Begin typing your search above and press return to search.
exit_to_app
exit_to_app
nubra valley
cancel
Homechevron_rightTravelchevron_rightAdventurechevron_rightഇന്ത്യൻ യാത്രയിലെ...

ഇന്ത്യൻ യാത്രയിലെ അറിവുകൾ, തിരിച്ചറിവുകൾ...

text_fields
bookmark_border

ഇക്കഴിഞ്ഞ മാർച്ച്​ ഒന്നിന്​ തുടങ്ങിയ ബൈക്ക്​ യാത്ര 75 ദിവസങ്ങൾ പിന്നിട്ട്​ മേയ്​ 14ന്​ ജന്മനാടായ മലപ്പുറം ജില്ലയിലെ കൂട്ടയിയിൽ ശുഭകരമായി തിരിച്ചെത്തിയിരിക്കുകയാണ്​. ഇന്ത്യയുടെ തുടിപ്പുകൾക്കൊപ്പം അയൽ രാജ്യങ്ങളായ നേപ്പാളും ഭൂട്ടാനും സന്ദർശിച്ചാണ്​ ഇൗ തിരിച്ചുവരവ്​. ആറു മാസങ്ങൾക്കു മുമ്പാണ്​ ഇന്ത്യ ചുറ്റിക്കറങ്ങണമെന്ന മോഹമുദിച്ചത്​. പിറന്ന നാടി​​​െൻറ സംസ്​കാരങ്ങ​ളെ നേരിട്ടറിയണം... ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്​ അവരുടെ ജീവിതങ്ങൾ മനസ്സിലാക്കണം.

കൃഷിയോടും കർഷകരോടും കൂടുതൽ അടുക്കണം. വിവിധ ദേശങ്ങളിലെ ഭക്ഷണവിഭവങ്ങൾ രുചിച്ചറിയണം. കാടും മലയും മരുഭൂമിയും മഞ്ഞും മഴയും തണുപ്പും ആസ്വദിച്ച്​ ദേശങ്ങളായ ദേശങ്ങളിലൂടെ ബൈക്കിൽ സഞ്ചരിക്കണം. യാത്ര പുറപ്പെടുമ്പോൾ ഇത്രയുമായിരുന്നു മനസ്സിലെ ആഗ്രഹങ്ങൾ. 45 ദിവസം കൊണ്ട്​ ഇന്ത്യ ചുറ്റിക്കറങ്ങി എത്താം എന്നതായിരുന്നു പ്ലാൻ. പറ്റുമെങ്കിൽ നേപ്പാളും ഭൂട്ടാനും കൂടി കാണ​ണമെന്നും മോഹം യാത്ര പുറപ്പെടുന്നതിനു തൊട്ടു​മുമ്പാണ്​ മനസ്സിൽ കയറിക്കൂടിയത്​.75 ദിവസമെടുത്ത യാത്രയിൽ 16,000 കിലോ മീറ്റർ പിന്നിട്ട യാത്രയിൽ പല ദേശങ്ങളിലെയും കാഴ്​ചകൾ ഉദ്ദേശിച്ചതിലും കൂടുതൽ ദിവസങ്ങൾ അവിടെ തങ്ങാൻ കാരണമായി. യാത്ര അങ്ങനെ നീളുകയായിരുന്നു. എന്നാലും, വലിയ ധൃതിയൊന്നുമില്ലാതെ മതിയാവോളം എല്ലാം അറിഞ്ഞ്​ ആസ്വദിച്ചു തന്നെ യാത്ര മുന്നേറി.

ഹോണ്ടയുടെ സി.ബി.ആർ 150 എന്ന ബൈക്കിലായിരുന്നു എ​​​െൻറ യാത്ര. ഒന്നര വർഷമായി എ​​​െൻറ യാത്രകളിൽ എന്നെ പേറിയെത്തിക്കുന്നത്​ ഇൗ ബൈക്കാണ്​. അതുകൊണ്ടുതന്നെ യാത്രയ്​ക്കൊരുങ്ങുമ്പോൾ മറ്റൊരു ബൈക്കിനെക്കുറിച്ചും ചിന്തിക്കേണ്ടിവന്നില്ല.ആദ്യമായാണ്​ ഇങ്ങനെയൊരു ദീർഘയാത്ര. അതുകൊണ്ട്​ കാര്യമായ തയാറെടുപ്പുകൾ വേണമായിരുന്നു. ഒാരോ ദിവസവും പുതിയ തീരുമാനങ്ങൾ ചേർന്നുവന്നു. പതിയെ പതിയെ യാത്രയ്​ക്കാവശ്യമായ ഹെൽമെറ്റ്​, ജാക്കറ്റ്​, ആക്ഷൻ ക്യാമറ, സ്​പെയർ പാർട്​സ്​, ടൂൾസ്​ തുടങ്ങിയവ ഒരുക്കൂട്ടി.ശമ്പളത്തിൽനിന്ന്​ ചെലവു ചുരുക്കി മിച്ചം പിടിച്ചതിനു പുറമെ ഒാവർ ടൈം ചെയ്​തുണ്ടാക്കിയതും ചേർത്തുണ്ടാക്കിയ പൈസയായിരുന്നു കൈമുതൽ. കൈയിൽ കരുതിയ പണം തികയാതെ വന്നപ്പോൾ സുഹൃത്തുക്കളിൽനിന്ന്​ കടം വാങ്ങിയാണ്​ യാത്ര പൂർത്തിയാക്കിയത്​. 1,40,000 രൂപയോളം ചെവലു വന്ന യാത്രയിൽ 30,000 ൽ അധികം രൂപയും ചിലവായത്​ പെട്രോൾ അടിക്കാനായിരുന്നു. പെട്രോൾ വിലയിൽ അൽപം ആശ്വാസം നൽകിയത്​ അയൽരാജ്യങ്ങളായ നേപ്പാളും ഭൂട്ടാനുമാണ്​.യാത്രയിൽ ട​​െൻറ്​ കരുതിയിരുന്നെങ്കിലും ഒര​ു ദിവസം മാത്രമാണ്​ അതുപയോഗിച്ചത്​. കൊണ്ടുവന്ന ട​​െൻറി​​​െൻറ തകരാറു മൂലും അധികം ഉപയോഗിച്ചിരുന്നില്ല. പുതിയതൊരെണ്ണം വാങ്ങിയതുമില്ല. പ്രധാന നഗരങ്ങളിലും മറ്റും ഒാൺലൈൻ വഴി ബുക്ക്​ ചെയ്​ത റൂമുകളിലായിരുന്നു താമസം. ചിലയിടങ്ങളിൽ റൂമുകൾ തപ്പി അലയലായിരുന്നു വൈക​ുന്നേരങ്ങളി​െല പണി.

രാത്രി യാത്ര ബൈക്ക്​ സഞ്ചാരികൾക്ക്​ അത്ര പറ്റിയതല്ലെന്നതിനാൽ പരമാവധി ഒഴിവാക്കുകയായിരുന്നു. ഇടയ്​ക്ക്​ മാത്രം രാത്രി 10 മണി വരെ യാത്ര ഉണ്ടായിരുന്നു. അതിനിടയിൽ ബംഗാളിലെ മധാരിയട്ട്​ എന്ന സ്​ഥലത്തുനിന്നും കൊൽക്കത്ത വരെ രാവിലെ തുടങ്ങിയ യാത്ര രാത്രി മുഴുവൻ സഞ്ചരിച്ച്​ അടുത്ത ദിവസം പുലർച്ചെ സമാപിക്കു​മ്പോൾ 740 കിലോ മീറ്റർ പിന്നിട്ടിരുന്നു. 'ദാൽക്കുള' എന്ന പ്രദേശത്തുകൂടിയുള്ള, തിരക്കേറിയ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ താണ്ടിയു​ള്ള ആ രാത്രിയിലെ യാത്ര ഒരു നിശാ സ്വപ്​നം പോലെ ഇപ്പോഴും മനസ്സിലുണ്ട്​. ട്രക്കുകൾ അടക്കിവാഴുന്ന ആ റോഡുകൾ സുഗമമായ ഒരു പ്രദേശത്ത്​ എത്തിച്ചേർന്ന ശേഷമേ നിർത്തു എന്ന എ​​​െൻറ വാശി അൽപം കടന്ന കൈയായിരുന്നുവെന്ന്​ പിന്നീടാണ്​ ബോധ്യമായത്​.അനന്തമായ കാഴ്​ചകളും കണ്ട്​ സന്തോഷിച്ച​ു മാത്രം നീങ്ങാവുന്ന ഒന്നല്ല ബൈക്കിലൂള്ള ദീർഘ യാത്ര. ബൈക്ക്​ തകരാറുകളും കാലാവസ്​ഥ വ്യത്യാസങ്ങളും ചില പ്രദേശത്തെ ആഭ്യന്തര പ്രശ്​നങ്ങളും പ്രതിസന്ധികൾ തീർക്കാം. അതെല്ലാം തരണം ചെയ്​തു മുന്നേറുമ്പോഴാണ്​ യാത്രയുടെ യഥാർത്ഥ ഉൗർജം കൈവരുന്നത്​. അതുതന്നെയാണ്​ ഏറ്റവും മികച്ച യാ​ത്രാനുഭവവും. ഒരുപാട്​ വ്യക്​തികളെ പരിചയപ്പെടാൻ കഴിഞ്ഞു എന്നതാണ്​ ഇൗ യാത്രയിലെ എ​​​െൻറ ഏറ്റവും വലിയ നേട്ടം. അവരിൽ ചിലരുടെ വേദനിപ്പിക്കുന്ന കഥകൾ എന്നെയും നൊമ്പരത്തിലാഴ്​ത്തി. ചിലർ എനിക്ക്​ പറഞ്ഞുതന്നത്​ അവരുടെ അധ്വാനത്തി​​​െൻറ കഥകളാണ്​. മറ്റു ചിലരാക​െട്ട ഒന്നുമില്ലായ്​മയിലും സദാ പുഞ്ചിരിക്കുന്ന മുഖവുമായി എന്നിൽ സന്തോഷം നിറച്ചു. വികസനവും ക്ഷേമ പ്രവർത്തനങ്ങളും തൊട്ടുതീണ്ടാത്ത ഒ​േട്ടറെ ദേശങ്ങൾ, അഭിമാ​നത്തോടെ നമ്മൾ നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന ഇന്ത്യ എന്ന സങ്കൽപത്തിനു മുന്നിലെ ചോദ്യചിഹ്​നങ്ങളായി ഇപ്പോഴും മനസ്സിൽ നിൽക്കുന്നു.ജീവിതത്തിലെ എക്കാലത്തെയും മികച്ച അനുഭവങ്ങളിലൂടെയായിരുന്നു 75 ദിവസത്തെ എൻറ യാത്ര. ഒാരോ ദിവസവും എന്നെ കാത്തിരുന്നത്​ ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങളും കാഴ്ചകളുമായിരുന്നു. ഇന്ത്യയുമായി താരതമ്യം ചെയ്​താൽ ഉയർച്ചയും താഴ്​ചയുമായി നേപ്പാളിനും ഭൂട്ടാനും ഒ​േട്ടറെ പ്രത്യേകതയുണ്ട്​. അവിടുത്തെ കാഴ്​ചകളും ജീവിത​ങ്ങളുമായി ഇണങ്ങി യാത്രയുടെ ഒരു ഭാഗം അവിടെ ചെലവഴിക്കാൻ കഴിഞ്ഞ നിർവൃതിയുമുണ്ട്​.എ​​​െൻറ ഇൗ യാത്രയിൽ നിന്നും ഉൾക്കൊണ്ട അനുഭവങ്ങളുടെ അടിസ്​ഥാനത്തിൽ ദീർഘദൂര ബൈക്ക്​ സഞ്ചാരികൾക്കായി ചില നിർദേശങ്ങൾ താഴെ പറയുന്നു

 1. ഗൂഗിൾ മാപ്പ്​ യാത്രയിൽ വളരെയധികം ഉപകാരപ്രദമാണെങ്കിലും കണ്ണടച്ച്​ വിശ്വസിക്കരുത്​.
 2. നല്ലൊരു തെർമോ ഫ്ലാസ്​ക്​ കൈയിൽ കരുതുക. കുടിവെള്ളം വാങ്ങാൻ പണം ചെലവഴിക്കാതെ ശുദ്ധീകരിച്ച ജലം സുലഭമായി ലഭിക്കുന്ന പമ്പുകൾ തുടങ്ങിയ സ്​ഥലങ്ങളെ ആശ്രയിക്കുക. (ഇൗ യാത്രയിൽ അഞ്ചോ ആറോ തവണ മാത്രമാണ്​ ഞാൻ പണം കൊടുത്ത്​ വെള്ളം വാങ്ങിയത്​)
 3. എല്ലാ ദിവസവും താമസിക്കുന്ന സ്​ഥലങ്ങളിലെ വാർത്ത അറിയാൻ ശ്രമിക്കുക.ഹർത്താൽ, പെട്രോൾ പമ്പ്​ സമരം, കർഫ്യു എന്നിവ അറിയാൻ ഇത്​ ഉപകരിക്കും.
 4. ഭക്ഷണം കഴിക്കാൻ കയറിയാലും കഴിച്ചുതുടങ്ങുന്നതിനും മുമ്പ്​ വില ചോദിച്ചറിയാൻ മടിക്കരുത്​.
 5. ബൈക്കിന്​ എന്തെങ്കിലും പിശക്​ തോന്നിയാൽ അത്​ പരിഹരിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ യാത്ര തുടരാവൂ.
 6. വ​ഴിയരികിൽ ലഭ്യമായ സാമാന്യം വൃത്തിയുണ്ടെന്ന്​ തോന്നുന്ന കരിമ്പ്​, തണ്ണമത്തൻ, ഇളനീർ എന്നിവ ക്ഷീണമകറ്റാൻ അത്യുത്തമമാണ്​.
 7. ഹോട്ടൽ ബുക്കിങ്ങിനായി ഉപയോഗിക്കുന്ന ആപ്പുകളുടെ ആധികാരികത ഉറപ്പുവരുത്തണം. 'Refunding is not Allowed' എന്ന്​ ആപ്പിൽ കാണിച്ച ആന്ധ്രയിലെ ഒരു ഹോട്ടൽ അഡ്രസ്​ തപ്പി എത്തിയപ്പോൾ അടച്ചുപൂട്ടി പൊടിപിടിച്ചുകിടക്കുന്നതാണ്​ കണ്ടത്​. ഭാഗ്യത്തിന്​ പണം കൊടുത്ത്​ ബുക്ക്​ ചെയ്​തിരുന്നില്ല.
 8. നല്ലൊരു ട​​െൻറ്​ കൈയിൽ കരുതിയാൽ താമസ ചിലവ്​ ലാഭിക്കാം. കൂടുതൽ സുരക്ഷയ്​ക്കും വെള്ളം കക്കൂസ്​ തുടങ്ങിയ സൗകര്യങ്ങൾക്കുമായി സാധാരണ പെട്രോൾ പമ്പുകൾക്കടുത്ത്​ അവരുടെ അനുവാദത്തോടെ ​െടൻറ്​ അടിക്കുകയാണ്​ ചില സഞ്ചാരികളുടെ രീതി.
 9. സുരക്ഷ ഉപകരണങ്ങളിൽ വിട്ടുവീഴ്​ച ചെയ്യരുത്​. ഹെൽമെറ്റ്​, ഗ്ലാസ്​, ജാക്കറ്റ്​ പറ്റുമെങ്കിൽ Knee Pad എന്നിവ കരുതുക.
 10. ഒന്നിലധികം ATM കാർഡുകൾ കൈയി​ൽ സൂക്ഷിക്കുക. രണ്ടിടങ്ങളിലായി സൂക്ഷിക്കുക. അഥവാ ഒരു കാർഡ്​ നഷ്​ടമായാൽ UPI ആപ്പ്​ വഴി കാർഡിലെ പണം മറ്റു കാർഡുകളിലേക്ക്​ ട്രാൻസ്​ഫർ ചെയ്യാൻ കഴിയും.
 11. വാഹനങ്ങളുമായി ബന്ധപ്പെട്ട സകല രേഖകളും കൈയിൽ കരുതണം. ഒപ്പം, എല്ലാറ്റി​​​െൻറയും ഒന്നിലേറെ കോപ്പികളും പാസ്​പോർട്ട്​ സൈസ്​ ഫോ​േട്ടാകളും ഉണ്ടാവണം.
 12. യാത്രയിലൂടനീളം കാണുന്നവരോടൊക്കെ പുഞ്ചിരിക്കുക എന്നത്​ ചെലവില്ലാത്ത കാര്യമാണ്​.
 13. ഉറക്കം തോന്നിയാൽ പിന്നെ വണ്ടി ഒാടിക്കരുത്​. ഉടൻ വിശ്രമിക്കണം.
 14. വാഹനങ്ങളെ കൂടാതെ പശു, ആട്​, പട്ടി, കുരങ്ങ്​, മനുഷ്യർ തുടങ്ങി സകലാമാന ജീവികളെയും പ്രതീക്ഷിക്കാവുന്ന റോഡ്​ സംവിധാനമാണ്​ നമ്മുടെ രാജ്യത്തേത്​ എന്നതിനാൽ എപ്പോഴും ശ്രദ്ധിക്കുക.
 15. രാത്രി യാത്ര പരമാവധി ഒഴിവാക്കുക.
 16. ഇംഗ്ലീഷ്​, ഹിന്ദി എന്നീ ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ അത്യാവശ്യം പരിജ്ഞാനം നല്ലതാണ്​.
 17. ഡോക്യുമ​​െൻറ്​സ്​ എല്ലാം തന്നെ ഒരു മിനി ബാഗിൽ പെ​െട്ടന്ന്​ എടുക്കാൻ പാകത്തിൽ സുരക്ഷിതമായി കരുതുക. പവർ ബാങ്കും ഇൗ ബാഗിൽ സൂക്ഷിക്കുന്നതാണ്​ നല്ലത്​.
 18. ട്യൂബ്​ലെസ്​ ടയർ ഉള്ളവർ പഞ്ചർ കിറ്റ്​ നിർബന്ധമായും കൂടെ കരുതുക.
 19. ബൈക്കി​​​െൻറ സ്​പെയർ കീ കൂടെ കരുതണം. അത്​ മറ്റൊരിടത്തായി സൂക്ഷിക്കുന്നതാണ്​ നല്ലത്​.
 20. എഞ്ചിൻ ഒായിൽ മാറ്റം, ചെയിൻ അഡ്​ജസ്​റ്റ്​മ​​െൻറ്​, ചെയിൻ ലൂബ്രിക്കേഷൻ എന്നിവ മുറയ്​ക്ക്​ നിർവഹിക്കണം.
 21. ത്രോട്ടിൽ കേബിൾ, ക്ലച്ച്​ കേബിൾ എന്നിവ നിർബന്ധമായും കൂടെ കരുതണം.
 22. ​േഫാ​േട്ടായും വീഡിയോയും കുറേ എടുക്കുന്നവർ കുറച്ചു പെൻ ഡ്രൈവും മെമ്മറി കാർഡും അധികം എടുത്താൽ OTG കേബിൾ കൂടി കൈയിലുണ്ടെങ്കിൽ ലാപ്​ടോപ്​ ഇല്ലാതെ മറ്റു മെമ്മറി കാർഡുകളിൽ എളുപ്പം സൂക്ഷിക്കാം. (​മെമ്മറി കാർഡ്​ റീഡർ കൂടി കൈയിൽ കരുതുക)
 23. ചെറിയ കീപാഡ്​ ഫോൺ കൈയിൽ കരുതുന്നത്​ നല്ലതാണ്​. (ബാറ്ററി ബാക്കപ്പിൽ വളരെ ഉപകാരപ്പെടും)
 24. സുരക്ഷ പ്രശ്​നങ്ങൾ നില നിൽക്കുന്ന തുരങ്കം പോലുള്ള സ്​ഥലങ്ങളിൽ ആക്ഷൻ ക്യാമറ ഉൗരി ബാഗിൽ വെക്കുക.
 25. സഞ്ചാരിക്കും വാഹനത്തിനും ഇടവേളകളിൽ വിശ്രമം അനിവാര്യമാണ്​.
 26. മഞ്ഞു വീണുകിടക്കുന്ന റോഡുകളിൽ കരുതലോടെയേ ബൈക്ക്​ ഒാടിക്കാവൂ.
 27. ചില സ്​ഥലങ്ങളിൽ റോഡിലേക്ക്​ ചെരിഞ്ഞുനിൽക്കുന്ന മലകളിൽനിന്നും കല്ലുകൾ ഉൗർന്നു വീഴാം. കരുതലോടെ ​വേണം ഇൗ ഭാഗങ്ങളിൽ യാത്ര ചെയ്യാൻ.
 28. തിരക്കുള്ള സ്​ഥലങ്ങളിൽ പഴ്​സ്​, മൊബൈൽ എന്നിവ പതിവിലും കരുതലോടെ സൂക്ഷിക്കണം. പോക്കറ്റടി ഇൗ ഭാഗങ്ങളിൽ രൂക്ഷമായിരിക്കും.
 29. അത്യാവശ്യം മെഡിസിനുകൾ കൈയിൽ കരുതണം.
 30. ബൈക്കിന്​ ഒരു ചങ്ങലകൂടി അധികം കരുതുന്നത്​ നല്ലതാണ്​.
 31. ഉയരം കൂടിയ പ്രദേശങ്ങളിൽ പോക്കറ്റ്​ ഒാക്​സിജൻ കാൻ കരുതുന്നത്​ നല്ലതാണ്​.

 32. പ്രവേശനാനുമതി വേണ്ട ചില ​പ്രദേശങ്ങളിലേക്ക്​ ആവശ്യമായ ഡോക്യുമ​​െൻറ്​സ്​ കൈപ്പറ്റാൻ മറക്കരുത്​. (ലഡാക്കിലെ ചില പ്രദേശങ്ങളിലേക്ക്​ പോകാൻ ആവശ്യമായ അനുമതി പത്രം ലേയിലെ ഡി.സി ഒാഫീസിൽനിന്നും പണമടച്ച്​ വാങ്ങാം.)
 33. പരിസരത്തിനും സ്​ഥലവാസികൾക്കും പ്രകൃതിക്കും ബുദ്ധിമുട്ടാകാതെ യാത്ര ചെയ്യാൻ ശ്രമിക്കുക.
 34. യാത്രയിൽ വെജിറ്റേറിയൻ ഫുഡാണ്​ ന​ല്ലതെങ്കിലും വയറിനും ആരോഗ്യത്തിന​ും കുഴപ്പമില്ലാത്ത ഭക്ഷണമാണെങ്കിൽ നോൺ വെജ്​ ഭക്ഷണവും അത്യാവശ്യമായി കഴിക്കാം. (നമ്മൾ പോകുന്ന പ്രദേശത്തെ ഭക്ഷണവിഭവങ്ങൾ മറക്കാൻ പറ്റാത്ത അനുഭവമാണ്​...)
 35. ലഗേജ്​ പരമാവധി കുറയ്​ക്കുക.
 36. കയറ്​, ടോർച്ച്​, എമർജൻസി ലാമ്പ്​, M seal എന്നിവ കൈയിൽ കരുതേണ്ട അത്യാവശ്യ സാധനങ്ങളാണ്​.
 37. ഡ്രൈവിങ്ങിൽ കടും കളർ ടീ ഷർട്ട്​ തെരഞ്ഞെടുക്കുന്നതാണ്​ നല്ലത്​.
 38. അതിർത്തി പ്ര​േ​ദശങ്ങളിലെ പട്ടാള ക്യാമ്പുകൾ സഞ്ചാരികൾക്ക്​ വലിയൊരു ആശ്വാസമാണ്​. ചൂടുവെള്ളവും മെഡിക്കൽ സഹായവും അത്യാവശ്യമാ​െണങ്കിൽ അങ്ങോട്ട്​ ധൈര്യമായി ചെല്ലാം.
 39. യാത്ര പുറപ്പെടുമ്പോൾ നമ്മൾ കൈയിൽ കരുതിയ സാധനങ്ങളുടെ ഒരു ലിസ്​റ്റ്​ എടുത്ത്​ സൂക്ഷിക്കുകയും ഇടയ്​ക്കിടെ അത്​ ഉറപ്പുവരുത്തുകയും ചെയ്യുക.
 40. എല്ലാറ്റിനും പുറമേ യാത്രയ്​ക്കായി ഇറങ്ങിത്തിരിക്കാനുള്ള ദൃഢമായ മനസ്സ്​ തന്നെയാണ്​ യാത്രയെ മുന്നോട്ട്​ നയിക്കുന്ന പ്രധാന ഘടകം.
Show Full Article
TAGS:travel tips travelogue bike ride 
Next Story