അപകടസമയത്ത് വിളികേൾക്കാൻ ഇനി ‘ആൻസർ’ ആപ്
text_fieldsതിരുവനന്തപുരം: അപകടം സംഭവിച്ച ആദ്യസമയങ്ങളിൽ തന്നെ രോഗിയെ ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കാൻ സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്പുമായി യുവ ഡോക്ടർ. ആദ്യഘട്ടത്തിൽ തലസ്ഥാനത്തെ പ്രധാന ആശുപത്രികളെയും ആംബുലൻസ് സർവിസുകളെയും ഒരൊറ്റ നെറ്റ്വർക്കിൽ കോർത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പുതുവത്സരദിനത്തിൽ പൂർണമായും പ്രാബല്യത്തിൽ വരുന്ന ആംബുലൻസ് നെറ്റ്വർക്കിങ് വിത്ത് എമർജൻസി റെസ്പോൺസ് (ആൻസർ) എന്ന പേരിലുള്ള ആപ് വികസിപ്പിച്ചത് ഡോ. ഡാനിഷ് സലീമാണ്. അത്യാഹിതം സംഭവിക്കുന്ന സന്ദർഭത്തിൽ കൈയിലുള്ള സ്മാർട്ട് ഫോണിലെ ആപ് പ്രവർത്തിപ്പിക്കുന്നതോടെ മിനിറ്റുകൾക്കകം ആംബുലൻസ് അപകടസ്ഥലത്ത് കുതിച്ചെത്തും. രോഗിയെ എടുത്ത് തൊട്ടടുത്ത ആശുപത്രിയിലേക്ക് ആംബുലൻസിന് വഴികാണിക്കുന്നതും ആപ് വഴിയായിരിക്കും. വ്യക്തിവിവരങ്ങളും നേരത്തേ ചികിത്സ തേടുന്ന രോഗങ്ങളുടെ വിവരങ്ങളും കഴിക്കുന്ന മരുന്നുകളും മുൻകൂട്ടി ആപ്പിൽ ചേർക്കാം. അപകട സമയത്ത് രോഗിയെ കൊണ്ടുപോകുന്ന ആശുപത്രിയിലേക്ക് ഇൗ വിവരങ്ങൾ ആപ് വഴി തൽസമയം കൈമാറും. രോഗിയെ ആശുപത്രിയിലെത്തിക്കും മുമ്പ് ആശുപത്രികൾക്ക് മുൻകരുതലുകൾ എടുക്കാൻ ഇൗ സംവിധാനം വഴിയൊരുക്കും. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറുമാണ് ഡോ. ഡാനിഷ് സലീം. തിരുവനന്തപുരത്ത് ആൻസർ നടപ്പാക്കുന്നത് ട്രോമ റെസ്ക്യൂ ഇനീഷ്യേറ്റിവ് (ടി.ആർ.െഎ) എന്ന പേരിലാണ്. മൂന്ന് വ്യത്യസ്ത ആപ്പുകളും ഒരു സോഫ്റ്റ് വെയറും വെബ്പോർട്ടലും ചേർന്നതാണ് ഇൗ സംവിധാനം. സാധാരണക്കാർക്ക് വേണ്ടിയും ആംബുലൻസുകൾക്കും ആശുപത്രികൾക്കുമാണ് പ്രത്യേകം ആപ്പുകൾ. സാധാരണക്കാരനുവേണ്ടിയുള്ള ആപ്പിൽ അത്യാഹിത സമയത്ത് ഒരു ബട്ടൺ അമർത്തുേമ്പാൾ വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ, രക്തഗ്രൂപ്, ഉപയോഗിക്കുന്ന മരുന്നിെൻറ വിവരങ്ങൾ തുടങ്ങിയവ വെബ്പോർട്ടലിൽ എത്തുന്നു.
അത്യാഹിതം സംഭവിക്കുന്നവർ ആപ്പിലെ ‘ഡിസ്ട്രസ്’ ബട്ടൺ അമർത്തുേമ്പാൾ സഹായം വേണ്ടത് ഉപയോഗിക്കുന്നയാൾക്കോ മറ്റുള്ളവർക്കുവേണ്ടിയോ എന്ന് ചോദിക്കും. സ്വന്തം നിലക്കാണെങ്കിൽ അയാളുടെ വ്യക്തിവിവരങ്ങൾ വെബ്പോർട്ടൽ വഴി നെറ്റ്വർക്കിങ് കേന്ദ്രങ്ങൾക്ക് കൈമാറുന്നു. ഉടൻതന്നെ സാധാരണക്കാരന് ഇൗ ആപ്പിൽനിന്ന് തന്നെ അടുത്തുള്ള ആംബുലൻസുകളെ വിളിക്കാനുള്ള സൗകര്യവുമുണ്ട്. നെറ്റ്വർക്കിങ് കേന്ദ്രത്തിെൻറ വെബ്േപാർട്ടലിൽ രോഗിയുടെ അടുത്തുള്ള ആശുപത്രിയുടെ സ്ഥാനം, ലഭ്യമാകുന്ന ആംബുലൻസുകൾ എന്നിവയും കാണിക്കും. ഇൗ ആംബുലൻസുകളും ആശുപത്രികളും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് നെറ്റ്വർക്കിെൻറ ഭാഗമാകുന്നവയാണ്.
ആംബുലൻസുകളിൽ 108 െൻറ സേവനം സൗജന്യമായതിനാൽ അവക്കാണ് മുൻഗണന. അപേക്ഷ സ്വീകരിച്ചാൽ ആംബുലൻസിന് രോഗിയിലേക്കുള്ള മാർഗം ഗൂഗിൾ മാപ്പിൽ ചുവന്നരേഖയായും ആശുപത്രിയിലേക്കുള്ളത് പച്ചനിറത്തിലും കാണിക്കും. രോഗിക്ക് ആശുപത്രി മാറ്റണമെന്നുണ്ടെങ്കിൽ അവരുടെ ആഗ്രഹപ്രകാരം ആംബുലൻസ് ഡ്രൈവർക്ക് ഇത് മൊബൈലിൽ മാറ്റുകയും പുതിയമാർഗം നെറ്റ്വർക്കിങ് കേന്ദ്രം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ആശുപത്രികളെ അവയിലെ സൗകര്യങ്ങൾക്കനുസൃതമായി വ്യത്യസ്ത ലെവലുകളായി തിരിച്ചിട്ടുണ്ട്. അവിടെയുള്ള ചികിത്സ സൗകര്യം എല്ലാം ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസുകളെയും ഇൗ രീതിയിൽ തരംതിരിച്ചിട്ടുണ്ട്. െഎ.എം.എ തിരുവനന്തപുരം, കേരള പൊലീസ്, അമേരിക്കയിലെ ആർ.കെ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗൂഗിൾ േപ്ല സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം.