ഐ.പി.എൽ : മഴമൂലം ടോസ് വൈകുന്നു; മത്സരം ഉപേക്ഷിച്ചാൽ ബാംഗ്ലൂർ പുറത്താകും
text_fieldsകൊൽക്കത്ത: ലഖ്നോ സൂപ്പർ ജെയിന്റും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഐ.പി.എൽ മത്സരം മഴമൂലം വൈകുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കേണ്ട മത്സരമാണ് മഴമൂലം വൈകുന്നത്. മഴയെ തുടർന്ന് മത്സരത്തിന്റെ ടോസ് വൈകുകയാണെന്ന് ഇന്ത്യ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.
മഴ തുടരുകയാണെങ്കിൽ അഞ്ച് ഓവർ മത്സരമായിരിക്കും നടത്തുക. അതിനും സാധിച്ചില്ലെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയികളെ നിശ്ചയിക്കും. മഴമൂലം കളി പൂർണമായും ഉപേക്ഷിക്കേണ്ടി വന്നാൽ കൂടുതൽ പോയിന്റുള്ള ടീം ക്വാളിഫയറിലെത്തും. മത്സരം പൂർണമായും ഉപേക്ഷിക്കേണ്ടി വന്നാൽ ലഖ്നോ സൂപ്പർ ജെയ്ന്റാവും ക്വാളിഫയറിലെത്തുക.
ആദ്യ സീസണിൽത്തന്നെ പ്ലേ ഓഫ് റൗണ്ടിലെത്തിയതിന്റെ ത്രില്ലിലാണ് ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റനായ കെ.എൽ. രാഹുലിന് കീഴിൽ ഇറങ്ങുന്ന ലഖ്നോ. റൺറേറ്റ് വ്യത്യാസത്തിൽ മാത്രം പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നഷ്ടമായവർ. ബാംഗ്ലൂരാവട്ടെ കടന്നുകൂടിയതാണ്. ഡൽഹി കാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് തോൽപിച്ചതാണ് ഫാഫ് ഡു പ്ലസിസ് നയിക്കുന്ന ടീമിന് അനുഗ്രഹമായത്.