ഏഴാമനായി ഡബിള്‍ സെഞ്ചുറി, ഒരു സെഞ്ചുറിയില്ലാതെ മൂവായിരം റണ്‍സോ! ഇതിഹാസ താരങ്ങളുടെ രസകരമായ റെക്കോര്‍ഡുകള്‍
text_fieldsക്രിക്കറ്റ് ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്‍, ഷെയിന്‍ വോണ്‍, ബ്രയാന്‍ ലാറ, സനത് ജയസൂര്യ എന്നിവരുടെ പേരില്‍ മഹനീയ റെക്കോര്‍ഡുകള്‍ ഏറെയുണ്ടാകും. എന്നാല്‍, ആ താരങ്ങള്‍ പോലും എടുത്തു പറയാന്‍ ആഗ്രഹിക്കാത്ത ചില ബാറ്റിങ് റെക്കോര്‍ഡുകള്‍ ഉണ്ട്. രസകരമായ, ആ റെക്കോര്‍ഡുകളിതാണ്...
1-ഡോണ്‍ ബ്രാഡ്മാന്‍
ഓപണറായും മധ്യനിരയില്‍ ഇറങ്ങിയും ബാറ്റര്‍ സെഞ്ചുറിയും ഇരട്ടസെഞ്ചുറിയും നേടുന്നത് സ്വാഭാവികം. എന്നാല്‍, ഏഴാം നമ്പറില്‍ ഇറങ്ങി 230 റണ്‍സടിക്കുന്നതോ! ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ അങ്ങനെയൊരു മാജിക് കൂടി സൃഷ്ടിച്ചിട്ടുണ്ട്. 1937 ലെ ആഷസ് പരമ്പരയിലായിരുന്നു ഈ പ്രകടനം. ഏഴാം നമ്പറിലിറങ്ങിയ മറ്റൊരു താരത്തിനും ഇന്നേ വരെ സാധ്യമാകാത്ത സ്‌കോറിങ്!
2-ഷെയിന്‍ വോണ്‍
അകാലത്തില്‍ വിട പറഞ്ഞ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ മികച്ചൊരു ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു. എത്ര പേര്‍ക്കറിയാം, വോണിന്റെ തകര്‍പ്പെടാന്‍ സാധ്യതയില്ലാത്ത ലോക ബാറ്റിങ് റെക്കോര്‍ഡിനെ കുറിച്ച്. സെഞ്ചുറിയില്ലാതെ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയത് വോണാണ്. 199 ഇന്നിങ്സുകളില്‍ നിന്ന് 3154 റണ്‍സ്. പന്ത്രണ്ട് അര്‍ധസെഞ്ചുറികളാണ് വോണ്‍ നേടിയത്. 2001 ല്‍ ന്യൂസിലാന്‍ഡിനെതിരെ ഒരു റണ്‍സരികെ വെച്ച് സെഞ്ചുറി നഷ്ടമായി! അന്ന് സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഇങ്ങനെയൊരു റെക്കോര്‍ഡ് വോണിന്റെ പേരിലുണ്ടാകില്ലായിരുന്നു!!
3-ബ്രയാന്‍ ലാറ
വശ്യമനോഹരം, ബ്രയാന്‍ ലാറയുടെ ബാറ്റിങ് കണ്ടിരിക്കാന്‍ തന്നെ എന്ത് രസമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഫോമിലേക്കുയര്‍ന്നു കഴിഞ്ഞാല്‍ ലാറയെ പുറത്താക്കാന്‍ സാധിക്കില്ല. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സടിച്ച താരമാണ് ലാറ. എന്നാല്‍, തോറ്റ മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍ എന്ന റെക്കോര്‍ഡ് ലാറ ഓര്‍ക്കാനാഗ്രഹിക്കാത്തതാകും. പാഴായ സെഞ്ചുറികളേറെയാണ്.
4-സനത് ജയസൂര്യ
ഏകദിന ക്രിക്കറ്റിന്റെ തലവര മാറ്റിയ ബാറ്റ്‌സ്മാനാണ് ശ്രീലങ്കയുടെ സനത് ജയസൂര്യ. 445 ഏകദിന മത്സരങ്ങളില്‍ നിന്ന് 13430 റണ്‍സ് അടിച്ച് കൂട്ടിയ ഇതിഹാസം. പക്ഷേ, ജയസൂര്യ പോലും ഓര്‍ക്കാനാഗ്രഹിക്കാത്ത ഏകദിന ബാറ്റിങ് റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടുതല്‍ തവണ ഡക്ക് ആയ താരം. 34 തവണയാണ് ജയസൂര്യ പൂജ്യത്തിന് പുറത്തായത്. 28 സെഞ്ചുറികളും 68 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.