Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗസ്സ ആക്രമണം: എക്സിലെ വൈറൽ ‘വ്യാജ പോസ്റ്റു’കൾക്ക് പിന്നിൽ കൂടുതലും ‘വെരിഫൈഡ് യൂസർമാർ’
cancel
Homechevron_rightTECHchevron_rightTech Newschevron_rightഗസ്സ ആക്രമണം: എക്സിലെ...

ഗസ്സ ആക്രമണം: എക്സിലെ വൈറൽ ‘വ്യാജ പോസ്റ്റു’കൾക്ക് പിന്നിൽ കൂടുതലും ‘വെരിഫൈഡ് യൂസർമാർ’

text_fields
bookmark_border

ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിനിടെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റായ ‘എക്‌സിൽ’ (മുമ്പ് ട്വിറ്റർ) വൈറലായ വ്യാജ വിവരങ്ങളിൽ ഭൂരിഭാഗവും പ്രചരിപ്പിക്കുന്നത് നീല ബാഡ്ജുകളുള്ള വെരിഫൈഡ് ഉപയോക്താക്കളാണെന്ന് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാതെ സംഘടനയായ ‘ന്യൂസ്‌ഗാർഡ്’ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.

സംഘർഷത്തിന്റെ ആദ്യ ആഴ്ചയിൽ (ഒക്‌ടോബർ 7 മുതൽ 14 വരെ), ആക്രമണവുമായി ബന്ധപ്പെട്ട് ആളുകൾ ഏറ്റവും കൂടുതൽ മുഴുകിയ 250 പോസ്റ്റുകളാണ് അവർ വിശകലനം ചെയ്തത്. ലൈക്കുകൾ, റീപോസ്റ്റുകൾ (റീട്വീറ്റ്), റീപ്ലേകൾ, ബുക്ക്മാർക്കുകൾ എന്നിവ ന്യൂസ് ഗാർഡ് പരിശോധിച്ചു. ഈ 250 പോസ്റ്റുകളിൽ 186 എണ്ണവും ( 74 ശതമാനം ) X വെരിഫൈ ചെയ്ത അക്കൗണ്ടുകൾ വഴിയാണ് പോസ്റ്റ് ചെയ്തതെന്ന് അവരുടെ പഠനത്തിൽ തെളിഞ്ഞു.

“ഇസ്രായേൽ-ഹമാസ് യുദ്ധത്തെ കുറിച്ച് വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന ഏറ്റവും വൈറൽ പോസ്റ്റുകളിൽ നാലിൽ മൂന്ന് ഭാഗവും 'വെരിഫൈഡ്' എക്സ് അക്കൗണ്ടുകൾ വഴിയാണ് വന്നിട്ടുള്ളത്’’ എന്ന് ന്യൂസ് ഗാർഡ് അവരുടെ വിശകലനത്തിൽ പറയുന്നു. കെട്ടുകഥകളും വ്യാജ വാർത്തകളും മുന്നോട്ട് വയ്ക്കുന്ന അത്തരം പോസ്റ്റുകൾക്ക് 1,349,979 എൻഗേജ്മെന്റുകളാണ് ലഭിച്ചത്. മാത്രമല്ല ആഗോളതലത്തിൽ ഒരാഴ്ച കൊണ്ട് 100 ദശലക്ഷത്തിലധികം പേർ അവ കാണുകയും ചെയ്തു.

നീല ബാഡ്ജുള്ള അക്കൗണ്ടുകൾ തെരഞ്ഞെടുക്കാൻ കാരണം...?

ട്വിറ്റർ ബ്ലൂ എന്ന സബ്സ്ക്രിപ്ഷൻ പ്ലാനുമായി ട്വിറ്റർ എത്തിയത് മുമ്പ് വലിയ വിവാദമായി മാറിയിരുന്നു. ഒരു കാലത്ത് സെലിബ്രിറ്റികൾക്ക് വെരിഫിക്കേഷനിലൂടെ അവരുടെ ട്വിറ്റർ പ്രൊഫൈലിനൊപ്പം സൗജന്യമായി നൽകിയിരുന്ന നീല ബാഡ്ജ് പണം നൽകിയാൽ ആർക്കും സ്വന്തമാക്കാൻ കഴിയുമെന്നതായിരുന്നു ട്വിറ്റർ ബ്ലൂ വെരിഫിക്കേഷന്റെ സവിശേഷത. ട്വിറ്റർ മാറി എക്സ്’ ആയപ്പോഴും പ്രീമിയം ഫീച്ചറുകളുള്ള ‘വെരിഫൈഡ്’ പരിപാടി ഇലോൺ മസ്ക് തുടർന്നു.


നീല ടിക്ക് ലഭിക്കുന്നതിന് പുറമേ, കൂടുതൽ ആളുകളിലേക്ക് നിങ്ങളുടെ പോസ്റ്റുകൾ എത്തും എന്നതാണ് പ്രീമിയം അക്കൗണ്ടുകളുടെ സവിശേഷത. ഏതെങ്കിലും പോസ്റ്റിന് കമന്റ് ചെയ്താൽ, നിങ്ങളുടെ കമന്റ് ഏറ്റവും മുകളിലായി പ്രത്യക്ഷപ്പെടുകയും ചെയ്യും. സാധാരണ യൂസർമാർക്ക് ഉള്ളതിനേക്കാൾ പ്രധാന്യം എക്സിൽ വെരിഫൈഡ് യൂസർമാർക്ക് ലഭിക്കും. അതുകൊണ്ട് തന്നെ അത്തരം സവിശേഷതകൾ ഉപയോഗപ്പെടുത്തി എളുപ്പത്തിൽ വ്യാജമായ ഉള്ളടക്കം കൂടുതൽ പേരിലെത്തിക്കാൻ കഴിയും.

വ്യാജമെന്ന് കണ്ടെത്തി കമ്യൂണിറ്റി നോട്ട്സ്

‘എക്സി’ൽ വരുത്തിയ വ്യാപകമായ മാറ്റങ്ങൾ പ്ലാറ്റ്‌ഫോമിൽ തെറ്റായ വിവരങ്ങൾ വർധിക്കുന്നതിനും പ്രചരിക്കുന്നതിനും കാരണമായി എന്ന വിമർശനം നേരിട്ടതിന് പിന്നാലെ, ആപ്പിൽ വസ്തുതാ പരിശോധന (fact check) ഫീച്ചറായ "കമ്മ്യൂണിറ്റി നോട്ട്സ്" ഇലോൺ മസ്ക് അവതരിപ്പിച്ചിരുന്നു. എന്നാൽ, യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ 250 പോസ്റ്റുകളിൽ 79 എണ്ണവും ‘കമ്യൂണിറ്റി നോട്ട്സ്’ ഫ്ലാഗ് ചെയ്തതായി ന്യൂസ് ഗാർഡ് ചൂണ്ടിക്കാട്ടി. അതായത്, അത്തരം പോസ്റ്റുകളിൽ ഏകദേശം 32 ശതമാനവും തെറ്റായ വിവരങ്ങളാണെന്ന് എക്സ് തന്നെ ക​ണ്ടെത്തി.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, ടെലിഗ്രാം തുടങ്ങിയ ആപ്പുകളിലൂടെയും വ്യാപകമായി അടിസ്ഥാനരഹിതമായ വിവരങ്ങൾ പ്രചരിക്കുന്നതായും ഗവേഷകർ വെളിപ്പെടുത്തുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട മിക്ക തെറ്റായ വിവരങ്ങളും, വിഡിയോകളുമൊക്കെ മറ്റ് സോഷ്യൽ മീഡിയയായ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് എക്‌സിൽ വൈറലാകുന്നതായും പഠനത്തിൽ പറയുന്നു. അത്തരത്തിൽ വൈറലായ ഒരു പോസ്റ്റ് ‘‘ഉക്രെയ്ൻ ഹമാസിന് ആയുധങ്ങൾ വിറ്റു’’ എന്നതായിരുന്നു.

കണ്ടെത്തലുകളെക്കുറിച്ചുള്ള ന്യൂസ്‌ഗാർഡിന്റെ ഇമെയിൽ ചോദ്യങ്ങൾക്ക് മറുപടിയായി, “ഇപ്പോൾ തിരക്കിലാണ്, ദയവായി പിന്നീട് ശ്രമിക്കുക.” എന്ന ഓട്ടോമേറ്റഡ് പ്രതികരണമാണ് എക്‌സിന്റെ പ്രസ് ടീം അയച്ചത്.

അതേസമയം, ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 1,700ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ ആകെ മരണസംഖ്യ 4,651 ആയി. പരിക്കേറ്റവരുടെ എണ്ണം 14,245 ആയി. വെസ്റ്റ് ബാങ്കിൽ 90 പേരും കൊല്ലപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:XIsrael Palestine ConflictElon MuskTwitterVerified Users
News Summary - Study Finds Verified Users Responsible for 74% of Most Viral False Claims on X During Israel-Hamas War
Next Story