മെട്രോ എന്ന വിസ്മയം
text_fieldsസ്പാർട്ടക്ക് സ്റ്റേഡിയത്തിലേക്ക് പോകാൻ വേണ്ടി വളരെ രാവിലെതന്നെ റൂമിൽ നിന്ന് ഇറങ്ങിയിരുന്നു. കഴിഞ്ഞ ലോകകപ്പ് സമയത്ത് സാവോ പോളോയിൽ മെട്രോ റെയിൽ സംവിധാനം നന്നായി ഉപയോഗിച്ചിരുന്നതിനാലും കൈയിൽ മെട്രോയുടെ ആപ്പ് ഉള്ള ധൈര്യത്തിലും അടുത്ത സ്ട്രീറ്റിൽ നിന്ന് മൊത്ത യാത്രക്ക് ആവശ്യമായ 55 റൂബിൾ നൽകി ഭൂഗർഭ അറയിലെ മെട്രോ റെയിൽ സ്റ്റേഷനിലേക്ക് വലിയ ഒരു ഇറക്കം ഇറങ്ങി. പോകാനുള്ള ട്രെയിൻ അപ്പോഴേക്കും സ്റ്റേഷൻ വിട്ടിരുന്നു. നിരാശയിൽ അടുത്ത് കണ്ട ഇരിപ്പിടത്തിലേക്ക് ഇരിക്കാൻ വേണ്ടി നീങ്ങിയപ്പോൾ അതാ അടുത്ത ട്രെയിൻ. അദ്ഭുതം അനുഭവത്തിന് വഴിമാറി. ഓരോ 30 സെക്കൻഡിലും ട്രെയിൻ സർവിസുണ്ട്. തിരക്കുള്ള സമയത്ത് ഇത് അതിലും കൂടുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന (ഏകദേശം 80 ലക്ഷം) മെട്രോ 214 സ്റ്റേഷനുകളിലായി 12 ലൈനുകളിൽ ആയി വ്യാപിച്ചുകിടക്കുന്നു.
രാവിലെ 5 മണി മുതൽ പുലർച്ചെ രണ്ടു മണി വരെ നിർത്താതെ നീങ്ങുന്നു ഈ ജനകീയ വാഹനം. ഏറ്റവും വിസ്മയകരം ഇത് സ്ഥാപിതമായത് 1930ലാണ് എന്നുള്ളത് റഷ്യയുടെ സാങ്കേതിക ശക്തിയുടെ ആഴവും പരപ്പും ലോകത്തോട് വിളിച്ചോതുന്നു. ട്രെയിൻ കയറി തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ സ്റ്റേഷെൻറ രൂപത്തിലും ഭാവത്തിലും സർവത്ര മാറ്റം. ഇവിടെ ഓരോ സ്റ്റേഷനും പുതുമ നിറഞ്ഞവയാണ്. സ്ഥായിയായ ഭാവം ഒന്നിനുമില്ല, പല മെട്രോ സ്റ്റേഷനുകളും ചരിത്ര മ്യൂസിയമായോ, പ്രദർശനഹാളായോ തോന്നിച്ചു. ചുമർ ചിത്രവും വാസ്തുശിൽപവും എല്ലായിടത്തും ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. ശരിക്കും ഞെട്ടിയത് ഇപ്പോഴാണ്. മലയുടെ മുകളിലേക്ക് എന്നപോലെ ഒരു എസ്കലേറ്റർ യാത്ര. നേരത്തെ ഇറങ്ങി വന്നതിെൻറ രണ്ട് മടങ്ങ് അധികം മുകളിലക്ക് ചെങ്കുത്തായ കയറ്റമാണിത്. എസ്കലേറ്റർ മുകളിൽ എത്തുന്നത് വരെ ചങ്കിടിപ്പായിരുന്നു. 130 മീറ്റർ ഉണ്ടത്രേ ഈ കയറ്റം. ഏകദേശം അഞ്ചു മിനിറ്റ് ദൈർഘ്യം.
ഒരു സ്റ്റേഷനിൽ എത്തിയപ്പോൾ മനോഹരമായി സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് പാട്ട് പാടുന്ന ഒരു സംഘത്തെ കണ്ടു. ആളുകൾ നന്നായി ആസ്വദിക്കുന്നു. കൂടെ ചില ആളുകൾ അവർക്ക് റഷ്യൻ കറൻസിയായ റൂബിൾ നൽകുകയും ചെയ്യുന്നുണ്ട്. ഇടയിൽ കയറിവന്ന വിദേശിയായ ഒരാൾ ആ ഗ്രൂപ്പിന് വലിയ തുക നൽകി എന്ന് തോന്നുന്നു. അവരുടെ ഗാനമേള ഒന്ന് കൂടി ജീവൻ വെച്ചു. മ്യൂസിക് ഇൻസ്ട്രമെൻറുകളിലൊക്കെ പക്കാ പ്രഫഷനലിസം.
‘പ്ലോ ഷാഡ് റവല്യൂറ്റ് ഷി’ എന്ന വായിൽ കൊള്ളാത്ത പേരുളള ഈ സ്റ്റേഷനിൽ നല്ല തിരക്ക്. മിക്ക സ്റ്റേഷനകളുടെയും പേരുകൾ തഥൈവ. പല പേരുകളും ചില രാജ്യങ്ങളുടെ പേരുമായി നല്ല സാമ്യം. തിരക്കുള്ള ഈ ഓട്ടത്തിനിടയിലും ആളുകൾ എന്തോ ഒന്നിനെ കൈ കൊണ്ട് തടവുന്നു. രണ്ട് ലൈൻ മാറി കേറാവുന്ന വലിയ സ്റ്റേഷനിലെ ഈ ചുമരിനടുത്ത് എത്താണിത്ര സ്വകാര്യം. അടുത്ത് വന്നു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത് ഒരു പടയാളിയും അയാളുടെ നായയും ചേർന്നൊരു വെങ്കല പ്രതിമ. അതിന് മുന്നിലായി ഒരു പൂവൻകോഴിയെ പിടിച്ച മറ്റൊരു പടയാളിയും. ഈ രണ്ട് പ്രതിമകളുടെ വായ ഭാഗം മാത്രം ക്ലാവ് പിടിക്കാതെ നന്നായി തിളങ്ങി നിൽക്കുന്നതിെൻറ കാരണം ഇപ്പോഴാണ് മനസ്സിലായത്. എല്ലാ ആളുകളും ഇതിെൻറ മുഖം തടവിയാണ് നടന്നകലുന്നത്. കാര്യം അന്വേഷിച്ചപ്പോൾ രണ്ട് വിശദീകരണം കിട്ടി. ഇത് നല്ല ആശംസ നേരാനും നന്മ വരാനും റഷ്യക്കാർ ഉപയോഗിക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തെ റഷ്യൻ സൈന്യത്തെ സഹായിച്ച ഒരു പട്ടിയാണെന്നും അതിനെ ഇന്നും അവർ ലാളിക്കുന്നുവെന്നും മനസ്സിലായി. ഏതായാലും അനസ്യൂതം ഒഴുകുന്ന ജനസാഗരം മറക്കാതെ നൽകുന്ന ലാളന ഏതോ ഭൂതകാല നന്മയാവാം.