Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജയമില്ലാത്ത 20 വർഷം,...

ജയമില്ലാത്ത 20 വർഷം, 136 മത്സരങ്ങൾ; സാൻ മാരിനോ ഫുട്ബാൾ ടീം വിജയം സ്വപ്നം കാണുന്നത് അവസാനിപ്പിച്ചിട്ടില്ല

text_fields
bookmark_border
ജയമില്ലാത്ത 20 വർഷം, 136 മത്സരങ്ങൾ; സാൻ മാരിനോ ഫുട്ബാൾ ടീം വിജയം സ്വപ്നം കാണുന്നത് അവസാനിപ്പിച്ചിട്ടില്ല
cancel

രണ്ട് പതിറ്റാണ്ടായി സാൻ മാരിനോ എന്ന കൊച്ചുരാജ്യത്തെ ഫുട്ബാൾ താരങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരേ സ്വപ്നമാണ്. അത് ദിവസങ്ങൾക്കകം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് അവരും ആ രാജ്യത്തെ മുഴുവൻ ജനതയും. ഫുട്ബാൾ മൈതാനത്ത് തോറ്റ് മടുത്ത അവർ ഒരു ജയമെന്ന വലിയൊരു സ്വപ്നമാണ് രണ്ടു​ പതിറ്റാണ്ടായി കൂടെ കൊണ്ടുനടക്കുന്നത്. ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതുള്ള ഈ യൂറോപ്യൻ രാജ്യം 136 മത്സരങ്ങളാണ് വിജയം കാണാതെ പൂർത്തിയാക്കിയത്.

സാൻ മാരിനോ പര്യടനത്തിനെത്തിയ കരീബിയൻ രാജ്യമായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിനെതിരെ 21ന് ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പുതിയ ചരിത്രം പിറക്കുമെന്ന് തന്നെയാണ് അവർ ഉറച്ചുവിശ്വസിക്കുന്നത്. അന്ന് സാധിച്ചില്ലെങ്കിൽ മാർച്ച് 25നെങ്കിലും അത് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ 63 സ്ഥാനം മുമ്പിലുള്ള രാജ്യത്തിനെതിരെയാണ് പോരിനിറങ്ങുന്നതെങ്കിലും നിറഞ്ഞ ആത്മവിശ്വാസത്തിലാണവർ.

ഫിഫ റാങ്കിങ്ങിൽ 210ാം സ്ഥാനത്തുള്ള ടീം ലോകത്തെ ഏറ്റവും മോശം ദേശീയ ടീമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇതുവരെ കളിച്ച 201 മത്സരങ്ങളിൽ 192ഉം തോറ്റു. ഒരു തവണ മാത്രം ജയിച്ച ടീം എട്ട് സമനില പിടിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും സ്കോർ അവരുടെ ആത്മവിശ്വാസത്തിന് അടിവരയിടുന്നതാണ്. കഴിഞ്ഞ നവംബറിൽ കളിച്ച ഫിൻലൻഡുമായുള്ള മത്സരത്തിൽ 2-1നും കസാഖിസ്താനുമായി 3-1നും ഒക്ടോബറിൽ കരുത്തരായ ഡെന്മാർക്കുമായി 2-1നുമാണ് പരാജയപ്പെട്ടത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഗോൾ നേടുന്നതും ആദ്യമായാണ്.

സാൻ മാരിനോ

2004ൽ ലിചൻസ്റ്റീനിനെതിരെ 1-0ത്തിനായിരുന്നു സാൻമാരിനോയുടെ ഏക വിജയം. ആൻഡി സെൽവയായിരുന്നു അന്നത്തെ ഏക ഗോൾ നേടിയത്. ആകെ എട്ട് ഗോൾ നേടിയ അദ്ദേഹം തന്നെയാണ് രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളടിച്ച താരവും. 2006ൽ ജർമനിയോട് 13-0ത്തിന് തോറ്റതാണ് ടീമിന്റെ ഏറ്റവും നാണംകെട്ട തോൽവി. എന്നാൽ, അവരുടെ മനസ്സിനെ ഏറ്റവും മുറിവേൽപിച്ചത് 2011ൽ നെതർലാൻഡ്സിനെതി​രായ 11-0ത്തിന്റെ തോൽവിയായിരുന്നു. എട്ടോ ഒമ്പതോ ഗോളടിച്ച ശേഷവും കൂടുതൽ ഗോളുകൾ കാണാൻ അന്ന് കാണികൾ ആർത്തുവിളിക്കുകയായിരുന്നു.

17 വർഷമായി ടീമിനൊപ്പമുള്ള ക്യാപ്റ്റൻ മറ്റിയോ വിറ്റെയോളിയാണ് രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം. 91 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. 2014ൽ എസ്തോണിയക്കെതിരെ നേടിയ ഗോൾരഹിത സമനിലയാണ് അദ്ദേഹത്തിന്റെ മനസ്സിലെ നിറമുള്ള ഓർമ. എന്നാൽ, ഒരു ഫുട്ബാൾ മത്സരം ജയിച്ച് കളത്തിൽ ആഘോഷമായി ഓടിനടക്കാൻ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിന് കഴിഞ്ഞാൽ മറ്റിയോയും സഹതാരങ്ങളും അത് എങ്ങനെ ആഘോഷിക്കുമെന്നത് കാണാൻ ലോകം കാത്തിരിക്കുകയാണ്. ജനുവരിയിൽ നിയമിതനായ റോബർട്ടോ സെവോലി എന്ന പരിശീലകന്റെ കീഴിൽ അവർ ചരിത്രം കുറിക്കുമോ?. ഇറ്റലിയാൽ ചുറ്റപ്പെട്ട, 61 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണവും 33,000 ജനസംഖ്യയുമുള്ള ആ രാജ്യത്തിന്റെ വിജയത്തിനായി ഓരോ ഫുട്ബാൾ പ്രേമിക്കും പ്രാർഥനയോടെയിരിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAFootball NewsMatteo Vitaioli
News Summary - 20 years without a win, 136 matches; The San Marino football team has not stopped dreaming of success
Next Story