ലോകകപ്പിലെ ഇന്ത്യൻ ആവേശത്തിന് കപ്പിത്താനായി കോഴിക്കോട്ടുകാരൻ
text_fieldsദോഹ: കാൽപന്തുലോകം ഖത്തറിലേക്ക് ഒഴുകാനിരിക്കെ, ആതിഥേയ മണ്ണിൽ വീട്ടുകാരന്റെ ഉത്തരവാദിത്തവുമായി ഓടിനടക്കുകയാണ് ഇവിടെയൊരു മലയാളി. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഗാലറിയിലും സംഘാടനത്തിലും നിർമാണ പ്രവർത്തനങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൂടിയാണ് കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയും ഖത്തറിലെ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി അംഗവുമായ സഫീർ റഹ്മാൻ.
ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക്, കീഴിലെ ഇന്ത്യൻ കമ്യൂണിറ്റി ഫാൻ ലീഡറും ഇന്ത്യൻ കമ്യൂണിറ്റി കൾച്ചറൽ ഫോക്കൽ പോയന്റുമാണ് സഫീർ റഹ്മാൻ. കളിക്കളത്തിൽ ഇന്ത്യയില്ലെങ്കിലും ഗാലറിയിലും പുറത്തും ഓളങ്ങൾ തീർക്കാനും സന്നദ്ധ സേവനത്തിലും സ്റ്റേഡിയ നിർമാണങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളിലുമെല്ലാമായി വിശ്വമേളയുടെ ഓരോ ചുവടുവെപ്പിലും പ്രബല സാന്നിധ്യമായി ഇന്ത്യക്കാരുണ്ട്. ആകെ 28 ലക്ഷം ജനങ്ങളുള്ള ഖത്തറിൽ ഏഴ് ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർ ഇവിടത്തെ ഏറ്റവും വലിയ ജനസമൂഹമാണ്.
ലോകകപ്പ് വേളയിൽ ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യമാർന്ന പങ്കാളിത്തങ്ങളുടെ ഏകോപന ചുമതലയാണ് കമ്യൂണിറ്റി ഫാൻ ലീഡർ എന്ന നിലയിൽ സഫീറിനുള്ളത്. 2014 മുതൽ ലോകകപ്പ് സംഘാടകരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇദ്ദേഹം 33 രാജ്യങ്ങളിൽ നിന്നുള്ള സജീവ കമ്യൂണിറ്റി ഫാൻ ലീഡർമാരിൽ ഇന്ത്യൻ പ്രതിനിധിയാണ്. പരിശീലനവും ആസൂത്രണങ്ങളുമായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ലോകകപ്പിലേക്കുള്ള ഒരുക്കത്തിലായിരുന്നു ഇവർ. ഇതിനകം 28ഓളം പരിശീലന ക്യാമ്പുകൾ പൂർത്തിയാക്കി കഴിഞ്ഞതായി സഫീർ റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
ലോകകപ്പ് വേളയിൽ സ്റ്റേഡിയങ്ങളിലും ഫാൻ സോണുകളിലും മറ്റു പ്രധാനകേന്ദ്രങ്ങളിലുമായി നടക്കുന്ന കലാ-സംഗീത പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഇന്ത്യൻ പങ്കാളിത്തങ്ങളുടെ ഏകോപന ചുമതലയാണ് ഈ മലയാളിയുടെ പ്രധാന ദൗത്യം. നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള ദിനങ്ങളിൽ കളിമുറുകുമ്പോൾ ഗാലറിക്ക് പുറത്തും ഫാൻസോണിലും വിവിധ രാജ്യങ്ങളുടെ കലാപ്രകടനമാണ് സുപ്രീം കമ്മിറ്റി ആസൂത്രണം ചെയ്യുന്നത്. 600ലേറെ പരിപാടികൾ ഈ ദിവസങ്ങളിൽ അരങ്ങേറുമെന്നാണ് സൂചന. അവയിൽ നൂറോളം പ്രകടനങ്ങൾ ഇന്ത്യയുടേതുമായി ഉണ്ടാവും. ഇന്ത്യയിൽ നിന്നുള്ളതും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെയുമെല്ലാം ഏകോപനം ഈ മലയാളിയെയാണ് സംഘാടകർ ചുമതലപ്പെടുത്തിയത്.
ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ സഫീർ റഹ്മാൻ കായിക സംഘാടനത്തിൽ സജീവമാണ്. ഖത്തർ ഇന്ത്യൻ അസോസിയേഷൻ (ഖിയ) സ്ഥാപകനും ഭാരവാഹിയുമായിരുന്നു. രണ്ടു വർഷം മുമ്പാണ് എംബസിക്ക് കീഴിലെ സ്പോർട്സ് സെന്റർ മാനേജിങ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ സ്പോർട്സ് അക്കാദമികളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വവുമായും കായിക സംഘാടനത്തിൽ സജീവമായുണ്ട്. ഖത്തർ എനർജിയിൽ ജീവനക്കാരനാണ്. ഭാര്യ റബീഹ സഫീർ. മക്കളായ മുഫ്ലിഹ് സഫീർ, തവക്കുൽ സഫീർ, മിഷാൽ സഫീർ എന്നിവർ ദോഹയിൽ വിദ്യാർഥികളാണ്.