
കാഴ്ചകളും അനുഭവങ്ങളും അനവധി; ലോകത്തിലെ ദീർഘമേറിയ ട്രെയിൻ യാത്രകൾ ഇവയാണ്
text_fieldsട്രെയിനുകൾ സഞ്ചരിക്കുന്നത് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാത്രമല്ല, വൈവിധ്യമാർന്ന ജീവിതങ്ങളിലേക്ക് കൂടിയാണ്. ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങൾ നൽകി ഓരോ ട്രെയിനുകളും അജ്ഞാതവും അതിശയകരവുമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ പലവിധ ഭാഷകളുണ്ടാകും, സംസ്കാരങ്ങളുണ്ടാകും, രുചിവൈവിധ്യങ്ങളുണ്ടാകും, ഭൂപ്രകൃതികളുണ്ടാകും, മനുഷ്യ ജീവിതങ്ങളുണ്ടാകും. ഇത്തരത്തിൽ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും നൽകുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും സാഹസികവുമായ ട്രെയിൻ യാത്രകളിൽ ചിലത് പരിചയപ്പെടാം.
ഈസ്റ്റേൺ ആൻഡ് ഓറിയന്റൽ എക്സ്പ്രസ്
തെക്കുകിഴക്കൻ ഏഷ്യയിലെ ക്ലാസിക് അനുഭവമാണീ യാത്ര. മിക്കവർക്കും ഇതൊരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. വിശാലമായ കാഴ്ചകളും മനോഹരമായ അനുഭവങ്ങളും ഇടകലർന്ന കിഴക്കൻ ഏഷ്യയുടെ ചാരുത പകർത്തുന്ന യാത്രയാണിത്.
നാല് ദിവസം നീളുന്ന യാത്രയിൽ സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലൂടെ ട്രെയിൻ നിങ്ങളെ കൊണ്ടുപോകും. എത്തിപ്പെടുന്ന സ്ഥലങ്ങളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് യാത്രക്കാർക്ക് പോകാനുള്ള അവസരവുമുണ്ട്.
ട്രാൻസ്-സൈബീരിയൻ എക്സ്പ്രസ്
ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഐതിഹാസികമായ ട്രെയിൻ യാത്രയാണിത്. ആറ് ദിവസം നീളുന്ന യാത്ര വ്യത്യസ്ത നാടുകൾക്ക് പുറമെ വിവിധ സമയ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്. റഷ്യയുടെ പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന യാത്രയാണിത്. മോസ്കോയിൽനിന്ന് ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം വ്ലാഡിവോസ്റ്റോക്കിലാണ് യാത്ര അവസാനിക്കുക. ഈ യാത്രക്ക് സമാനമായ മറ്റൊന്നു കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഏതൊരു സാഹസിക സഞ്ചാരിയും ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട യാത്രയാണിത്.
കാലിഫോർണിയ സെഫിർ
അമേരിക്കയിലൂടെ നടത്താവുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രയാണിത്. ചിക്കാഗോക്കും സാൻ ഫ്രാൻസിസ്കോ ബേയ്ക്കും ഇടയിലാണ് ട്രെയിൻ ഓടുന്നത്. 51 മണിക്കൂറിലധികമാണ് യാത്രാദൈർഘ്യം. മനോഹരമായ കൊളറാഡോ മലയിടുക്കുകൾ, റോക്കീസ്, സിയറ നെവാഡ എന്നിവ അനുഭവിക്കാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും. ഒമാഹ, ഡെൻവർ, സാൾട്ട് ലേക്ക് സിറ്റി എന്നിവയിലൂടെയും ട്രെയിൻ കടന്നുപോകുന്നു. തികച്ചും മനോഹരമായ സാഹസിക യാത്രയാകും ഇതെന്ന് ഉറപ്പിക്കാം.
ദെ കനേഡിയൻ
മൂന്ന് ദിവസം നീളുന്ന ഈ യാത്ര കാനഡയുടെ അതിമനോഹരമായ ഭൂപ്രകൃതിയിലേക്ക് സഞ്ചാരികളെ ആനയിക്കും. ടൊറന്‍റോയിൽ തുടങ്ങി വാൻകൂവറിലാണ് അവസാനിക്കുക. യാത്രയിൽ ജനൽവാതിലിൽനിന്ന് കണ്ണുകളെ മാറ്റാൻ സമ്മതിക്കാത്ത വിധത്തിലുള്ള അനുഭവങ്ങളാണ് ഈ യാത്ര സമ്മാനിക്കുക. മൂന്ന് വ്യത്യസ്ത ക്ലാസ് ടിക്കറ്റ് ഇതിൽ ലഭ്യമാണ് - എക്കണോമി, സ്ലീപ്പർ പ്ലസ്, പ്രസ്റ്റീജ്. ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് കോച്ചുകളും ഇതിലുണ്ട്.
വിവേക് എക്സ്പ്രസ്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റെയിൽവേ രാജ്യത്തിന്‍റെ ജീവനാഡിയാണ്. അതിനാൽ, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്രകളിലൊന്ന് ഇന്ത്യയിലാണെന്ന് പറയുന്നതിൽ അതിശയിക്കാനില്ല. നാല് ദിവസം നീളുന്ന യാത്രയാണിത്. രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗത്ത്, ആസാമിലെ ദിബ്രുഗഡിൽനിന്ന് ആരംഭിച്ച് തെക്കേ അറ്റത്തുള്ള കന്യാകുമാരി വരെ നീളുന്നു. ആകെ 59 സ്റ്റേഷനുകളുണ്ട്. ഇതിൽ എട്ടെണ്ണം കേരളത്തിലാണ്.
രാജ്യത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതി മാത്രമല്ല, വൈവിധ്യമായ സംസ്കാരങ്ങളും ഭാഷയും ഭക്ഷണവും മനുഷ്യരെയും തൊട്ടറിയാനുള്ള മികച്ച അവസരമാണിത്.