Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightപ്രഷാർ തടാകക്കരയിൽ...

പ്രഷാർ തടാകക്കരയിൽ നക്ഷത്രങ്ങളെ പ്രണയിക്കുമ്പോൾ

text_fields
bookmark_border
prashar lake
cancel
camera_alt

പ്രഷാർ തടാകവും സമീപത്തെ അമ്പലവും

അന്ന്​ രാവിലെ ഞാൻ എണീക്കുന്നത് ഇൻഫാസിന്‍റെ ഫോൺവിളി കേട്ടിട്ടാണ്. സാധാരണ രാവിലെ അങ്ങനെയൊന്ന് ഉണ്ടാവാറില്ല. ഡൽഹിയിലെ ചൂടൊക്കെ പതിയെ വിട്ടുമാറുന്ന സമയമാണ്. അതുകൊണ്ട് തന്നെ ജാമിഅ മില്ലിയ്യയിൽ രാവിലെ 9.30ന്​ ക്ലാസില്ലെങ്കിൽ ആരും ആ സമയത്തൊന്നും എണീക്കുക പതിവല്ല. ഇതിപ്പോ എന്തിനാണാവോ എന്നോർത്ത് അതേ ഉറക്കച്ചടവിൽ തന്നെ ഫോണെടുത്ത് കാര്യം തിരക്കി.

"അതേയ്, ഇന്ന് ഛണ്ഡീഗഢിലേക്ക്​ വല്ല ട്രെയിനും ഉണ്ടോന്ന് നോക്ക്".

"എന്ത് പറ്റി, എന്താ കാര്യം".

"ഇയ്യൊന്ന് വേഗം നോക്കീട്ട് പറ".

ഇത്രേം പറഞ്ഞ് ഫോൺ കട്ടായി. ഐ.ആർ.ടി.സി നോക്കിയപ്പോൾ അന്ന് ഉച്ചക്ക് തന്നെ ഒരു ട്രെയിനുണ്ട്. 6.30 ആവുമ്പോഴേക്കും ഛണ്ഡീഗഢ്​ എത്തും. ആദ്യം വിചാരിച്ചത് ഓന്‍റെ ഫ്രണ്ട്സ് ആരെങ്കിലും നാട്ടീന്ന് വന്നിട്ടുണ്ടാകും എന്നാണ്. കാരണം ആര് ഡൽഹിക്ക് വന്നാലും അടുത്ത ലക്ഷ്യം മണാലിയാവും. പല പ്രിയങ്ങളും മാറി മറിഞ്ഞിട്ടുണ്ടെങ്കിലും മലയാളിക്ക് മണാലിയോടുള്ള പ്രണയത്തിന് മാത്രം ഒരു കുറവും സംഭവിച്ചിട്ടില്ല. അതിങ്ങനെ അതിശക്തമായി തന്നെ തുടർന്ന് പോവുകയാണ്.

ഡൽഹിയിൽനിന്ന് മണാലിയെത്താൻ രണ്ട് വഴികളാണ്. ഒന്ന് നേരിട്ട് മണാലിക്കുള്ള ബസ് പിടിക്കുക. എ.സിയോ സ്ലീപ്പറോ സെമി സ്ലീപ്പറോ, മൊത്തം കുലുങ്ങി മറയണ ലോക്കൽ ബസോ... അങ്ങനെ നമ്മളെ പോക്കറ്റിന്‍റെ കപ്പാസിറ്റിക്ക് അനുസരിച്ച് ഏത് വണ്ടിയും ലഭ്യമാണ്. രണ്ടാമത്തേതും പൈസ ലാഭിക്കാൻ താൽപ്പര്യമുള്ളോർക്കുള്ള വഴിയാണ്. ഡൽഹീന്ന് ഛണ്ഡീഗഢ്​ വരെ ട്രെയിനിൽ പോയി അവിടുന്ന് മണാലിക്കുള്ള ബസ് കേറാം. മൊത്തത്തിലൊന്ന് കൂട്ടി കിഴിച്ച് നോക്കിയാൽ ഈ വഴിക്ക് പോണോർക്ക് ഒരു പത്തിരുന്നൂറ് ഉറുപ്പിക എന്തായാലും ലാഭിക്കാം.

ഇൻഫാസിനെ വിളിച്ച് ഉച്ചക്കൊരു ട്രെയിനുണ്ടെന്ന് പറഞ്ഞ്.

'അല്ലാ, ഇതാർക്കാണിപ്പോ.. നാട്ടീന്ന് ആരേലും വന്നിട്ടുണ്ടോ'.

'ഏയ്.. നാട്ടിന്നൊന്നും ആരും വന്നിട്ടൊന്നുല്ല'

'പിന്നിതാർക്കാണ്.. ഇയ്യെന്താ രാവിലെന്നെ ആളെ എണീപ്പിച്ച് തമാശ കളിക്കാ'.

ലോകത്ത് വേറൊരു മനുഷ്യനോടും പലപ്പോഴും ആവശ്യത്തിന് പോലും ചൂടാവാത്ത ഞാൻ അതൊക്കെ തീർക്കണത് ഈ പാവത്തിന്‍റെ അടുത്താണ്. 'ഇയ്യ്‌ ചൂടാവല്ലേ, ഞാൻ പറയണത് ഒന്ന് കേക്ക്. മ്മക്കിന്നീ ട്രെയിനിന് ഒന്ന് ഛണ്ഡീഗഢ്​ പോയാലോ'? ആരെങ്കിലും എങ്ങോട്ടെങ്കിലും പോയാലോ എന്ന് ചോദിച്ചാ പിന്നെ വേണ്ടാന്ന് പറയാൻ പറ്റാത്ത ഞാൻ അപ്പൊ തന്നെ ചാടിക്കേറി പോവാന്ന് സമ്മതിച്ചു.

'അല്ലാ, ഛണ്ഡീഗഢ്​ പോയിട്ട് അവിടുന്ന് പിന്നെ എങ്ങോട്ടാണ്'.

'അതൊക്കെ മ്മക്ക് വഴിക്കന്ന് തീരുമാനിക്കാം, എന്തായാലും ഇയ്യ്‌ ഉച്ചയാവുമ്പോഴേക്ക് ജാമിഅയിലേക്ക് വാ".

അല്ലെങ്കിൽ തന്നെ എപ്പോഴാണ് സ്ഥലോം സമയോം ഒക്കെ നിശ്ചയിച്ച് യാത്രകൾ പോയിട്ടുള്ളത്. എല്ലാം അങ്ങനെയങ്ങ്​ സംഭവിച്ച്​ പോവുന്നതല്ലേ. അതുകൊണ്ട് തന്നെയാവും യാത്രകൾക്കൊക്കെയും ഇത്ര ചന്തം. ഇന്നീ ഭൂമിയിൽ യാത്രകളേക്കാൾ എന്നെ ആവേശം കൊള്ളിക്കാൻ കഴിയുന്ന മറ്റൊന്നുമില്ല എന്നുറപ്പാണ്. എന്തായാലും ചെറുതായി തണുപ്പ് തുടങ്ങിയിട്ടുണ്ട്. ഛണ്ഡീഗഢിൽനിന്നും അടുത്തത് ഉറപ്പായും ഹിമാചാലോ ഉത്തരാഖണ്ഡോ തന്നെയാവും. ഞാനൊരു പക്ഷെ ഏറ്റവും കൂടുതൽ തവണ യാത്രകൾ പോയിട്ടുള്ളതും ഇവിടേക്ക് തന്നെയാവും.

എത്ര കണ്ടാലും തീരാത്തത്ര കാഴ്ചകളുണ്ടവിടെ. എത്തിപ്പെടുന്ന ഓരോ മനുഷ്യന്‍റെയും കണ്ണും ഹൃദയവും തൃപ്​തിപ്പെടുത്താനുള്ളതെല്ലാം അവിടെയുണ്ട്. ഒരു സ്വെറ്ററും തെർമൽ ഷാളും ബാഗിൽ എടുത്തിട്ടു. ഡൽഹിയിൽ വന്ന് ആദ്യ മാസം തന്നെ ബീവിയെയും കൂട്ടി നോയിഡ ഡെക്കത്താലോണിൽ പോയി വാങ്ങിയ 200 രൂപയുടെ ഒരു കൊച്ചു ബാഗാണ്. എത്ര ദിവസമുള്ള യാത്രയിലും ഞാൻ ഒപ്പം കൂട്ടാറുള്ളത് ഇവനെയാണ്. എനിക്ക് വേണ്ടതത്രയും ഇതിനുള്ളിൽ ഭദ്രമായിരിക്കും. എന്‍റെ യാത്രകളിലെ സന്തത സഹചാരി.

ഡൽഹി ജമാമസ്​ജിദ്​

ഇനിയധികം നേരമില്ല. എവിടേക്ക് പോവാനിരുന്നാലും ഞാനവസാനം എന്തെങ്കിലും കാരണം കൊണ്ട് എത്താൻ വൈകും. പോവേണ്ട വണ്ടി മിസ്സാവും. ഞാനും ഇൻഫാസും നല്ല ഒന്നാന്തരം വാഴക്കാവും. ഇത് തന്നെയാണ് പതിവ്. അതിത്തവണയെങ്കിലും ഒഴിവാക്കാം എന്നുറപ്പിച്ച് നേരത്തെയിറങ്ങി. ഡൽഹിയിൽ ഇപ്പോഴും അത്യാവശ്യം നല്ല ചൂടുണ്ട്. എങ്കിലും അതങ്ങ് ഉച്ചിയിലെത്തുന്നത് മാർച്ച് പകുതി ആകുമ്പോഴേക്കാണ്. കഴിഞ്ഞ പ്രാവശ്യം അവധിക്ക് നാട്ടിൽ പോവാതെ ഇവിടെ തന്നെ നിന്നത് കാരണം ഞാനും ഷായും അത് ശരിക്ക് അനുഭവിച്ചതാണ്.

എങ്കിലും ആ ചൂട് കാലത്ത് രാത്രി ബട്​ല ഹൗസിൽ പോയി തണുത്തൊരു റൂഹഫ്സ കുടിക്കണത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖം തന്നെയാണ്. പലപ്പോഴും ആ സുഖം തേടി ബട്​ല ഹൗസിൽ നിന്ന് ഞങ്ങൾ ജമാമസ്ജിദ് വരെയും എത്താറുണ്ട്. ഹോസ്റ്റലിൽനിന്ന്​ ഇറങ്ങി നേരെ പോയത് ജാമിഅ ബസ് സ്​റ്റോപ്പിലക്കാണ്​. അവിടെനിന്ന് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് നാല് കിലോമീറ്റർ ദൂരമേയുള്ളൂ. ജീവിതത്തിലാദ്യമായി ഞാനെത്തിയ ശേഷമാണ് ഇൻഫാസ് വന്നത്.

ഉച്ചക്ക് ഒന്നരക്കാണ് ട്രെയിൻ. ടിക്കറ്റ് കൗണ്ടറിന് മുന്നിൽനിന്ന് രണ്ടുപേരും ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് മുടിഞ്ഞ ആലോചനയിലാണ്. അവസാനം പലപ്പോഴായി ടിക്കറ്റ് എടുക്കാത്തതിന്‍റെ പേരിൽ ടി.ടി പൊക്കി ധനനഷ്​ടം വന്ന കാര്യങ്ങൾ ഓർത്ത് രണ്ട് ടിക്കറ്റ് എടുത്തേക്കാം എന്ന് തന്നെ ഉറപ്പിച്ചു.

നിസാമുദ്ദീൻ റെയിൽവേ സ്​റ്റേഷൻ

ടിക്കറ്റ് കൗണ്ടറിൽ നല്ല തിരക്കാണ്. പക്ഷെ ലേഡീസിൽ കൊറച്ച് കൊറവുണ്ട്. അതെന്താണാവോ, ഈ ആണുങ്ങളെല്ലാം പെണ്ണുങ്ങളെ എവിടെയെങ്കിലും ഭദ്രമായി ഇരുത്തി ടിക്കറ്റ് എടുക്കാൻ വരുന്നത് കൊണ്ടാണോ? അല്ലെങ്കിൽ പെണ്ണുങ്ങൾ 'പോയി ടിക്കറ്റ് എടുക്ക് മനുഷ്യാ' എന്നും പറഞ്ഞ് ആണുങ്ങളെ വിരട്ടി വിട്ടതുമാവാം. അല്ലെങ്കിലും ഈ ഉത്തരേന്ത്യൻ പെണ്ണുങ്ങൾക്കൊക്കെ പവർ കൊറച്ച് കൂടുതലാണ്.

ട്രെയിനെന്ന വീട്​

വെറുതെ സമയം നോക്കിയപ്പോഴാണ് മണി ഒന്നര ആവാറായ കാര്യം അറിയുന്നത്​. ഇഷ്​ടം പോലെ സമയം ഉണ്ടെന്നും പറഞ്ഞ് ആടിപ്പാടി നടന്നിട്ട് ഇനി ട്രെയിനെങ്ങാനും കിട്ടിയില്ലെങ്കിൽ ആകെ ശോകമാവും. ട്രെയിൻ വരുന്നത് ഭാഗ്യത്തിന് രണ്ടാമത്തെ പ്ലാറ്റ്​ഫോമിലാണ്. അധികം നടക്കാനില്ല. നമ്മളോടി കിതച്ചു അവിടെയെത്തിയപ്പോഴേക്കും മൂപ്പർ പതിയെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. അല്ലേലും ജീവിതത്തിലിന്നേ വരെ ഒരു യാത്ര പോലും സമാധാനത്തോടെ പോവാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഒരു ട്രെയിൻ പോലും ഞാൻ കേറിയിരുന്നശേഷം സ്​റ്റേഷൻ വിട്ടുപോയിട്ടുമില്ല.

എ​പ്പോഴും ഓടിക്കയറലും ചാടി ഇറങ്ങലുമൊക്കെയാണ്. ഒക്കെ കൂടെ ഇപ്പൊ ഇന്ത്യൻ റെയിൽവേയിലെ ഏതാണ്ട് എല്ലാ ട്രെയിനുകളുടെയും മുക്കും മൂലയും കാണാപാഠമാണ്. ബാത്‌ റൂമിലൊഴികെ ഇനിയെവിടെയും തുണി വിരിച്ച് ഇരിക്കാനും കിടക്കാനും ബാക്കി വെച്ചിട്ടുമില്ല.

ജീവിതത്തിലെ രണ്ടാമത്തെ വീട്​ എന്നൊക്കെ പറയുന്നത് എനിക്കീ ട്രെയിനുകളാണ്. ഞാനെന്തോ അത്രയേറെ സുരക്ഷിതത്വം ഇവിടെ അനുഭവിക്കുന്നു. എനിക്കൊരുപാട് പ്രിയപ്പെട്ട കുടുംബങ്ങളുണ്ടായ ഇടമാണിത്. എനിക്കെന്‍റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെയും അമ്മമാരെയും ദീദിമാരെയും ഭയ്യമാരെയും തന്നതും ഈ ട്രെയിനുകളാണ്. എന്‍റെ അത്രയും പ്രിയപ്പെട്ടിടം.

ട്രെയിനിൽ നിറയെ കുട്ടികളാണ്. അവരോട് സംസാരിച്ചിരുന്ന് അവരുടെ ഒപ്പം കൂടാൻ നല്ല രസം. സമയം പോവുന്നതേ അറിയുന്നില്ല. അല്ലെങ്കിലും നിഷ്കളങ്കമായ പുഞ്ചിരിക്കൊപ്പം അത് അടുത്തുള്ളവർക്കു കൂടി സമ്മാനിക്കാൻ കുഞ്ഞുങ്ങൾക്കെന്തോ പ്രത്യേക കഴിവാണ്. ഏതാണ്ടൊരു 6.30 ആയപ്പോയേക്കും ട്രെയിൻ ഛണ്ഡീഗഢ്​ എത്തി.

ട്രെയിനിലുണ്ടായിരുന്ന കുട്ടി

ട്രെയിനിറങ്ങിയത് നേരെ ടി.ടിയുടെ മുന്നിലേക്ക്​. ടിക്കറ്റ് എടുത്തിട്ടും ടി.ടി വരാതിരുന്നാൽ എന്തോ വല്ലാത്തൊരു നിരാശയാണ്. ചുറ്റിലും മൂപ്പർ ടിക്കറ്റ് എടുക്കാത്തതിന്‍റെ പേരിൽ പിടിച്ചുനിർത്തിയ ആൾക്കാരാണ്. ടി.ടി ചോദിക്കാതെ തന്നെ ടിക്കറ്റ് കാണിച്ച് കൊടുത്ത്​ റെയിൽവേ സ്‌റ്റേഷന്‍റെ പുറത്തോട്ടിറങ്ങി.

ഞൊടി നേരം കൊണ്ട് എവിടുന്നാണെന്നൊന്നും അറിയില്ല, പ്രതിയെ കൊണ്ട് പോവുമ്പോൾ പത്രക്കാര് വന്ന്​ വളയുന്ന പോലെ നമ്മളെ ചുറ്റും റിക്ഷക്കാരാണ്. പിന്നെ അവരുടെ ഇടയിൽ തന്നെ നമ്മുടെ ലഗ്ഗേജിന്​ വേണ്ടിയുള്ള അടിയാവും. അവസാനം ഏതെങ്കിലുമൊരാൾ തന്‍റെ ശക്തി മുഴുവൻ ഉപയോഗിച്ച് ലഗ്ഗേജും പിന്നെ നമ്മളേം അയാളുടെ റിക്ഷയിൽ പിടിച്ചിരുത്തി കിക്കറും അടിച്ചശേഷമാവും എങ്ങോട്ടാ പോവേണ്ടതെന്ന് വരെ ചോദിക്കുക.

സത്യം പറഞ്ഞാ ഇവര് വന്ന് ചുറ്റും കൂടിയപ്പോഴാണ് ഇനിയെങ്ങോട്ടാണ് എന്ന് ചിന്തിക്കുന്നത്. ട്രെയിനിൽനിന്ന് ഒരു തീരുമാനമാക്കാം എന്ന് വിചാരിച്ചതാണ്. പക്ഷെ അതിലിരുന്ന് ആൾക്കാരോട് മിണ്ടിപ്പറയുന്ന കൂട്ടത്തിൽ അങ്ങനൊരു കാര്യം മറന്നുപോയി. ഇനിയിപ്പോൾ എന്തായാലും ബസ് സ്റ്റാൻഡിൽ പോയിരുന്നിട്ട് നോക്കാം. ഹിമാചലിലേക്കും ഉത്തരാഖണ്ഡിലേക്ക​ുമെല്ലാം ഇനി ബസ് സർവിസ് മാത്രമേയുള്ളൂ.

ഛണ്ഡീഗഢ്​ ബസ്​ സ്റ്റാൻഡ്​

റെയിൽവേ സ്​റ്റേഷനിൽനിന്ന് പത്ത് രൂപക്ക് സ്റ്റാൻഡിലേക്ക്​ ബസ് കിട്ടും. പിന്നെ വെറുതെ ഈ അമ്പതും അറുപതും കൊടുത്തു റിക്ഷക്ക് പോണത് എന്തിനാണ്. പോരാത്തതിന് ഇഷ്​ടം പോലെ സമയവുമുണ്ട്. എങ്ങനെയൊക്കെയോ ചുറ്റും കൂടിയ റിക്ഷക്കാരെയെല്ലാം ഒഴിവാക്കി ബസ് സ്​റ്റോപ്പിലെത്തി. ആദ്യം വന്ന ബസിൽ തന്നെ ചാടിക്കേറി.

കാണാൻ നല്ല ഭംഗിയുള്ള കുട്ടി ബസുകളാണ് ഛണ്ഡീഗഢിലുള്ളത്​. ഏതാണ്ട് ഇതിന്‍റെ ഇരട്ടി വലിപ്പമുണ്ടാവും ഡൽഹിയിലെ ഡി.ടി.സി ബസുകൾക്ക്. ബസ് സ്റ്റാൻഡിലേക്ക് അവിടുന്ന് 15 മിനുറ്റ് ദൂരമുണ്ട്​. ഏകദേശം ആറ്​ സംസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന ബസുകളെത്തുന്ന അത്യാവശ്യം വലിയൊരു ബസ് സ്റ്റാൻഡാണ് ഛണ്ഡീഗഢ്​. ഹരിയാന, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങി ഒരുപാട് ഇടത്തേക്ക് പോവാനുള്ള ബസുകൾ ഇവിടുന്ന് കിട്ടും. ഡൽഹിയിലെ കാശ്മീരി ഗേറ്റ് പോലെ.

ഉച്ചക്ക് ഹോസ്റ്റലിൽനിന്ന് ഇറങ്ങുമ്പോ ഭക്ഷണം കഴിച്ചതാണ്. നല്ല വിശപ്പുണ്ട്. യാത്രകളിൽ ഏറ്റവും വില കൊറവുള്ള ഭക്ഷണം എവിടുന്ന് കിട്ടുവോ, അവിടുന്ന് കഴിച്ചാണ് ശീലം. ഛണ്ഡീഗഢിൽ അത്തരം കടകൾ കണ്ടുപിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാം അത്യാവശ്യം നല്ല വലിപ്പമുള്ള ഹോട്ടലുകൾ. എങ്ങോട്ടുപോണം എന്ന് തീരുമാനിച്ചശേഷം ഭക്ഷണം കഴിക്കാനിറങ്ങാം എന്നായി.

ഛണ്ഡീഗഢ്​

അങ്ങനെ ഹിമാചലിലെയും ഉത്തരാഖണ്ഡിലെയും ഓരോരോ സ്ഥലങ്ങൾ ഓർത്തെടുത്തു പറയുന്ന കൂട്ടത്തിലാണ് ഒരിക്കൽ മനസ്സിൽ കേറിക്കൂടിയ പ്രഷാർ എന്ന പേര് തെളിഞ്ഞുവരുന്നത്. മൂന്ന് കാലാവസ്ഥകളിൽ മൂന്ന് തരം വേഷത്തിൽ മൂന്ന് നിറങ്ങളിൽ കാഴ്ചക്കാരായെത്തുന്നവരെ വിസ്മയിപ്പിക്കുന്ന പ്രഷാർ തടാകം.

ഗ്രീഷ്മത്തിലും വസന്തത്തിലും ശിശിരത്തിലും ഒരുപോലെ സുന്ദരിയായിരിക്കുന്ന പ്രഷാറിനെ ദുനിയാവിലെ സ്വർഗം എന്നല്ലാതെ മറ്റെന്തു പേരുകൊണ്ട് വിശേഷിപ്പിക്കാൻ കഴിയും. ഇത്രയും മനോഹരമായ ഒരു കാഴ്ച കാണാതെ പോവുന്നത് അത്ര വലിയ നഷ്​ടമാണ്. അതുകൊണ്ട് ഇന്നിനി യാത്ര പ്രഷാറിലേക്ക്​ തന്നെയെന്ന് ഉറപ്പിച്ച്‌ ബസ് സ്റ്റാൻഡിൽനിന്നും ഭക്ഷണം കഴിക്കാനായി ഇറങ്ങി നടന്നു. യാത്രകളിൽ എപ്പോഴും നടത്തമാണ് നല്ലത്. എത്തിപ്പെടുന്ന സ്ഥലത്തെയും അവിടെയുള്ള ആളുകളെയും കൂടുതൽ അറിയാൻ അത് സഹായിക്കും. പോരാത്തതിന് പൈസയും ലാഭിക്കാം. സ്വന്തമായി വരുമാനം പോലുമില്ലാതെ യാത്രകളോട് ഭ്രാന്ത് പിടിച്ചിറങ്ങുമ്പോൾ ഇതിലും നന്നായി മറ്റെങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുക.

നിറയെ പട്ടാളക്കാരും ഹൈക്ലാസ്​ ആളുകളും കൂടുതലായുള്ള ഛണ്ഡീഗഢിൽ ചെറിയൊരു തട്ടുകടയോ ഹോട്ടലോ കണ്ടുപിടിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും സമയം ഒരുപാടുള്ളത് കൊണ്ടും വെറുതേ സംസാരിച്ച് നടക്കാൻ ഒരുപാട് ഇഷ്​ടമുള്ള രണ്ടാളുകളായത് കൊണ്ടും ഞങ്ങൾ മടുപ്പില്ലാതെ നടന്നു. അല്ലെങ്കിലും പെട്ടെന്ന് തന്നെ ഒരു കട കണ്ടുപിടിച്ച് ഭക്ഷണം കഴിച്ചിറങ്ങി ഇതെങ്ങോട്ട് പോവാനാണ്.

സമയമെന്ന ഭാഗ്യം

ഇന്നിനി രാത്രി 12 മണിക്കുള്ള ബസിനാണ് പ്രഷാറിലേക്ക്​ വാഹനം കിട്ടുന്ന മണ്ഡിയിലേക്ക് പോവേണ്ടത്. ഇപ്പോൾ സമയം ഏഴു മണി കഴിഞ്ഞതേയുള്ളൂ. ഇനിയും എത്രയെത്ര മണിക്കൂറുകൾ ബാക്കിയാണ്. ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. സമയമില്ലാത്തവരുടെ മാത്രം ഈ ലോകത്ത് ഞങ്ങൾക്ക് സമയമുണ്ടായിരുന്നു. പ്രത്യേകിച്ച് ഒന്നിനെ പറ്റിയും വ്യാകുലപ്പെടാനില്ലാതെ വെറുതെ കൊച്ചു വർത്തനങ്ങൾ പറഞ്ഞിരിക്കാനും പരസ്​പരമറിയാനും മിണ്ടാനും ഞങ്ങൾക്കിതാ സമയമുണ്ടായിരിക്കുന്നു. ഈ യാത്രകൾ ഞങ്ങളെ ഒരുപാട് സമയമുള്ളവരാക്കി മാറ്റിയിരിക്കുന്നു.

അങ്ങനെ നടന്ന് നടന്ന് അവസാനം ഞങ്ങൾ ചണ്ഡീഗഢ്​ മെയിൻ മാർക്കറ്റിലെത്തി. അവിടെയിവിടെയായി വലിയ തലയെടുപ്പുള്ള കടകൾക്കിടയിൽ സാധാരണക്കാരുടെ കുഞ്ഞു കടകളും കണ്ടുതുടങ്ങി. മറ്റുള്ളിടത്ത് സെക്യൂരിറ്റി വാതിൽ തുറന്ന് കൊടുക്കുകയും രണ്ടും മൂന്നും പേർ ഓർഡറെടുക്കാൻ കാത്തുനിൽക്കുകയും ചെയ്യുമ്പോൾ ഇവിടെ ഈ കടകളുടെ മുതലാളിയും സെക്യൂരിറ്റിയും വൈറ്ററും പാചകക്കാരനും എല്ലാം ഒരാളാണ്. അയാളുടെ ആ കുഞ്ഞു സാമ്രാജ്യത്തി​െൻറ മൂലധനം അയാളിലധിഷ്ഠിതമായ ഒരു കൊച്ചു കുടുംബവും.

ഇന്ത്യയുടെ ആത്മാവ് സാധാരണക്കാരിൽ ആണെന്ന് പറയുന്നത് എത്ര മാത്രം ശരിയാണല്ലേ. സാധാരണക്കാരില്ലാത്ത, ചേരികളില്ലാത്ത, ഏതു തൊഴിലും ചെയ്യാൻ യാതൊരു മടിയുമില്ലാത്ത ഒരു രാജ്യം നമ്മൾക്കൊന്ന് സങ്കൽപ്പിക്കാനെങ്കിലും കഴിയുമോ. ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയപ്പോഴേക്കും ഇരുട്ട് വീണ് കഴിഞ്ഞിരുന്നു.

തീരാത്ത കഥകൾ

പക്ഷേ ഛണ്ഡീഗഢ്​ രാത്രിയിൽ അത്ര മനോഹരിയല്ല. അങ്ങിങ്ങായി തെളിയിച്ചു ​െവച്ചിരിക്കുന്ന സ്ട്രീറ്റ് ബൾബുകളും പിന്നെ വല്ലപ്പോഴും എഴുന്നേറ്റ് കുരക്കുന്ന തെരുവ് പട്ടികളുമല്ലാതെ ഇവിടെ മറ്റെല്ലാം നിശ്ശബ്ദമാണ്. ദില്ലി പോലെ ഇവിടെ രാത്രിയിൽ ജീവിക്കുന്ന മനുഷ്യരില്ല. നക്ഷത്രങ്ങളെ പ്രണയിക്കുന്നവരുമില്ല.

ഡൽഹിയിലെ രാത്രികാഴ്ച

ദില്ലിയിൽ ആളുകൾ ഉണർന്നിരിക്കുന്നത് മുഴുവൻ രാത്രികളിലാണ്. അവർക്ക് പകലിനേക്കാൾ ഏറെ ഇഷ്​ടം ഇരവിനോടാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. സത്യത്തിൽ ഇത്രയേറെ മനോഹരമായ രാത്രികൾ ഞാനീ ദുനിയാവിൽ മറ്റെവിടെയും തന്നെ കണ്ടിട്ടില്ലെന്നു വേണം പറയാൻ. തിരിച്ച് ചണ്ഡീഗഢ്​ ബസ് സ്റ്റാൻഡിലെത്തിയപ്പോഴും നേരം എട്ടു മണി കഴിഞ്ഞിട്ടേ ഉള്ളൂ. ഇനിയും നേരമുണ്ട്. ഇനിയും പറയാൻ ഒരുപാടൊരുപാട് കഥകളുമുണ്ട്.

സന്തോഷം, ദുഃഖം, നഷ്ടങ്ങൾ, നേട്ടങ്ങൾ, പ്രണയം, വിരഹം, നിരാശ, പ്രതീക്ഷ, യാത്രകൾ, ഓർമകൾ, കലാലയം, കുടുംബം, കൂട്ടുകാർ... അങ്ങനെയങ്ങനെ നമുക്ക് പറയാൻ എത്രയധികം കാര്യങ്ങളാണ്. മൂന്നു മണിക്കൂർ പോയിട്ട് മുവ്വായിരം മണിക്കൂറുകളുണ്ടെങ്കിൽ പോലും പറഞ്ഞു തീരാത്തത്രയും കാര്യങ്ങൾ നമ്മുടെയെല്ലാം ജീവിതം ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ നമുക്ക് സമ്മാനിച്ചിരുന്നു.

അല്ലെങ്കിലും പറയാൻ കഥകളില്ലാത്ത മനുഷ്യരെ എന്തിനു കൊള്ളാം. പറഞ്ഞു പറഞ്ഞു നേരം പതിനൊന്നരയായിരിക്കുന്നു. പന്ത്രണ്ട് മണിക്കുള്ള ബസിന് ടിക്കറ്റ് എടുക്കണം. ഇരിപ്പ് നിർത്തി നേരെ കൗണ്ടറിലോട്ട് ചെന്നു. ഓരോരോ ബസ് വരുമ്പോഴും അതിൽ ബാക്കിയുള്ള സീറ്റിനനുസരിച്ചാണ് ടിക്കറ്റ് കൊടുക്കുന്നത്. കൗണ്ടറിൽ നല്ല തിരക്കാണ്. സാധാരണ കാണുന്നത് പോലെ ഇവിടെ ലേഡീസ് ഒൺലി കൗണ്ടറുകളുമില്ല. പന്ത്രണ്ട് മണിയുടെ ബസിൽ സീറ്റ് കൊറവാണ്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ടിക്കറ്റ് കിട്ടിയില്ല. ഇനി അടുത്ത ബസ് വരണം. അതിനിനി പന്ത്രണ്ടര കഴിയും.

രാവിലെ എട്ടു മണിക്ക് മണ്ഡിയിലെത്തിയില്ലെങ്കിൽ പിന്നെ ആകെ കുഴയും. എന്നും രാവിലെ എട്ടു മണിക്ക് മണ്ഡിയിൽ നിന്നുമെടുക്കുന്ന ബസല്ലാതെ അങ്ങോട്ട് എത്താൻ വേറെ മാർഗ്ഗങ്ങളൊന്നുമില്ല. ഛണ്ഡീഗഢിൽനിന്നും മണ്ഡിയിലേക്ക് ഏതാണ്ട് ഏഴു മണിക്കൂർ യാത്രയുണ്ട്. ഇനിയേതായാലും വരുന്നിടത്ത് വെച്ച് കാണാം എന്നുറപ്പിച്ച് അടുത്ത ബസ്​ വരുന്നതും കാത്തിരിക്കാൻ തുടങ്ങി. ഭാഗ്യത്തിന് അടുത്ത ബസ് പന്ത്രണ്ടരക്ക് തന്നെ എത്തി. ഞങ്ങൾക്കതിൽ ടിക്കറ്റും കിട്ടി.

മുന്നിലുള്ള സീറ്റ് തന്നെയാണ് കിട്ടിയത്. പുറകിൽ വല്ലതുമായിരുന്നെങ്കിൽ കുലുങ്ങി കുലുങ്ങി ഒരു വഴിയായേനെ. അങ്ങനെയുള്ള റോഡുകളാണ്. അല്ലെങ്കിൽ പിന്നെ സ്ലീപ്പർ ഒക്കെയാവണം. ലോക്കൽ ബസാണെങ്കിൽ മുന്നിലുള്ള സീറ്റ് തന്നെ കിട്ടണെ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുക മാത്രമാണ് ഏക വഴി. രാവിലെ മണ്ഡിയിൽ എത്തുമ്പോൾ ഞങ്ങളെ ഒന്ന് വിളിച്ചുണർത്തണേ എന്ന് പല തവണ കണ്ടക്ടറോട് പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് ഉറങ്ങാൻ കിടന്നത്.

പല സന്ദർഭങ്ങളിലും ഉറക്കം ഒരു വില്ലനായി വന്ന് പല യാത്രകളും നശിപ്പിച്ചത് കൊണ്ട് ഇത്തവണ ഒരു മുൻകരുതൽ എന്ന പോലെ രണ്ടാളുകളുടെയും ഫോണിൽ നല്ല ഉച്ചത്തിൽ അലാറോം വെച്ചു. അതുകേട്ട് നമ്മൾ എഴുന്നേറ്റില്ലെങ്കിലും ബസിലുള്ള ബാക്കിയുള്ളോർ എഴുന്നേറ്റ് നമ്മളെ വിളിച്ചോളും എന്ന ഒരൊറ്റ പ്രതീക്ഷയിലാണ് ഞങ്ങൾ രണ്ടുപേരും. എന്തായാലും അതി​െൻറയൊന്നും ആവശ്യമില്ലാതെ തന്നെ കണ്ടക്​ടർ വാക്കുപാലിച്ചു. മണ്ഡി എത്തുന്നതി​െൻറ പത്തു മിനിറ്റ് മുന്നേ തന്നെ ഞങ്ങളെ വിളിച്ച് എണീപ്പിച്ചു.

ഡൽഹിയിലെ ശത്രുക്കൾ

നല്ല കോച്ചിപിടിക്കുന്ന തണുപ്പാണ്. ഇതിലും വലിയ തണുപ്പ് ഞങ്ങൾ കൊണ്ടിട്ടുണ്ട്. ഇത് പക്ഷെ ഡൽഹിയിലെ ചൂടിൽനിന്നും പെട്ടെന്ന് തണുപ്പിലേക്ക് വന്നത് കൊണ്ടാവും ഇത്രക്ക് കാഠിന്യം തോന്നുന്നത്. എന്തായാലും സ്വെറ്ററും പിന്നെ ആഫ്രീൻ നിർബന്ധിച്ച് ബാഗിൽ എടുത്ത് വെപ്പിച്ച ഓളുടെ തെർമൽ ഷാളും ഉള്ളത് കൊണ്ട് രക്ഷയായി. മണ്ഡിയിൽ ഇറങ്ങിയപ്പോ ആദ്യം തോന്നിയ വികാരം കത്തുന്ന വിശപ്പാണ്. തണുപ്പത്ത് അങ്ങനെയാണ്. ഭയങ്കര വിശപ്പാണ്. എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടേയിരിക്കണം. അതുകൊണ്ട് തന്നെ തണുപ്പ് കാലങ്ങളിൽ ഹോസ്റ്റലുകളിൽ അത്ര പെട്ടെന്ന് ദഹിക്കാത്ത കട്ടി കൂടിയ ഭക്ഷണങ്ങളാണ് ഉണ്ടാവുക.

ഏതായാലും മണ്ഡി ഇറങ്ങി ഒന്ന് ഫ്രഷ് ആയി നേരെ അടുത്തു കണ്ട ചായക്കടയിൽ കേറി. സമയം ഏഴര ആവുന്നതേയുള്ളൂ. പ്രഷാറിലോട്ട് പോവാനുള്ള ബസ്,​ സ്റ്റാൻഡിൽ നിർത്തിയിട്ടിട്ടുണ്ട്. കടക്കാരനോട് ചോദിച്ചപ്പോൾ ബസെടുക്കാൻ എട്ടരയാവുമെന്ന് പറഞ്ഞു. ഉത്തരേന്ത്യക്കാരുടെ ദേശീയ ഭക്ഷണമായ ആലുപറാത്ത തന്നെയാണ് ഞങ്ങളും പറഞ്ഞത്. രണ്ട് വർഷത്തെ ഡൽഹി ജീവിതം കൊണ്ട് എ​െൻറ ഏറ്റവും വലിയ ശത്രുക്കളായി മാറിയിരിക്കുന്ന രണ്ട് പ്രമുഖരാണ് ആലുവും ദാലും.

ആലൂ പറാത്ത

എങ്കിലും ഇത്തരം ചില സന്ദർഭങ്ങളിൽ മറ്റു വഴികളില്ലാതെ ഞാനെ​െൻറയാ വെറുപ്പും വിദ്വേഷവും മറന്ന് എ​െൻറ പ്രിയപ്പെട്ട ഉരുളക്കിഴങ്ങിനെയും പരിപ്പിനെയും കഷ്ടപ്പെട്ട് പ്രണയിക്കാറുമുണ്ട്. ബസിൽ അധികം തിരക്കൊന്നുമില്ല. നാട്ടുകാർ തീരെ കുറവാണ്. ഉള്ളതിൽ അധികവും പ്രഷാറിലേക്ക് പോകുന്ന സഞ്ചാരികൾ തന്നെ.

80 രൂപയാണ് ടിക്കറ്റ് ചാർജ്. പക്ഷെ സ്ത്രീകൾക്ക് 60 രൂപ മതി. ഉത്തരേന്ത്യയിൽ പലയിടത്തും ഇങ്ങനെ തന്നെയാണ്. ടിക്കറ്റി​െൻറ കാര്യത്തിൽ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും അവർ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും മുൻഗണനയും നൽകുന്നുണ്ട്. ബസ് വളഞ്ഞു തിരിഞ്ഞുള്ള പാതയിലൂടെ വേഗത്തിൽ മുന്നോട്ട് പോവുകയാണ്.

പ്രഷാറിലേക്കുള്ള ബസ്​

ഈ ഡ്രൈവർ ഇതെത്ര സമർത്ഥമായാണ് ഈ ചെറിയ വഴികളിലൂടെ ഇത്ര വേഗത്തിൽ വണ്ടിയോടിക്കുന്നത്. റോഡി​െൻറ ഒരുവശം മുഴുവൻ പാറയാണ്. മറുവശത്ത് കണ്ണെത്താ ദൂരത്തോളം കടലുപോലെ നീണ്ടു കിടക്കുന്ന കാഴ്ചകളുള്ള കൊക്കയും.

ഇതിനിടയിൽ യാതൊരു കൂസലുമില്ലാതെ തികച്ചും സാധാരണയായി ഒരു കാര്യം ചെയ്യുന്നത് പോലെയാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. പ്രഷാർ തടാകത്തി​െൻറ താഴെ വരെ ബസ് സർവിസ് ഉണ്ട്. അതുകൊണ്ട് തന്നെ ട്രെക്ക് ചെയ്യാൻ ആഗ്രഹിക്കാത്തവർക്കും മടിയുള്ളവർക്കും എളുപ്പത്തിൽ എത്തിപ്പെടാവുന്ന ഒരിടമാണിത്​.

ബസ്​ കടന്നുപോകുന്ന വഴി

എങ്കിലും യാത്രകളിൽ കൊറച്ച് സാഹസികതയും കാട്ടിലൂടെയുള്ള ട്രെക്കിങ്ങുമെല്ലാം ഇഷ്ടപ്പെടുന്നവർക്ക് പ്രഷാറി​െൻറ പതിനാല് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാഗി വി​​േല്ലജിലോ എട്ട് കിലോമീറ്റർ ദൂരത്തുള്ള ടീൽ വില്ലജിലോ ബസിറങ്ങി ട്രെക്ക് ചെയ്തും പ്രഷാറിലെത്താം.

എന്നും രാവിലെ എട്ടു മണിക്ക് മണ്ഡി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസ്​ ഏതാണ്ടൊരു 11 മണിയാവുമ്പോഴേക്കും പ്രഷാറിലെത്തും. ഇതേ ബസ് തന്നെ ഉച്ചക്ക് ഒരു മണിക്ക് അവിടുന്ന് തിരിച്ച് മണ്ഡിയിലേക്ക് സർവിസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രഷാറിൽ ഒരു ദിവസം താമസിക്കണം എന്ന് താൽപ്പര്യമില്ലാത്തവർക്ക് അന്ന് തന്നെ മടങ്ങിപ്പോരാനുള്ള സൗകര്യവുമുണ്ട്. അവിടെയെത്തുന്ന ഏതാണ്ട് എല്ലാ സഞ്ചാരികളും അതേദിവസം തന്നെ തിരിക്കുകയാണ് പതിവ്.

ബസിൽനിന്നുള്ള കാഴ്ച

ടീൽ വില്ലേജിലൂടെ

ഞങ്ങളേതായാലും യാത്രകളിൽ അൽപ്പം സാഹസികതയാവാം എന്നുറപ്പിച്ച് ടീൽ വില്ലേജിലാണ് ബസിറങ്ങിയത്. സാധാരണ ഗ്രാമങ്ങളിൽ അരികിലരികിലായുള്ള ഒരുപാട് ചെറിയ വീടുകൾ കാണാൻ സാധിക്കുമെങ്കിലും പതിവിന് വിപരീതമായി ടീൽ വില്ലേജ് ആൾതാമസം നന്നേ കുറവുള്ള ഒരിടമാണ്. ചുറ്റും മലകളും കാടുകളുമാണ്. അങ്ങിങ്ങായി മേഞ്ഞുനടക്കുന്ന ആടുകളെയും പശുക്കളെയും അവർക്ക് പിന്നാലെ വടിയും പിടിച്ച് അലസരായി നടക്കുന്ന ചില കുട്ടികളെയും കാണാം.

ആടുകൾ തന്നെ പലവിധമുണ്ട്. മുട്ടനാടുകൾ, ചെമ്മരിയാടുകൾ, കോലാടുകൾ... അങ്ങനെ പല പല പേരുകളിലായി, വ്യത്യസ്ത രൂപത്തിലും കോലത്തിലും അവയിങ്ങനെ മൈതാനം കണക്കെ ഒഴുകി നടക്കയാണ്. ദൂരെ പുൽമേടുകളിൽ അവയൊരു വെള്ളക്കടൽ പോലെ പുല്ലുതേടി നടക്കുന്ന കാഴ്​ച അതിമനോഹരമാണ്.

മേഞ്ഞു നടക്കുന്ന ആട്ടിൻപറ്റം

ടീലിൽ ബസിറങ്ങിയ പാടെ അടുത്തുള്ളൊരു ചായ കടയിൽ കയറി ചൂടുള്ള രണ്ട് ചായ പറഞ്ഞു. ഈ തണുപ്പിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴിയും അത് തന്നെയാണ്. ചായ കുടിച്ചു കൊണ്ടിരിക്കെ അയാളോട് പ്രഷാറിലോട്ടുള്ള വഴിയും ചോദിച്ചു. അടുത്ത് കാണുന്ന ഇടവഴി കാണിച്ച്​ അതുവഴി നേരെ പോയാൽ മതിയെന്ന് പറഞ്ഞു.

ടീൽ ഗ്രാമത്തിലെ പ്രകൃതി രമണീയമായ കാഴ്ചകൾ

ഏതാണ്ട് ഇനി എട്ടു കിലോമീറ്ററോളം ദൂരമുണ്ട്. ചുറ്റും പൈൻ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണ്. രാവിലത്തെ തണുപ്പി​െൻറ കാഠിന്യം കുറഞ്ഞു കുറഞ്ഞു വരികയാണ്. മേലോട്ട് കയറും തോറും മരങ്ങളുടെ എണ്ണം കൂടികൂടി വരുന്നു. പൈൻ മരങ്ങൾ തന്നെയാണ് കൂടുതലും.

കാലികളെ മേയ്ച്ചു​ നടക്കുന്ന ടീൽ ഗ്രാമത്തിലെ സ്ത്രീ

പണ്ട് പ്ലസ്ടുവിലെ ബെറ്റ്സി മാമി​െൻറ ബോട്ടണി ക്ലാസും "bryophytes" ഇനത്തിൽ പെടുന്ന പൈൻ കോണുകളും പിന്നീട് അതേവർഷം കൊടൈക്കനാലിലേക്ക് സ്കൂൾ ടൂർ പോയപ്പോ ഞങ്ങളെ കൊണ്ട് കോൺ എടുപ്പിച്ച് ഇതിനി അടുത്ത കൊല്ലത്തെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാം എന്നുപറഞ്ഞ് ഭദ്രമായി എടുത്തുവെച്ച മാമി​െൻറ മുഖവുമാണ് പെട്ടെന്ന് ഓർമയിൽ വന്നത്.

പ്രഷാറിലേക്ക്​ സ്വാഗതം ചെയ്​തുള്ള ബോർഡ്​

മോഹിപ്പിക്കുന്ന ഹിമാലയം

ഇനിയും ഒരുപാട് നടക്കാനുണ്ട്. ചുറ്റുമുള്ള കാഴ്ചകൾ അത്രക്ക് മനോഹരമാണ്. കണ്ണെത്താ ദൂരത്തോളം മലകളാണ്. അതിനുമപ്പുറം ഹിമാലയം. എന്നാവും ഞാൻ നി​െൻറ മടിത്തട്ടിലേക്ക് എത്തുന്നത്. എന്നാവും ഞാൻ നിന്നെയും കെട്ടിപ്പിടിച്ച് സുഖമായി വലിയൊരു ആഗ്രഹം നിറവായതി​െൻറ സംതൃപ്​തിയിൽ ഒന്നുറങ്ങുന്നത്.

എന്നായാലും, അതെത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും ഒരു നാൾ ഞാനുറപ്പായും നി​െൻറയരികിലേക്ക് എത്തുക തന്നെ ചെയ്യും. ഇൻഷാ അല്ലാഹ്. അതുവരെ എ​െൻറ കാഴ്ചകളിൽ എന്നെ അത്രമേൽ കൊതിപ്പിക്കുന്ന കളിപ്പാട്ടമായി നീയിങ്ങനെ നിറഞ്ഞു തന്നെ നിൽക്കുക.

ടീൽ ഗ്രാമത്തിൽനിന്നും പ്രഷാറിലേക്കുള്ള വഴിയിലെ കാഴ്ചകൾ

നടക്കും തോറും വഴിയുടെ വലിപ്പം കുറഞ്ഞു വരികയാണ്. താഴെ വിശാലമായ പച്ച പരവതാനി വിരിച്ച മൈതാനമാണ്. ചുറ്റും പല വർണ്ണങ്ങളിലുള്ള പൂക്കളും കായ്കളുമുള്ള ഒരുപാട് മരങ്ങൾ.. അത് തേടിയെത്തുന്ന അനേകായിരം പക്ഷികൾ, ജന്തുജാലങ്ങൾ. എല്ലാവരും തീർത്തും സ്വതന്ത്രമായിരിക്കുന്ന ഒരിടം. ഇവിടെ ആർക്കും ആരും അധിപനും അടിമയുമല്ല. എല്ലാവരും ഈ ദുനിയാവിലെ കേവലം വിരുന്നുകാർ മാത്രം.

തണുപ്പ് ഇപ്പൊ പൂർണമായും വിട്ടുമാറിയിരിക്കുന്നു. നടക്കുന്ന വഴി മുഴുവൻ കുത്തനെയുള്ള കയറ്റങ്ങളും അതിനൊത്ത ഇറക്കങ്ങളുമാണ്. എങ്കിലും ഈ വഴികൾ ചെന്നവസാനിക്കുന്നത് ദുനിയാവിലെ സ്വർഗത്തിലാണ്. അല്ലെങ്കിലും ഏറ്റവും മനോഹരമായ കാഴ്​ചകളിലേക്കുള്ള വഴികൾ അത്ര തന്നെ കാഠിന്യം നിറഞ്ഞതാണ് എന്നാണല്ലോ.

പ്രഷാർ തടാകം

പണ്ട് കുരുക്ഷേത്ര യുദ്ധത്തിന് ശേഷം പഞ്ചപാണ്ഡവന്മാർ ഗുരു കമറുനാഗിനൊപ്പം ഇതുവഴി വരികയും, ഇത്രയും മനോഹരമായ സ്ഥലം കണ്ട ഗുരു താനിനി ശിഷ്ടകാലം ഇവിടെ ജീവിക്കുകയാണെന്ന് തീരുമാനിക്കുകയും ചെയ്തു. ഗുരുവി​െൻറ ആവശ്യങ്ങൾക്കുള്ള ജലത്തിന് വേണ്ടി പഞ്ചപാണ്ഡവൻമാരിൽ കരുത്തനായ ഭീമൻ ത​െൻറ കൈമുട്ട് മണ്ണിലിടിച്ചു വലിയൊരു തടാകം സൃഷ്​ടിച്ചു. പിന്നീട് സാഗ പ്രഷാർ ഇവിടെ സന്യാസമനുഷ്ഠിക്കയുണ്ടായി. അങ്ങനെയാണ് ഇവിടം പ്രഷാർ തടാകം എന്നറിയപ്പെടാൻ തുടങ്ങിയത് എന്നാണ് ഐതിഹ്യം.

ഒക്ടോബർ മാസമായതിനാൽ പ്രഷാർ ആകെ പച്ചപുതച്ചു കിടക്കുകയാണ്. ചുറ്റിലും പരവതാനി പോലെയുള്ള പുൽമേടുകൾക്കിടയിലെ തടാകം അതിസുന്ദരം. തടാകത്തിനടുത്ത് തന്നെയാണ് പ്രഷാർ അമ്പലം സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്കും ഭക്തർക്കും വളരെ ചെറിയ പൈസക്ക് ഇവിടെ താമസസൗകര്യവും ഇവർ ഒരുക്കുന്നുണ്ട്.

എങ്കിലും അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയങ്ങളിലും ഡിസംബർ - ജനുവരി മാസങ്ങളിലും ആളുകളുടെ തിരക്ക് കൂടുന്നത് കാരണം അമ്പലത്തിൽ മുറികൾ കിട്ടാൻ ബുദ്ധിമുട്ടാവും. അങ്ങനെയുള്ള സമയങ്ങളിൽ തടാകത്തിനോട് ചേർന്ന് തന്നെ ഒരുപാട് കോട്ടജുകളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്.

പ്രഷാറിലെ കോ​േട്ടജുകൾ

ഞങ്ങൾ അവിടെയെത്തുമ്പോഴേക്കും രണ്ട് മണി കഴിഞ്ഞിരുന്നു. സഞ്ചാരികളെയും കൂട്ടികൊണ്ട് ബസ് നേരത്തെ അവിടുന്ന് മാണ്ഡിയിലോട്ട് തിരിച്ചിട്ടുണ്ട്. ഇനി നാളെ ഉച്ചക്കുള്ള ബസിന് മാത്രമേ ഞങ്ങൾക്ക് പോവാൻ കഴിയുകയുള്ളൂ. അല്ലെങ്കിലും ഏതൊരു സ്ഥലത്ത് ചെന്നാലും ചുരുങ്ങിയത് ഒരു രാത്രിയും പകലുമെങ്കിലും നമ്മൾ അവിടെ ചെലവഴിക്കണം. പലയിടങ്ങളിലും രാത്രിയും പകലും ഓരോരോ ലോകങ്ങൾ തന്നെയാണ്.

പരസ്​പരം യാതൊരു ബന്ധവുമില്ലാത്ത വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്ന തികച്ചും അപരിചിതമായ രണ്ട് ലോകങ്ങൾ. സൂര്യോദയം കാണുന്ന അതെ അത്ഭുതത്തോടെ തന്നെ വേണം നമ്മൾ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി കാണാൻ. കടൽ കാണുന്ന അതേ ആശ്ചര്യമാണ് നമ്മൾ ആകാശത്തെ പറ്റി ചിന്തിക്കുമ്പോഴും ഉണ്ടാവുന്നത്. എല്ലാം കാണുന്നവ​െൻറ കണ്ണിൽ മായാജാലം തീർക്കുന്ന വർണ്ണനാതീതമായ പടച്ചവ​െൻറ സൃഷ്ടിപ്പുകൾ മാത്രം.

തടാകത്തിന്​ സമീപത്തെ ടെന്‍റുകൾ

അമ്പലത്തിൽ പോയി 100 രൂപ കൊടുത്ത് അന്നത്തെ അവിടുത്തെ താമസം റെഡിയാക്കി. ഉത്തരേന്ത്യയിൽ ഇത്തരം ഗുരുദ്വാരകളും അമ്പലങ്ങളും ഉള്ളത് നമ്മളെ പോലെ കുറഞ്ഞ പൈസക്ക് യാത്ര ചെയ്യുന്നവർക്ക് അത്രയേറെ ഉപകാരപെടുത്താവുന്ന ഒന്നാണ്. അമ്പലം മുഴുവൻ മരത്തടി കൊണ്ട് നിർമിച്ചതാണ്. വർഷം മുഴുവനും തണുപ്പ് മാറാതിരിക്കുന്ന കാലാവസ്ഥയിലുള്ള ഇത്തരം സ്ഥലങ്ങളിൽ വീടുകളും കെട്ടിടങ്ങളുമെല്ലാം മരങ്ങൾ കൊണ്ട് നിർമിച്ചതാവും.

തടാകത്തി​െൻറ തീരത്ത് അങ്ങിങ്ങായി കുറച്ച് ആളുകളുണ്ട്. പൊതുവെ അധികം ആരും തന്നെ ഇവിടെ താമസിക്കാറില്ല. ഉച്ചക്ക് തിരിക്കുന്ന ബസിന് തന്നെ മടങ്ങുകയാണ് പതിവ്. അതുകൊണ്ട് തന്നെ രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മാത്രമേ ഇവിടെ ഒരുപാട് ആളുകളുണ്ടാവൂ. നേരം മൂന്ന് മണിയായപ്പോഴേക്കും തണുപ്പ് വീണ്ടും കഠിനമായി തുടങ്ങി. അതിലൂടെയെല്ലാം ഒന്ന് നടന്നുകണ്ട് വേഗം തിരിച്ച് അമ്പലത്തിനുള്ളിലേക്ക് തന്നെ കയറിയിരുന്നു.

കാഴ്ചക്കാരായെത്തുന്നവരെ വ്യത്യസ്​ത ഭാവങ്ങളിൽ വിസ്മയിപ്പിക്കുകയാണ്​ പ്രഷാർ തടാകം

പ്രഷാറിലെത്തിയാൽ എന്തായാലും കാണേണ്ട ഒന്നാണ് അവിടുത്തെ രാത്രിയിലെ ആകാശ കാഴ്​ച. രാത്രി നല്ല തെളിഞ്ഞ ആകാശമുള്ള ഇവിടുത്തെ നക്ഷത്രകൂട്ടങ്ങളും അത് തടാകത്തിൽ പ്രതിഫലിച്ചു നിൽക്കുന്ന കാഴ്ചയും എത്ര വർണിച്ചാലാണ് മതിയാവുക. ​െസ്വറ്ററും ഷാളുമെല്ലാം ഉണ്ടായിരുന്നെങ്കിലും രാത്രിയിലെ തണുപ്പി​െൻറ കാഠിന്യം അധികം സമയം ചെറുത്തുനിൽക്കാനുള്ള കരുത്തില്ലാത്തത് കാരണം ആ കാഴ്​ച മതിയാവോളം കണ്ടിരിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

പിറ്റേന്ന് രാവിലെ പത്തു മണിക്കാണ് എഴുന്നേറ്റതെങ്കിലും പുറത്തോട്ട്​ നോക്കിയപ്പോൾ ആദ്യം കരുതിയത് ആറ് മണിയാവുന്നേയുള്ളൂ എന്നാണ്. അത്രയധികം കോട മൂടി കിടക്കുകയായിരുന്നു അവിടമാകെ. ഇനിയിപ്പോ ഉച്ചക്ക് ഒരുമണിക്കാണ് മണ്ഡിയിലേക്ക് ബസുള്ളത്. അതുവരെ ദുനിയാവിലെ ഈ സ്വർഗം മതിയാവോളം കൺകുളിർക്കെ കാണണം.

ലേഖികയും സുഹൃത്ത്​ ഇൻഫാസും യാത്രക്കിടയിൽ

ഇവിടുത്തെ പുൽമേടുകളിൽ കണ്ണടച്ച് കിടക്കണം. ഇനിയുമിനിയും ഞാൻ തിരിച്ചിങ്ങോട്ട് തന്നെ വരുമെന്ന് മനസ്സിനോടും ഇവിടെയെന്നെ വരവേറ്റ കാഴ്ചകളോടും ഒരുപാട് തവണ ആവർത്തിച്ചാവർത്തിച്ചു പറയണം. ഇതാ.. പടച്ചവൻ പടച്ച ദുനിയാവിലെ ആ സ്വർഗം ഇവിടെയാണ്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prashar lake
News Summary - travel to Prashar lake in himachal pradesh
Next Story