80-ാം വയസ്സിലും സ്വർണനേട്ടം; ജില്ലക്ക് അഭിമാനമായി അബ്ദുൽ സമദ്
text_fieldsസംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 80 വയസ്സിന് മുകളിലുള്ളവരുടെ 200, 400 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടിയ അബ്ദുൽ സമദ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ജില്ലക്ക് വേണ്ടി അരീക്കോട് സ്വദേശി അബ്ദുൽ സമദ് ഓടി നേടിയത് രണ്ട് സ്വർണം. 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 200, 400 മീറ്റർ ഓട്ടത്തിലാണ് സ്വർണനേട്ടം. മാസ്റ്റേഴ്സ് മീറ്റുകളിലെ സ്ഥിരസാന്നിധ്യമാണ് ഇദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷമായി 75 വയസ്സിന് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനക്കാരനാണ്. ഇതിന് പുറമെ മൂന്ന് വേൾഡ് മീറ്റിലും പങ്കെടുത്തു. ആസ്‌ട്രേലിയയിൽ നടന്ന മീറ്റിൽ വെങ്കലവും നേടി. നിരവധി ഏഷ്യൻ മീറ്റുകളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. മലർന്ന് നീന്തൽ മത്സരത്തിൽ മൂന്ന് വർഷമായി ഇന്ത്യയിൽ സ്വർണജേതാവാണ്. അധ്യാപകനായിരിക്കുമ്പോൾ ആറ് വർഷം സംസ്ഥാന ചാമ്പ്യൻ ആയിരുന്നു. അരീക്കോട് ജി.എം.യു.പി. സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ്. അരീക്കോട് സയൻസ് കോളജ് ഗ്രൗണ്ടിൽ ആണ് പരിശീലനം. റിട്ട. അധ്യാപിക റുഖിയ, മക്കളായ സാജിത, റഫീഖ്, സാബിറ, ഷെബീബ എന്നിവരുടെ കട്ട സപ്പോർട്ടും ഉണ്ട്. ജോലിയിൽനിന്ന് വിരമിച്ച ശേഷമാണ് ഓട്ടത്തിലേക്ക് തിരിഞ്ഞത്.