ബംഗളൂരു: ഗതിനിർണയത്തിനായുള്ള നാവിക് ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്-1എച്ചിെൻറ വിക്ഷേപണം പരാജയം. വൈകീട്ട് ഏഴിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് കുതിച്ച ഉപഗ്രഹത്തിന് പി.എസ്.എൽ.വി -സി 39 റോക്കറ്റിൽ നിന്ന് വേർപെടാനാകാതെ വന്നതോടെയാണ് പരാജയമായത്. ദൗത്യം പരാജയപ്പെെട്ടന്ന് െഎ.എസ്.ആർ.ഒ ചെയർമാൻ എ.എസ് കിരൺ കുമാർ സ്ഥിരീകരിച്ചു.
2013ൽ വിക്ഷേപിച്ച പ്രഥമ ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ് -1എ തകരാറിലായതിനെ തുടർന്നാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചിരുന്നത്. 1എ ഉപഗ്രഹത്തിലെ മൂന്ന് റൂബീഡിയം അറ്റോമിക് ക്ലോക്കുകൾ പ്രവർത്തനരഹിതമായിരുന്നു. ക്ലോക്കുകൾ വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് 1425 കിലോ ഭാരമുള്ള 1എച്ച് ഉപഗ്രഹം വിക്ഷേപിച്ചത്. ആദ്യ ഉപഗ്രഹത്തിലെ കേടുപാടുകൾമൂലം നാവികിെൻറ പ്രവർത്തനം നിർത്തിവെച്ചിരുന്നു. 221 കോടിയാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ചെലവ്.
2016 ഏപ്രിൽ 28ന് ശ്രേണിയിലെ ഏഴാമത്തെ ഉപഗ്രഹം ഐ.ആർ.എൻ.എസ്.എസ് -1 ജി വിജയകരമായി വിക്ഷേപിച്ചതിലൂടെ സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള (നാവിഗേഷന്‍ സംവിധാനം) രാജ്യമായി ഇന്ത്യ മാറിയിരുന്നു. അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ, യൂറോപ്യന്‍ യൂനിയന്‍ എന്നിവയാണ് സ്വന്തമായി ഗതിനിര്‍ണയ സംവിധാനമുള്ള രാജ്യങ്ങൾ. അമേരിക്കയുടെ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനത്തോട് (ജി.പി.എസ്) കിടപിടിക്കുന്നതാണ് ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനവും. ഐ.ആർ.എൻ.എസ്.എസ് ആഗോളതലത്തില്‍ സേവനം നല്‍കില്ലെങ്കിലും രാജ്യവും 1,500 കിലോമീറ്റര്‍ ചുറ്റളവും ഉപഗ്രഹങ്ങളുടെ പരിധിയിലാകും.