Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightശുഭപ്രതീക്ഷകളുടെയും...

ശുഭപ്രതീക്ഷകളുടെയും മരണത്തിന്‍െറയും മുനമ്പ്

text_fields
bookmark_border
ശുഭപ്രതീക്ഷകളുടെയും മരണത്തിന്‍െറയും മുനമ്പ്
cancel
camera_alt???????????? ???????? ????? ???????????????? ?????? ?????????????? ?????????????????????? ?????..

പണ്ട് പണ്ട്, ക്രിസ്തുവിനും വളരെ മുമ്പ്, ആദിറോമക്കാരുടെ കാലത്ത്, കാര്‍ത്തേജിനു തെക്കു വശത് തുള്ള താരതമ്യേന നിറംകുറഞ്ഞവരെ ലാറ്റിനില്‍ ‘ആഫ്രി’ എന്നാണു വിളിച്ചിരുന്നത്. ഏകവചനം അഫര്‍. ആഫ്രികളുടെ നാട് എന്നു ലാറ്റിനില്‍. ഭൂമി സ്ര്തീലിംഗമായതുകൊണ്ട് ‘ആഫ്രിക്ക ടെരാ’ എന്നാണു പറയുക. പുല്ലിംഗമായിരുന്നെങ്കില്‍ ‘ആഫ്രിക്കസ്’ എന്നും നപുംസകമായിരുന്നെങ്കില്‍ ‘ആഫ്രിക്കം’ എന്നും ആയേനേ. എന്തായാലും ഈ ആഫ്രികളുടെ നാടില്‍ നിന്നും ടെരാ എന്ന പദം ലോപിച്ചപ്പോള്‍ ‘ആഫ്രിക്ക’ എന്ന ഭൂഖണ്ഡം ജനിച്ചു. അന്നൊക്കെ റോമാക്കാര്‍ക്ക് ആഫ്രിക്കയെന്നാല്‍ ലിബിയയും കാര്‍ത്തേജും മാത്രം. കൂടിവന്നാല്‍ എത്യോപ്യന്‍ മുനമ്പിനെക്കൂടി അതില്‍പെടുത്താം. ഈജിപ്​തൊക്കെ അന്ന് ഏഷ്യയുടെ ഭാഗം. എന്തായാലും കടലിനാല്‍ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശമായിത്തന്നെയാണ് ആഫ്രിക്കയെ അന്ന്​ കണ്ടിരുന്നത്.

ഗ്രീക്കു ചരിത്രകാരനായ ഹെറൊഡോട്ടസ് ത​ന്‍െറ ‘ചരിത്രങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ രസകരമായ ഒരു കഥ പറയുന്നുണ്ട്. ബി.സി 200നടുത്ത്​ ഈജിപ്തു ഭരിച്ചിരുന്ന ഫറവോ നെക്കൊ രണ്ടാമന്‍, ആഫ്രിക്ക അഥവാ അന്നത്തെ ലിബിയ ചുറ്റിവരാന്‍ ഫിനീഷ്യക്കാരായ നാവികരെ അയയ്ക്കുന്നതിനെക്കുറിച്ചായിരുന്നു അത്. നെക്കൊ, നാവികരെ ചെങ്കടല്‍ വഴി കിഴക്കന്‍ കടലിലേക്കാണ് പറഞ്ഞയയ്ക്കുന്നത്. കരപറ്റിയുള്ള ആ യാത്രയില്‍ അവര്‍ ഇടയ്ക്ക് കരയിലിറങ്ങുകയും, വിത്തുകള്‍ പാവുകയും, അതിന്റെ വിളവെടുത്ത് വീണ്ടും കടല്‍ യാത്ര തുടരുകയും ചെയ്തുവത്രെ. ഒടുവില്‍ മൂന്നുവര്‍ഷം കൊണ്ട് പടിഞ്ഞാറന്‍ മഹാസാഗരവും കടന്ന്, ഇന്നത്തെ ജിബ്രാള്‍ട്ടര്‍ കടലിടുക്കിനിരുവശത്തുമുള്ള ഹെര്‍ക്കുലീസിന്‍െറ സ്തംഭങ്ങള്‍ക്കിടയിലൂടെ മധ്യധരണ്യാഴിയില്‍ പ്രവേശിച്ച്, ഒടുവില്‍ ഈജിപ്തില്‍ തിരിച്ചെത്തിയ ഫിനീഷ്യരുടെ അത്യന്തം ആവേശകരമായ ആ നാവികകഥ ഹെറോഡോട്ടസ് വിവരിക്കുന്നത് വായിച്ചാല്‍ അദ്ദേഹം പോലും അതില്‍ വിശ്വസിക്കുന്നില്ല എന്നാണ് നമുക്കു തോന്നുക. അത്രയ്ക്കും അവിശ്വസനീയമായിരുന്നു ഏറെയേറെക്കാലത്തോളം ആഫ്രിക്കന്‍ വന്‍കരയൊന്നു ചുറ്റിസ്സഞ്ചരിക്കുക എന്നുവെച്ചാല്‍.

ആഫ്രിക്കയുടെ ഏറ്റവും തെക്കു പടിഞ്ഞാറേ അറ്റമാണ്​ ഗുഡ്​ ഹോപ്​ മുനമ്പ്​

മഹാനായ സെര്‍സസ് ചക്രവര്‍ത്തി പേർഷ്യ ഭരിച്ചിരുന്ന കാലത്ത്, കാര്‍ത്തേജില്‍, ഒരു സ്ര്തീയെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്തതിനു സെതാസ്പസ് എന്നയാള്‍ക്കു ലഭിച്ച ശിക്ഷ വളരെ വിചിത്രമായിരുന്നു. ചക്രവര്‍ത്തി രണ്ടു ശിക്ഷകളില്‍ ഒന്നു തിരഞ്ഞടുക്കാന്‍ സെതാസ്പസിനോട് ആവശ്യപ്പെട്ടുപോലും. ഒന്നുകില്‍, ഒരു കുന്തമുനയില്‍ പിടഞ്ഞുമരിക്കുക, അല്ലെങ്കില്‍ കടലിലൂടെ ആഫ്രിക്ക ചുറ്റിസഞ്ചരിച്ചുവരിക. രണ്ടായാലും മരണം സുനിശ്ചിതം. എന്തായാലും സെതാസ്പസ് ഒരു ഭാഗ്യപരീക്ഷണമെന്നോണം ആഫ്രിക്കന്‍ പ്രദക്ഷിണമാരംഭിച്ചു. പക്ഷേ, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സെതാസ്പസിനു തിരിച്ചുപോരേണ്ടിവന്നു. തെക്കുതെക്കൊരു ദേശത്ത്, തീരെ കുള്ളന്മാരായ നിരവധി കറുത്തവര്‍ഗക്കാരെ അയാള്‍ കാണുകയുണ്ടായി. അവര്‍ സെതാസ്പസിനെ ഉപദ്രവിച്ചൊന്നുമില്ലെങ്കിലും, അവരുടെ സ്ഥലത്തുനിന്നും കൂടുതല്‍ തെക്കോട്ടേക്കു നൗക കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. എന്തുകൊണ്ടോ സെതാസ്പസിന്റെ നൗക കടല്‍ക്കരയിലെ മണ്ണില്‍ ഉറച്ചുപോയിപോലും. പക്ഷേ, സെര്‍സസ് ചക്രവര്‍ത്തി ഒരു തരിമ്പുപോലും സെതാസ്പസിന്‍െറ കഥ വിശ്വസിക്കുവാന്‍ കൂട്ടാക്കിയില്ല. ഫലമോ, സ്ര്തീകളെ ഉപദ്രവിച്ചവന്റെ ശരീരം ഒടുവില്‍ കുന്തമുനയാല്‍ത്തന്നെ തുളയ്ക്കപ്പെടുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ പണ്ടുകാലം മുതലേ, ഫിനീഷ്യര്‍ക്കും, ഗ്രീക്കുകാര്‍ക്കും, ഈജിപ്തുകാര്‍ക്കും, പേർഷ്യക്കാര്‍ക്കുമെല്ലാം അറിയാമായിരുന്നു ആഫ്രിക്കയ്ക്കു ചുറ്റും കടലാണെന്ന്. അതുകൊണ്ടുതന്നെ ആ ഇരുണ്ട ഭൂഖണ്ഡത്തെ ചുറ്റിയുള്ള സഞ്ചാരങ്ങള്‍ മനുഷ്യനെ ആവേശം കൊള്ളിച്ചും കൊണ്ടിരുന്നു.

മുലഞെട്ടിനെ ഓര്‍മ്മിപ്പിക്കുന്ന ഗുഡ് ഹോപ്പിലെ ഒരു കാഴ്ച

ഒടുവില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍, കണ്ടെത്തലുകളുടെ കാലത്തേക്ക് ലോകം സ്വയം മാറിയപ്പോള്‍, ആ പ്രാചീനത്വര ഒന്നുകൂടി ശക്തിയാര്‍ജ്ജിച്ചു. മിടുക്കരായ നാവികര്‍ക്കു പേരുകേട്ട പോര്‍ച്ചുഗീസുകാരായിരുന്നു അതിനു പിന്നിൽ. നാവികനായ ഹ​​െൻറി അതിനു തുടക്കമിട്ടു. 1488 മാര്‍ച്ചുമാസം പന്ത്രണ്ടാം തീയതി, ബര്‍ത്തലേമിയൊ ഡയസ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുകൂടി അങ്ങു തെക്കേയറ്റത്തുള്ള വിചിത്രമായ മുനമ്പുകളിലെത്തിച്ചേരുകയുണ്ടായി. സാന്‍ ക്രിസ്റ്റഫര്‍ എന്ന കപ്പലും പിന്നെയൊരു അകമ്പടിക്കപ്പലുമായിരുന്നു ഡയസിന്‍െറ സംഘത്തില്‍. ദക്ഷിണാഫ്രിക്കന്‍ തീരത്തെത്തിച്ചേര്‍ന്ന ഡയസിനെ കാത്തിരുന്നത് തുടര്‍ച്ചയായി ആര്‍ത്തുവീശിയിരുന്ന ഭീകര കൊടുങ്കാറ്റുകളായിരുന്നു. അവ ഒന്നിനുപുറകെ ഒന്നായി ഡയസിന്‍െറ കപ്പലുകളെ ഇളക്കിമറിച്ചു. നേരെ കിഴക്കോട്ടുപോയാല്‍ ഇന്ത്യയിലെത്തുമെന്നുറപ്പുണ്ടായിരുന്ന ഡയസിന്‍െറ കപ്പലുകള്‍ക്ക് ആ പ്രചണ്ഡവാതത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഡയസ് ഒരു ഉള്‍വിളിയെന്നോണം കപ്പലുകളെ തെക്കോട്ടുതിരിച്ചു. ഗംഭീരമായ ഒരു തീരുമാനമായിരുന്നു അത്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ആ ഭയാനകതീരത്തെ വമ്പന്‍ പാറക്കെട്ടുകളിലിടിച്ചു ഡയസ്സിന്‍െറ യാത്ര എന്നെന്നേയ്ക്കുമായി അവസാനിച്ചേനേ. പക്ഷേ, ഭാഗ്യശാലിയും മികച്ച നാവികനുമായിരുന്ന ഡയസ് കൊടുങ്കാറ്റില്‍നിന്നും ഒഴിവായി കൂടുതലപ്പുറത്തുള്ള ആഫ്രിക്കയുടെ ഏറ്റവും തെക്കുള്ള സൂചീമുനമ്പിലെത്തിച്ചേര്‍ന്നു. വലിയൊരു രക്ഷപ്പെടലായിരുന്നു അത്. പക്ഷെ, ഡയസ്സിന്‍െറ കൂടെയുണ്ടായിരുന്ന മറ്റു നാവികര്‍ക്ക് അതോടെ യാത്ര മതിയായിരുന്നു. അതിനിടെ കരയില്‍നിന്നും ചില ആദിമവാസികള്‍ കല്ലും അമ്പുകളുമുപയോഗിച്ച് ഡയസിന്‍െറ നാവികരെ അക്രമിക്കുകയും, കൂട്ടത്തില്‍ ചിലര്‍ മരണപ്പെടുകയും ചെയ്തു. അതോടെ അവരെല്ലാം ഒറ്റക്കെട്ടായി ലിസ്ബണിലേക്കു തിരിച്ചുപോകണമെന്നു വാശിപിടിച്ചു. കപ്പലിലൊരു വിപ്ലവം മുന്നില്‍ക്കണ്ട ഡയസ്സിന് സഞ്ചാരം നിര്‍ത്തി പിന്നോട്ടുതിരിയുകയല്ലാതെ യാതൊന്നിനും നിർവാഹമില്ലായിരുന്നു. ആ തിരിച്ചുപോക്കില്‍ അവര്‍ തങ്ങളെ നേരത്തെ അപകടത്തില്‍ചാടിച്ച, പാറക്കെട്ടുകളും തുടര്‍ച്ചയായ കൊടുങ്കാറ്റുകളും നിറഞ്ഞ മുനമ്പിലെത്തി. കാറ്റപ്പോഴേക്കുമൊന്നു ശമിച്ചിരുന്നു. ഡയസാകട്ടെ ആ ഭീഷണമുഖത്തിനു കൊടുങ്കാറ്റുകളുടെ മുനമ്പെന്നു പേരുമിട്ടു.

ബർത്തലോമിയോ ഡയസ്സിന്‍െറ രേഖാചിത്രം

പോര്‍ച്ചുഗീസ് രാജാവ് ലിസ്ബണില്‍ തിരിച്ചെത്തിയ ഡയസ്സിനെ നന്നായി സ്വീകരിച്ചെങ്കിലും യാത്ര പരാജയപ്പെട്ടതില്‍ അസംതൃപ്തനായിരുന്നു. അതുകൊണ്ടുതന്നെ ഡയസ്സ് പേരിട്ടുവിളിച്ച കൊടുങ്കാറ്റുകളുടെ മുനമ്പെന്ന പേര് ഒരു അപശകുനമായി അദ്ദേഹം കണ്ടു. ഇന്ത്യയിലേക്കുള്ള വഴിതുറക്കുന്ന ആ മുനമ്പിനു അത്തരമൊരു പേര് അദ്ദേഹത്തിനു ആലോചിക്കാന്‍ പോലുമാവില്ലായിരുന്നു. നാവികര്‍ക്കു കൂടുതല്‍ ആത്മവിശ്വാസം പകരുന്ന ശുഭപ്രതീക്ഷാമുനമ്പെന്ന പുനര്‍നാമകരണം അതേത്തുടര്‍ന്നാണുണ്ടായത്.

വാസ്​കോ ഡ ഗാമയുടെ പെയിന്‍റിങ്​

പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ഡയസ് ഒരിക്കല്‍ക്കൂടി അതേ കടല്‍പ്പാതയിലൂടെ യാത്രയ്ക്കിറങ്ങി. ഇപ്രാവശ്യം അദ്ദേഹം കപ്പിത്താനല്ലായിരുന്നു. പകരം, ഒരുപക്ഷേ, തന്നേക്കാള്‍ മിടുക്കനായ, കൂടുതല്‍ പ്രശസ്തനായ മറ്റൊരാളുടെ കീഴില്‍. ഇന്നും ലോകമെങ്ങും അറിയപ്പെടുന്ന ആ നാവികനാക​െട്ട, സാക്ഷാല്‍ വാസ്‌കോ ഡ ഗാമയും. പക്ഷേ, എന്തുകൊണ്ടോ ഡയസിനു ആ യാത്ര മുഴുവനാക്കാനായില്ല. അങ്ങനെ, താന്‍ കണ്ടെത്തിയ കൊടുങ്കാറ്റുകളുടേയും ശുഭപ്രതീക്ഷയുടേയും മുനമ്പിനെ പൂര്‍ണ്ണമായും വാസ്‌കോ ഡ ഗാമയുടെ പേരിനോടു ചേര്‍ത്തുകൊടുത്തുകൊണ്ട് ബര്‍ത്തലേമിയോ ഡയസ് തന്റെ ഉദ്യമത്തില്‍നിന്നും പിന്‍വാങ്ങി. ഗാമയാകട്ടെ ശുഭപ്രതീക്ഷാമുനമ്പിനെ പിന്തള്ളി, ഇന്ത്യാമഹാസമുദ്രം മുറിച്ചുകടന്ന്, ഇന്ത്യയില്‍ കാലുകുത്തുകയും ചെയ്തു.

ബർത്തലോമിയോ ഡയസ്സിന്‍െറ കപ്പൽസഞ്ചാരത്തിന്‍െറ രേഖാചിത്രം

നാവികചരിത്രകഥകള്‍ ഇന്നും കാറ്റിലൂടെ മൂളുന്ന അതേ ശുഭപ്രതീക്ഷാമുനമ്പിലായിരുന്നു ഞാനും ഒരു സായാഹ്നത്തില്‍ എത്തിച്ചേര്‍ന്നത്. തികച്ചും ഒരു സാധാരണയാത്രക്കാരനായി. മുനമ്പില്‍ വെയിലാറിത്തുടങ്ങിയിരുന്നു. ഉന്മാദിയെപ്പോലെ ആഞ്ഞുവീശുന്ന കാറ്റിനുമാത്രം ഒട്ടും ശമനമില്ല. പക്ഷേ, അറ്റ്‌ലാൻറിക്​ സമുദ്രം ശാന്തമാണ്. കാറ്റിന്‍െറ ഉത്സാഹവും ധൃതിയും സമുദ്രനീലിമയിലൊട്ടും ചലനങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. തിരകളാകട്ടെ ആരോ ഏല്‍പിച്ച ചുമതലയെന്നോണം മനസ്സില്ലാമനസ്സോടെ കരയിലെ പാറക്കെട്ടുകളില്‍ ഒന്നിനുപിറകെ ഒന്നൊന്നായി ആര്‍ത്തലച്ചുകൊണ്ടിരുന്നു. നിസ്സംഗതയാണ് പ്രകൃതിയുടെ സ്ഥായീഭാവം. എങ്കിലും എന്തോ ഒന്ന് എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാമെന്നപോലൊരു വിഹ്വലത അന്തരീക്ഷത്തില്‍ മുറുകിനില്‍പ്പുണ്ട്. എത്രപേര്‍ ചുറ്റിനുണ്ടെങ്കിലും നമ്മെ വലയം ചെയ്യുന്ന തികഞ്ഞൊരേകാന്തത കേപ്പ് ഓഫ് ഗുഡ്‌ഹോപ്പിന്‍െറ, മാത്രം പ്രത്യേകതയാണ്. ഒരുപ​േക്ഷ, നാവികര്‍ തനിക്കെതിരെ തിരിഞ്ഞപ്പോഴും, കൊടുങ്കാറ്റുകളാല്‍ ത​ന്‍െറ നൗകകള്‍ ആടിയുലഞ്ഞപ്പോഴും, പ്രായത്തിലും നാവികപരിചയത്തിലും തന്നേക്കാള്‍ താഴെയായ ഗാമയുടെ കീഴില്‍ ജോലിചെയ്യേണ്ടിവന്നപ്പോഴും ബര്‍ത്തലേമിയോ ഡയസ്സിനും ഇതേ ഏകാന്തത തന്നെയായിരിക്കും അനുഭവപ്പെട്ടിരിക്കുക.

പഴയ വിളക്കുമാടം


സമുദ്രത്തിലേക്കു തള്ളിനില്‍ക്കുന്ന ഒരു കൂറ്റന്‍ പാറക്കൂട്ടമാണ് ഈ തെക്കനാഫ്രിക്കന്‍ മുനമ്പിന്‍െറ പ്രത്യേകത. മൂന്നു വശത്തും അറ്റ്‌ലാൻറിക്കിന്‍െറ അപാരത. അധികം മേഘക്കീറുകളില്ലാത്ത തെളിഞ്ഞ ആകാശം. കിഴക്കെവിടേയോ ആണ് ഇന്ത്യന്‍ സമുദ്രം തുടങ്ങുന്നത്. മോസ്സല്‍ ഉള്‍ക്കടലിനുമപ്പുറം. ഇന്ത്യയെന്നത് അക്കാലത്തെ നാവികരുടെ വലിയൊരു പ്രതീക്ഷയും സാധ്യതയുമായിരുന്നു. അതിനടുത്തെത്താനായി ജീവന്‍ പണയപ്പെടുത്തിയിട്ടുള്ള നാവികരുടെ എണ്ണത്തിന് കൈയും കണക്കുമൊന്നുമില്ല. എങ്ങനെയെങ്കിലും ഇന്ത്യന്‍ സമുദ്രത്തിലെത്തിപ്പെടുക. അവിടെ മണ്‍സൂണ്‍ കാറ്റുകളുടെ പിന്നാലെ സഞ്ചരിച്ച്, ഇന്ത്യയെന്ന മഹാസാമ്രാജ്യത്തിലെത്തുക. പണം സമ്പാദിക്കുക. അതായിരുന്നു എല്ലാ മികച്ച നാവികരുടേയും സ്വപ്നം. ചെങ്കടല്‍ തീരം ഒട്ടോമന്‍ തുര്‍ക്കികള്‍ കൈയടക്കിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു ഇന്ത്യയിലെത്താന്‍ മറ്റൊരു വഴിയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ, ദക്ഷിണാഫ്രിക്കന്‍ തീരത്തെ കൊടുങ്കാറ്റുകളേയും പ്രവചനാതീതാന്തരീക്ഷത്തേയും പിന്തള്ളി മുന്നോട്ടുപോകാതെ അവര്‍ക്ക് നിര്‍വാഹമുണ്ടായിരുന്നില്ല. അനേകരുടെ ജീവന്‍ വെച്ചുള്ള ആ കളി ഒടുവില്‍ ലോകത്തിന്‍െറ തന്നെ ഭാഗധേയം നിർണയിച്ചു. ചരിത്രം തന്നെ മാറ്റിമറിച്ച യാത്രകളായിരുന്നു ഈ മുനമ്പിലൂടെ മുന്നേറിയത്. ആ ശ്രമങ്ങളിലൂടെ വടക്കനമേരിക്കയും തെക്കനമേരിക്കയും കണ്ടുപിടിക്കപ്പെട്ടു.

മുനമ്പിലെ പാറക്കെട്ടുകള്‍

മുനമ്പില്‍ നിന്നുകൊണ്ട് അനന്തതയിലേക്കു നോക്കിനിന്നപ്പോള്‍ എന്തുകൊണ്ടോ ബര്‍തലേമ്യോ ഡയസ്സിന്‍െറ വികരരഹിതമായ ചിത്രം ഒരിക്കല്‍ക്കൂടി മനസ്സില്‍ തെളിഞ്ഞുവന്നു. ഗാമയുമായി പിരിഞ്ഞ ശേഷം ഏറെ നിരാശനായിരുന്നു ഡയസ്സ്. എങ്കിലും വെറുതെയിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒരിക്കല്‍ക്കൂടി കടലിലിറങ്ങണമെന്ന മോഹം അപ്പോഴും ബാക്കിനിൽപുണ്ടായിരുന്നു. പക്ഷേ, ഡയസ്സിനെ പ്രധാന കപ്പിത്തനാക്കാന്‍ എന്തുകൊണ്ടോ പോര്‍ച്ചുഗീസ് രാജാവ് ജോണ്‍ രണ്ടാമന്‍ തയാറായില്ല. ഒടുവില്‍ കബ്രാൾ എന്ന വിശ്രുതനായകനൊപ്പം ഒരിക്കല്‍ക്കൂടി ഡയസ്സ് കടലിലിറങ്ങി. അഞ്ചു കപ്പലുകളുമായിട്ടായിരുന്നു ആ പോര്‍ച്ചുഗീസ് സേന ഇന്ത്യയിലേക്കു തിരിച്ചത്. അതില്‍ നാലെണ്ണത്തിന്‍െറ മേല്‍നോട്ടം ഡയസ്സിനായിരുന്നു. പക്ഷേ, എവിടെയാണ് പിഴച്ചതെന്നറിയില്ല. കപ്പലുകള്‍ക്ക് വഴിതെറ്റി. അവ അറ്റ്‌ലാൻറിക് സമുദ്രം അറിയാതെ മുറിച്ചുകടന്ന് ബ്രസീലിലാണ് എത്തിച്ചേര്‍ന്നത്. ബ്രസീലില്‍ ഇന്നും കൊടിപാറുന്ന പോര്‍ച്ചുഗീസ് പാരമ്പര്യത്തിന്‍െറ തുടക്കം അതായിരുന്നു. തെറ്റു മനസ്സിലാക്കിയ, ഡയസ്സ് കപ്പലുകളെ വീണ്ടും ദക്ഷിണാഫ്രിക്കന്‍ തീരത്തേക്ക് തിരിച്ചുവിട്ടു. ഒരിക്കല്‍ക്കൂടി, താന്‍ പേരിട്ട, തന്‍െറ ആശകളെ തകര്‍ത്തുകളഞ്ഞ അതേ മുനമ്പില്‍, ഡയസ്സും കപ്പലുകളുമെത്തി. വിധി തന്‍െറ അവസാനതീരുമാനത്തിനു കാത്തിരിക്കുകയായിരുന്നിരിക്കണം. പൊടുന്നനേയാണ് അതിശക്തമായി കാറ്റുവീശിയത്. ദാരുണമായിരുന്നു അതിന്‍െറ പരിണതഫലം. ശുഭപ്രതീക്ഷാമുനമ്പിലെ പാറക്കെട്ടുകളില്‍ ഡയസ്സിന്‍െറ കപ്പലുകള്‍ ഒന്നൊന്നായി വന്നിടിച്ചു ചിന്നിച്ചിതറി. ഡയസ്സടക്കം ഒരൊറ്റ നാവികന്‍ പോലും ആ ഭയാനകദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടില്ല. അങ്ങനെ താന്‍ കണ്ടെത്തിയ മുനമ്പു തന്നെ ആ കഴിവുറ്റ നായകന്‍െറ അന്ത്യവിധിയുമെഴുതി.

മുനമ്പിന്റെ മറ്റൊരു കാഴ്ച

കടല്‍ക്കാക്കകളുടെ ചിറകടികേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഈ പാറക്കെട്ടുകളിലെവിടേയോ ആ സാഹസികന്റെ ഛിന്നഭിന്നമായ ശവശരീരം വന്നടിഞ്ഞിരിക്കണം എന്നു ഞാനോര്‍ത്തു. 500 വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇതേ കടല്‍ക്കാക്കകളുടെ മുന്‍ഗാമികള്‍ ആ ശരീരം കൊത്തിപ്പറിച്ചിരിക്കണം. ആഞ്ഞുവീശുന്ന കടല്‍ക്കാറ്റില്‍ അതിന്‍െറ ജീര്‍ണഗന്ധം ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ വനാന്തരങ്ങളിലൂടെ പാറിപ്പരന്നിരിക്കണം. കാട്ടുകുറുക്കന്മാരും, കഴുതപ്പുലികളും, കഴുകരുമൊക്കെ ആ മണം പിടിച്ചിവിടെയെത്തിയിരിക്കണം. ആര്‍ത്തിപൂണ്ട് മൃതശരീരം പങ്കുവെയ്ക്കുന്ന ശവഭോജികള്‍ കൂകുകയോ, കുറുകുകയോ. ഓലിയിടുകയോ ചെയ്തിരിക്കണം. സാഹസികനായ ആ നാവികനാകട്ടെ, ഈ മണല്‍ത്തരികളിലങ്ങനെ അലിഞ്ഞലിഞ്ഞില്ലാതായിരിക്കണം.

സൂര്യന്‍ അസ്തമയത്തിനൊരുങ്ങുന്നു

ബെര്‍തലേമ്യോ ഡയസിന്‍െറ ജീവിതവും മരണവുമെല്ലാം ഇഴുകിയും അഴുകിയും ചേര്‍ന്ന മുനമ്പിലാണല്ലോ ഞാന്‍ നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ വല്ലാത്തൊരു നടുക്കം ഉള്ളിലനുഭവപ്പെട്ടു. അസംഖ്യം നാവികരുടെ ജീവത്യാഗങ്ങള്‍ക്കു ശേഷം ഇന്ത്യയിലേക്കുള്ള നാവികഗതാഗതം ഇതേ മുനമ്പിലൂടെ ശക്തമായി. ഡയസിന്‍െറ മരണവും വാസ്‌കോ ഡ ഗാമയുടെ നിശ്ചയദാര്‍ഢ്യവും അതിനു ചുക്കാന്‍ പിടിച്ചിരിക്കണം. പോര്‍ച്ചുഗീസുകാര്‍ക്കു പിന്നാലെ ഡച്ചുകാരെത്തി. ദക്ഷിണാഫ്രിക്കയില്‍ താവളമടിച്ചും കൈയേറിയും അവര്‍ അവരുടെ സാമ്രാജ്യം കെട്ടിപ്പടുത്തു. ഏഷ്യയിലെ കിഴക്കന്‍ ദ്വീപുകളില്‍ ഡച്ചുകാര്‍ അധികാരമാളിയതും ഇതേ മുനമ്പില്‍ കാലുറപ്പിച്ചുകൊണ്ടുതന്നെ. അന്നു ഡച്ചു ഈസ്റ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ച താവളങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ആധുനികചരിത്രത്തിന് തുടക്കമായത്.

ഗുഡ്​ ഹോപ്​ മുനമ്പിൻറെ അറ്റത്ത്​ ലേഖകൻ

ഇന്ന് ഈ ശുഭപ്രതീക്ഷാമുനമ്പ് യുനെസ്‌കോയുടെ ലോകപൈതൃകസ്ഥാനങ്ങളിലൊന്നാണ്. 553000 ഹെക്ടര്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന ഈ സംരക്ഷിതമേഖലയെ ഇന്നു അപൂര്‍വ്വസസ്യജാലങ്ങളുടേയും ജൈവവൈവിധ്യത്തിന്‍െറയും ഉദാത്തമാതൃകകളായി കരുതപ്പെടുന്നു. വിവിധതരം കടല്‍പ്പക്ഷികള്‍ക്കു താവളമായ ഈ മുനമ്പു മേഖലയില്‍ ബബൂണുകളും മാനുകളും ഒട്ടകപ്പക്ഷികളും സീബ്രകളുമൊക്കെ നിത്യസന്ദര്‍ശകരാണ്.

ഈ ജീവജാലങ്ങളെല്ലാം തന്നെ മനുഷ്യന്‍ കടലിനോടു പടവെട്ടി തന്‍െറ സാമ്രാജ്യം സ്ഥാപിച്ചെടുക്കുന്നതു കൗതുകത്തോടെ കണ്ടുനിന്നിരിക്കണം. ആ ശ്രമങ്ങള്‍ക്കിടയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്കു തെളിവായി ഒരുപാടു കപ്പല്‍പ്പാളികളും പായ്മരാവശിഷ്ടങ്ങളും ഈ മുനമ്പിനു ചുറ്റും ചിതറിക്കിടക്കുപ്പുണ്ട്. 500 കൊല്ലക്കാലത്തെ നിരന്തരയുദ്ധത്തിന്‍െറ കഥ നമുക്കവിടെ വായിച്ചെടുക്കാം. കടല്‍ക്കാറ്റതിനു മുകളിലൂടെ ആഞ്ഞുവീശുമ്പോള്‍ നാവികരുടെ ആത്മാക്കള്‍ നമ്മോടു സംവദിക്കുന്നതുപോലെ തോന്നും. അതിന്‍െറ മൂളക്കം ചെവിയിലാഴ്ന്നിറങ്ങുകയും ചെയ്യും. അപ്പോളറിയാതെ മനമൊന്നു പിടയും.

കടലിലേക്ക്​ ചായുന്ന മുനമ്പിലെ സൂര്യൻ

നാവികകഥകള്‍ എനിക്കെന്നും ഹരമായിരുന്നു. ഭൂതബാധയാലെന്നോണം ഒരിക്കലും കരപറ്റാനാവാതെ, സമുദ്രത്തിലലയുന്ന ഫ്ലയിങ്​ ഡച്ചുമാനെന്ന കപ്പലിലെ, ഉറ്റവര്‍ക്ക് നിരന്തരം സന്ദേശങ്ങളയച്ചുകൊണ്ടിരിക്കുന്ന നാവികരുടെ കഥകളെല്ലാം എന്നെ കുട്ടിക്കാലം മുതലേ ആകര്‍ഷിച്ചിരുന്നു. ഫ്ലയിംഗ് ഡച്ചുമാന്‍െറ ചരിത്രവും ഇതേ മുനമ്പില്‍നിന്നാണു ഉറവെടുത്തതെന്നത് ഞാന്‍ കൗതുകത്തോടെയോര്‍ത്തു. എച്​.എം.എസ്​ ബൗണ്ടിയിലെ നാവികരായ വില്ല്യം ബ്ലൈയും ഫ്‌ളെച്ചര്‍ ക്രിസ്റ്റിയനും, പിന്നെ കോണ്ടിക്കിയെന്ന മരവഞ്ചിയിലൂടെ ശാന്തസമുദ്രം കടന്ന തോര്‍ ഹെയര്‍ദാലുമെല്ലാം എന്‍െറ ശൈശവ ഹീറോകളായതില്‍ അത്ഭുതമില്ല. കാരണം നാലാം വയസ്സിലേ കപ്പല്‍ സഞ്ചാരം തുടങ്ങിയ ആളായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ കടലും കപ്പലും എന്‍െറ ബലഹീനതയായി മാറി. ഒപ്പം സാഹസിക നാവികകഥകളും.

അനവധി കപ്പലുകള്‍ തകര്‍ന്നടിഞ്ഞതിനു ശേഷമാണ്​ ഈ മുനമ്പില്‍ ഒരു ലൈറ്റ്ഹൗസ്‌ വേണമെന്നു തീരുമാനിക്കപ്പെട്ടത്​. 1857ല്‍ അത് സ്ഥാപിച്ചു. എന്നിട്ടും 1911ല്‍ പോര്‍ച്ചുഗീസ് കപ്പലായ ‘ലൂസിറ്റാനിയ’ ഇവിടെവെച്ച് അപകടത്തില്‍പ്പെട്ടുവത്രെ. അതോടെ, ലൈറ്റ് ഹൗസിന്‍െറ സ്ഥാനം അല്‍പം മാറ്റി, കൃത്യം മുനമ്പുമുനയിലേക്കു സ്ഥാപിച്ചു. സമുദ്രനിരപ്പില്‍നിന്നും 238 മീറ്റര്‍ പൊക്കത്തിലുള്ള പഴയ വിളക്കുമാടം മനോഹരമായ ഒരു സ്മാരകമാണ്. പാര്‍ക്കിങ്​ സ്ഥലത്തുനിന്നും ഈ ദീപസ്തംഭത്തിനടുത്തേക്ക് പോകാന്‍ അങ്ങേയറ്റം ഇക്കോ ഫ്രണ്ട്​ലി ആയിട്ടുള്ള ‘ഫ്യൂനികുലാര്‍’ എന്നൊരു സംവിധാനമുണ്ട്. ലോകത്തിലെ ഏക ഫ്യൂനികുലാര്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നു അറിയാന്‍ കഴിഞ്ഞു. കപ്പിയും ലോഹക്കമ്പിയുമുപയോഗിച്ചുള്ള ഇരട്ടവണ്ടികളാണ് ഫ്യൂനികുലാര്‍. പരസ്പര ബന്ധിതമായ സമതുലിതവും ഏകകാലികവുമായ ചലനമാണ് ഈ ഇരട്ടവണ്ടികളുടെ പ്രത്യേകത. ഒരു വണ്ടി കുന്നിറങ്ങുമ്പോള്‍, മറ്റേ വണ്ടി അതിനോടൊപ്പം കയറുകയും ചെയ്യും. ഞാന്‍ ഒരു വശത്തേക്കു ഫ്യൂനികുലാര്‍ ഉപയോഗിച്ചു. തിരിച്ചു നടന്നിറങ്ങി.

അറ്റ്‌ലാന്റിക് നീലിമ

ഫ്യൂനികുലാറില്‍നിന്നും ഇറങ്ങുന്നിടത്തുനിന്നു ഇരുന്നൂറിലധികം പടികള്‍ കയറിവേണം പഴയ വിളക്കുമാടത്തിലേക്കെത്താന്‍. വലിയ ഉത്സാഹത്തോടെ ഞാനവിടേക്കു ഓടിക്കയറി. ചുവപ്പും വെളുപ്പും ചായം മാറിമാറിപ്പൂശിയിട്ടുള്ള ആ ദീപസ്തംഭം അറ്റ്‌ലാന്റിക്കിന്‍െറ നീലപശ്ചാത്തലത്തില്‍ മനോഹരമായ ഒരു കാഴ്ചയായിരുന്നു. സ്ഥാപിച്ചു കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇത് പ്രശ്‌നങ്ങളുണ്ടാക്കിത്തുടങ്ങി. ശക്തമായ പ്രകാശസ്രോതസ്സായിരുന്നിട്ടും കപ്പല്‍ച്ചേതങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ ഈ ദീപത്തെ മറച്ചുകളയുന്ന ഒരു അത്ഭുതപ്രതിഭാസം ഇവിടെ നടമാടാന്‍ തുടങ്ങിയത്രെ.. ഒരു വര്‍ഷത്തില്‍ ശരാശരി 900 മണിക്കൂറുകളെങ്കിലും ഇത്തരത്തിലുള്ള ദീപഗ്രഹണങ്ങള്‍ സംഭവിക്കാറുണ്ടായിരുന്നു എന്ന്​ അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍, ഞാന്‍ വിസ്മയിച്ചുപോയി. ഈ അത്യാധുനികകാലത്തും ഡയസ്സിന്‍െറയും മറ്റു നാവികരുടേയും ഗതികിട്ടാ ആത്മാവുകള്‍ ഈ മുനമ്പില്‍ പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണോയെന്നു ഞാനൊരു നിമിഷം സംശയിച്ചു. അടുത്തനിമിഷം തന്നെ ആ അശാസ്ര്തീയചിന്ത ഞാന്‍ പാടേ തള്ളിക്കളയുകയും ചെയ്തു. വിളക്കുമാടത്തിന്‍െറ ഉയര്‍ന്ന പൊക്കം കാരണം, മേഘങ്ങളും കോടമഞ്ഞും ഈ പ്രകാശസ്രോതസ്സിനെ ഇടയ്ക്കിടെ വന്നുമൂടുന്നതുകൊണ്ടാണിതു സംഭവിച്ചത് എന്ന ശാസ്ര്തീയ നിരീക്ഷണം എനിക്കു തൃപ്തികരമായിരുന്നു. അങ്ങനെയാണ്​ പുതിയൊരു വിളക്കുമാടത്തിന്‍െറ ആവശ്യകത ബോധ്യപ്പെട്ടത്. പഴയതിന്‍െറ കുറവുകള്‍ പരിഹരിച്ചുകൊണ്ട്. ആദ്യമായി അതിന്‍െറ പൊക്കം കുറച്ചു. കുറച്ചുകൂടെ താഴത്തു മുനമ്പിനറ്റത്തു സ്ഥാപിക്കുകയും ചെയ്തു പുതുസ്തംഭത്തെ. ഒരു കോടി മെഴുകുതിരിവെളിച്ചത്തിന്‍െറ ശക്തിയുള്ള പ്രകാശകിരണങ്ങളാണ് എല്ലാ മുപ്പതു സെക്കന്റിലും മൂന്നു പ്രാവശ്യം വീതമായി നിരന്തരം ഈ പുതുവിളക്കുമാടം രാത്രികളില്‍ ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ തീരത്തെ ഏറ്റവും ശക്തമായ ഈ പ്രകാശസ്രോതസ്സില്‍നിന്നും 63 കിലോ മീറ്റര്‍ ദൂരം വരെ വെളിച്ചം കടലില്‍ കാണാനാവുമത്രെ.

മുനമ്പിന്​ ചുറ്റും കയാക്കിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവർ

വിളക്കുമാടത്തെ പ്രദക്ഷിണം ചെയ്ത്, നിരവധി ഫോട്ടോകളുമെടുത്ത് ഞാനവിടെനിന്നുമിറങ്ങി. ടേബിള്‍ മൗണ്ടനിൽ കണ്ട പല പക്ഷികളേയും ജീവികളേയും അതിന്‍െറ പരിസരത്തു കാണുകയുണ്ടായി. ഡാസ്സികളായിരുന്നു അക്കൂട്ടത്തില്‍ ഏറ്റവും പ്രമുഖര്‍. യാതൊരു മടിയും ലജ്ജയുമില്ലാതെ ഫോ​േട്ടാകളെടുത്തോളാന്‍ വേണ്ടി എന്‍െറ ക്യാമറയ്ക്കുമുന്നില്‍ ഞെളിഞ്ഞിരുന്നു ആ മിടുക്കന്മാര്‍.
പാറക്കെട്ടുകള്‍ക്കടുത്ത് അറ്റ്‌ലാറ്റിക്കിലെ തിരകള്‍ വന്നടിയുന്ന തീരത്തുതന്നെ വെണ്‍കല്ലുകൊണ്ടുണ്ടാക്കിയ ഒരു വമ്പന്‍ കുരിശുമാടം കാണാം. ഗാമയുടെ സ്മരണയ്ക്കായി പോര്‍ച്ചുഗീസ് സര്‍ക്കാര്‍ പണികഴിപ്പിച്ചുട്ടള്ളതാണത്. ഏതാണ്ടൊരു നാലു കിലോ മീറ്റര്‍ ദൂരെ അതുപോലെത്തന്നെയുള്ള മറ്റൊരു കുരിശുമാടം കൂടിയുണ്ട്. ഡയസ്സിന്‍െറ ഓര്‍മയ്ക്കായിട്ടുള്ളത്. ഈ രണ്ടു സ്തംഭങ്ങളേയും ചേര്‍ത്തൊരു വര വരച്ചാല്‍ മുനമ്പിനു തൊട്ടുള്ള, എന്നാല്‍ പുറമേനിന്നു എളുപ്പത്തില്‍ കാണാനാവാത്ത, കടലില്‍ മറഞ്ഞുകിടക്കുന്ന വിറ്റില്‍ പാറക്കൂട്ടത്തിലേക്കെത്തും. ഈ പാറക്കൂട്ടം തന്നേയാണ് ഡയസ്സിന്‍െറയും മറ്റനവധി നാവികരുടേയും ജീവനെടുത്ത നാവികദുര്‍ഘടകേന്ദ്രം എന്നത് ഈയവസരത്തില്‍ ഓര്‍ക്കാതെ വയ്യ.

മുനമ്പിലെ ഒട്ടകപക്ഷി

കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം അതിദാരുണമായ മൂന്നു വലിയ കപ്പല്‍ച്ചേതങ്ങള്‍ ഈ പാറക്കെട്ടുകള്‍ മൂലം സംഭവിച്ചിട്ടുണ്ടത്രെ. 1911 ഏപ്രിലില്‍ അതായത് ടൈറ്റാനിക് മുങ്ങുന്നതിനു കൃത്യം ഒരു വര്‍ഷം മുമ്പ്, 5500 ടണ്‍ ഭാരവും 700ൽ അധികം യാത്രക്കാരുമുണ്ടായിരുന്ന ‘ലൂസിറ്റാനിയ’ ഇവിടെ തകര്‍ന്നടിഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കന്‍ കപ്പലായ ലിബര്‍ട്ടി, 1968 ല്‍ ‘ഫിലീസിയ’ എന്ന നൗക ഇവയൊക്കെ ദുരന്തങ്ങള്‍ക്കിരയായ കഥ മറക്കാനായിട്ടില്ല. എന്തിനേറെ, ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍പ്പോലും രണ്ടു വന്‍കപ്പലപകടങ്ങള്‍ ഇവിടെയുണ്ടായത്രെ. നിരവധിപേര്‍ മരിക്കുകയും ചെയ്തു.

പലരും വിചാരിക്കുന്നതു പോലെ ‘കേപ്പ് ഓഫ് ഗൂഡ് ഹോപ്​’ എന്നു വെച്ചാല്‍ ആഫ്രിക്കയുടെ ഏറ്റവും തെക്കുഭാഗത്തുള്ള സ്ഥലമല്ല. ഗുഡ് ഹോപ്പില്‍നിന്നും ഏതാണ്ട് 150 കിലോ മീറ്റർ ദൂരെ കിഴക്കുമാറിയുള്ള സൂചീമുനമ്പ് അല്ലെങ്കില്‍ ‘കേപ്പ് എഗലെസ്’ എന്ന ഭാഗത്തിനാണ് ആ സ്ഥാനം. ഗുഡ് ഹോപ്പ് മുനമ്പ് യഥാര്‍ത്ഥത്തില്‍ ആഫ്രിക്കയുടെ ഏറ്റവും തെക്കുപടിഞ്ഞാറുള്ള ഭൂഭാഗമാണെന്നു പറയാം. അതെഴുതിക്കാണിച്ചുകൊണ്ടുള്ള ഒരു നീളന്‍ പലക അവിടെ സ്ഥാപിച്ചിട്ടുണ്ട്. ദക്ഷിണ അക്ഷാംശവും പൂര്‍വ്വരേഖാംശവും തമ്മില്‍ സമ്മേളിക്കുന്ന ഈ ഭൂമീബിന്ദുവില്‍ വെച്ച് ചിത്രങ്ങളെടുക്കാന്‍ നല്ല തിരക്കായിരുന്നു. കുറേ കാത്തുനിന്ന ശേഷം എനിക്കും കുറച്ചു ചിത്രങ്ങളെടുക്കാനായി.

ഗുഡ്​ ഹോപ്​ മുനമ്പിൻറെ വിശാല ദൃശ്യം

കേപ്പ് പോയിന്റില്‍ ചുറ്റിയടിക്കാന്‍ ഒമ്പതോളം നടവഴികള്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. പലതും മരപ്പലകകളിട്ടു മനോഹരമായി നിർമിച്ചവയാണ്. അക്കൂട്ടത്തില്‍ ആന്റണീസ്ഗാറ്റ് വഴിയിലൂടെ ഞാന്‍ കുറച്ചുനടന്നു. ബഫത്സ് ഉള്‍ക്കടല്‍ വരെ ഏതാണ്ട്​ മൂന്നര കിലോ മീറ്ററാണതിന്‍െറ നീളം. തിരിച്ചുനടന്നപ്പോഴേക്കും സൂര്യന്‍ അറ്റ്ലാന്റിക്കിനപ്പുറത്തേക്കു പതുക്കെ ചാഞ്ഞു തുടങ്ങിയിരുന്നു. മേഘക്കീറുകളാല്‍ പാതിമറഞ്ഞുകൊണ്ടായിരുന്നു ചെമ്പട്ടണിഞ്ഞ അസ്തമയഗോളം സമുദ്രത്തിലമര്‍ന്നത്. ആ സുന്ദരഗമനത്തിന്‍െറ ഓരോ നിമിഷവും ഞാന്‍ കണ്‍നിറയെ കണ്ടുനിന്നു. മുനമ്പിലാകെ വെളിച്ചവും മങ്ങി. എനിക്കു പോകാന്‍ സമയമായെന്നതിന്‍െറ അറിയിപ്പായിരുന്നു അത്.

അതിമനോഹരമായ ആ ഭൂവില്‍നിന്നും മനസ്സില്ലാമനസ്സോടെ ഞാന്‍ തിരിച്ചുനടന്നു. അപ്പോഴാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ട് ഒട്ടകപ്പക്ഷികള്‍ മന്ദംമന്ദം ഒരുമിച്ചുനടന്നുവരുന്നത് കണ്ടത്. പൂവനും പിടയുമായിരുന്നു അത്. മറ്റു പക്ഷികളെപ്പോലെ ഇണചേരും കാലത്ത് ഒട്ടകപ്പക്ഷികള്‍ വലിയ ബഹളമൊന്നുമുണ്ടാക്കാറില്ല. ശരീരത്തില്‍ ശ്രദ്ധേയമായ വ്യത്യാസങ്ങളൊന്നും സൃഷ്ടിക്കാറുമില്ല. കൂടിവന്നാല്‍ ആണിന്‍െറ കഴുത്തും കാലുകളും ചുവന്നു തുടുത്തേക്കും. രക്തപ്രവാഹത്തിന്‍െറ ആധിക്യത്താല്‍. മേയ്​ മാസം ഇണചേരും കാലത്തില്‍പ്പെടും. അത് സെപ്റ്റംബര്‍ വരെ നീണ്ടുനിന്നേക്കാം. ആണ്‍പക്ഷി മുന്നോട്ടാഞ്ഞു കറുപ്പും വെളുപ്പുമാര്‍ന്ന ചിറകുകള്‍ വിടര്‍ത്തിയുയര്‍ത്തിനിന്നു. ഇണയെ ആകര്‍ഷിക്കാനുള്ള സ്ഥിരം അടവാണത്. പെണ്ണാകട്ടെ ഇരുട്ടുവീണ വഴിയിലൂടെ അവളുടെ നായകനെ ആകര്‍ഷിച്ചുകൊണ്ട് ദൂരേക്കും നടന്നു. അല്‍പമൊരു നൃത്തച്ചുവടുകളുമായി ആണ്‍പക്ഷി അവളുടെ പുറകേയും. അപ്പോഴേക്കും അറ്റ്‌ലാന്റിക് സമുദ്രം പൂർണമായും ഇരുണ്ടുകഴിഞ്ഞിരുന്നു. ശുഭപ്രതീക്ഷാമുനമ്പിലേക്കും ആ ഇരുട്ട് പതുക്കെ പരന്നൊഴുകി. അന്ധകാരത്തിന്‍െറ മറവില്‍ ആ സുന്ദരവിഹഗങ്ങള്‍ മുട്ടിയുരുമ്മി നിന്നിരിക്കണം. അവരുടെ സ്വകാര്യതയിലേക്കു കടന്നുകയറാതെ, ആ ഇണചേരല്‍ മനസ്സില്‍ മാത്രം കണ്ടുകൊണ്ട് ഞാൻ ബര്‍തലേമ്യോ ഡയസ്സിന്‍െറ മുനമ്പില്‍നിന്നും വണ്ടികയറി. അങ്ങിങ്ങു തെളിഞ്ഞുതുടങ്ങിയ വെളിച്ചങ്ങള്‍ നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ആനന്ദാധിക്യത്താല്‍ ഇണകള്‍ കുറുകുന്നതും കൂവിവിളിക്കുന്നതുമായ ശബ്ദങ്ങള്‍ എന്‍െറ ചെവിയില്‍ വന്നുനിറഞ്ഞു.

Show Full Article
TAGS:African Safari Cape of Good Hope bartholomio diaz vasco da gama Travel Story 
News Summary - An adventurous Travel to Cape of Good Hope - South Africa Part 3 - Travelogue
Next Story