ചെന്നൈ: ചൈനാമെൻ ബൗളർ കുൽദീപ് യാദവിനെ മെരുക്കാൻ തലപുകയുന്ന ഒാസീസ് ആളെ കണ്ടെത്തിയത് കോഴിക്കോട് നരിക്കുനിയിൽനിന്ന്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസ് താരമായിരുന്ന നരിക്കുനിയിലെ 25കാരൻ കെ.കെ. ജിയാസിനെയാണ് ഒാസീസ് ടീം നെറ്റ്സിലേക്ക് ക്ഷണിച്ചത്. നിലവിലെ ഒാസീസ് ടീം കൺസൽട്ടൻറും ഡൽഹി ഡെയർഡെവിൾസ് മുൻ സഹപരിശീലകനുമായ എസ്. ശ്രീറാം വഴിയായിരുന്നു ചൈനാമെൻ ബൗളറായ ജിയാസിനെ നെറ്റ്സിലെത്തിച്ചത്. വ്യാഴാഴ്ച രാത്രി ടീമിനൊപ്പം ചേർന്ന ജിയാസായിരുന്നു കഴിഞ്ഞ രണ്ടു ദിവസവും കങ്കാരു ക്യാമ്പിലെ താരം.
രണ്ടു ദിവസവും ഡേവിഡ് വാർണറും ആരോൺ ഫിഞ്ചുമൊഴികെയുള്ള മുഴുവൻ ഒാസീസ് താരങ്ങൾക്കെതിരെയും ജിയാസ് പന്തെറിഞ്ഞു. സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മാർകസ് സ്റ്റോയിണിസ് തുടങ്ങിയവർക്കെതിരായിരുന്നു കൂടുതലും എറിഞ്ഞത്. 2015 െഎ.പി.എല്ലിൽ ഡൽഹി ടീമിൽ ട്രാവിസ് ഹെഡ്, സ്റ്റോയിണിസ്, നതാൻ കോൾടർ എന്നിവരുടെ സഹതാരമായിരുന്നു 25കാരനായ ജിയാസ്.
പരിശീലനശേഷം ഒാസീസ് നായകൻ സ്റ്റീവൻ സ്മിത്ത് മലയാളി താരത്തെ അഭിനന്ദിച്ചു. ‘‘മികച്ച പ്രതിഭയുള്ള താരമാണ് ജിയാസ്. അദ്ദേഹത്തിെൻറ പന്ത് നേരിടാൻ നന്നായി പാടുപെട്ടു. ഏറെപ്പേരും അവെൻറ പന്തുകൾ നിരീക്ഷിക്കാനായിരുന്നു ശ്രമിച്ചത്. സമാന ബൗളറെ നേരിടാൻ ഇൗ അനുഭവം പാഠമാവും’’ -സ്മിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.