ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റ് ഭ്രമണപഥത്തിൽ
text_fieldsബംഗളൂരു: ബഹിരാകാശ വിക്ഷേപണ മേഖലയിൽ രാജ്യം സ്വയംപര്യാപ്തതയിലേക്ക്. ഏറ്റവും ഭാരമേറിയ ജി.എസ്.എൽ.വി മാർക്ക് -മൂന്ന് റോക്കറ്റിെൻറ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. തിങ്കളാഴ്ച വൈകീട്ട് 5.28ന് എല്ലാം മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -19ഉം വഹിച്ചായിരുന്നു റോക്കറ്റിെൻറ കുതിപ്പ്. ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സാധിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റിെൻറ വിക്ഷേപണം മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ഐ.എസ്.ആർ.ഒയുടെ സ്വപ്നപദ്ധതിയിലെ നിർണായക ചുവടുകൂടിയായി.
GSLV Mk III-D1 Successfully launches GSAT-19https://t.co/1d7H5rWOEY pic.twitter.com/EiZsEVf70C
— ISRO (@isro) June 5, 2017
The GSLV – MKIII D1/GSAT-19 mission takes India closer to the next generation launch vehicle and satellite capability. The nation is proud!
— Narendra Modi (@narendramodi) June 5, 2017
മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 30 സെക്കൻഡിനുള്ളിലാണ് വിക്ഷേപണം പൂർത്തിയാക്കിയത്. ആദ്യ കുതിപ്പ് സെക്കൻഡിൽ ഒരു കിലോമീറ്റർ വേഗത്തിൽ. അന്തരീക്ഷം പിന്നിട്ടതോടെ ജി.എസ്.എൽ.വിയുടെ ശിരോഭാഗം ജിസാറ്റ് ഉപഗ്രഹം വെളിയിൽ കാണാനാവുന്ന വിധത്തിൽ തുറന്നു. ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന അവസാനഘട്ടമായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞത്. വേഗം സെക്കൻഡിൽ 4.4 കിലോമീറ്റർ. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം കടന്നതോടെ ക്രയോജനിക് എൻജിെൻറ ദൗത്യം പൂർണം. 640 ടൺ ആണ് റോക്കറ്റിെൻറ ഭാരം. ഉയരം 43 മീറ്റർ. ഏകദേശം 14 കെട്ടിടത്തിെൻറ പൊക്കം. നാലു ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷി റോക്കറ്റിനുണ്ട്. 25 വർഷത്തെ ഗവേഷണമാണ് ഇതോടെ യാഥാർഥ്യമായത്.
പൂർണമായും ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ച ആദ്യ ക്രയോജനിക് എൻജിൻ സി.ഇ20െൻറ സഹായത്തോടെയായിരുന്നു വിക്ഷേപണം. 20 ടൺ ആണ് ഭാരം. ജിസാറ്റ് പരമ്പരയിലെ ഏറ്റവും പുതിയ ഉപഗ്രഹമായ ജിസാറ്റ് -19ന് 3,136 കിലോഗ്രാം ഭാരമുണ്ട്. ഇൻറർനെറ്റ് വേഗം, കണക്ടിവിറ്റി എന്നിവ വർധിപ്പിക്കാൻ ഉപഗ്രഹം ഉപകരിക്കും. കെ.എ/കെ.യു ബാൻഡ് വാർത്താവിനിമയ ട്രാൻസ്പോണ്ടറുകൾ, ഉപഗ്രഹങ്ങൾക്കുമേൽ ബഹിരാകാശ വികിരണങ്ങൾ ചെലുത്തുന്ന സ്വാധീനമടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ജിയോസ്റ്റേഷനറി റേഡിയേഷൻ സ്പെക്ടോ മീറ്റർ എന്നിവ ഉപഗ്രഹത്തിലുണ്ട്. ചരിത്ര ദിനമാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എ.എസ്. കിരൺ കുമാർ പ്രതികരിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.