വീണ്ടും ഇന്ത്യയിലേക്ക്

  • ബൈക്കിൽ ഒറ്റക്ക്​ ഇന്ത്യ കറങ്ങുന്ന മലയാളി യുവാവ്​ അനീഷി​െൻറ 59ാം ദിവസത്തെ യാത്ര, ഭൂട്ടാൻ തലസ്​ഥാനമായ തിംഫുവിൽ നിന്ന്​ തിരികെ ഇന്ത്യയിലേക്ക്​...

എം. അനീഷ്​
11:08 AM
08/05/2018
ഭൂട്ടാ​െൻറ പ്രശാന്തത അതിർത്തിക്ക്​ തൊട്ടിപ്പുറത്തു​വെച്ച്​ നഷ്​ടമാകുന്നത്​ നമുക്ക്​ നേരിൽ അനുഭവ​പ്പെടും..

സോനം നൽകിയ സഹായത്തിനെല്ലാം അകമഴിഞ്ഞ്​ നന്ദിയും പറഞ്ഞ്​ തിംഫുവിലെ താമസ സ്​ഥലത്തുനിന്നും ഇറങ്ങി. ഭൂട്ടാൻ കാത്തുവെച്ചിരിക്കുന്ന പൈതൃകങ്ങളിൽ കാണാൻ ഇനിയും ഏറെയുണ്ട്​. അതൊക്കെയും കണ്ടുതീർക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതെല്ലാം പൂർത്തിയാക്കാൻ എത്രയെത്ര യാത്രകൾ ​േവണ്ടിവരുമെന്ന്​ ആർക്കറിയാം...?

രാവിലെതന്നെ മഴ പൊടിയുന്നുണ്ടായിരുന്നു. എന്നാൽ, പെയ്​തില്ല. നഗരമധ്യത്തിലെ സർക്കിളിനു മുകളിൽനിന്നും വെളുത്ത ഗ്ലൗസിട്ട കൈകൊണ്ട്​ ട്രാഫിക്​ പോലീസുകാരൻ നൽകുന്ന സിഗ്​നലുകൾക്കനുസരിച്ചാണ്​ ജംഗ്​ഷനിലെ വാഹനങ്ങൾ ചലിക്കുന്നത്​. എല്ലാ രാജ്യത്തു​ം നിലനിൽക്കുന്ന ട്രാഫിക്​ നിയമങ്ങൾ തന്നെയാണ്​ ഭൂട്ടാനിലും. പക്ഷേ, അത്​ കർക്കശമായി നിയമങ്ങൾ പാലിക്കപ്പെടുന്നു എന്നതുമാത്രമാണ്​ വ്യത്യാസം. വേഗത നിയന്ത്രിച്ച്​ വാഹനങ്ങൾ ഒാടിക്കുന്നതും സീബ്രാ ലൈനിലെ  കാൽനട യാത്രക്കാരന്​ മുൻഗണന നൽകുന്നതും പാർക്കിങ്ങി​​​െൻറ ചിട്ടകൾ പാലിക്കുന്നതുമെല്ലാം അടിച്ചേൽപ്പിക്കുന്നുവെന്ന തോന്നലില്ലാതെ ഭൂട്ടാൻകാർ പാലിച്ചുപോരുന്നു. നിയമങ്ങൾ നടപ്പിൽ വരുത്തുന്നതു മാത്രമല്ല, ജനങ്ങളെ ശീലിപ്പിക്കുന്നതിലൂടെയാണ് അവർ അതിൽ വിജയിക്കുന്നത്​​.  റോഡ്​ നിയമങ്ങൾ മാത്രമല്ല, പൊതു നിയമങ്ങളും ഇങ്ങനെ തന്നെയാണ്​. ഭൂട്ടാനിൽ പൊതുനിരത്തിൽ പുകവലിക്കു​ന്ന ഒരാളെയു​ം നിങ്ങൾക്ക്​ കാണാൻ കഴിയില്ല. നഗരമധ്യത്തിലെ അന്തരീക്ഷ വായു പോലും ഒരു പരിധിവരെ ശുദ്ധമായിരുന്നു. നഗരത്തോട്​ നമുക്ക്​ വല്ലാത്തൊരു ഇഷ്​ടം തോന്നും. എന്തുകൊണ്ടാണ്​ ഏഷ്യയിലെ ഏറ്റവും സന്തുഷ്​ട രാജ്യമായി ഭൂട്ടാൻ നിലകൊള്ളുന്നതെന്ന്​ ആ രാജ്യത്തി​​​െൻറ തെരുവുകൾ  സാക്ഷിപറയും.

ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ ഭൂട്ടാൻ മനസ്സിൽ നിറഞ്ഞങ്ങനെ നിൽക്കുകയാണ്​
 

ഭൂട്ടാനിൽ പൊതുവേ ഇരുചക്ര വാഹനങ്ങൾ കുറവാണ്​. അതുകൊണ്ടുതന്നെ സ്​പെയർ പാർട്​സ്​ കടകളോ വർക്​ഷോപ്പുകളോ വിരളം.  ബൈക്ക്​ യാത്രികർ നല്ല കണ്ടീഷൻ സ്​റ്റേജിൽ ബൈക്ക്​ ഭൂട്ടാനിൽ എത്തിക്കുന്നതായിരിക്കും നല്ലത്​. തിംഫു നഗരവും വിട്ട്​ കുറച്ചുദൂരം കഴിഞ്ഞപ്പോൾ റോഡി​​​െൻറ വീതി കുറഞ്ഞ്​ ഇടുങ്ങിയ വഴികളിലൂടെയായി യാത്ര. ഒരു വ​ശം ​െകാക്കയായതിനാൽ നന്നായി ശ്രദ്ധിക്കുകയും വേണം. രണ്ട്​ ദിവസം മുമ്പ്​ ഉച്ചയ്​ക്ക്​ ശേഷമുള്ള കോടമഞ്ഞും മഴയും കാരണമായി തിംഫുവി​ൽ നിന്ന്​ ഫ്യൂയൻഷിലിങിലേക്ക്​ പോയ രണ്ട്​ വാഹനങ്ങൾ കൊക്കയിലേക്ക്​ മറിഞ്ഞ്​ നാല​ുപേർ മരിച്ചിരുന്നു. പരമാവധി വേഗത കുറച്ചുതന്നെയാണ്​ വാഹനങ്ങൾ കടന്നുപോകുന്നത്​. ഇന്ത്യാ അതിർത്തിയിലേക്കുള്ള മടക്ക യാത്രയിൽ വഴിയരികിൽ ആളുകൾ കുറവായിരുന്നു. ആകെയുള്ളത്​ റോഡരികിൽ കച്ചവടം ചെയ്യുന്ന കുറച്ചുപേരും എവിടേക്കൊക്കെയോ പോകാനായി വാഹനം കാത്തുനിൽക്കുന്നവരുമാണ്​.

വഴിയരികിൽ തിരക്കുള്ള ഒരു ഹോട്ടൽ കണ്ടപ്പോൾ ഉച്ചഭക്ഷണം പതിവിലും നേരത്തെ അവിടുന്നതന്നെയാക്കി. ഭക്ഷണശേഷം കൊടുത്ത പണം വാങ്ങുന്ന ഭൂട്ടാൻകാരുടെ രീതി ഞാൻ വീണ്ട​ും ശ്രദ്ധിച്ച​ു. ഒരു കൈക്കു താഴെ മറ്റേ കൈ താങ്ങി വളരെ ഭവ്യതയോടെയേ അവർ പണം വാങ്ങുകയുള്ളു. ഭക്ഷണശേഷം കാര്യമായ വിശ്രമത്തിനു നിൽക്കാതെ യാത്ര തുടർന്നു. കോടമഞ്ഞ്​​ റോഡിലേക്ക്​  കയറിത്തുടങ്ങിയിരുന്നു. പുക മൂടിയ റോഡുകൾക്കിടയിലൂടെയും വാഹനങ്ങളെ കാണാൻ കഴിയുന്നുണ്ട്​. കോടമഞ്ഞി​​​െൻറ ഭംഗിക്കൊപ്പം സുരക്ഷ കൂടി ശ്രദ്ധിക്കേണ്ടതിനാൽ ഹെഡ്​​ ലൈറ്റും ഒാൺ ചെയ്​ത്​ പതിയെയാണ്​ വണ്ടി ​ഒാടിച്ചത്​. ഭൂട്ടാൻ അതിർത്തിയിൽ എത്തുന്നതിന്​ അഞ്ച്​ കിലോ മീറ്റർ മുമ്പുള്ള പെട്രോൾ പമ്പിൽനിന്നും ലിറ്ററിന്​ 57 രൂപ നിരക്കിൽ ഫുൾ ടാങ്ക്​ അടിച്ച്​ കൈയിലുണ്ടായിരുന്ന അവസാന ഭൂട്ടാൻ കറൻസിയും അവിടെ നൽകി. ഇന്ത്യയിലെത്തി പെട്രോൾ കൊള്ളക്കാർക്ക്​ ഇനി രൂപ അധികം കൊടുക്കേണ്ടിവരും എന്ന്​ ഒരു പിടിയുമില്ല.

ഭൂട്ടാൻ ഗേറ്റും കടന്ന്​ അതിർത്തി പിന്നിട്ടപ്പോൾ സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. ഭൂട്ടാനിൽ ചിലവഴിച്ച ആറു ദിവസം എത്ര പെ​െട്ടന്നാണ്​ കഴിഞ്ഞുപോയത്​ എന്ന്​ ഞാൻ ഒാർത്തു. ഇനിയും മുന്നോട്ടു പോകാൻ ബൈക്കിനെ അനുവദിക്കു​മായിരുന്നെങ്കിൽ ഇപ്പോഴും ഞാൻ ഭൂട്ടാനിലെ ഏതെങ്കിലും ഉൾപ്രദേശത്ത്​ ഉണ്ടാകുമായിരുന്നു. ഇന്ന്​ പതിവിലും ക്ഷീണമുണ്ട്​. ജലദോഷവും ചുമയും പിടിപെട്ട്​ അൽപം ശരീരവേദനയ്​ക്കൊപ്പം പനി കൂടി വരാനുള്ള ലക്ഷണമാണോ എന്ന്​ സംശയം. വേഗം ഒരു മുറി തപ്പിപ്പിടിച്ചു. തൊട്ടടുത്തെ ഒരു ഇളനീർ കച്ചവടക്കാരനിൽനിന്നും ഒരെണ്ണം വാങ്ങി ക്ഷീണം മാറിയേക്കമെന്ന പ്രതീക്ഷയിൽ കഴിച്ചു. രാത്രി ഭക്ഷണം എന്താണെന്നായിരുന്നു അടുത്ത ചിന്ത. നല്ല വിശപ്പുണ്ടായിട്ടും ഒന്നും കഴിക്കാൻ തോന്നുന്നില്ല. ഞാൻ വെറുതെ പുറത്തിറങ്ങി നടന്നു.

ഇന്ത്യൻ അതിർത്തി പ്രദേശമായ പശ്​ചിമ ബംഗാളിലെ ആലിപുർദ്വാർ ജില്ലയിലെ ജയ്​ഗോണിലാണ്​ ഞാനിപ്പോൾ നിൽക്കുന്നത്​. നഗരത്തിൽ നല്ല തിരക്കാണ്​. ഭൂട്ടാൻ അതിർത്തിയിൽ പോലും കാണാത്ത ബഹളമാണിവിടെ. കച്ചവടക്കാരും വാഹനങ്ങള​ും ഹോണടിയും കന്നുകാലികളും പട്ടികളും ചളിയും വെള്ളവും പൊടിയും പോലീസുകാരും ഒക്കെക്കൂടി ആകെ മനംമടുപ്പിക്കുന്ന ബഹളം. ഭൂട്ടാ​​​െൻറ പ്രശാന്തത അതിർത്തിക്ക്​ തൊട്ടിപ്പുറത്തു​വെച്ച്​  നഷ്​ടമാകുന്നത്​ നേരിൽ അനുഭവ​പ്പെടുന്നു.

തട്ടുകടകളിൽ പലവിധ ഭക്ഷണങ്ങൾ സുലഭം. തീവണ്ടിയുടെ ബോഗികൾ പോലെ നീണ്ടുകിടക്കുന്ന തട്ടുകടകൾ. ഭൂട്ടാൻകാർ പലര​ും ഇവിടുത്തെ തട്ടുകടകളിൽനിന്ന്​ ‘എഗ്​ ചൗമീനും’ മറ്റും കഴിച്ച ശേഷമാണ്​ അവരുടെ രാജ്യത്തേക്ക്​ തിരിച്ചുപോകുന്നത്​. ഞാനും അവർക്കൊപ്പം തട്ടുകടയിലെ ചൂടു ചട്ടിയിൽ ഇളക്കിമറിച്ചെടുത്ത ചൗമീൻ ഒരെണ്ണം കഴിച്ച​ു തിരികെ റൂമിലേക്ക്​ പോയി. ക്ഷീണം കടുത്തതായിരുന്നതിനാൽ നേരത്തെ ഉറങ്ങി.

Loading...
COMMENTS