Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightക്രിസ്റ്റ്യാനോ മുതൽ...

ക്രിസ്റ്റ്യാനോ മുതൽ ഒച്ചാവ വരെ; ലോകകപ്പിൽ കിരീട തിളക്കമില്ലാതെ മടങ്ങുന്നവർ

text_fields
bookmark_border
Qatar World Cup
cancel

ദോഹ: ഫിഫ ലോകകപ്പിെൻറ 22ാം പതിപ്പിന് തിരശ്ശീല വീഴാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ലോകകിരീടമെന്ന മഹാ സ്വപ്നവുമായി ഖത്തറിലെത്തി കപ്പിലേക്കുള്ള പ്രയാണത്തിനിടയിൽ വീണ് പോയ പ്രമുഖർ നിരവധിയാണ്. ഫുട്ബോൾ േപ്രമികളുടെ മനസ്സുകളിൽ പതിറ്റാണ്ടുകളോളം ഇടം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മുതൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കി ലോക റെക്കോർഡ് സ്ഥാപിച്ച ഡാനി ആൽവെസ്, സ്വന്തം രാജ്യത്തെ ഒറ്റക്ക് തോളിലേറ്റി ലോകകപ്പ് വരെയെത്തിച്ച ലെവൻഡോസ്കി, ഗാരത് ബെയ്ൽ, അഞ്ച് തവണ ലോകകപ്പിൽ ഗോൾ വലകാത്ത മെക്സിക്കോയുടെ ഒച്ചാവ വരെ ഈ പട്ടികയിൽ ഉൾപ്പെടും.

ലോക കിരീടം കിട്ടാക്കനിയായിട്ടും ഫുട്ബോൾ ലോകം കീഴടക്കിയ യോഹാൻ ൈക്രഫും ഫെറൻക് പുഷ്കാസും ജോർജ് ബെസ്റ്റും ബാജിയോയും ഗുള്ളിറ്റും പൗളോ മാൾഡീനിയും ഒലിവർകാനും ഉൾപ്പെടുന്ന നീണ്ട പട്ടികയിലേക്ക് ഖത്തർ ലോകകപ്പ് അവസാനിക്കുന്നതോടെ ഈ താരങ്ങൾ കൂടി ചേർക്കപ്പെടുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ

തുടർച്ചയായ അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ലോകത്തിലെ ഏക താരമെന്ന റെക്കോർഡിനുടമ. 2003ൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിലൂടെ ആരംഭിച്ച ഫുട്ബോൾ കരിയർ മാഞ്ചസ്റ്റർ, റയൽ മാഡ്രിഡ്, യുവൻറസ് പിന്നിട്ട് വീണ്ടും മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തി നിൽക്കുന്നു. 2003-2009 കാലയളവിൽ മാഞ്ചസ്റ്ററിനായി 84 ഗോളും 2009-2018 ൽ റയലിനായി 311 ഗോളുകളും യുവൻറസിനായി 81 ഗോളും നേടിയ സി.ആർ സെവൻ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റൊണാൾഡോ, മാഞ്ചസ്റ്ററിലേക്കുള്ള തിരിച്ചുവരവിൽ 19 ഗോളും നേടിക്കഴിഞ്ഞു.

പോർച്ചുഗൽ ദേശീയ ടീമിനായി 196 മത്സരങ്ങളിൽ നിന്ന് 118 ഗോൾ നേടി അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടമെന്ന റെക്കോർഡും ഇനി ഏറെക്കാലം താരത്തിന് സ്വന്തമായിരിക്കും. പോർച്ചുഗലിനായി 2016ലെ യൂറോകപ്പ്, 2018-19ലെ യൂവേഫ നാഷൻസ് ലീഗ് എന്നിവയും റൊണാൾഡോ നേടി.

2008, 2013, 2014, 2016, 2017 വർഷങ്ങളിൽ ഫിഫ ബാലൺഡിഓർ, 2008ലെ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ, 2016, 2017 വർഷങ്ങളിലെ ഫിഫയുടെ മികച്ച പുരുഷ താരം, മികച്ച പ്രകടനത്തിന് 2021ലെ ഫിഫ സ്പെഷ്യൽ പുരസ്കാരം, നാല് സീസണുകളിൽ യൂറോപ്യൻ ഗോൾഡൻ ഷൂ, 2016 മുതൽ 2022 വരെ അഞ്ച് തവണ പോർച്ചുഗീസ് പ്ലെയർ ഓഫ് ദി ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ, ലാലിഗ പ്ലെയർ ഓഫ് ദി സീസൺ, സീരി എ പ്ലെയർ ഓഫ് ദി സീസൺ, മൂന്ന് ലീഗുകളിലെയും ടോപ് സ്കോറർക്ക് നൽകുന്ന പിച്ചിച്ചി േട്രാഫി, പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, പോളോ റോസി അവാർഡ് എന്നിവയും താരം കരസ്ഥമാക്കിയിരുന്നു.

ഡാനി ആൽവെസ്

2002 മുതൽ ബ്രസീലിെൻറ വലത് വിംഗിലെ സ്ഥിര സാന്നിദ്ധ്യമായ 39കാരൻ, ലോകകപ്പിൽ ബ്രസീൽ ജഴ്സിയണിയുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ലോകകപ്പിലെ പ്രായം കൂടിയ ബ്രസീൽ ക്യാപ്റ്റനെന്ന റെക്കോർഡും ഖത്തർ ലോകകപ്പിൽ കരസ്ഥമാക്കിയിരുന്നു. 2001 മുതൽ െപ്രാഫഷണൽ ഫുട്ബോൾ രംഗത്തുള്ള ആൽവസ് ബഹിയ ക്ലബിലൂടെയാണ് ഫുട്ബോൾ ആരംഭിക്കുന്നത്.

പിന്നീട് സെവിയ്യയിലൂടെ ബാഴ്സലോണയിലെത്തുകയും യുവൻറസ്, പി.എസ്.ജി, സാവോ പോളോ ടീമുകളിൽ കളിച്ച് വീണ്ടും ബാഴ്സലോണക്ക് വേണ്ടി പന്ത് തട്ടിയ താരം, 2008 മുതൽ 2016 വരെ ബാഴ്സയുടെ വലത് വിങിലെ അവിഭാജ്യ ഘടകമായിരുന്നു. സീനിയർ ഫുട്ബോളിൽ ക്ലബ്, അന്താരാഷ്ട്ര കിരീടങ്ങളുൾപ്പെടെ 46 കിരീടങ്ങൾ സ്വന്തമാക്കിയ ആൽവെസിന് മുന്നിൽ ലോകകപ്പ് കിരീടം മാത്രമാണ് കിട്ടാക്കനിയായത്. 2010, 2014 ലോകകപ്പുകളിൽ ടീമിലെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

ഏറ്റവും മികച്ച ഫോമിലുള്ള സമയത്ത് പരിക്ക് വലച്ചതിനാൽ 2018ലെ റഷ്യൻ ലോകകപ്പിലും ആൽവെസിന് ഇടം ലഭിച്ചില്ല. വലത് വിംഗിലെ മികച്ച കളിക്കാരെൻറ അഭാവം റഷ്യൻ ലോകകപ്പിൽ ബ്രസീലിെൻറ പ്രകടനത്തിലുടനീളം കാണാൻ സാധിച്ചിരുന്നു. 2020ൽ ഒളിംപിക് മെഡൽ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്ന ആൽവെസ്, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.

മുഹമ്മദ് സലാഹ്

പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലബ് ലോകകപ്പും ആഫ്രിക്കൻ നാഷൻസ് കപ്പും പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും ഫിഫ പുഷ്കാസ് അവാർഡുമടക്കം നിരവധി വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത അറബ്, ആഫ്രിക്കൻ താരമായ മുഹമ്മദ് സലാഹ് ഖത്തർ ലോകകപ്പിെൻറ പ്രധാന നഷ്ടങ്ങളിലൊന്നാണ്. യോഗ്യതയുടെ അവസാന നിമിഷം സെനഗലുമായുള്ള പോരാട്ടത്തിലാണ് ഖത്തറിലേക്കുള്ള വഴിയിൽ സലാഹിെൻറ ഈജിപ്ത് വീണുപോയത്.

2018 റഷ്യൻ ലോകകപ്പിൽ സലാഹിെൻറ ചിറകിലേറി ഈജിപ്ത് ലോകകപ്പിനെത്തിയെങ്കിലും ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്ത് പോകാനായിരുന്നു വിധി.

സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോളിനും ആതിഥേയരായ റഷ്യയോട് ഒന്നിനെതിരെ മൂന്ന ് ഗോളിനും തോറ്റ ഈജിപ്ത്, ഉറുഗ്വേയോട് ഒരു ഗോളിനാണ് പരാജയപ്പെട്ടത്. ഈജിപ്ത് നേടിയ രണ്ട് ഗോളും സലാഹിെൻറ ബൂട്ടുകളിൽ നിന്നായിരുന്നു. മൂന്ന് സീസണുകളിൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് അവാർഡ് നേടിയ സലാഹ്, 2018ലെ ഫിഫ പുഷ്കാസ് അവാർഡിനും അർഹനായി.

ഗാരത് ബെയ്ൽ

നിർണായക നിമിഷങ്ങളിൽ കളിക്കുന്ന ടീമിെൻറ രക്ഷക വേഷം കെട്ടുന്ന അവതാരമായിരുന്നു പലപ്പോഴും ഗാരത് ബെയ്ൽ എന്ന നീളൻ തലമുടിക്കാരൻ. റ്യാൻ ഗിഗ്സെന്ന വെയിൽസ് ഫുട്ബോളിലെ അതികായന് നേടാനാകാത്തെ ലോകകപ്പ് യോഗ്യത 64 വർഷങ്ങൾക്ക് ശേഷം വെയിൽസിന് ഒറ്റക്ക് നേടിക്കൊടുക്കാനും ബെയ്ലിന് സാധിച്ചിട്ടുണ്ട്.

കരുത്തരായ അമേരിക്കക്കെതിരെ അവസാന നിമിഷം ഗോൾ നേടിക്കൊടുത്ത് മത്സരം സമനിലയിലേക്ക് കൊണ്ട് വരാൻ ബെയ്ലിനായിരുന്നെങ്കിലും ഇറാൻ, ഇംഗ്ലണ്ട് എന്നിവർക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചിരുന്നില്ല. ഒരു പതിറ്റാണ്ടിലേറെക്കാലം ക്ലബ്, അന്താരാഷ്ട്ര ഫുട്ബോളിലൂടെ വാർത്തകളിലിടം നേടിയ ഗാരത് ബെയ്ലും ഫുട്ബോളിെൻറ പടിയിറങ്ങുക ലോകകിരീടം നേടാൻ സാധിക്കാതെയായിരിക്കും.

2006ൽ സതാംപ്ടണിലൂടെ െപ്രാഫഷണൽ ഫുട്ബോൾ ആരംഭിച്ച ബെയ്ൽ ആറ് വർഷക്കാലം ടോട്ടനം ഹോട്ട്സ്പറിൽ സ്ഥിര സാന്നിധ്യമായിരുന്നു. ടോട്ടനത്തിനായി 42 ഗോൾ നേടിയ താരം പിന്നീട് നൂറ്റാണ്ടിെൻറ ക്ലബായ റയൽ മാഡ്രിഡിലെത്തുകയും 81 ഗോൾ നേടുകയും ചെയ്തു.

പിന്നീട് ലോണടിസ്ഥാനത്തിൽ ടോട്ടനത്തിലെത്തിയ ബെയ്ൽ ഇപ്പോൽ ലോസ് ആഞ്ചലസ് എഫ്.സിയിലാണ് കളിക്കുന്നത്. 2006 മുതൽ വെയ്ൽസ് ദേശീയ ടീമിന് കളിക്കുന്ന ബെയ്ൽ 41 ഗോൾ നേടുകയും ചെയ്തിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, കോപ്പ ഡിൽ റേ, യുവേഫ സൂപ്പർ കപ്പ് തുടങ്ങി നിരവധി കിരീടങ്ങൾ നേടിയ താരം, ഒട്ടനവധി വ്യക്തിഗത പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

ഗ്വിയർമോ ഒച്ചാവോ

മെക്സിക്കോക്ക് വേണ്ടി അഞ്ച് തവണ ലോകകപ്പ് കളിച്ച നാല് പേരിൽ ഒരാൾ. ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയിജി ബഫണിനും സ്വന്തം നാട്ടുകാരൻ അേൻറാണിയോ കാർബയാളിനുമൊപ്പം അഞ്ച് തവണ ലോകകപ്പിൽ ഗ്ലൗ അണിഞ്ഞ ഗോൾകീപ്പർ. മെക്സിക്കോക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ഒച്ചാവോയാണ്.

ഒച്ചാവോയുള്ള മെക്സിക്കൻ ടീമിനെ പരാജയപ്പെടുത്തുകയെന്നത് എതിർ ടീമിനെ സംബന്ധിച്ച് വലിയ തലവേദനയായിരുന്നു എന്നും. 2014 ലോകകപ്പിലാണ് ഒച്ചാവോയുടെ മികച്ച പ്രകടനം ലോകം അറിഞ്ഞതും താരം അറിയപ്പെടാൻ ആരംഭിച്ചതും. ബ്രസീലിെൻറ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ അവരെ സമനിലയിൽ തളക്കുന്നതിൽ ഒച്ചാവോയുടെ ലോകോത്തര സേവുകൾ വലിയ പങ്കാണ് വഹിച്ചത്.

നെയ്മറുടെ അടക്കമുള്ള ഗോളെന്നുറച്ച നിരവധി അവസരങ്ങൾ ഒച്ചാവോ തട്ടിയകറ്റി. 2005 മുതൽ മെക്സിക്കോക്ക് വേണ്ടി 134 മത്സരങ്ങളിൽ കളത്തിലിറങ്ങി. 2004 മുതൽ അമേരിക്ക ക്ലബിനായി െപ്രാഫഷണൽ ഫുട്ബോളിലേക്ക് പ്രവേശിച്ച ഒച്ചാവോ വിവിധ ക്ലബുകൾക്ക് വേണ്ടി കളിക്കുകയും നിരവധി കിരീടങ്ങൾ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. 2009, 2011, 2015, 2019 വർഷങ്ങളിൽ കോൺകാകഫ് ഗോൾഡ് കപ്പ് ചാമ്പ്യനായി. വ്യത്യസ്ത ടൂർണമെൻറുകളിൽ ഗോൾഡൻ ഗ്ലൗ അവാർഡുകൾ നേടിയിട്ടുണ്ട്. 2020 ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ടീമിലും അംഗമായിരുന്നു.

സാദിയോ മാനേ

അൽ ഹാജി ദിയൂഫിനും അന്തരിച്ച പാപ ദിയൂബിനും അലിയോ സിസ്സെക്കും ശേഷം സെനഗൽ ടീമിെൻറ കുന്തമുനയാണ് സാദിയോ മാനേയെന്ന 30 കാരൻ. 2019ൽ ആഫ്രിക്കൻ നാഷൻസ് കപ്പിൽ റണ്ണറപ്പായ സെനഗൽ ടീമിനെ 2021ൽ ജേതാക്കളാക്കിയ താരങ്ങളിൽ പ്രമുഖൻ. ഒരിക്കൽ കൂടി സെനഗലിന് യോഗ്യത നേടിക്കൊടുത്ത സാദിയോ മാനേക്ക് പക്ഷേ, ടൂർണമെൻറിന് തൊട്ട് മുമ്പ് സംഭവിച്ച പരിക്കിനെ തുടർന്ന് ലോകകപ്പിൽ പങ്കെടുക്കാനായില്ല. മാനെയില്ലെങ്കിലും മാനേക്ക് വേണ്ടി ടീം അവസാസ ശ്വാസം വരെ പോരാടുകയും പ്രീ ക്വാർട്ടറിലെത്തുകയും ചെയ്തിരുന്നു. അൽഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഒരു പക്ഷേ മാനേക്ക് ഇനിയൊരു ലോകകപ്പിൽ ബൂട്ടണിയാൻ സാധിച്ചെന്ന് വരില്ല.

2012 ൽ സീനിയർ ഫുട്ബോൾ ആരംഭിച്ച മാനേ, മെറ്റ്സ്, റെഡ്ബുൾ സാൽസ്ബർഗ്, സതാംപ്ടൺ, ലിവർപൂൾ എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നിലവിൽ ബയേൺ മ്യൂണികിന് വേണ്ടി കളിക്കുന്നു. 2016 മുതൽ 2022 വരെ ലിവർപൂളിന് വേണ്ടി കളിച്ചതാരം 196 മത്സരങ്ങളിൽ നിന്നായി 90 ഗോളുകൾ നേടിയിട്ടുണ്ട്. മാനേയുടെ സുവർണകാലവും ആൻഫീൽഡിലായിരുന്നു. സലാഹിനും ഫിർമിനോക്കുമൊപ്പം മാനേ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, ക്ലബ് ലോകകപ്പ്, സൂപ്പർകപ്പ് ജേതാക്കളാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. സെനഗലിനായി 93 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും മാനേ നേടി.

ആസ്ട്രിയൻ ബുണ്ടസ് ലീഗ, പ്രീമിയർ ലീഗ്, ചാമ്പ്യൻസ്ലീഗ്, സൂപ്പർകപ്പ് എന്നിവ നേടി മാനേ, ബയേൺ മ്യൂണിക്കിനായി സൂപ്പർ കപ്പ് നേടിയ ടീമിലും പങ്കാളിയായി. 2019, 2022 വർഷങ്ങളിൽ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. 2018-19 സീസണിലെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ജേതാവായ മാനേ, നിവധി വ്യക്തിഗത പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

ലൂയി സുവാരസ്

സമീപലകാല ഫുട്ബാളിൽ ഉറുഗ്വായ് സമ്മാനിച്ച സൂപ്പർ ഫുട്ബാളർ. യൂറോപ്പിൽ ഇംഗ്ലണ്ടിലും സ്പെയിനിലുമായി സാമ്രാജ്യം പടുത്തുയർത്തിയ താരം കൂടിയാണ് സുവാരസ്. ഒറ്റക്ക് ടീമിനെ കിരീടത്തിലേക്ക് നയിക്കാനാവില്ലെന്ന് ഉറപ്പുണ്ടെങ്കിലും, സുവാരസിലെ പോരാളി എന്നും സഹതാരങ്ങൾക്ക് പ്രചോദനമായിരുന്നു.

ഇത്തവണ ഖത്തറിൽ ഗ്രൂപ്പ് റൗണ്ട് കടമ്പ കടക്കാനാവാതെയാണ് സുവാരസും ഉറുഗ്വായും കണ്ണീരോടെ മടങ്ങിയത്. എങ്കിലും, കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലം ആവേശമായിരുന്നു കളത്തിൽ പറന്നു കളിക്കുന്ന ഈ സ്ട്രൈക്കർ. 2007ലായിരുന്നു സുവാരസ് ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 2011ൽ കോപ അമേരിക്ക കിരീടം ചൂടിയ ഉറുഗ്വായ് ടീമിനൊപ്പമുണ്ടായിരുന്നു. 2010, 2014, 2018 ലോകകപ്പുകളിലും ദേശീയ ടീമിനായി പന്തുതട്ടി.

2005ൽ പ്രാദേശിക ലീഗിലെ നാഷണൽ ക്ലബിനായി കളിച്ചുതുടങ്ങിയ താരം 2006ൽ നെതർലനഡ്സിലെ അയാക്സിലൂടെയാണ് യൂറോപ്പിൽ കളി തുടങ്ങുന്നത്. പിന്നീട് ലിവർപൂളിൽ മൂന്നു സീസണിലായി ഗോളടിച്ചു കൂട്ടി. 2014മുതൽ ആറ് സീസണിൽ ബാഴ്സലോണയിൽ ലയണൽ മെസ്സിയുടെയും പ്രധാന സഹതാരമായി മാറി.

മെസ്സി, നെയ്മർ, സുവാരസ് എന്ന എം.എസ്.എൻ ത്രയത്തിലൂടെ യൂറോപ്യൻ ഫുട്ബാൾ വാണ കാലം. 2020 വരെ ബാഴ്സയിൽ തുടർന്ന താരം അത്ലറ്റികോ മഡ്രിഡിൽ രണ്ട് സീസൺ കളിച്ച ശേഷം ഇത്തവണ നാട്ടിൽ മടങ്ങിയെത്തിയിരിക്കുന്നു. ഗോളടിക്കാനുള്ള മിടുക്ക് പോലെ, വിവാദങ്ങളിലുമുണ്ടായിരുന്നു സുവാരസിൻെറ പ്രഥമ സ്ഥാനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Cristiano to Ochoa; Those who return without the glory of the World Cup
Next Story