ബംഗളൂരു: ഇന്ത്യയുടെ ‘ഭീമൻ പക്ഷി’ വിജയകരമായി ഭ്രമണപഥത്തിലെത്തിയ വാർത്തകേട്ടാണ് ഇന്ത്യക്കാർ ബുധനാഴ്ച ഉറക്കമുണർന്നത്. രാജ്യത്തെ ഇൻറർനെറ്റ് സേവനങ്ങൾക്ക് വേഗം പകരുന്ന, ഐ.എസ്.ആർ.ഒ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-11 ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 2.07ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിലെ ഗയാന ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയിൽനിന്നും കുതിച്ചുയർന്നു.
ഫ്രാൻസിെൻറ ശക്തികൂടിയ വിക്ഷേപണ വാഹനമായ ഏരിയൻ-അഞ്ച് ആണ്, ‘വലിയ പക്ഷി’യെന്ന ഒാമനപ്പേരിലറിയപ്പെടുന്ന ജിസാറ്റ്-11നെയും ദക്ഷിണ കൊറിയയുടെ ഭൗമ ഉപഗ്രഹമായ ജിയോ-കോപ്സാറ്റ്-രണ്ട് എയെയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപിച്ച് 29 മിനിറ്റിനുശേഷം ജിസാറ്റ്-11 റോക്കറ്റിൽനിന്നും വേർപ്പെട്ടു. തുടർന്ന് നാലു മിനിറ്റിനുശേഷം കൊറിയയുടെ ഉപഗ്രഹവും വേർപ്പെട്ടു. 5,845 കിലോ ഭാരമുള്ള ജിസാറ്റ്-11നെ ഭൂമിയിൽനിന്നും 35,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോ സ്റ്റേഷനറി ഒാർബിറ്റിലേക്കാണ് തൊടുത്തുവിട്ടത്. രാജ്യത്ത് 16 ജി.ബി.പി.എസ് വേഗതയിൽ ഇൻറർനെറ്റ് സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന വാർത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ്-11.
ഇന്ത്യയിലെ ഗ്രാമീണമേഖലയെ ഡിജിറ്റൽവത്കരിക്കുക എന്നതാണ് ഉപഗ്രഹത്തിെൻറ ലക്ഷ്യം. ഗ്രാമീണ മേഖലയിൽ ഇൻറർനെറ്റ് സേവനങ്ങൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും ലഭ്യമാക്കാൻ ജിസാറ്റിെൻറ വിക്ഷേപണം സഹായകമാകും. 15 വർഷത്തെ കാലാവധിയുള്ള ഉപഗ്രഹത്തിന് 1,200 കോടി രൂപയാണ് ചെലവ്.