Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
north east travel
cancel
Homechevron_rightTravelchevron_rightDestinationschevron_rightഗോത്രസംസ്കൃതിയുടെ...

ഗോത്രസംസ്കൃതിയുടെ അടയാളങ്ങൾ

text_fields
bookmark_border
Listen to this Article

ലോക്താക്കിൽനിന്നും ഞങ്ങൾ നീങ്ങി, ചുരച്ചന്ദ്പൂരിലേക്ക്. ഗോത്ര ജീവിതവും ഗോത്ര സംസ്കാരങ്ങളുടെ അടയാളങ്ങളും പേറുന്ന മണ്ണിലേക്ക്. അതിന്റെ ശേഷിപ്പുകളും നേർക്കാഴ്ചകളും നിറയെയുള്ള സിസിപൂരിലേക്ക്. ലോക്താക്കിൽനിന്നും 78 കി.മീ ദൂരമുണ്ട്. 2022 ജനുവരി അഞ്ചിന് രണ്ട് ട്രാവലറുകളിലായിരുന്നു സഞ്ചാരം. ലോക്താക്കിലേക്കുവന്ന അതേ വണ്ടികൾ. പത്തു മണിക്ക് തന്നെ യാത്ര തുടങ്ങിയിരുന്നു. കായലോരവും കൃഷിപ്പാടങ്ങളും കടന്ന് വണ്ടി വീതിയേറിയ വഴിയിലെത്തി സിസിപൂരിലേക്ക് പാഞ്ഞു. വഴിയിൽ ഇടക്കിറങ്ങിയാണ് പ്രഭാതഭക്ഷണം കഴിച്ചത്. ഹോട്ടലിന് മുന്നിൽ തന്നെയുള്ള കടകളിൽനിന്ന് വെള്ളവും ബിസ്‌ക്കറ്റും വാങ്ങി വണ്ടിയിൽ വച്ചു. പിന്നെ വീണ്ടും യാത്ര. ഇംഫാൽ - സിസിപൂർ ഹൈവേയിലൂടെ, കാർഷിക സമൃദ്ധിയുടെ നടുവിലൂടെ, ഗോത്ര നഗരത്തിലേക്ക്. ഏതാണ്ട് രണ്ടര മൂന്ന് മണിയോടെ ഞങ്ങൾ സിസിപൂർ എന്ന ചുരച്ചന്ദ്പൂരിലെത്തി. അവിടെ മെയിൻ റോഡിൽ തന്നെയുള്ള ഒരു ഹോട്ടലിൽ റൂമുകൾ എടുത്തു. എല്ലാവർക്കുമുള്ള മുറികളും മുകളിൽ റെസ്റ്ററന്റും ഉണ്ട്. റൂമിലെത്തി അല്പം വിശ്രമിച്ച് പുറത്തിറങ്ങി.

പഴമയുടെ പട്ടണവീഥികൾ

നല്ല തിരക്കുള്ള നഗരമാണിത്. റോഡ് നിറയെ ചാരനിറമുള്ള പൊടിപാറുന്നു. ഇരുപുറവുമുള്ള കടകളും വസതികളും പൊടികൊണ്ടഭിഷേകം ചെയ്തിട്ടുണ്ട്. റോഡിലൂടെ നടന്നുപോകുന്നവരും ധാരാളം. ചീറിപ്പായുന്ന വണ്ടികൾ. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയും റോഡുകളുമാണ്. റോഡ് വീതികൂട്ടുന്ന പണി തകൃതിയായി നടപ്പുണ്ട്. നടപ്പാതയിൽ കടകൾക്ക് മുന്നിലെല്ലാം പലകകൾ നിരത്തിയിട്ടുണ്ട്. കിടുകിടു ടപ്പേ ഡപ്പേ ശബ്ദമാണ് കാലെടുത്തുവക്കുമ്പോൾ. തടിക്കഷണങ്ങൾ ഇളകുന്ന ശബ്ദം. കണ്ണൊന്നുതെറ്റിയാൽ ഓടയിൽ കിടക്കും. അവക്കിടയിലൂടെ സൂക്ഷിച്ചു തന്നെ നടന്നു.


എല്ലാത്തരം കടകളും കച്ചവടങ്ങളുമുള്ള പഴമയും പുതുമയും കൈകോർക്കുന്ന ഒരു പട്ടണമാണിത്. പക്ഷേ, പഴമയോട് കൂടുതൽ കൂറുള്ളപോലെ തോന്നി, ചുറ്റുവട്ടങ്ങൾക്കും ആളുകൾക്കുമെല്ലാം. അതിന്റെ തെളിവുകളായി അതിപുരാതനവും പൊട്ടിപ്പൊളിഞ്ഞതുമായ കൊച്ചുകൊച്ചുകടകളും ചായക്കടകളും അങ്ങാടിക്കടകളും കാണാം. തടിക്കഷണങ്ങൾ കൊണ്ട് മറച്ചവയും ഇരുമ്പ് വാതിൽ ഉള്ളവയുമൊക്കെയുണ്ട്. വഴിക്കച്ചവടങ്ങളുമുണ്ട്, ചെറിയ തോതിലുള്ള കച്ചവടങ്ങൾ. പഴങ്ങൾ, പലഹാരങ്ങൾ, പച്ചക്കറിവിത്തുകൾ തുടങ്ങിയവ ഷീറ്റിൽ നിരത്തിവച്ചാണ് വിൽപ്പന. കാശ്മീർ ആപ്പിളും പീറും ഓറഞ്ചും മാതളപ്പഴവുമൊക്കെയുണ്ട്. ഞങ്ങൾ രണ്ട് കിലോ ആപ്പിൾ വാങ്ങി. കിലോക്ക് 200 രൂപ. മുന്നിലേക്ക്‌ നടക്കുമ്പോൾ പാത്രക്കടകളും മുളങ്കഷണങ്ങളും പലകകളും വിൽക്കുന്ന കടകൾ. അതുമിതുമൊക്കെ കണ്ട് നടന്ന് വൈകുന്നേരമായി. തിരക്ക് കുറഞ്ഞു തുടങ്ങി. ആളുകൾ വിൽപ്പന നിർത്തി പോകാൻ തയാറെടുക്കുന്നു. ഈ പ്രദേശങ്ങൾ ഇങ്ങനെയാണ്. രാത്രി കച്ചവടങ്ങൾ അത്യാവശ്യ സാധനങ്ങൾ മാത്രം. ഭക്ഷണശാലകളും മെഡിക്കൽ സ്റ്റോറുകൾ പോലും ഇരുട്ടായാൽ അടക്കും. തണുപ്പുകാലം കൂടിയാണ്. രാത്രിയെയും പകലിനെയും അതിന്റെ വഴിക്ക് വിട്ട് പ്രകൃതി നിയമങ്ങളോട് കഴിവതും ചേർന്നുനിൽക്കുന്ന ജീവിത രീതിയാണിവിടെ. ഞങ്ങളും തിരികെ നടന്നു.

ഹോട്ടലിൽ തിരിച്ചെത്തുമ്പോൾ എല്ലാവരും ഉത്സാഹത്തിലാണ്. ഒരു ജന്മദിനാഘോഷ പാർട്ടിക്കുള്ള തയാറെടുപ്പ്. ഡോ. ആര്യയുടെ പിറന്നാളാണ്. എല്ലാവരും അവരുടെ റൂമിൽ എത്തണമെന്ന സന്ദേശം വന്നു. കൃത്യസമയത്തുതന്നെ എല്ലാവരും എത്തി. അലങ്കരിച്ച കേക്ക് മുറിച്ച് കൂട്ടപ്പാട്ടും ആശംസകളും കൊണ്ട് ആഘോഷം ഗംഭീരമാക്കി. പിന്നെ റൂമിൽ തിരിച്ചെത്തി ഡിന്നർ കഴിക്കാൻ മുകളിലെ റെസ്റ്ററന്റിലേക്ക് പോയി. തലേന്നത്തെ വയ്യായ്ക കൂടെത്തന്നെയുണ്ട്. അതിനാൽ കാര്യമായി ഒന്നും കഴിക്കാൻ തോന്നിയില്ല. ഒരു കോൺഫ്ലവർ സൂപ്പ് കുരുമുളകിട്ട് കഴിച്ചു. പിന്നെ കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നു. വീണ്ടും റൂമിൽ തിരിച്ചെത്തി ഒരു ആപ്പിൾ കഴിച്ച് ഉറങ്ങാൻ കിടന്നു.

പൂരിമണം പരക്കുന്ന ചായപ്പീടിക

ജനുവരി ആറ്. രാവിലെ എണീറ്റ്‌ കുളിയും ജപവും കഴിഞ്ഞിരിപ്പായി. ബ്രേക്ഫാസ്റ്റ് പുറത്തുനിന്നാക്കാമെന്ന് തലേന്ന് തന്നെ തീരുമാനിച്ചതാണ്. ശിവദാസും സദൻപിള്ളയും പ്രഭാത സവാരി കഴിഞ്ഞ് വന്ന് ഞങ്ങളെ കാത്തുനിൽപ്പുണ്ട്. അവരുടെ വിളി വന്നു. ഞങ്ങൾ താഴെയെത്തി. റോഡിനു വലത്തോട്ട് നടന്നു. രണ്ടുമൂന്നു കടകൾക്കപ്പുറം ഒരു ചെറിയ ചായക്കട. അടുപ്പിൽ ചായ തിളക്കുന്നു. വലിയ ഇരുമ്പ് ചീനച്ചട്ടിയിൽ തിളയ്ക്കുന്ന എണ്ണയിൽ പൂരി മൊരിയുന്ന മണം. പ്രദേശവാസികളിൽ ചിലർ ചായയും പൂരിയും വാങ്ങി ചൂടോടെ കഴിക്കുന്നു. ഞങ്ങളും അവിടെ കണ്ട ബെഞ്ചിൽ കയറിയിരുന്നു. ചായക്കും പൂരിക്കും ഓർഡർ കൊടുത്തു.

ഒരു യുവാവാണ് കടയുടമ. അടുപ്പിനോട് ചേർന്ന് കുഴച്ചുവച്ച മാവ് പരത്തി ഓരോന്നായി എണ്ണയിൽ ഇട്ട് വറുത്തുകോരുന്നു. നല്ല വലുപ്പമുള്ള പൂരികൾ. ഒരു വലിയ ചപ്പാത്തിയെക്കാൾ വട്ടമുണ്ട്‌. വിശപ്പുമാറാൻ ഒരെണ്ണം തിന്നാൽ മതി. ഏറിയാൽ രണ്ട്. അത് ധാരാളം. പെട്ടെന്ന് ചൂടുള്ള പൂരിയും ചായയുമെത്തി. പൂരി ന്യൂസ്പേപ്പർ കഷണത്തിലാണ് വിളമ്പുന്നത്. പാത്രമൊന്നുമില്ല. ഒരു സ്റ്റീൽ ബൗളിൽ കിഴങ്ങുകറിയും വന്നു. ഇതെല്ലാം മുമ്പിൽ നിരത്തുന്നത് ഒരു കൊച്ചു പയ്യൻസ്. ചുവന്ന സ്വെറ്ററും തൊപ്പിയുമണിഞ്ഞ, വെളുത്തുകൊലുനെയുള്ള ചുവന്നുതുടുത്ത കവിളുകളുള്ള ഒരു നാണക്കാരൻ. രണ്ടാം ക്ലാസിലാണ്.

ചലിക്കുന്ന കുട്ടിപ്പാവപോലെ വേഗത്തിൽ അതിഥികൾക്ക് വിളമ്പിക്കൊടുക്കുകയാണ് കക്ഷി, ആരും പറയാതെ തന്നെ. ആ ചുറുചുറുക്കും മിടുക്കുമൊക്കെ കണ്ട് പഠിക്കണം. ആവശ്യക്കാർ വരുമ്പോൾ പിന്നിലുള്ള മുറിയിലേക്കോടി അമ്മയുടെ കൈയിൽനിന്ന് കറികളും ചായയും വാങ്ങി ദ്രുതഗതിയിൽ മേശപ്പുറത്തെത്തിക്കുന്നു. കഴിച്ചവർക്ക് ടിഷ്യു പേപ്പർ കൊടുത്ത് കാശുവാങ്ങുന്നു. ഈ വടക്കുകിഴക്കൻ യാത്രയിലുടനീളം കാണാം കുട്ടികളുടെ ഉത്തരവാദിത്തബോധവും പ്രായോഗിക ബുദ്ധിയും. കാര്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന ചുണക്കുട്ടികൾ.

ഞങ്ങൾക്ക് ശേഷം അഞ്ചാറാളുകൾ കൂടി അവിടെ വന്നു. അപ്പോഴേക്കും കുഴച്ചുവച്ച മാവ് തീർന്നു. വന്നവരോട് പൂരി തീർന്നു എന്ന് പറഞ്ഞു മടക്കിയയച്ചു. പതിവുകാരാണെന്നു തോന്നുന്നു. പൂരിയും ചായയുമല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല. രാവിലെയും വൈകീട്ടും മാത്രമാണ് കച്ചവടം. ഇതൊരു കുടുംബസംരംഭമാണ്. ചെറിയ വരുമാനം മാത്രം ആഗ്രഹിച്ച് നടത്തുന്ന തൊഴിൽ. അതിലും മിതത്വം പാലിക്കുക എന്ന രീതി. ചായക്കും രണ്ടു പൂരിക്കും കറിക്കും കൂടി 20 രൂപ. ചായയുടെ വില അഞ്ചു രൂപ. ആളുകൾ കൂടുതൽ വരണമെന്ന അത്യാഗ്രഹവും ഇവർക്കില്ല. വരുന്നവർക്ക് നല്ല ഭക്ഷണം കൊടുക്കുക എന്ന് മാത്രം. വീണ്ടും ഇവിടേക്ക് വരുമെന്ന് മനസ്സിലുറപ്പിച്ച് രുചിയോർമകൾ നിറഞ്ഞ മനസ്സോടെ ഹോട്ടലിലേക്ക് നടന്നു.

ഹോട്ടലിൽ എത്തുമ്പോൾ എല്ലാവരും ഇനി എങ്ങോട്ടാണ് പോകുന്നത് എന്നതിക്കുറിച്ചുള്ള ചർച്ച പൊടിപൊടിക്കുന്നു. അരുണാചലും മിസോറാമുമൊക്കെ മനസ്സിലുണ്ട്. പക്ഷേ ഒമിക്രോൺ ഭീതിയുടെ മധ്യത്തിൽ യാത്രക്ക് വിലക്കുകളുമുണ്ട്. നാട്ടിൽനിന്നും അത്ര ശുഭകരമായ വാർത്തകളല്ല കേൾക്കുന്നത്. ജനുവരി 12ന് തിരിച്ചെത്തണം. അഗർത്തലയിൽനിന്നുമാണ് കൊച്ചിയിലേക്കുള്ള വിമാനം. എന്ത് ചെയ്യണമെന്ന് ഒരുപിടിയുമില്ല. തിരിച്ചുപോകാനും തോന്നുന്നില്ല. തീരുമാനങ്ങൾക്കായി ഞങ്ങൾ ഒരു റൂമിൽ ഒത്തുകൂടി. ചിലർക്ക് ഐസ്വാളിലേക്ക് പോകണം. ചിലർക്ക് സിക്കിമിലേക്ക്. ബാക്കിയുള്ളവർ സിസിപ്പൂരിൽ തന്നെ താമസിച്ച് അഗർത്തലക്ക് പോകാമെന്നായി. ഇടക്ക് ലോക്ഡൗൺ വന്നാലും അഗർത്തലയിലാകുമ്പോൾ കുറച്ചുകൂടി സമാധാനമുണ്ട്. ഒടുവിൽ ഞങ്ങൾ നാലുപേർ, സിസിപൂരിൽ നിന്ന് കാഴ്ചകൾ കണ്ടിട്ട് ഇംഫാൽ വഴി അഗർത്തലക്ക് പോകാൻ തീരുമാനിച്ചു. ബാക്കിയുള്ളവർ രണ്ട് ഗ്രൂപ്പായി ട്രാവലർ വിളിച്ച് മിസോറാമിലേക്കും ഐസ്വാളിലേക്കും പോകാൻ ഉറച്ചു. ഞങ്ങൾ താമസിയാതെ സിസിപൂരിലെ നഗരക്കാഴ്ചകളിലേക്കിറങ്ങി.

സിസിപൂരിലെ ഗോത്രമ്യൂസിയം

സിസിപൂർ ബസ്സ്റ്റാൻഡിനടുത്താണ് ട്രൈബൽ മ്യൂസിയം. പത്തു മണിയോടെ അവിടേക്ക് നടന്നു. ബസ്സ്റ്റാൻഡിന് എതിരെയുള്ള റോഡിലൂടെ ഇടതുവശം ചേർന്ന് മുന്നോട്ടു നടന്നപ്പോൾ മ്യൂസിയം ബോർഡുകണ്ടു. പത്തു രൂപയുടെ ടിക്കറ്റ് എടുത്തുവേണം അകത്തുകയറാൻ. തണൽ നിറഞ്ഞ മുറ്റവും മുന്നിൽ ഒരു കോഫീ ഷോപ്പും. മ്യൂസിയത്തിന്റെ കവാടത്തിൽ തന്നെ സന്ദർശകരെ വരവേൽക്കുന്ന ഒരു ദാരുശിൽപം. മൃഗത്തലയും ഒരുപാട് കൊമ്പുകളുമുള്ള വളരെ പ്രത്യേകതകളുള്ള ഒരു രൂപം.

രണ്ടുമൂന്ന് നിലകളുള്ള ഒരു കെട്ടിടമാണ് ഈ ഗോത്രമ്യൂസിയം. അകത്തളം നിറയെ ഗാലറികൾ. ഗോത്രവർഗങ്ങളുടെ ജീവിതത്തെ വിശദമാക്കുന്ന കാഴ്ചവട്ടങ്ങൾ. അവരുടെ പരമ്പരാഗത ആയുധങ്ങളും വീട്ടുപകരണങ്ങളും പാത്രങ്ങളും ആടയാഭരണങ്ങളും കരകൗശല വസ്തുക്കളുമെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. പുരാതന വസ്തുക്കളുടെ വൻശേഖരം തന്നെ. അവയെ പരിചയപ്പെടുത്തുന്ന ലേബലുകളും പ്രാദേശിക നാമങ്ങളുമുണ്ട്. അതിലൂടെ കണ്ണോടിച്ചു.


ഒരു ചെണ്ടയാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. അതിന്റെ വലുപ്പം കണ്ട് അമ്പമ്പോ എന്ന് അറിയാതെ പറഞ്ഞുപോയി. ഒരു തൊപ്പിക്കുടയുടെ വിസ്താരമുണ്ടതിന്. ചെണ്ടക്കോലുകളും ഇരുപുറവും ചാരിവച്ചിട്ടുണ്ട്. സംഗീതം ജീവിതത്തോട് ചേർത്തുകൊണ്ടുപോകുന്നവരാണ് വടക്കുകിഴക്കിന്റെ മക്കൾ. അതിന്റെ തെളിവുകളിൽ ഒന്നാണിത്.

മുളകൊണ്ടു നെയ്തെടുത്ത സാമാന്യം വലുപ്പമുള്ള കുട്ടകളാണ് അടുത്ത ഗാലറിയിൽ. തുണിയും മറ്റുസാധനങ്ങളും നിറച്ച്, അടച്ചുവക്കാൻ പാകത്തിലുള്ള മനോഹരമായ ബാസ്ക്കറ്റുകൾ. ചെറുപ്രാണിയോ ഒരു സൂചിയോ പോലും കിടക്കാൻ പറ്റാത്തത്ര, വിടവുകൾ തീരെയില്ലാതെ നെയ്തെടുത്ത ബാസ്ക്കറ്റാണിത്. ഒന്നൊന്നര മീറ്റർ നീളവും അതിന്റെ പകുതിയോളം തന്നെ വ്യാസവുമുണ്ട്. മൂടുവശം ചതുരവും മുകളിലേക്ക് വൃത്താകൃതിയുമുള്ള അവയുടെ പിരമിഡുപോലെയുള്ള തൊപ്പിയടപ്പുകളാണ് ഏറെ ആകർഷകം. തട്ടുതട്ടായുള്ള അടപ്പും ഒറ്റയടപ്പുകളുമുള്ള കുട്ടകൾ. അവയുടെ ആകൃതിയും നിർമിതിയും അതിസുന്ദരം. മണ്ണിന്റെ മക്കളുടെ കലയും കൈവേലയും ഒത്തുചേർന്ന ഉൽപ്പന്നങ്ങൾ. സത്യത്തിൽ അവരെ നമിച്ചുപോയി. ഈ കുട്ടകളുടെ മിനിയേച്ചർ രൂപങ്ങളും ഗാലറികളിൽ കാണാം.


മുളയും മറ്റുമരങ്ങളും കൊണ്ടുള്ള സംഗീതോപകരണങ്ങളും പലതുമുണ്ട്. ഓടക്കുഴൽ, കൊമ്പ് തുടങ്ങിയ കുഴൽ വാദ്യങ്ങൾ. നീളമുള്ളതും കുറിയതുമായ പലപല വാദ്യോപകരണങ്ങൾ. വെള്ളം നിറച്ചുകൊണ്ടുപോകാനുള്ള കാനുകളും തൂക്കുവിളക്കുമുണ്ട് മറ്റൊരിടത്ത്. ഏതോ മരത്തിന്റെ വലിയ കായ ഉണക്കിയെടുത്ത കുടുക്കയാണ് ഈ ജലസംഭരണി. ഒന്നാംതരം വാട്ടർ കാൻ. ഉറപ്പും കട്ടിയുമുള്ള തോടോടുകൂടിയ ഫലകഞ്ചുകം. അതിന്റെ വക്കിലും ചുറ്റിലും ബലമേറിയ വള്ളിക്കുഴകളും പിടിപ്പിച്ചിട്ടുണ്ട്. പ്രാകൃത ജീവിതത്തിന്റെ തനിമ വിളിച്ചോതുന്ന കാഴ്ച്ച. പ്രകൃതി ജീവനത്തിന്റെയും.

മുന്നോട്ടു ചെല്ലുമ്പോൾ തൊപ്പിയും കുഞ്ഞുവട്ടികളും ബാസ്ക്കറ്റുകളും ഗാന്ധിച്ചർക്കയും നൂൽപുയന്ത്രങ്ങളും വിളക്കുകളും അളവുപാത്രങ്ങളും പച്ചക്കറിക്കുട്ടകളുമടങ്ങുന്ന മറ്റൊരു ശേഖരം. ഇഴകൾ അകലമുള്ളതും കണ്ണിയകലത്തിൽ ഡിസൈനുകൾ ഉള്ളതുമായ വട്ടികളാണ് അധികവും. അടുപ്പിൻ തറകളിലെ ഉപയോഗത്തിനുള്ള ചെറുവട്ടികളും കുട്ടകളുമാണത്. മീനും പച്ചക്കറിവിത്തുകളും മുളകും ഭക്ഷ്യവസ്തുക്കളുമെല്ലാം അടുക്കളയിൽ തന്നെ ഉണക്കിയെടുക്കാനുള്ള എളുപ്പവിദ്യ. മീൻപിടിക്കാനും പച്ചക്കറി വാങ്ങാനും ഉപയോഗിച്ചിരുന്ന കുട്ടകൾ.


ഗോത്രഗൃഹങ്ങളുടെ മാതൃകയാണ് മറ്റൊരു ഗാലറിയിൽ. അടുക്കളയും കിടപ്പറയും ഇരിപ്പിടങ്ങളുമടങ്ങുന്ന ഉൾത്തളങ്ങളുടെ മാതൃകകളും വീട്ടുപകരണങ്ങളും എല്ലാമുണ്ട്. കാഴ്ചക്കാർക്ക് വ്യക്തമാകുന്ന തരത്തിലാണ് അവയുടെ സംവിധാനം. അകവും പുറവും തറയും ഗൃഹോപകരണങ്ങളും എല്ലാം മുളമയം. ഉരലും ഉലക്കയും കട്ടിലും പാചകപ്പാത്രങ്ങളും ഇവിടെ കാണാം. പാചകരീതികളും ജീവിതരീതികളും വെളിപ്പെടുത്തുന്ന തരത്തിൽ ആളുകളുടെ മോഡലുകളുമുണ്ട്.

മൃഗങ്ങളുടെ തലയോട്ടികളും അസ്ഥികൂടങ്ങളും കൊമ്പുകളുമടങ്ങുന്ന ഗാലറിയാണ് മറ്റൊന്ന്. കൂറ്റൻ കൊമ്പുള്ള ടിബറ്റൻ മലയാടിന്റെയും കാട്ടാടുകളുടെയും യാക്കിന്റെയും തലയോട്ടികൾ. കാട്ടാടുകളുടെ വിവിധ വർഗങ്ങളുടെ തലയോട്ടികൾ കാണാം. അവയുടെ വായപിളർന്ന രൂപങ്ങൾ. കുറിയ കൂർത്ത കൊമ്പുള്ള തലയോട്ടികൾ. കാട്ടുവേഴാമ്പലുൾപ്പെടെയുള്ള പക്ഷികളുടെ ചുണ്ടുകളും ചെറിയ കുരങ്ങുകളുടെ മുഖാസ്ഥികളും പ്രദർശനത്തിലുണ്ട്. കൗതുകവും ചെറുഭയവും ഒരുപോലെ നിറക്കുന്ന കാഴ്ച്ച.


മുള്ളൻപന്നിയുടെയും വിവിധ കാട്ടു ജന്തുക്കളുടെയും ഉണക്കി സംസ്കരിച്ച ശരീരവും ആമയുടെ തോടും മൃഗത്തോലുമെല്ലാം മ്യൂസിയത്തിലുണ്ട്. മാനുകളുടെയും കാട്ടുപോത്തിന്റെയും തലഭാഗങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂർത്ത ശാഖകളോടുകൂടിയ മാനിന്റെ സുന്ദരൻ കൊമ്പുകൾ. മുഖത്തെ എല്ലുകളെല്ലാം ശിഥിലമായിക്കഴിഞ്ഞു. അത്രക്ക് പഴക്കമുണ്ടവക്ക്. വിവിധ മത്സ്യങ്ങളുടെ തലയോടുകളും നിരത്തിവച്ചിട്ടുണ്ട്. പരന്നു വലിപ്പമുള്ള തലയെല്ലുകൾ. മണിപ്പൂരിലെ വലിയ കായൽമത്സ്യങ്ങളുടേതാണിത്.


ദാരുശിൽപ്പങ്ങളുടെ കൂട്ടത്തിൽ മനുഷ്യരൂപങ്ങൾക്കൊപ്പം കുതിര, ഒട്ടകം തുടങ്ങിയവയും കാണാം. കൂറ്റൻ മത്സ്യത്തിന്റെ മാതൃകയും അവക്ക് ചുറ്റും ശംഖുകളും ഞണ്ടും ജലജീവികളും. മറ്റൊരു സുന്ദരൻ കാഴ്ച്ച. യുവമിഥുനങ്ങളുടെ മുഖത്തോടുമുഖം ചേർന്ന് നിൽക്കുന്ന അത്യാകർഷകമായ ഒരു പ്രണയശിൽപ്പം കാഴ്ച്ചയിൽ വേറിട്ടുനിൽക്കുന്നു.


വടക്കുകിഴക്കിന്റെ വീരപോരാളികളുടെ പോരിന്റെയും ചെറുത്തുനിൽപ്പിന്റെയും ബാക്കിപത്രങ്ങളും സൂചകങ്ങളുമെന്നോണം യുദ്ധോപകരണങ്ങളും ആയുധങ്ങളും അടങ്ങുന്ന പല ഗാലറികളും ഈ മ്യൂസിയത്തിലുണ്ട്. പഴയകാലത്തെ വിവിധതരം റൈഫിളുകൾ, പല ആകൃതിയിലും വലുപ്പത്തിലുമുള്ള ബുള്ളറ്റുകൾ, ഹാൻഡ് ഗ്രനേഡ് അടക്കമുള്ള ഗ്രനേഡുകൾ, മിനി ബോംബുകൾ തുടങ്ങിയവ നിരത്തിവച്ചിട്ടുണ്ട്. വെള്ളക്കുപ്പികളും അവശ്യസാധനങ്ങൾക്കുള്ള ചെറു കിറ്റുകളും തോക്കുറകളും വെടിയുണ്ടകളുടെ പൗച്ചുകളും കുന്തവും വാളും കവണികളുമെല്ലാം ഈ കാഴ്ചവട്ടങ്ങളിൽ നിറയെയുണ്ട്.


ലോഹപ്പാത്രങ്ങളും തടികൊണ്ടുള്ള വലിയ വട്ടപ്പാത്രങ്ങളും അടുക്കളയുപകരണങ്ങളും ഇവിടുത്തെ കൗതുകക്കാഴ്ചളിൽ വീണ്ടും നിറയുന്നു. മുളന്തണ്ട് കൊണ്ടുള്ള കപ്പുകൾ, ട്രേകൾ, പ്ലേറ്റുകൾ, ചെമ്പുകലങ്ങൾ, അലൂമിനിയപ്പാത്രങ്ങൾ എന്നിവയെല്ലാം കാണാം. തവികളും തൈര് കടയാനുള്ള പാത്രവും കറികൾ നിറക്കാനുള്ള മരപ്പാത്രങ്ങളും കൂജയും ഫ്ലാസ്കുമെല്ലാമുണ്ട്. ഉപ്പും മുളകും പലവ്യഞ്ജനങ്ങളും മരുന്നും ഇടിച്ചും ചതച്ചുമെടുക്കാനുള്ള മരികകളും കോരികളും. ഭക്ഷണവും പാർപ്പിടവും പാത്രങ്ങളും വിനോദോപാധികളും എല്ലാം പ്രകൃതിയിൽനിന്നും സ്വീകരിച്ച മനുഷ്യജീവിതത്തിന്റെ അടയാളങ്ങൾ.


ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ആഭരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന നിരകളും ഈ മ്യൂസിയത്തിലുണ്ട്. ഒറ്റനിരയും ഇരട്ടനിരയും പലനിരകളുമുള്ള കണ്ഠാഭരണങ്ങൾ. ചന്തമുള്ള നിറതോരണങ്ങൾ. വെള്ള, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ വിവിധ നിറത്തിലും പല നിറങ്ങൾ ചേർന്നവയും കാണാം. മുത്തുകളും കല്ലുകളും കക്കകളും മുളങ്കഷണങ്ങളുമെല്ലാം ചേർത്ത് മനോഹരമായി കോർത്തെടുത്ത മാലകൾ.


പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും കൈവിടാതെ ഇന്നും കൂടെ കൊണ്ടുനടക്കുന്നവരാണ് വടക്കുകിഴക്കൻ ജനത. വീതികൂടിയ പലനിരകളും ഡിസൈനുകളുമുള്ള നെക്ലേസുകളുടെ ഭംഗി കാണേണ്ടതുതന്നെ. ലോഹം കൊണ്ടുള്ള അലുക്കുകളും തൊങ്ങലുമുള്ള മാലകൾ വേറെയുമുണ്ട്. മാങ്ങാമാലയും മുല്ലമാലയും കാശുമാലയുമൊക്കെ ഇക്കൂട്ടത്തിൽപ്പെടും.


ചുവന്ന കല്ലുകൾ കൊണ്ടുള്ള വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള മാലകളുടെ മറ്റൊരു നിര. തിവാൽ, തിന, തിഫൻ ഇങ്ങനെ പല പേരുകളിലുള്ള മാലകൾ. കൊതിപ്പിക്കുന്ന ഭംഗിയുണ്ടവക്ക്. ആഭരണശ്രേണി പിന്നിട്ടപ്പോൾ മുന്നിൽ വർണ്ണഭംഗിയിൽ മറ്റൊരു കാഴ്ച. ഗോത്ര ജനതയുടെ പരമ്പരാഗത വസ്ത്രങ്ങളാണത്.


വിൽപ്പനക്കുള്ളതാണ്. മുണ്ടും ഷാളുമൊക്കെ അടുക്കിവച്ചിരിക്കുന്നു. കൈത്തറി വസ്ത്രങ്ങൾ. തൊട്ടുനോക്കി. കറുപ്പും വെള്ളയും റോസും നീലയും ചുവപ്പും കാപ്പി നിറവുമൊക്കെയുള്ള നേരിയ മിനുസമുള്ള തുണികൾ. പാരമ്പരാഗത നൂൽപുയന്ത്രങ്ങളിൽ നെയ്തതാണ്. വില ആയിരം, രണ്ടായിരം, മൂവായിരം അങ്ങനെ പോകുന്നു. വിലക്കൊത്ത അഴകും ഗുണമേന്മയുമുണ്ടുതാനും.


ഗോത്രത്തനിമയുടെ സൂചകങ്ങൾ പേറുന്ന, പൈതൃക ജീവിതത്തേക്കുറിച്ചുള്ള ഒട്ടേറെ അറിവും കൗതുകവും പകരുന്ന പ്രദർശനങ്ങളുടെ മധ്യത്തിലായിരുന്നു രണ്ട് മണിക്കൂറോളം. ഗാലറികളും ഗുഹാമോഡലുകളും കയറിയിറങ്ങി സിസിപൂരിലെ ഗോത്രമ്യൂസിയത്തിൽനിന്നും ഞങ്ങൾ പടിയിറങ്ങി. അടുത്ത കാഴ്ചകൾക്കായി.

(തുടരും)

ഭാഗം ഒമ്പത്​: ജലശയ്യയിലെ സുന്ദരരാവ്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north east travel
News Summary - Marvelous Views of North East
Next Story