ആര്​ കാക്കും ഈ കോട്ട കൊത്തളങ്ങൾ...?

  • ​ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടും സംരക്ഷിക്കാനാളില്ലാത്ത രാജസ്​ഥാനിലെ കോട്ടകളിലൂടെ

രാജസ്​ഥാനിലെ കുംഭാൽഗഡ്​ കോട്ട

യുനസ്ക്കോ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടും ലോകത്തിൻെറ കാഴ്​ചപ്പാടിൽ പതിഞ്ഞിട്ടും സംരക്ഷിക്കപ്പെടാതെ കിടക്കുന്ന കോട്ടകളും കൊത്തളങ്ങളും സ്​മാരകങ്ങളും കാണണ​െമങ്കിൽ രാജസ്​ഥാനിൽ വരണം. വൈവിധ്യങ്ങൾ കൊണ്ട്​ ആഘോഷമാക്കിയ ദേശമാണ്​ രാജസ്​ഥാൻ. അതിലൂടെ സഞ്ചരിച്ച്​ ഇങ്ങെത്തുമ്പോൾ ഓരോ യാത്രികനും ചോദിക്കുന്ന ചോദ്യം ഇതായിരിക്കും. എന്തുകൊണ്ടാണ്​ ഈ സ്​മാരകങ്ങൾ സംരക്ഷിക്കപ്പെടാത്തത്​....?

2013ലാണ്​ യുനെസ്​കോയുടെ പൈതൃക പട്ടികയിൽ രാജസ്​ഥാനിലെ കോട്ടകൾ ഇടംപിടിച്ചത്​. അതിനും മുമ്പ്​ യുനെസ്​കോയിലെ  വിദഗ്ധ സംഘം എത്രയോ നാൾ സമഗ്രമായി പഠനം നടത്തിയിട്ടായിരിക്കണം ലോക പൈതൃക പട്ടികയിൽ ഇതെല്ലാം ഉൾചേർത്തത്​....!

പൈതൃക പട്ടികയിൽ ഇടംപിടിച്ചാൽ പ്രധാനമായി അഞ്ച്​ ഗുണങ്ങളാണുണ്ടാവുക. അതിൽ ഏറ്റവും പ്രധാനമായത്​ നിർമിതികൾക്ക്​ ആഗോളമായ അംഗീകാരത്തോടെ തനിമയാർന്ന വ്യക്​തിത്വം ഉണ്ടാകും എന്നതാണ്​. രണ്ട്​: ആഗോളമായ സാമ്പത്തീക സഹായം ലഭ്യമാകും. മൂന്ന്​: വിനോദ സഞ്ചാര വളർച്ചയുണ്ടാകും. നാലാമതായി യുദ്ധംപോലെയുള്ള കാലങ്ങളിൽ സവിശേഷവും ഫലവത്തുമായ സംരംക്ഷണം ഉറപ്പ് വരുത്തും. അഞ്ചാമതായി അഞ്ച്.
ആഗോള വിദഗ്ധരുടെ സാങ്കേതിക സഹായം ഉറപ്പാകും.

ആരവല്ലി പർവ്വതനിരകളുടെ നിറവുകളിലാണ് രാജസ്ഥാനിലെ കോട്ടകൾ തല ഉയർത്തി നിൽക്കുന്നത്. വാസ്തുവിദ്യയുടേയും സൗന്ദര്യത്തിന്റേയും നിറകുടങ്ങളാണീ കോട്ടകൾ. ഉയരം, കാറ്റിൻെറ ദിശ, ശത്രുക്കളെ തുരത്താൻ പാകത്തിലുള്ള ഒരുക്കങ്ങൾ, വെള്ളം, മറ്റ്​ പ്രകൃതി വിഭവങ്ങളുടെ സാന്നിധ്യം,
ഒപ്പം ആരെയും ആകർഷിക്കുന്ന ലാവണ്യം എന്നിവക്ക്​ പ്രാധാന്യം നൽകിയാണ്​ ഈ കോട്ടകൾ നിർമിച്ചിരിക്കുന്നത്​.
ഇന്നത്തെപോലെ സാങ്കേതിക വിദ്യകൾ ഇല്ലാതിരുന്ന ഒരു കാലത്ത് ഇതൊക്കെ എങ്ങനെ സാധ്യമായി എന്നോർത്ത്​ വാസ്തു ശാസ്ത്രജ്ഞർ ഇന്നും
അത്ഭുതപ്പെടുന്നു.

രൺതൻഭോർ കോട്ട
 

Hill Forts of Rajasthan എന്ന പേരിലാണ്​  രാജസ്ഥാനിലെ കോട്ടകൾ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്തൗഡ്, കുംഭാൽഗഢ്​, രൺഥംഭോർ, ആംബർ, ജയ്സാൽമീർ എന്നിവയാണ്​ ഈ കോട്ടകൾ. രജപുത്ര രാജാക്കന്മാരുടെ കാലത്താണ് ഈ കോട്ടകൾ പടുത്തുയർത്തിയതെന്ന്​ ചരിത്രം പറയുന്നു. രജപുത്ര വാസ്തുവിദ്യയിൽ പ്രതിരോധനിർമിതികൾക്കുണ്ടായിരുന്ന പ്രാധാന്യവും ഈ കോട്ടകളിൽ നിന്ന്​ വായിച്ചെടുക്കാം.

വാസ്തുവിദ്യാപരമായി ഏറെ പ്രത്യേകതകളുണ്ട്​ ഈ കോട്ടകൾക്ക്​. നിരവധി പടവുകൾ, തുരങ്കങ്ങൾ എന്നിവ ഈ കോട്ടയിലേക്കുള്ള സഞ്ചാരപാതകളായി ഉപയോഗിച്ചിരുന്നു. വീതിയേറിയ ബലിഷ്ഠമായ കോട്ടമതിലിനുള്ളിൽ രാജകൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, നിയമനിർമാണ സഭകൾ, ഉദ്യാനങ്ങൾ, ജലസംഭരണികൾ തുടങ്ങിയവയെല്ലാം ഇവർ നിർമിച്ചെടുത്തിരുന്നു. രാജസ്ഥാനിലെ ഭൂപ്രകൃതിയും അത്യൂഷ്​ണമുള്ള കാലാവസ്ഥയും പരിഗണിച്ചായിരുന്നു ഇവയുടെ രൂപകല്പനകളെല്ലാം...

2013ൽ യുനെസ്കോ ഈ കോട്ടകളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള ലോകപൈതൃക കേന്ദ്രങ്ങളുടെ എണ്ണം 30 ആയി.

50 ഡിഗ്രിക്ക് മുകളിലെത്തുന്ന ചൂടും കടുത്ത ജലക്ഷാമവും പ്രതിരോധിക്കാൻ ശേഷിയുണ്ട്​ നൂറ്റാണ്ടുകൾക്ക് മുമ്പേ നിർമിച്ച ഈ കോട്ടകൾക്ക്​. ഏഴാംനൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള നിർമിതികൾ ഈ കോട്ടകൾക്കുള്ളിൽ കാണാം. അതേസമയം ഈ കോട്ടകളിലെ ഓരോന്നും അതിന്റേതായ സവിശേഷതകൾ പുലർത്തുന്നുമുണ്ട്.

2013ൽ യുനെസ്കോ ഈ കോട്ടകളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഇന്ത്യയിൽ നിന്നുള്ള ലോകപൈതൃക കേന്ദ്രങ്ങളുടെ എണ്ണം 30 ആയി. കോട്ടകൾക്ക് പുറമേ ഹവേലികളും, ക്ഷേത്രങ്ങളും, ജല സംരംക്ഷണത്തിനായി നിർമിച്ച പടവ് കിണറുകളും കുളങ്ങളുമെല്ലാം വാസ്​തുവിദ്യാ സൗന്ദര്യം പേറി രാജപ്രൗഡിയിൽ നിലകൊള്ളുന്നു.

രാജസ്​ഥാനിലെ കബീർ സംഗീത യാത്രയിൽനിന്ന്​
 

ഈ പൈതൃക നിർമിതികൾ കുറേയെങ്കിലും നേരാംവണ്ണം സംരംക്ഷിക്കപ്പെട്ടിരുന്നത്​ തദ്ദേശീയ വ്യവസായികളുടെ താൽപര്യത്തിലായിരുന്നു. എങ്കിലും അർഹിക്കുന്ന പ്രാധാന്യത്തോടെ ഈ സ്​മാരകങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന്​ അതിൻെറ ഓരത്തുകൂടി സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. പൈതൃക സംസ്കൃതിയുടെ മുദ്രകൾ പതിഞ്ഞ രാംഘട്ടിൽ രാജസ്ഥാൻ കബീർ സംഗീത യാത്രികരായാണ്​ ഞങ്ങൾ എത്തിയത്​.
എല്ലാ സാങ്കേതിക വിദ്യകളും ലഭ്യമായ ഇക്കാലത്ത് പോലും ഇങ്ങനെയൊന്ന്​ നിർമിക്കാനാവില്ലെന്നായിരുന്നു ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരുടെ ഏകകണ്​ഠമായ അഭിപ്രായം. ചിത്ര ചുമരുകളുടെ ഗാലറികൾ കൂടിയായ ഈ പൈതൃക നിർമിതികൾ വേണ്ട രീതിയിൽ സംരംക്ഷിക്കപ്പെടാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് ഞങ്ങൾക്കൊപ്പം സഞ്ചരിച്ച് ചിത്രങ്ങൾ വരക്കുന്ന മലയാളി കലാകാരൻ പി.ജി. ശ്രീനിവാസൻ പറഞ്ഞു.

കബീർ സംഗീത പരിപാടിയിൽ നിന്ന്​
 

ചരിത്ര സ്​മാരകങ്ങൾ തച്ചുടയ്​ക്കുകയോ നാശോന്മുഖമാകാൻ വിടുകയോ എളുപ്പമാണ്​. അതിനെക്കാൾ കേമമായത്​ നിർമിച്ചെടുക്കാനും കഴിഞ്ഞേക്കും. പക്ഷേ, ആ നിർമിതികൾ ഒരു കാലത്തെക്കൂടി ഉള്ളിൽ പേറുന്നുണ്ട്​. ആ സ്​മാരകങ്ങളുടെ ആത്​മാവ്​ ആ കാലമാണ്​. നമ്മൾ ആ സ്​മാരകത്തിൽ നിൽക്കുമ്പോൾ അങ്ങനെയൊരു കാലത്തിൽ എത്തിപ്പെട്ടതുപോലെയായിരിക്കും അനുഭവപ്പെടുക.. ആത്​മാവില്ലാത്ത സ്​മാരകങ്ങൾ വെറും കല്ലും മണ്ണും മാത്രമല്ലാതെ മറ്റെന്താണ്​...? ഏത് രാജ്യത്തിന്റെയും പൈതൃകസമ്പത്ത് സംരംക്ഷിക്കുമ്പോൾ ആ നാടിന്റെ അഭിമാനവും ചരിത്രവും കൂടിയാണ്​ സംരക്ഷിക്കുന്നത്​. അതോ​െടാപ്പം പൈതൃക വിനോദ സഞ്ചാരവും വികസിക്കും. പരോക്ഷമായും പ്രത്യക്ഷമായും അനേകർക്ക്​ ജീവിതമാർഗവുമാകും. ഈ പൈതൃക സമ്പത്ത് സംരംക്ഷിച്ച് വരും തലമുറക്ക് കൈമാറാനുള്ളതാണ്​.  അതവർക്കു​ കൂടി അവകാശപ്പെട്ടതാണ്​...

 

Loading...
COMMENTS