ബോൾഗാട്ടി വഴി മലേഷ്യയിലേക്ക്
text_fieldsസബ്ന
നസീർ
അവസാന നിമിഷത്തിൽ മുടങ്ങിപ്പോയൊരു യാത്രയയായിരുന്നു അത്. ആഗ്രഹം അത്രമേൽ വലുതായിരുന്നതിനാലാവാം, അപ്രതീക്ഷിതമായി വീണ്ടും യാത്രക്ക് അവസരമൊരുങ്ങി. ‘ബോൾഗാട്ടി വഴി’ മലേഷ്യയിലേക്ക് നടത്തിയ യാത്രയിലെ ട്വിസ്റ്റുകളെ കുറിച്ച് റാസൽഖൈമയിലെ പ്രവാസി സബ്ന നസീർ എഴുതുന്നു......
അങ്ങിങ്ങായി മഴവെള്ളം കെട്ടിക്കിടക്കുന്ന ചെമ്മൺപാത വിട്ടു കാർ പ്രധാന റോഡിലേയ്ക്ക് പ്രവേശിച്ചതോടെ കുട്ടികളെല്ലാം ഉത്സാഹഭരിതരായി. ഒരു വിദേശ രാജ്യത്തേക്ക് വിനോദയാത്ര പോകുക എന്നത് അവരുടെ ഏറെ നാളത്തെ സ്വപ്നമായിരുന്നു. കന്നിയാത്രയ്ക്ക് മലേഷ്യ തെരഞ്ഞെടുത്തതും കുട്ടികൾ തന്നെ. സഹോദരിയും കുടുംബവും കൂട്ടിനുണ്ട്. അവരും വലിയ ഉത്സാഹത്തിലാണ്. പാട്ടും കളിചിരികളുമൊക്കെയായി കാർ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
പെട്ടെന്നൊരു തോന്നലിൽ കൂടെയുണ്ടായിരുന്ന സഹോദരീഭർത്താവ് തമാശരൂപേണ പറഞ്ഞു ‘ഏതെങ്കിലും കാരണവശാൽ ഈ യാത്ര മുടങ്ങിയാൽ നമുക്ക് ബംഗളൂരു- മൈസൂരു ഒക്കെ കറങ്ങിയിട്ട് തിരിച്ചു വീട്ടിൽ പോകാം അല്ലെ’.. എന്റെ മനസ്സൊന്നു പിടഞ്ഞു. ‘ഏറെ നാളായി ഏവരും കൊതിച്ചിരുന്ന യാത്രയ്ക്കിറങ്ങിപ്പുറപ്പെടുമ്പോൾ ഇങ്ങനെയൊക്കെ പറയാമോ ?’ ഞാൻ ചോദിച്ചു. ഉടൻ സഹോദരി പറഞ്ഞു ‘ആൾ പറഞ്ഞാൽ പറഞ്ഞതു പോലെ നടക്കും കെട്ടോ’. അതെല്ലാം തമാശയായി ചിരിച്ചു തള്ളി ഞങ്ങൾ യാത്ര തുടർന്നു. വിമാനത്താവളത്തിലെത്തി ചെക്ക് ഇൻ ചെയ്യുന്നതിനായി വരിയിൽ നിൽക്കുമ്പോൾ, ഞങ്ങൾ പരിസരബോധമില്ലാതെ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. യാത്രക്കാർ പലരും തെല്ലൊരു അസൂയയോടെ ഞങ്ങളെ നോക്കി, ചിലർ അസഹിഷ്ണുതയോടെയും. ഒടുവിൽ ഞങ്ങളുടെ ഊഴമെത്തി. മൂത്ത മകളാണ് ആദ്യം കൗണ്ടറിലേക്ക് നീങ്ങിയത്. വിസ പരിശോധിച്ച ശേഷം ആ ഉദ്യോഗസ്ഥ പറഞ്ഞു ‘സോറി, യു കാണ്ട് ട്രാവൽ നൗ, നിങ്ങളുടെ വിസയിൽ ചില കാര്യങ്ങൾ വ്യക്തമല്ല’.
അന്തരീക്ഷം കുറേക്കൂടി ഗൗരവ സ്വഭാവം പൂണ്ടു. ഞങ്ങൾ രണ്ടു കുടുംബങ്ങളും വരിയിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്നു. സഹോദരീ ഭർത്താവ് ഉടനെ ട്രാവൽസ് ഉടമയെ ഫോണിൽ വിളിച്ചു. ക്ഷമിക്കണം എന്നല്ലാതെ മറ്റൊന്നും പറയാൻ അന്നേരം അയാൾക്കില്ലായിരുന്നു. ആ യാത്രയ്ക്ക് ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് മൂത്ത മകളായിരുന്നു. യാത്ര മുടങ്ങിയിരിക്കുന്നു എന്ന തിക്തസത്യം ഞെട്ടലോടെയും വേദനയോടെയും ഞങ്ങൾ തിരിച്ചറിഞ്ഞു. സങ്കടവും വിഷമവും മുഖത്തു പ്രതിഫലിക്കാതിരിക്കാൻ മകൾ പാടുപെടുന്നതു ഞാൻ കണ്ടു.
കുടുംബാംഗങ്ങളോടൊപ്പം സബ്ന നസീർ
അതുവരെയുണ്ടായിരുന്ന കളിതമാശകളും പൊട്ടിച്ചിരികളും നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. വരിയിലെ മറ്റു യാത്രക്കാർ ഇത്തവണ സഹതാപത്തോടെ ഞങ്ങളെ നോക്കി നിന്നു. കുട്ടികൾ അഞ്ചുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകാൻ പാകത്തിലായിക്കഴിഞ്ഞിരുന്നു. കൂടുതൽ ചിന്തിച്ചു നില്ക്കാൻ സമയമില്ല. സഹോദരിയെയും കുടുംബത്തെയും എങ്ങനെയെങ്കിലും യാത്രയാക്കണം. ഞങ്ങൾ കാരണം അവരുടെ യാത്ര മുടങ്ങരുത്. വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഞങ്ങൾക്കരികിലെത്തി. ‘ഇപ്പോൾത്തന്നെ സമയം ഏറെ വൈകിയിരിക്കുന്നു. നിങ്ങൾ പെട്ടെന്ന് രണ്ടിലൊന്ന് തീരുമാനിക്കണം’. സഹോദരീഭർത്താവിനു നേരെ തിരിഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു-‘നിങ്ങൾ യാത്ര ചെയ്യുന്നുണ്ടോ ഇല്ലയോ ?’.
സഹോദരീഭർത്താവ് ഞങ്ങളോടായി പറഞ്ഞു ‘ഒറ്റയ്ക്കു പോകാനായിരുന്നെങ്കിൽ മുൻപേ തന്നെ ഞങ്ങൾക്ക് പോകാമായിരുന്നു. നിങ്ങളും കൂടിയുണ്ടെങ്കിലേ അതിലൊരു സന്തോഷമുള്ളൂ. കുട്ടികൾക്കാണെങ്കിലും നിങ്ങളുടെയൊപ്പം പോകാനേ ഇഷ്ടമുള്ളൂ. ടിക്കറ്റിന്റെ പണം നഷ്ടപ്പെട്ടാലും സാരമില്ല, പോകുന്നെങ്കിൽ നമ്മളൊരുമിച്ചു മാത്രം’.
ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചുതുടങ്ങി. അവരെ യാത്രയാക്കാൻ ഞങ്ങൾക്ക് ഏറെ പണിപ്പെടേണ്ടിവന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ അവർ മുന്നോട്ട് നടന്നു നീങ്ങി. ഉദ്യോഗസ്ഥൻ ഭർത്താവിന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു ‘വളരെ നല്ല തീരുമാനം, ഇത് തന്നെയാണ് ശരി’.
ജീവിതത്തിൽ എത്രയോ വിമാനയാത്രകൾ നടത്തിക്കഴിഞ്ഞിരുന്ന ഞങ്ങൾ, അന്നാദ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ അകമ്പടിയോടെ, വിമാനത്താവളത്തിന്റെ പിറകുവശത്തെ വാതിലിലൂടെ പുറത്തേക്കിറങ്ങി.
ചാറ്റൽമഴ നനഞ്ഞുകൊണ്ട് ഞങ്ങൾ കാർ ലക്ഷ്യമാക്കി നടന്നുനീങ്ങി. തിരിച്ചു കാറിൽ കയറിയതോടെ സങ്കടപ്പെരുമഴയിൽ നനയാനൊരുങ്ങിക്കൊണ്ട് കുട്ടികളും. ഞാൻ പറഞ്ഞു ‘ഇന്നേതായാലും നമുക്ക് വീട്ടിലേയ്ക്ക് തിരിച്ചുപോകേണ്ട. നല്ലൊരു ഹോട്ടലിൽ മുറിയെടുത്തു തങ്ങാം. നാളെ നഗരം മുഴുവൻ ചുറ്റിക്കറങ്ങി വൈകുന്നേരത്തോടെ തിരിച്ചു പോകാം’. പറഞ്ഞു തീരുന്നതിനു മുൻപേ, ബോൾഗാട്ടി പാലസിലേക്കുള്ള വഴി എന്ന ബോർഡ് തൊട്ടു മുൻപിൽ. ഞങ്ങൾ മുഖത്തോടു മുഖം നോക്കി. കാർ നേരെ ബോൾഗാട്ടിയിലേക്ക്.
സമയം 11 മണിയായിക്കാണും. നല്ല വിശപ്പുണ്ട്. പോകുന്ന വഴിയിൽ ഏതെങ്കിലും നല്ലൊരു ഹോട്ടലിൽ കയറി ആഹാരം കഴിച്ചിട്ടു മതി ബാക്കിയെന്തും എന്നു ഞങ്ങൾ തീരുമാനിച്ചു. ആദാമിന്റെ ചായക്കട കണ്ടതോടെ കാർ ഒതുക്കി നിർത്തി, ഞങ്ങൾ അങ്ങോട്ട് കയറി. ആഹാരം ഓർഡർ ചെയ്തു കാത്തിരിക്കുമ്പോഴാണ് തൊട്ടു മുൻപിൽ തന്നെ വലിയ പരസ്യം ശ്രദ്ധയിൽപ്പെട്ടത്. അതിൽ വെണ്ടയ്ക്ക അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു ‘ഞങ്ങൾക്ക് അങ്ങ് മലേഷ്യയിലുമുണ്ടെടാ പിടി’. കരിഞ്ഞുപോയ മലേഷ്യൻ സ്വപ്നത്തിന്റെ ചാരവും പേറി വന്നുകയറിയ ഞങ്ങളിൽ, ആ വാചകം ആ വിഷമഘട്ടത്തിലും ചിരി പടർത്തി.
ആഹാരം കഴിച്ചു പുറത്തിറങ്ങുമ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. കാർ വീണ്ടും ബോൾഗാട്ടി പാലസ് ലക്ഷ്യമാക്കി നീങ്ങി. അകമ്പടി സേവിച്ചു കൊണ്ടിരുന്ന മഴയും ഇരുട്ടും, ഒന്നുരണ്ടു വട്ടം യാത്രയുടെ ഗതി തിരിച്ചു വിട്ടെങ്കിലും ഒന്നരയോടെ ബോൾഗാട്ടിയിലെത്തി.
വാച്ച്മാൻ ഉറക്കച്ചടവോടെ വന്നു ഗേറ്റ് തുറന്നു. കയ്യിൽ താക്കോൽക്കൂട്ടവുമായി ഓഫീസ് മുറിയിൽ നിന്നും ഒരാൾ വന്നു ഞങ്ങളെ മുന്നോട്ടു നയിച്ചു. ആ അർദ്ധരാത്രിയിലും കായൽ അതിസുന്ദരിയായിരുന്നു. അപ്പോഴും ചന്നം പിന്നം ചാറിക്കൊണ്ടിരുന്ന മഴ ആ സൗന്ദര്യത്തിന് മാറ്റു കൂട്ടി. ജാലകവാതിൽ അല്പമൊന്നു തുറന്നു വച്ചു ആ ഇളംതണുപ്പിൽ ഞങ്ങൾ സുഖമായി ഉറങ്ങി. എന്നാൽ ആ സമയം തൊട്ടടുത്ത മുറിയിൽ രണ്ടു കുഞ്ഞുഹൃദയങ്ങൾ തേങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ഞങ്ങളറിഞ്ഞതേയില്ല.
പിറ്റേന്നു രാവിലെ ഹോട്ടൽ ജീവനക്കാരൻ പ്രഭാതഭക്ഷണവുമായി വന്നപ്പോൾ മാത്രമാണ് ഞങ്ങൾ ഉറക്കമുണർന്നത്. ഭക്ഷണശേഷം ഞങ്ങൾ അവിടമെല്ലാം ചുറ്റിനടന്നു കണ്ടു. നേരം ഉച്ചയോടടുക്കുന്നു. മക്കൾ ഇതുവരെ ഉണർന്നിട്ടില്ല. പാലസ് സന്ദർശിക്കാൻ അവരെയും കൂട്ടണം. ഞാൻ അവരുടെ മുറിയിലേക്ക് നടന്നു. ‘നേരം ഒരുപാടായി, വേഗം എഴുന്നേറ്റ് റെഡിയാകൂ. നമുക്ക് പാലസ് കാണണ്ടേ ?’ ‘ഞങ്ങളിന്നലെ ഒരുപാട് വൈകിയാണ് ഉറങ്ങിയത്. പരസ്പരം സങ്കടം പറഞ്ഞു തീർക്കുകയായിരുന്നു’-ചെറിയ മകൾ പറഞ്ഞു.
തലേന്നുണ്ടായ അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ അവരെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി. തിരിച്ചു മുറിയിൽ വന്നു ഞാൻ ഭർത്താവിനോടു ചോദിച്ചു; ‘നമുക്കിന്നു പോകാൻ കഴിയുമോ മലേഷ്യക്ക് ?’ കേട്ട മാത്രയിൽ അദ്ദേഹം പറഞ്ഞു ‘ഞാനത് അങ്ങോട്ടു ചോദിക്കാനിരിക്കുകയായിരുന്നു. അതല്ലെങ്കിൽ ഈ സംഭവം ഏതു കാലത്തും കുട്ടികളുടെ മനസ്സിൽ ഒരു നോവായി അവശേഷിക്കും. ഞാൻ ട്രാവൽസ് ഉടമയെ വിളിച്ചുനോക്കട്ടെ’.
വൈകുന്നേരത്തോടെ വിസ അയച്ചു തരാമെന്നു കേട്ടതോടെ ആശ്വാസമായി. ഉടനെ ഓടിപ്പോയി മക്കളോട് വിവരം പറഞ്ഞു. ‘നമ്മൾ ഇന്നു പോകുന്നു മലേഷ്യക്ക്’. വിശ്വാസം വരാത്തതുപോലെ രണ്ടുപേരും പരസ്പരം നോക്കി. അവരുടെ കണ്ണുകളിൽ പ്രകാശം പരന്നു. പിന്നെ ഒരാവേശമായിരുന്നു. രണ്ടുപേരും ഞൊടിയിടയിൽ ഒരുങ്ങിയിറങ്ങി. പാലസ് സന്ദർശനവും ഉച്ചഭക്ഷണവും കഴിഞ്ഞു ഞങ്ങൾ വീണ്ടും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.
തലേന്നു രാത്രി നിരാശയോടെ തിരിച്ചു പോയ ഞങ്ങളെ വീണ്ടും കണ്ടപ്പോൾ വിമാനത്താവളത്തിലെ ജോലിക്കാർക്കും സന്തോഷമായി. അവർ അടുത്തേക്കോടിവന്നു പറഞ്ഞു ‘ഇന്നു പോകാൻ തീരുമാനിച്ചു അല്ലെ .. അതേതായാലും വളരെ നന്നായി. ഇന്നലത്തെ ആ രംഗങ്ങൾ ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. വേഗം പൊയ്ക്കോളൂ, അവർ നിങ്ങളെയും കാത്തിരിപ്പുണ്ടാവും അവിടെ’. അവർ ഞങ്ങളെ സന്തോഷത്തോടെ യാത്രയാക്കി.
രാവിലെ ഒമ്പതയോടെ ഞങ്ങൾ മലേഷ്യയിൽ നേരത്തെ ബുക്ക് ചെയ്തുവച്ചിരുന്ന ഹോട്ടലിൽ എത്തി. ഞങ്ങളെ കണ്ടതോടെ സഹോദരിയും കുടുംബവും ഓടിവന്നു ആഹ്ലാദം പങ്കുവച്ചു. പത്തുമണിയ്ക്ക് ടൂറിസ്റ്റ് ബസ് എത്തും. യാത്രാക്ഷീണം വക വയ്ക്കാതെ വളരെ വേഗത്തിൽ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ഹോട്ടലിനു പുറത്തെത്തി. കുട്ടികൾ അന്നേരം രണ്ടാമതൊരു വട്ടം കൂടി ആഘോഷങ്ങൾക്ക് തിരി കൊളുത്തുകയായിരുന്നു.
പെട്രോണാസ് ടവർ, ബാട്ടു കേവ്സ്, ജെന്റിങ് ഹൈലാൻഡ്സ് തുടങ്ങി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ഞങ്ങൾ സന്ദർശിച്ചു. ജെന്റിങ് ഹൈലാൻഡ്സിൽ നടത്തിയ കേബിൾ കാർ യാത്രയായിരുന്നു ഏറെ ആസ്വദിച്ചത്. ഭയം മൂലം കണ്ണുകളടച്ചുകൊണ്ട് ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയിരുന്ന സഹോദരി ഞങ്ങളേവരേയും പൊട്ടിച്ചിരിപ്പിച്ചു.
ഹൈലാൻഡ്സിലെ മാളിൽനിന്നും കഴിച്ച മധുരം ചേർത്ത ബിരിയാണിയും ഫ്രൈഡ് റൈസും മറ്റും മലേഷ്യൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രത്യേകത വിളിച്ചോതുന്നവയായിരുന്നു. കൊതിയൂറും മലേഷ്യൻ സ്പെഷ്യൽ ചോക്ലേറ്റ്സ് വാങ്ങി ബാഗിലാക്കാൻ കുട്ടിസംഘം മറന്നില്ല.
ബോൾഗാട്ടി മുതൽ മലേഷ്യ വരെ, ഞങ്ങളുടെ യാത്രയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് ചാറ്റൽമഴയും കൂടെയുണ്ടായിരുന്നു. ഇടക്കിടെയുണ്ടാകുന്ന ചാറ്റൽമഴ മലേഷ്യയുടെ പ്രത്യേകതയാണ്.
ആ നാലു ദിനങ്ങൾ എങ്ങനെ കടന്നുപോയി എന്നറിയില്ല . കളിച്ചും ചിരിച്ചും രസിച്ചും മതിമറന്നുല്ലസിച്ച നാലു ദിനങ്ങൾ. ഒരായുഷ്കാലം മുഴുവൻ ഓർക്കാൻ മനോഹരമായ മുഹൂർത്തങ്ങൾ മനസ്സിൻ ചിമിഴിലൊളിപ്പിച്ചു വച്ച് ഞങ്ങൾ തിരികെ വിമാനം കയറി. അങ്ങനെ ചരിത്രത്തിലാദ്യമായി ബോൾഗാട്ടി വഴി മലേഷ്യയിലേക്ക് പറന്ന കുടുംബം എന്ന ഖ്യാതി ഞങ്ങൾക്കു സ്വന്തമായി.