഓർമയിലെത്താറുണ്ട്.

കലശമലയിലേക്കുള്ള കവാടം

ഔദ്യോഗികമായി കലശമലയെന്ന് ടൂറിസം വകുപ്പ് രേഖപ്പെടുത്തിയെങ്കിലും നരിമടയെന്നും കല്ലായിക്കുന്നെന്നുമൊക്കെയാണ്​ ഞങ്ങൾ നാട്ടുകാർ ഈ പ്രദേശത്തെ വിളിക്കുന്നത്. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഒരു സൈക്കിളിൽ രണ്ടും മൂന്നും പേരൊക്കെയായിട്ടായിരുന്നു ഇവിടെ സന്ദർശിച്ചിരുന്നത്. അന്നൊക്കെ കാടുപോലെ ഇടതൂർന്ന് മരങ്ങളുള്ള പ്രദേശമായിരുന്നു. ഇപ്പോൾ അനുദിനം ഇവിടം മൊട്ടക്കുന്നായി മാറുന്നുണ്ട്. മരങ്ങൾ മുറിച്ച് മാറ്റപ്പെടുകയോ കവർച്ചക്ക് വിധേയമാവുകയോ ചെയ്തിരിക്കാം. ഈ കുന്നിൻപുറവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപെടുത്തികൊണ്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കടന്നുവരവ് അൽപ്പം സംശയത്തോടെയാണ് പ്രദേശത്തുകാർ പോലും കാണുന്നത്. ​ വിനോദസഞ്ചാരത്തിലൂടെ ലാഭമുണ്ടാക്കുകയെന്നതിനപ്പുറം പ്രകൃതിയെ സംരക്ഷിക്കുന്ന വികസനം കൊണ്ടുവരാൻ ടൂറിസം വകുപ്പ്​ തയാറായെങ്കിലെന്ന്​ ഇവിടം സന്ദർശിക്കുന്നവർ ആശിച്ചു പോകും. കുന്നിടിച്ചും പാടം നികത്തിയുമൊക്കെയാണ് പല ഭരണകൂടങ്ങളും നമ്മുടെ കേരളത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ആളുകൾ വിനോദസഞ്ചാര മേഖലയെ സംശയിക്കുന്നത്. എന്നാൽ നരിമടയിൽ കുന്നിടിക്കാതെ തന്നെ ഒരു ടൂറിസ്റ്റ് പദ്ധതിക്ക് വകുപ്പ് മന്ത്രി തറക്കല്ലിടുകയും അവിടെ ഒരു കെട്ടിടനിർമാണം പുരോഗമിക്കുകയും ചെയ്യുന്നുണ്ട്​ എന്നറിഞ്ഞത്​ സ​ന്തോഷമായി. കലശമലയിലേക്ക് നാം പ്രവേശിക്കുന്നത് ഒരു കൂറ്റൻ കെട്ടിടമായി ഉയർത്തിയ കവാടത്തിലൂടെയാണ്. ഇരുഭാഗത്തും ചെറിയ ഇരുമ്പ് ഗേറ്റുകളും നടുവിൽ വലിയ ഗേറ്റുമുള്ള ഈ കെട്ടിടത്തിനു ഓടിട്ട മേൽകൂരയാണ്. പരമ്പരാഗതരീതിയിലുള്ള കേരളത്തനിമയിൽ നിർമ്മിച്ച കൂറ്റൻ കെട്ടിട കവാടം നിർമിച്ചിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. ഇവിടെയെത്തുന്ന സന്ദർശകരെല്ലാം ഇപ്പോൾ ഈ കവാടത്തിലൂടെയാണു നരിമടയിലേക്ക് പ്രവേശിക്കുന്നത്.

ഗുഹാ‍മുഖത്ത് ഇത്തിരിനേരം
നരിമടക്കുന്നിലെത്തുന്നവരെ പ്രധാനമായും ആകർഷിക്കുന്നത് അവിടെത്തെ നീണ്ടുപരന്ന് കിടക്കുന്ന പച്ചവിരിച്ച പ്രദേശങ്ങളും ഇടക്കിടെ കാണുന്ന പാറപ്പുറങ്ങളും നരിമടയുടെ ആകൃതിയിലുള്ള ഗുഹയുമാണ്. ഒരു കരിമ്പാറക്ക് താഴെയാണ് ഈ ഗുഹ. പണ്ട് കാലങ്ങളിൽ നരിയും പുലിയുമൊക്കെ ഗുഹയിൽ ഉണ്ടായിരുന്നുവെന്ന് പൂർവികർ പറയുന്നുണ്ടെങ്കിലും പുതിയ തലമുറക്കതെല്ലാം വെറും കേട്ടുകേൾവി മാത്രമാണ്. കുന്നിന്മുകളിൽ പരന്നു കിടക്കുന്ന പ്രതലത്തിനടയിലായിട്ടാണ് ഈ പാറപ്പുറം കാണാനാവുക. അതിനു താഴേക്ക് ഇറങ്ങിയാൽ ഗ​ുഹാമുഖത്തെത്താം. മുകളിലെ പാറപ്പുറത്ത് പണ്ട് ഞങ്ങൾ കൂട്ടുകാരെല്ലാം നിരനിരയായി ഇരിക്കുമായിരുന്നു. ഇന്നും ഇവിടെയെത്തുന്ന ചെറുപ്പകാ‍രൊക്കെ കാലും തൂക്കിയിട്ട് ഈ ഗുഹാമുഖത്ത് ഇരിക്കുന്നത് കാണാം. നരി വരുമെന്ന ഭയം ആർക്കുമില്ല. അതുകൊണ്ടായിരിക്കും പല സന്ദർശകരും ഇങ്ങനെ സ്വച്ചമായ ശുദ്ധവായു ശ്വസിച്ച് സമാധാനമായി വിദൂരതയിലും ആകാശത്തുമെല്ലാം നോക്കിയങ്ങനെയിരിക്കുന്നത്.

കലശമലയിലെ ഗുഹാമുഖം

മുന്നിൽ വിശാലമായ മൈതാനമുണ്ട്. അവിടെ കുട്ടികൾ ഓടിക്കളിക്കുന്നുണ്ട്. കുറേപേർ ചേർന്ന് പട്ടം പറത്തുന്നു. നരിമടയുടെ അകത്തേക്ക് പ്രവേശിച്ചാൽ ഒരു നാലുമീറ്റർ ഉളിലേക്ക് നടക്കാനുണ്ട്. അത്രയേ ഉള്ളു ഉള്ളിലെ വിസ്താരം. വലിയൊരു മുറിയുടെ വലിപ്പമുണ്ട്. ഗുഹ അവസാനിക്കുന്നില്ല, ഗുഹയിൽ നിന്ന് ഒരാൾക്ക് നുഴഞ്ഞ് പോകാൻ പാകത്തിലുള്ള ഒരു വഴിയുണ്ട്. ഭയം കാരണം അതിലൂടെ പോകാൻ അധികമാരും ശ്രമിക്കാറില്ല. എന്നാലും ചിലരൊക്കെ അതിലൂടെ സാഹസികമായി കടന്ന് മീറ്ററുകൾക്കപ്പുറമുള്ള ചെറിയ ഗുഹാമുഖത്ത് എത്തിയിട്ടുമുണ്ട്. നല്ല ധൈര്യം കൈമുതലായി വേണമെന്നു മാത്രം. വലിയ ഗുഹയുടെ ഒരു ഭാഗം താഴ്ന്നാണ് നിൽക്കുന്നത്. ഉള്ളിലേക്ക് എത്തിയാൽ ഒന്ന് തലതാഴ്ത്തേണ്ടി വരും. ഈ ഉയരവും താഴ്ച്ചയുമൊന്നും മുകളിലെ പാറപ്പുറത്ത് കാണാനാവില്ല. പാറപ്പുറം പ്രതലത്തിൽ പരന്നുതന്നെ കിടക്കുകയാണ്. ഗുഹയുടെ മനോഹാരിത ഒപ്പിയെടുക്കാൻ ഗുഹക്കകത്ത് നിന്നും പുറത്തേക്കുള്ള ദൃശ്യമെടുത്താൽ മതി. പുറത്തിറങ്ങി ദൂരെ നിന്ന് ഫോ​ട്ടോ എടുത്താലും ഗുഹാമുഖം അതിന്റെ ഭംഗിയോടെതെന്നെ ഒപ്പിയെടുക്കാം. അടുത്ത് നിന്നും പടമെടുത്താൽ അത്ര ഭംഗിയുള്ള ഗുഹയാണെന്ന് തോന്നണമെന്നുമില്ല.

കലശമലയിൽ വനംവകുപ്പ്​ സ്​ഥാപിച്ച ബോർഡ്​

ഈ ഗുഹതന്നെയാണ് ഇവിടെത്തെ പ്രധാന ആകർഷണം. വലിയ ഗുഹക്കടുത്തായി ചെറിയ ഒന്നുരണ്ട് ഗുഹകൾ വേറെയും കാണാം അത് എത്ര താഴോട്ട് പോകുന്നുണ്ടെന്ന് അറിയാൻ കഴിയില്ല. ഒരാൾക്ക് കഷ്ടി ഇറങ്ങാൻ പറ്റുന്ന വിസ്താരമേയുള്ളൂ. കുന്നിനു മുകളിൽ നിന്നും നോക്കിയാൽ ചുറ്റുമുള്ള ഹരിതഭംഗി കൺകുളിർക്കെ കാണാം. വിശാലമായി പരന്നു കിടക്കുന്ന മലകളുടേയും മരങ്ങളുടേയും സസ്യലതാദികളുടേയും സൗന്ദര്യം ആസ്വദിക്കാം. ഈ കുന്നും മലയുമൊക്കെ നില നിൽക്കുന്ന കാലത്തോളം ഈ പ്രദേശങ്ങളിൽ വലിയ പ്രകൃതിദുരന്തങ്ങൾക്ക് യാതൊരു സാധ്യതയുമില്ലെന്ന് അനുമാനിക്കാം. അത്രയും മരങ്ങൾ അതിനു ചുറ്റുമുണ്ട്. മയിലുകൾ ഇവിടേക്ക് കൂട്ടമായി എത്തുന്നത് ചിലപ്പോളെങ്കിലും കാണാം. ആളുകൾ അധികമുള്ള സമയത്തൊന്നും മയിലുകൾ കുന്നു കയറാറില്ലെങ്കിലും മയിലുകളുടെ സ്വൈര്യവിഹാര കേന്ദ്രമാണിതെന്ന് അയൽവാസിയായ പൊന്നമ്മ ഞങ്ങളോട് പറഞ്ഞു.

ഗുഹയിലേക്കുള്ള പ്രവേശനദ്വാരം

കുന്നിൻമുകളിൽ നിന്നു നോക്കിയാൽ താഴ്ഭാഗത്തുള്ള കുറച്ച് വീടുകൾ കാണാം. ഒരു ഭാഗത്ത് ദൂരെയായി കുന്നംകുളം വടക്കഞ്ചേരി റോഡ് പോകുന്നതും കാണാം. ശിഖരങ്ങൾ താഴോട്ട് ചാഞ്ഞ് നിൽക്കുന്ന വിവിധങ്ങളായ കുഞ്ഞുമരങ്ങൾ ഈ കുന്നിന്മുകളിലെ സൗന്ദര്യമുള്ള ദൃശ്യം തന്നെയാണ്. മഞ്ഞ് പെയ്യുന്ന സമയമായതിനാൽ ചെറിയ വെള്ളത്തുള്ളികൾ ഇറ്റിവീഴുന്ന കാഴ്ച്ചയും അതിമനോഹരമായിരുന്നു. സ്വച്ചമായി സഞ്ചരിക്കുന്ന ഒരു നായ്ക്കുട്ടി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. എന്തായിരുന്നാലും ഇവിടെ വരുന്ന സന്ദർശകരിൽ നിന്നായിരിക്കില്ല ഈ നായ്ക്കുട്ടിയുടെ അന്നം. ഈ കുന്നുമ്പുറത്ത് ഒരു പാടു പക്ഷികളും മൃഗങ്ങളുമൊക്കെ ഉള്ളതിനാൽ അവക്കെല്ലാം അന്നത്തിനുള്ള വകുപ്പുകൾ ഇവിടെ തന്നെയുണ്ടാകും. അതാണല്ലോ ദൈവനീതി. വിവിധ സമയങ്ങളിലും കാലങ്ങളിലും ഈ കുന്നിൻമുകളിൽ പ്രത്യേക തരം പക്ഷികൾ വരാറുണ്ടെത്രെ. ഇവയെ അറിയാനും പഠിക്കാനും പല പക്ഷി നിരീക്ഷകരും ഇവിടെ സന്ദർശിക്കാറുമുണ്ട്. പഴയ കഥകൾ പറഞ്ഞിരുന്ന് നേരം നന്നായി ഇരുട്ടി. കുടുംബങ്ങൾ കൂടെയുള്ളതിനാൽ അന്നത്തെ യാത്ര അവിടെ അവസാനിപ്പിക്കേണ്ടിവന്നു. ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ കാണാനായില്ല. പ്രശസ്തമായ കുളവെട്ടി മരങ്ങളും മറ്റിടങ്ങളും കാണാൻ പിറ്റേന്ന് വരാമെന്ന് മനസ്സിൽ കരുതിയാണു അന്ന് മലയിറങ്ങിയത്.

അപൂർവതയിലെ കുളവെട്ടി മരങ്ങൾ
പിറ്റേന്ന് ജ്യേഷ്ഠന്റെ മകൻ നസീഫുമാത്ത് അവന്റെ ബുള്ളറ്റിൽ തന്നെ യാത്ര തുടങ്ങി. നേരം പുലരുന്നേയുള്ളൂ, സൂര്യനുദിക്കാൻ ഇനിയും സമയമുണ്ട്. വീട്ടിൽ നിന്ന് ഇത്ര അടുത്തായിട്ടും നസീഫിനും നരിമട ആദ്യ അനുഭവം. പുതിയ തലമുറയിലെ കുട്ടികൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടാവും. എന്നാൽ, തൊട്ടടുത്തുള്ള മനോഹരമായ സ്ഥലങ്ങൾ കണ്ടിട്ടുമുണ്ടാവില്ല. നരിമടയിലൂടെ കലശമലയിലെ അമ്പലത്തിനടുത്തുള്ള പ്രദേശത്തേക്കാണ് ആദ്യം ഞങ്ങൾ പോയത്. രണ്ട് പ്രദേശവും തമ്മിൽ അൽപ്പദൂരമുണ്ട്. ഇരുചക്രവാഹനങ്ങൾ അമ്പലത്തിനടുത്തോളമെത്തും. മുമ്പ് കല്ലായിക്കുന്നിനുമുകളിൽ നിന്നൊരു കുറുക്കുവഴിയുണ്ടായിരുന്നു. ഇന്ന് കുറച്ച് ചുറ്റിവേണം അവിടെയെത്താൻ. കലശമല ചിറയിൽ വിഷ്ണു-ശിവക്ഷേത്രത്തിനു ചുറ്റുമുള്ള അപൂർവ്വയിനം ജൈവസസ്യങ്ങളാണ് ഈ പ്രദേശത്തേക്ക് സന്ദർശകരെ ക്ഷണിക്കുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും ഈ ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ കാണുവാൻ നിരവധി പേരാണു ദിനേനയെന്നോണം എത്തുന്നത്​. നിരവധി സസ്യങ്ങളുടെ ശേഖരമുള്ള പഴയ ഒരു കാവാണിത്. ഒരു സ്വതന്ത്ര ജൈവ ആവാസവ്യവസ്ഥ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ലോകത്ത് തന്നെ വളരെ അപൂർവ്വങ്ങളായി മാത്രം കാണപ്പെടുന്ന കുളവെട്ടി(സിസ്ജിയം ട്രാവങ്കോറിയം) മരങ്ങളാണ് സന്ദർശകരെ ഈ പ്രദേശത്തേക്ക് വ്യാപകമായി ആകർശിക്കുന്നത്.

അപൂർവങ്ങളായ കുളവെട്ടി മരങ്ങൾ

വനം വകുപ്പിന്റെ കണക്ക് പ്രകാരം ലോകത്ത് ഇന്ന് അവശേഷിക്കുന്ന ഇരുനൂറിൽ 110 കുളവെട്ടി മരങ്ങളും ഇവിടെയാണുള്ളത്. പ്രകൃതിയേയും അതിലെ വിഭവങ്ങളേയും സംരക്ഷിക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സമിതിയായ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ ആൻഡ്​ നാച്വറൽ റിസോർസസ്). ചുകപ്പ് പട്ടികയിൽ (റെഡ് ലിസ്റ്റ്) ഉൾപെടുത്തിയ ഏറ്റവും നാശോന്മുഖമായ മരങ്ങളത്രെ കുളവെട്ടി മരങ്ങൾ. എന്നാൽ ഇവയെ സംരക്ഷിക്കാൻ ഒരു ബോഡ് സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊന്നും ചെയ്​തിട്ടില്ല വനം വകുപ്പ്​. കാലപ്പഴക്കമുണ്ടാകുമെങ്കിലും ഈ മരങ്ങൾക്ക് വലിയ വണ്ണമൊന്നുമില്ല. ഞങ്ങൾ കുറേ നേരം ഈ മരങ്ങൾക്കടുത്ത് ചെലവഴിച്ചു. കുറെ അധികം കുളവെട്ടി മരങ്ങളുണ്ട്. 75ൽ അധികം ഞങ്ങൾ എണ്ണി. കുറെ മരങ്ങൾ പാറകൾക്കിടയിലാണെന്നതിനാൽ അതിന്റെ വേരുകൾ പടരാതെ നശിച്ച്പോകാൻ സാധ്യതയുണ്ട്. ചിലത് തലകീഴായി കിടക്കുന്നുണ്ട്. അടുത്തടുത്തായി ഇടതൂർന്നു നിൽക്കുന്ന ഓരോ മരങ്ങളും നന്നായി ഉയർന്ന് പോകുന്നുമുണ്ട്.

വേനൽ ചോലയിൽ
കേരളത്തിന്റെ പരമ്പരാഗത രീതിയിലാണ് കലശമലയിലെ വിഷ്ണുശിവക്ഷേത്രത്തിന്റെ നിർമിതി. കോവിലകത്തിനു ചുറ്റും ഇടതൂർന്ന് കാടുപോലെ നിൽക്കുന്ന മരങ്ങൾ. വിശാലമായ മുറ്റം. മുന്നിൽ വലിയ പ്രതിഷ്ഠയുണ്ട്. കാഴ്ച്ചക്കൂട്ടിനു ഭംഗിപകരാൻ അമ്പലക്കുളവുമുണ്ട്. അമ്പലത്തിനോട് അനുബന്ധിച്ചുള്ള മറ്റൊരാകർഷണീയമായ കാഴ്ച്ചയാണ് അമ്പലത്തിനു മുന്നിലൂടെ കുറച്ച് മുന്നോട്ട് പോയാൽ വേനലിലും വറ്റാത്ത ചോല. ഈ ചോലയിലൂടെ നട്ടുച്ചക്ക് പോലും തണുത്ത വെള്ളത്തിൽ നടക്കാം. അതൊരു പ്രത്യേക സുഖമാണ്. അതിലൂടെ കല്ലായികുന്നിലേക്ക് കുറുകെ ഒരു വഴിയുണ്ടായിരുന്നു അതിപ്പോൾ അടച്ചിട്ടുണ്ട്.

കലശമലയിലെ വിഷ്ണുശിവക്ഷേത്രം

കലശമലയിലെ ഇത്രയും അപൂർവ്വമായ പ്രകൃതിസമ്പത്തിനെ എങ്ങനെയാണു പ്രത്യേകമായി സംരക്ഷിക്കേണ്ടതെന്ന കാര്യത്തിൽ നമ്മുടെ വനം വകുപ്പ് അത്ര തൽപരര​ല്ലെന്നാണ്​ നാട്ടുകാരിൽ നിന്നും മനസ്സിലായത്. ഇത് വളരെ ഖേദകരമാണ്. അടുത്തുള്ള ക്ഷേത്ര സമിതിയാണ് കാവിലെ മരങ്ങളുടേയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളുടേയും പരിപാലകർ. കാ‍വിനു നടുവിലൂടെ ഒരു വഴി വെട്ടിയിട്ടുണ്ട്. അതുവഴി ആളുകൾ മുകളിലോട്ട് കയറിപ്പോകുന്നുണ്ട്. ഈ വഴിയുള്ളതിനാൽ സന്ദർശകർ ഒന്നും എത്തിയില്ലെങ്കിലും നാട്ടുകാർ എന്നും നടന്നുപോകുമെന്നതിനാൽ ഈ കാവിനു നാട്ടുകാരുടെ സംരക്ഷണം ലഭിക്കുന്നുണ്ട്. “നാശോന്മുഖമായ ഈ പ്രകൃതിസമ്പത്ത് സംരക്ഷിക്കാൻ നാമോരോരുത്തരും ബാധ്യസ്ഥരാണ്” എന്ന് എഴുതിയ ബോർഡ് സ്ഥാ‍പിച്ച് പോകാനല്ലാതെ മറ്റൊന്നും ചെയ്യാൻ വനം വകുപ്പിനു ഇന്ന് വരെയും കഴിഞ്ഞില്ല. എന്നാ‍ൽ നാട്ടിലുള്ള പ്രകൃതി സ്നേഹികളായ കുറച്ച് പേർ ഇടക്കിടെ ഇവിടം കേന്ദ്രീകരിച്ച് ചില പഠനങ്ങളും സഹവാസങ്ങളുമൊക്കെ സംഘടിപ്പിച്ചും ജനങ്ങളെ ബോധവത്കരിച്ചും ഈ അപൂർവ മരങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുന്നു. അതുവഴി പ്രകൃതിയോടൂള്ള വൈകാരിക സ്‌ഫുരണം നിലനിർത്തുകയും ചെയ്യുന്നു. അതിനുമപ്പുറം ഈ പ്രദേശത്തെ സസ്യങ്ങളും മരങ്ങളും പ്രാധാന്യപൂർവ്വം സംരക്ഷിക്കാനും നിലനിർത്താനും സർക്കാർ തലത്തിലാണ് ശ്രമങ്ങൾ ഉണ്ടാകേണ്ടത്. വനം വകുപ്പ് തന്നെ സവിശേഷമായി പരാമർശിച്ച കേരളത്തിന്റെ ജൈവ വൈവിധ്യങ്ങളുടെ പൈതൃക കേന്ദ്രമായ (ബയോ ഡൈവേർസിറ്റി ഹെറിറ്റേജ് സൈറ്റ് ഓഫ് കേരള) കലശമലയും(നരിമട) ഇവിടെത്തെ കുളവെട്ടി മരങ്ങളും മറ്റു പ്രധാന മരങ്ങളും ഇനിയും ഒരു പാട് കാലങ്ങൾ ഇവിടെ തല ഉയർത്തി നിലനിൽക്കട്ടെ എന്ന് പ്രത്യാശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala TravelogueKalashamalaNarimadaകലശമലകുളവെട്ടിമരങ്ങൾ
News Summary - in the heights narimada the hill of memory - Travelogue
Next Story