Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightത്രിപുരയിലെ...

ത്രിപുരയിലെ പൈതൃകശിൽപങ്ങൾ

text_fields
bookmark_border
ത്രിപുരയിലെ പൈതൃകശിൽപങ്ങൾ
cancel

ത്രിപുരയിലെ ഉനക്കോടി എന്ന ഗോത്രമലയിലേക്കാണ് ഈ യാത്ര. ശിലാശിൽപങ്ങളുടെ നാട്ടിലേക്ക്. ഗോത്ര സംസ്കൃതിയുടെ തട്ടകത്തിലേക്ക്. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ത്രിപുരയിലെ ജില്ലയിലേക്ക്.

ജനുവരി ഒമ്പതിന് അഗർത്തലയിൽനിന്ന് ഞങ്ങൾ തിരിച്ചു. കുമാർഘട്ട് വരെ ട്രെയിനിൽ പോയി അവിടുന്ന് ടാക്സിയിലോ, ഓട്ടോയിലോ ഉനക്കോടിയിൽ എത്താനായിരുന്നു തീരുമാനം. രാവിലെ പത്ത് മണിക്ക് തന്നെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ എത്തി. സ്റ്റേഷനും പരിസരവും നല്ല തിരക്കാണ്. ഏതോ കലാസമിതിയുടെ പരിപാടിക്കുള്ള മുന്നൊരുക്കം കാണുന്നുണ്ട്. യൂനിഫോം ധരിച്ച യുവജനങ്ങളാണ്. ഞങ്ങൾ മുൻകൂട്ടി ടിക്കറ്റ് എടുത്തിരുന്നു. പ്ലാറ്റ്ഫോമിൽ ചെന്ന് ട്രെയിനിൽ കയറി. ട്രെയിനിലും സാമാന്യം തിരക്കുണ്ട്.

അഗർത്തലയിൽനിന്ന് കുമാർഘട്ടിലേക്ക് 103 കി.മീ ദൂരം സഞ്ചരിക്കണം. മൂന്ന് മണിക്കൂർ യാത്ര. പത്തേകാലിന് തന്നെ വണ്ടി വിട്ടു. പച്ചപ്പാടങ്ങൾക്ക് നടുവിലൂടെ, മലകൾക്കിടയിലൂടെ ട്രെയിൻ ഇരമ്പി പാഞ്ഞു. ഈറ്റക്കാടുകളും നെൽവയലുകളും കുന്നുകളും പുഴകളും നിറഞ്ഞ ത്രിപുരയിലെ പല പ്രദേശങ്ങൾക്കും കേരളത്തിന്റെ പ്രകൃതിയോട് സാമ്യമുണ്ട്. കൃഷിയെ തൊഴിലും ഉപജീവനവുമാക്കിയവരാണ് ഇവിടത്തെ ഭൂരിപക്ഷം ജനതയും. സംസ്ഥാനത്തെ 90 ശതമാനം ഭൂമിയും കൃഷിയോഗ്യമാക്കി വിളകൊയ്യുന്ന ഗോത്രമക്കളും കൃഷീവലന്മാരുമാണ് ത്രിപുരയിലേത്. അതിന്റെ സൂചകമെന്നോണം കൊയ്തൊഴിഞ്ഞ വയലുകളും റബ്ബർത്തോട്ടങ്ങളും വാഴത്തോട്ടങ്ങളും കമുകിൻ തോപ്പുകളും പഴം പച്ചക്കറികളുടെ വിപുലമായ കൃഷിയിടങ്ങളും കാഴ്ചയിൽ നിറഞ്ഞുനിന്നു. കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല വിളകളും വള്ളിവർഗവിളകളും മറ്റുപച്ചക്കറിയിനങ്ങളും ധാരാളമുണ്ട് ഈ വഴിയിൽ.

മനോഹരമായ അനേകം കൊച്ചു, കൊച്ചു സ്റ്റേഷനുകൾ കടന്നാണീ യാത്ര. അവയുടെ മതിൽക്കെട്ടുകളിലും പരിസരങ്ങളിലും വർണ്ണപ്പകിട്ടുള്ള ചിത്രപ്പണികളാണ്. ഉച്ചക്ക് ഒരുമണിയോടെ ഞങ്ങൾ കുമാർഘട്ടിൽ എത്തി. ഈ സ്റ്റേഷനിലും പെയിന്റിങ്ങുകൾ കാണാം. വെളിയിൽ ഇറങ്ങുമ്പോൾ യാത്രികരെ വരവേറ്റുനിൽക്കുന്ന രണ്ട് സുവർണ ശിൽപങ്ങൾ. അവ വെയിലിൽ വെട്ടിത്തിളങ്ങുന്നു.

ഓട്ടോക്കാർ പാഞ്ഞുവന്ന് ഞങ്ങളെ വട്ടമിട്ടു. അങ്ങോട്ടുമിങ്ങോട്ടും തിരിയാൻ പറ്റാത്ത വിധത്തിൽ. അതിനിടയിൽനിന്ന് ഞങ്ങൾ പുറത്ത് കടന്ന് അടുത്ത ചായക്കടയിലേക്ക് രക്ഷപ്പെട്ടു. അൽപനേരം അവിടെയിരുന്നു. ചായയും ചെറുകടികളും കഴിച്ച് പുറത്തിറങ്ങി. അപ്പോഴേക്കും പല ഓട്ടോയും പോയിരുന്നു. സ്റ്റേഷനിൽ വന്ന് ആളിറക്കിപ്പോയ ഓട്ടോ കൈകാണിച്ചു, അതിൽ കയറി. വലിയ ഓട്ടോയാണ്. അഡ്ജസ്റ്റ് ചെയ്താൽ അഞ്ചെട്ടുപേർക്ക് ഇരിക്കാം. ഇവിടങ്ങളിൽ അങ്ങനെയാണ്. ഷെയർ ടാക്സി-ഓട്ടോ സഞ്ചാരം സാധാരണമാണ്. മെയിൻ റോഡിൽ എത്തി അപ്പുറത്തൊരു ഹോട്ടൽ കണ്ടു. അവിടെ കയറി. ചോറും പച്ചക്കറി വിഭവങ്ങളും മീനും സ്പെഷൽ ചിക്കൻകറിയും എല്ലാം ഉണ്ട്. ഊണ് കഴിച്ച് യാത്ര തുടർന്നു.

ഗോത്രഗ്രാമങ്ങളിലെ നേർക്കാഴ്ചകൾ

കുമാർഘട്ടിൽനിന്ന് 27 കി.മീ ദൂരമുണ്ട് ഉനക്കോടിയിലേക്ക്. കടലപ്പാടങ്ങളും നെൽവയലുകളും പിന്നിട്ട് പണി നടക്കുന്ന വമ്പൻ പാതയിലേക്ക് കടന്നു. തലങ്ങും വിലങ്ങും വെട്ടിപ്പൊളിച്ചിട്ട റോഡുകളാണ്. നാഷനൽ ഹൈവേ നിർമാണത്തിനായി പാതയുടെ വീതി കൂട്ടുകയാണ്. റോഡിന് ഇരുവശവും ഗ്രാമങ്ങളാണ്.

ഗോത്രവിഭാഗങ്ങൾ പാർക്കുന്ന തനിഗ്രാമങ്ങൾ. ചെറിയ ചെറിയ മനോഹരങ്ങളായ മുളവീടുകൾ. അവക്ക് ചുറ്റും മുളമതിലുകൾ. വൃത്തിയും വെടിപ്പുമുള്ള വീടുകളും പൂമുറ്റങ്ങളും. മിക്കവാറും വീടുകളുടെ വാതിലുകൾ അടഞ്ഞുകിടക്കുന്നു. ആളുകൾ കൃഷിപ്പണിക്കോ മറ്റു ജോലിക്കോ പോയതാകാം. ചിലവീടുകളിൽ മാത്രം ആൾപെരുമാറ്റമുണ്ട്. ഉമ്മറത്തും തൊടിയിലും കുശലം പറഞ്ഞിരിക്കുന്ന സ്ത്രീകളും കുട്ടികളും. വഴിയിൽ പലയിടത്തും ഗോത്രമക്കൾ കുടത്തിൽ വെള്ളം ചുമന്നു പോകുന്ന കാഴ്ച കാണാം. കൊച്ചുകുട്ടികളും ഇടപ്രായക്കാരായ സ്ത്രീകളും വയസ്സായ അമ്മമാരുമെല്ലാം ഒക്കത്തും തലയിലും ചുമന്നാണ് നീർക്കുടങ്ങൾ കൊണ്ടുപോകുന്നത്.

വഴിനീളെ മനസ്സുനിറക്കുന്ന മറ്റൊരു കാഴ്ച കൂടി കണ്ടു. വലിയ പനമ്പുകളിൽ ഉണക്കാൻ ഇട്ടിരിക്കുന്ന നെല്ലിൻ കൂമ്പാരങ്ങൾ. അവ ചിക്കിയുണക്കുന്നവർ. ആളുകൾക്ക് കൂട്ടായി ചില കളികളുമുണ്ട്. മുതിർന്നവർക്കൊപ്പം ഉത്സാഹത്തോടെ കുട്ടികളുമുണ്ട്. മറ്റു ചിലർ ഉണക്കിയ നെല്ല് കുട്ടയിലും ചാക്കിലും പകർത്തി പോകുന്നു. വീട്ടുമുറ്റങ്ങളിലും ഇത് കാണാം. ഗൃഹാതുരത ഉണർത്തുന്ന ഗ്രാമവിശുദ്ധിയുടെ കാഴ്ചകളും അനുഭവങ്ങളും. ഉനക്കോടിയിലേക്കുള്ള വഴി നിറയെ ഇത്തരം കാഴ്ചകളാണ്. വനഭംഗിയും വയൽഭംഗിയും ചേർന്ന സമൃദ്ധിയുടെ കാഴ്ചകൾ. ഒരു നാടിന്റെ സമ്പന്നതയെയും സംസ്കാരത്തെയും വെളിപ്പെടുത്തുന്ന കാഴ്ചകളാണ് അവയെല്ലാം.

വളവുകളും തിരിവുകളും പൊടിപാറുന്ന പാതകളും പിന്നിട്ട് ഞങ്ങൾ ഒരു വനാന്തരീക്ഷത്തിലേക്ക് കടന്നു. ഉച്ചച്ചൂടിനിടയിലും തണുപ്പ് തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം. വൻമരങ്ങളും വള്ളിപ്പടർപ്പുകളും നിറഞ്ഞ പ്രകൃതി. അതിന്റെ നടുവിലൂടെ ഏകദേശം രണ്ട് കി.മീ മുന്നോട്ട് പോയി. എതിരെ വരുന്ന വാഹനങ്ങൾ. ചിലയിടങ്ങളിൽ വണ്ടി പാർക്ക് ചെയ്ത് ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ട്. മറ്റു ചില സ്പോട്ടുകളിൽ പാട്ടും ഡാൻസുമായി തിമിർക്കുന്നവർ. യൂത്തന്മാരും വയസ്സന്മാരും കുട്ടിക്കൂട്ടങ്ങളും ഒരുമിച്ചാണ്. യാത്രയെ ആഘോഷമാക്കുകയാണവർ.

കഥകളുറങ്ങുന്ന മലഞ്ചെരുവുകൾ

കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ ഉനക്കോടിയിലേക്കുള്ള വലിയ ഗേറ്റ് കണ്ടു. ഗേറ്റിൽ കാവൽക്കാരുണ്ട്. ഗേറ്റിനപ്പുറം കടന്ന് ടൈൽ പാകിയ വഴിയിൽ എത്തി. ഇടതുവശത്തായി ചെറിയൊരു പുൽമൈതാനവും പൂന്തോപ്പും. അടുത്തുതന്നെ ടോയ്‌ലറ്റുമുണ്ട്. അവിടെ കയറി ഫ്രഷായി വീണ്ടും നടന്നു. തണൽ വിരിച്ച വഴിയിലൂടെ, ഇളം കാറ്റേറ്റ് നടക്കുമ്പോൾ മുന്നിൽ ഉനക്കോടിയുടെ വിശദാംശങ്ങൾ എഴുതിയ ഒരു ഇരുമ്പ് ഫലകം. പോകുന്ന വഴിയിൽ ഇരിപ്പിടങ്ങളും ഉണ്ട്. അകലെ പാറയിൽ, ചാഞ്ഞവെയിലിൽ തിളങ്ങി നിൽക്കുന്ന കാലഭൈരവന്റെ കൂറ്റൻ ശിൽപം. അതിനെ തുടർന്ന് മുകളിലേക്ക് ശിൽപശ്രേണികളാണ്. ഞങ്ങൾ ആ ദിക്കിനെ ലക്ഷ്യമാക്കി.

ഉനക്കോടി ശിൽപങ്ങളുടെ നാടാണ്. ശിൽപവൈവിധ്യം കൊണ്ട് ചരിത്രസ്മൃതികളുടെ പട്ടികയിൽ സ്ഥാനം പിടിച്ചയിടം. യുനെസ്കോ പൈതൃക സ്മാരകങ്ങളുടെ ലിസ്റ്റിലും ഉനക്കോടിയുണ്ട്. ത്രിപുരയിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ കീർത്തികേട്ട ടൂറിസം സങ്കേതമാണിത്. ഐതിഹ്യങ്ങളും കഥകളും ഉറങ്ങുന്ന ഗോത്രമലനിരകൾ. ബംഗാളിയിൽ ഉനക്കോടി എന്നാൽ ഒരു കോടിയിൽ ഒന്ന് കുറവ് എന്നാണർഥം. മലഞ്ചെരുവിലെ കൂറ്റൻ പാറയിൽ കൊത്തിയ അനേകം ശിൽപങ്ങളാണിവിടെയുള്ളത്. അവയുടെ ഭംഗിയും വലുപ്പവും മിഴിവും തന്നെയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും.

മുപ്പതടിയിൽ കൂടുതൽ ഉയരമുള്ള കാലഭൈരവന്റെ ശിലാ മുഖമാണ് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ശിൽപം. ഉനക്കോടിയെപ്പറ്റി ഒരുപാട് ഐതിഹ്യകഥകൾ നിലവിലുണ്ട്. ശിവനുമായി ബന്ധപ്പെട്ട കഥയാണ് അതിലൊന്ന്. ശിവനും പാർവതിയും ഉൾപ്പെട്ട ഒരുകോടി ദേവീദേവന്മാർ കൈലാസ യാത്രക്ക് പോയെന്നും, ഉനക്കോടിയിൽ വിശ്രമിച്ചു എന്നും പറയപ്പെടുന്നു. പിറ്റേന്ന് വെളുപ്പിനെ നേരത്തെ തന്നെ കൈലാസ യാത്ര തുടരണമെന്നും പരിവാരങ്ങളോട് ശിവൻ കൽപ്പിച്ചത്രേ. ശിവൻ വെളുപ്പിന് ഉണർന്ന് യാത്രക്ക് തയാറായപ്പോൾ എല്ലാവരും ഉറങ്ങിക്കിടക്കുന്നത് കണ്ടെന്നും കോപാഗ്നിയിൽ ജ്വലിച്ച ശിവൻ 'ഇനി നിങ്ങൾ ഒരിക്കലും ഉണരാതെ പാറയായി തീരട്ടെ' എന്ന് ശപിച്ചു എന്നുമാണ് കഥ. അങ്ങനെ ശാപം കിട്ടിയ ദേവീദേവന്മാരാണ് ഇവിടത്തെ ശിലാശിൽപങ്ങൾ എന്നും പറയപ്പെടുന്നു.

മറ്റൊരു കഥയും ഉനക്കോടിയെക്കുറിച്ചുണ്ട്. കടുത്ത ശിവ ഭക്തനായ കല്ലുകുമാർ എന്ന ശില്പി ശിവനും പാർവതിക്കും ഒപ്പം കൈലാസത്തിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചത്രേ. ഒറ്റ ദിവസം കൊണ്ട് ഒരു കോടി ശിൽപങ്ങൾ നിർമിച്ചാൽ കൈലാസത്തിൽ കൊണ്ടുപോകാമെന്ന് പാർവതി കല്ലുകുമാറിനോട് പറഞ്ഞുവെന്നും അങ്ങനെ അയാൾ ശിൽപങ്ങൾ നിർമിക്കാൻ തുടങ്ങിയെന്നും കഥ. പക്ഷേ കല്ലുകുമാർ അവസാന ശിൽപം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ നേരം വെളുത്തു. അങ്ങനെ കല്ലുകുമാറിന്റെ സ്വപ്നം വിഫലമായി. ശിവനും പാർവതിയും അവിടെനിന്ന് പോകുകയും ചെയ്തു. കല്ലുകുമാര്‍ നിർമിച്ച ശിൽപങ്ങളാണ് ഇവിടെയുള്ളതെന്നും മുൻകാലങ്ങളിൽ ആളുകൾ വിശ്വസിച്ചിരുന്നു.

കഥകൾ ഇങ്ങനെ പലതുമുണ്ടെങ്കിലും ഒരുപാട് ശിൽപങ്ങൾ ഉനക്കോടിയിൽ ഇല്ല. കുറച്ച് ശിൽപങ്ങൾ മാത്രമേ ഇവിടെയുള്ളൂ. ഇവയെല്ലാം ഏഴാം നൂറ്റാണ്ടിൽ വിവിധ കലാകാരന്മാരാൽ നിർമിക്കപ്പെട്ട ശിൽപങ്ങളാണ് എന്ന് പറയപ്പെടുന്നു. കല്ലിൽ കൊത്തിയ അനേകം ശിൽപങ്ങൾ ഇവിടെ കാണാം. ഉനക്കോടീശ്വരനും ദുർഗയും ഗണേശനും മറ്റനേകം സ്ത്രീപുരുഷ ശിൽപങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം ശൈവസങ്കല്പത്തിൽ നിർമിക്കപ്പെട്ടതാണ്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന, പ്രകൃതിയുടെ ഭാഗമായ, പ്രൗഡഗംഭീരമായ ശിൽപമാതൃകകൾ. അടുത്തു നില്കുന്നതിനേക്കാൾ ദൂരക്കാഴ്ചയിൽ അവക്ക് കൂടുതൽ ഭംഗി തോന്നി. അവ ഓരോന്നോരോന്നായി പലവട്ടം കണ്ടു.

ചുറ്റും മലകളും പടിക്കെട്ടുകളും ശിൽപങ്ങളും അതിന് നടുവിൽ മനോഹരമായ ഒരു ഉറവയും. കാഴ്ച കണ്ട് പതിയെ സ്റ്റെപ്പുകളിറങ്ങി. താഴെ കൽപ്രതിമകൾക്കിടയിലുള്ള വിഗ്രഹങ്ങളിൽ പൂജ നടക്കുന്നുണ്ട്. കാലഭൈരവന്റെ പ്രതിമകണ്ട് താഴോട്ടിറങ്ങിയപ്പോൾ പൂജാരി പൂവും പഴപ്രസാദവും തന്നു. കൂടെ കുങ്കുമവും. അതും വാങ്ങി പടവുകൾ കയറി ഞങ്ങൾ മലമുകളിലേക്ക് പോയി.

മനോഹരമായ പടുകൂറ്റൻ വൃക്ഷങ്ങൾ. അവയുടെ ശിഖരങ്ങൾ പടർന്നു നിൽക്കുന്നു. അവക്കിടയിലൂടെ പടികൾ കയറി മുന്നോട്ടുപോകുമ്പോൾ കരിങ്കൽ പാളികളിൽ ചിതറിക്കിടക്കുന്ന ശില്പസൗന്ദര്യത്തെ വീണ്ടും വീണ്ടും അത്ഭുതത്തോടെ നോക്കി. കറുത്ത ശില്പങ്ങളുടെ രൂപം കരിങ്കല്ലിൽ തെളിഞ്ഞുനിന്നു. മലകളോട് ചേർന്ന് നിൽക്കുന്ന ആ ശില്പസൗന്ദര്യം വേറിട്ട അനുഭവമായി. പതിവ് കാനന കാഴ്ച്ചകളിൽനിന്നു വ്യത്യസ്തമായ ദൃശ്യാനുഭവം. അത് കണ്ട് നില്ക്കുമ്പോൾ മനസ്സ് ഒരുപാട് പിന്നിലേക്ക് പാഞ്ഞു. നൂറ്റാണ്ടുകൾക്കപ്പുറം ഏതോ പ്രാചീന കാലഘട്ടത്തിന്റെ ഒരു ദിനത്തിലാണ് താൻ നില്കുന്നത് എന്നപോലെ.

വീണ്ടും മുകളിലേക്ക് ചെന്നപ്പോൾ വലിയൊരു ആൽമരം. അതിന്റെ കീഴെയും പൂജ നടക്കുന്നുണ്ട് തൊട്ടപ്പുറത്തായി പുരാതന ശില്പങ്ങൾ സൂക്ഷിക്കുന്ന ഒരു മ്യൂസിയവും കണ്ടു. പൊട്ടിപ്പൊളിഞ്ഞതും അല്ലാത്തവയുമായ ദൈവരൂപങ്ങളും മറ്റു ശില്പങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ശിവപാർവതിമാരും ഗണേശനും നരസിംഹവും ഹനുമാനും ശിവലിംഗവുമെല്ലാം കാണാം. ചുറ്റുമുള്ള വൻമരങ്ങളുടെ ഭംഗി പറഞ്ഞറിയിക്കാൻ വയ്യ. അത്രയ്ക്കുണ്ട് അവയുടെ ആകാരഭംഗി. അന്തരീക്ഷത്തിലേക്ക് കമ്പുകൾ പടർത്തിയും വിടർത്തിയും നിൽക്കുന്ന അവയെ എത്ര കണ്ടാലും മതിവരില്ല.

ഉനക്കോടിയുടെ സൗന്ദര്യം ആസ്വദിച്ച് വീണ്ടും താഴോട്ടിറങ്ങി. മറ്റൊരു മരത്തിന്റെ കീഴിലും പൂജ കഴിഞ്ഞമട്ടുണ്ട്. മരത്തണലിൽ രണ്ട് ഗോത്രമക്കൾ. സുന്ദരികളായ സ്ത്രീകളാണ്. വിറക് ശേഖരിച്ചു പോകുകയാണവർ. അതിനിടയിൽ വിറകിൻ കുട്ടകൾ താഴെവച്ച് വിശ്രമിക്കുകയാണ്. അവരോട് ഊരും പേരുമൊക്കെ ചോദിച്ചു. പേര് പറഞ്ഞെങ്കിലും മനസ്സിലായില്ല. ഗോത്രഭാഷയിലാണ് സംസാരം. അതുകൊണ്ട് തന്നെ ഒരക്ഷരം തിരിഞ്ഞില്ല. രണ്ടുപേരും ശാന്തരായി ഒട്ടും പരിചയഭാവം കാണിക്കാതെ ഗൗരവം വിടാതെ നിൽക്കുകയാണ്.

വീണ്ടും താഴോട്ടിറങ്ങി. ഒഴുകുന്ന ജലധാരയുടെ നേർത്ത ശബ്ദം. മുന്നിലും പിന്നിലും കൂറ്റൻ ശില്പങ്ങൾ. മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ഉള്ള പടികൾ. ഇവയെല്ലാം ചേർന്ന മലഞ്ചെരുവുകൾക്കൊരു ഗാംഭീര്യഭംഗിയുണ്ട്. അന്തരീക്ഷം ഇളം തണുപ്പിൽ തന്നെ. ചെരുവുകളിലെ കാഴ്ചകൾ കണ്ടുകണ്ട് മുകളിലേക്ക് തിരികെ കയറുമ്പോൾ പ്രകൃതിയുടെ കുസൃതി നിറഞ്ഞ ഒരു കരവിരുത് കൂടി മുന്നിൽ പ്രത്യക്ഷപ്പെട്ടു. മണ്ണിരകൾ മെനഞ്ഞുണ്ടാക്കിയ ഒരു ചെറുശിൽപം. നനുത്ത മണ്ണിൽ, പുല്ലുകൾക്കിടയിൽ ദേവശില്പങ്ങളോട് കൂറുമായി നിൽക്കുന്ന അവക്ക് വേറിട്ടൊരു ചന്തം തോന്നി. ഉനക്കോടിയുടെ ശില്പഭംഗിയിലേക്ക് ഒന്നുകൂടി നോക്കി. കാലഭൈരവനും ദേവിദേവന്മാരും കലാപാടവത്തിന്റെ കൊടിയടയാളമായി നിൽക്കുന്നു.

ഉനക്കോടിയുടെ ശില്പങ്ങളെ വിട്ട് ഞങ്ങൾ തിരികെ നടന്നു. കാടുകൾക്കും പാടങ്ങൾക്കും പുഴകൾക്കും നടുവിലൂടെ പൊടി പാറിയ വീതിയേറിയ ഹൈവേയിലൂടെ കുമാർഘട്ടിലേക്ക്. അവിടെയാണ് ഇന്നത്തെ താമസം. കുമാർഘട്ടിൽ എത്തുമ്പോൾ അസ്തമയത്തിന്റെ കിരണങ്ങളേറ്റ് മനോഹരമായ ആകാശവും ഭൂമിയും. തിളങ്ങിനിൽക്കുന്ന വയലേലകളും വാഴത്തോട്ടങ്ങളും കമുകിൻ തലപ്പുകളും അതിസുന്ദരമായി തോന്നി.

ഗോത്ര മക്കളുടെ ജീവിത സഞ്ചാരങ്ങൽ, കൊച്ചു കൊച്ചു കടകൾ, വല്ലപ്പോഴും മാത്രം പാഞ്ഞു പോകുന്ന വണ്ടികൾ. അവയ്ക്കെല്ലാം ഇടയിലൂടെ ഞങ്ങളുടെ ഓട്ടോയും മുന്നോട്ടുപോയി. കുമാർഘട്ടിൽ എത്തി ഒരു ചായക്കടയിൽ കയറി. ചൂട് ചായയും പലഹാരങ്ങളും കഴിച്ചു. ഇരുൾ പരന്നു തുടങ്ങി. തണുപ്പ് കൂടിക്കൂടി വരുന്നു. ചായക്കടയിൽ ഒരുപാട് വയോധികരുണ്ട്. അവർ ചായകുടിച്ച് ശാന്തരായിരിക്കുന്നു. ചായക്കാശുകൊടുത്ത് ഞങ്ങൾ താമസസ്ഥലം അന്വേഷിച്ചുപോയി. ശുഭോദൃഷ്ടി എന്ന് എഴുതിയ ഒരു ഹോട്ടലിൽ കയറി അന്വേഷിച്ചു. അവിടെ വലിയ തിരക്കൊന്നുമില്ല.

സാമാന്യം തരക്കേടില്ലാത്ത താമസ സൗകര്യം ആണ്. റൂമിൽ ചെന്ന് ഫ്രഷായി ഒൻപതുമണിയോടെ ഞങ്ങൾ വീണ്ടും പുറത്തിറങ്ങി. അടുത്തു കണ്ട ദമ്പതിമാരുടെ കൊച്ച് കടയിലെ നാടൻ ഭക്ഷണം കഴിച്ചു. പിന്നെ റൂമിലെത്തി ഉറങ്ങാൻ കിടന്നു, പിറ്റേന്നത്തെ യാത്രാപ്ലാനുകളെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tripuraHeritage Sculptures
News Summary - Heritage Sculptures of Tripura
Next Story