ആരാധകരേ ശാന്തരാകുവിൻ; നിങ്ങൾക്കായി കിടിലൻ ബീച്ച് ഒരുങ്ങുന്നു
text_fieldsദോഹ: ലോകകപ്പിന് ഖത്തറിലെത്തുന്ന ആരാധകർക്കായി ഖിതൈഫാൻ നോർത്ത് ഐലൻഡിൽ വിശാലമായ വിനോദ ബീച്ച് ഒരുങ്ങുന്നു. ലുസൈലിലെ ഖിതൈഫാൻ നോർത്ത് ഐലൻഡിൽ 'ഖിതൈഫാൻ ബീച്ച് ഫെസ്റ്റ് ബൈ യൂനിറ്റ്-വൈ' എന്നപേരിൽ ആരാധകർക്കായി പുതിയ വിനോദമേഖല സ്ഥാപിക്കുമെന്ന് യു-വെൻച്വേർസ് അറിയിച്ചു. ഫ്യൂഷൻ ഹോസ്പിറ്റാലിറ്റി ആൻഡ് എക്സിബിഷൻസുമായി ചേർന്ന് മദാഇൻ അൽദോഹ ഗ്രൂപ് ആയിരിക്കും വിശാലമായ ഈ വിനോദ മേഖലയുടെ പ്രവർത്തനം നിയന്ത്രിക്കുകയെന്ന് സംഘാടകർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, വിവിധ വിനോദപ്രവർത്തനങ്ങൾ, ഭക്ഷ്യ-പാനീയ-റീട്ടെയിൽ ഔട്ട്ലറ്റുകൾ, തത്സമയ സംഗീതക്കച്ചേരികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഇവിടെ ഒരുങ്ങുന്നത്. ടൂർണമെൻറ് കാലയളവിൽ രാവിലെ നേരത്തേ ആരംഭിച്ച് അർധരാത്രി വരെയായിരിക്കും സന്ദർശകരെ അനുവദിക്കുക. പ്രാദേശിക, മേഖല, അന്തർദേശീയ സംസ്കാരങ്ങൾ കൂട്ടിയിണക്കിക്കൊണ്ടുള്ള പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ കേന്ദ്രത്തിൽനിന്നും ബീച്ചിലേക്ക് നേരിട്ട് പ്രവേശന സൗകര്യമുണ്ടായിരിക്കും. ഖത്തറിലെ പ്രമുഖരായ സംഗീതജ്ഞരുടെ സംഗീതക്കച്ചേരിക്കൊപ്പം ആഗോളതലത്തിൽ പ്രസിദ്ധരായ കലാകാരന്മാരുടെ പ്രത്യേക കലാ, സംഗീത, നൃത്ത പരിപാടികളും ഇവിടെ അവതരിപ്പിക്കും.
അറബ് ലോകത്താദ്യമായെത്തുന്ന ഫിഫ ലോകകപ്പ് എന്ന വമ്പൻ കായിക മാമാങ്കത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള പ്രഥമ വിനോദ സങ്കൽപമാണിതെന്നും ആരാധകർക്ക് അവിസ്മരണീയ അനുഭവമായിരിക്കും ഖിതൈഫാൻ ബീച്ച് ഫെസ്റ്റ് സമ്മാനിക്കുകയെന്നും ഖിതൈഫാൻ േപ്രാജക്ട്സ് ബിസിനസ് ഡെവലപ്മെൻറ് വിഭാഗം തലവൻ ശൈഖ് നാസർ അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു. ഖിതൈഫാൻ ബീച്ച് ഫെസ്റ്റിലേക്ക് പ്രവേശനം അനുവദിക്കുന്ന ഔദ്യോഗിക ടിക്കറ്റുകൾ വരും ആഴ്ചകളിൽ പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.