'വെള്ളി മെഡൽ നേടാനായതിൽ അഭിമാനം; അടുത്ത വർഷം കൂടുതൽ നന്നായി പരിശ്രമിക്കും'-നീരജ് ചോപ്ര
text_fieldsന്യൂഡൽഹി: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവ്‍ലിൻ ത്രോയിൽ കൈയെത്തും ദൂരത്ത് സ്വർണം നഷ്ടപ്പെട്ടെങ്കിലും നിറഞ്ഞ പ്രത്യാശയിൽ നീരജ് ചോപ്ര. രാജ്യത്തിനു വേണ്ടി മെഡൽ നേടാനായതിൽ അഭിമാനമുണ്ടെന്നും വെള്ളി മെഡലിൽ സംതൃപ്തനാണെന്നുമായിരുന്നു നീരജിന്റെ ആദ്യ പ്രതികരണം.
''മത്സരം നടക്കുമ്പോൾ കാലാവസ്ഥ അത്ര നല്ലതായിരുന്നില്ല. കാറ്റ് നല്ല വേഗത്തിലാണ് വീശിയത്. എന്നാലും നല്ല പ്രകടനം കാഴ്ച വെക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി വെള്ളിമെഡൽ നേടാനായതിൽ അതിയായ സന്തോഷമുണ്ട്. അടുത്ത വർഷത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണത്തിനായി കുടുതൽ നന്നായി പരിശ്രമിക്കും. പിന്തുണച്ച എല്ലാവർക്കും നന്ദി...എനിക്ക് നൽകിയ പോലുള്ള പിന്തുണ മറ്റ് സ്പോർട് താരങ്ങൾക്കും നൽകാൻ സാധിച്ചാൽ കൂടുതൽ അഭിമാന നേട്ടങ്ങളുമായി ഇന്ത്യക്ക് മുന്നേറാൻ സാധിക്കും.''-നീരജ് കൂട്ടിച്ചേർത്തു.
ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ 19 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് വീണ്ടും വെള്ളി മെഡൽ എത്തുന്നത്. മെഡൽ നേടുന്ന ആദ്യ പുരുഷ താരവുമാണ് നീരജ്.
ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ അഞ്ജു ജോർജിനു പിന്നാലെയാണ് ഒരു ഇന്ത്യൻ താരം അത്‍ലറ്റിക്സ് ഇനത്തിൽ മെഡൽ സ്വന്തമാക്കുന്നത്. 2003ൽ പാരീസ് നടന്ന ലോക ചാമ്പ്യൻഷിപ്പിലായിരുന്നു അഞ്ജു ലോങ്ജമ്പിൽ വെങ്കലം നേടിയത്.
ആവേശകരമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം താണ്ടിയാണ് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവായ നീരജ് വെള്ളി സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് 90.54 മീറ്റർ ദൂരത്തിൽ ജാവലിനെറിഞ്ഞ് സ്വർണം നിലനിർത്തി. ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ചെക് റിപ്പബ്ലിക് താരം യഅ്ഖൂബ് വാദ് ലെജിനാണ് വെങ്കലം.