Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘പാകിസ്താനെതിരെ...

‘പാകിസ്താനെതിരെ കളിക്കുന്നതിനേക്കാൾ മികച്ചത് ഐ.പി.എൽ’; ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചതിനെതിരെ മൈക്കൽ വോൺ

text_fields
bookmark_border
‘പാകിസ്താനെതിരെ കളിക്കുന്നതിനേക്കാൾ മികച്ചത് ഐ.പി.എൽ’; ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ചതിനെതിരെ മൈക്കൽ വോൺ
cancel

ലണ്ടൻ: പാകിസ്താനെതിരായ ട്വന്‍റി20 പരമ്പരക്കായി ഐ.പി.എല്ലിൽനിന്ന് ഇംഗ്ലണ്ട് താരങ്ങളെ തിരിച്ചുവിളിച്ച തീരുമാനത്തെ വിമർശിച്ച് മുൻ നായകൻ മൈക്കൽ വോൺ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിൽ ജാക്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഫിൽ സാൾട്ട്, രാജസ്ഥാൻ റോയൽസിന്‍റെ ജോസ് ബട്ലർ ഉൾപ്പെടെയുള്ള താരങ്ങളെയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) ടീമിലേക്ക് തിരിച്ചുവിളിച്ചത്.

ഐ.പി.എൽ പ്ലേ ഓഫ് കളിക്കാനുള്ള അവസരമാണ് ബട്ലർക്കും സാൾട്ടിനും ജാക്സിനും നഷ്ടപപ്പെട്ടത്. ട്വന്‍റി20 ലോകകപ്പിനു മുമ്പുള്ള മികച്ച അവസരമാണ് ഇംഗ്ലണ്ട് നഷ്ടപ്പെടുത്തിയതെന്ന് മൈക്കൽ വോണും മുൻ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ഇതിഹാസം ആദം ഗിൽക്രിസ്റ്റും വിമർശിച്ചു. ‘എല്ലാ കളിക്കാരെയും നാട്ടിലേക്ക് തിരിച്ചുവിളിച്ചതോടെ ഇംഗ്ലണ്ട് അവസരം നഷ്ടപ്പെടുത്തി’ -ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ വോൺ പറഞ്ഞു. വിൽ ജാക്സ്, സാൾട്ട്, ബട്ലർ എന്നിവരെല്ലാം ഐ.പി.എൽ പ്ലേ ഓഫ് കളിക്കേണ്ടിയിരുന്ന താരങ്ങളാണ്. സമ്മർദങ്ങളും പ്രതീക്ഷകളും ആൾക്കൂട്ടവും അവിടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാകിസ്താനെതിരെ ട്വന്‍റി20 കളിക്കുന്നതിനേക്കാൾ മികച്ച തയാറെടുപ്പ് ഇന്ത്യയിൽ കളിക്കുന്നതാണെന്നും വോൺ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര മത്സരങ്ങളേക്കാൾ പ്രധാന്യം ക്ലബ് ക്രിക്കറ്റിന് നൽകണമെന്നല്ല ഇതിനർഥം. ഒരു ട്വന്‍റി20 അന്താരാഷ്ട്ര മത്സരത്തേക്കാൾ വലിയ സമ്മർദമാണ് ഐ.പി.എൽ പ്ലേ ഓഫിൽ താരങ്ങൾ നേരിടുന്നത്. ഇതിലൂടെ ലോകകപ്പിന് മാനസികമായി തയാറെടുക്കാൻ ഒരു താരത്തിനാകും. പാകിസ്താൻ, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകളെ അവമതിക്കുകയല്ല. ഇരുവരും പരസ്പരം അധികമൊന്നും ട്വന്‍റി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. പക്ഷേ ഇവിടെ നിലവാരം കൂടുതൽ ഐ.പി.എല്ലിനു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.പി.എല്ലിന്‍റെ ഫൈനൽ ഘട്ടത്തിൽ താരങ്ങളെ തിരിച്ചുവിളിച്ചതിലൂടെ ലോകകപ്പിന് ഒരുങ്ങാനുള്ള മികച്ച അവസരമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇല്ലാതാക്കിയതെന്നും ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു.

രണ്ടാം ട്വന്‍റി20യിൽ ഇംഗ്ലണ്ടിന് ജയം

ജോസ് ബട്‍ലറുടെ തകർപ്പൻ അർധ സെഞ്ച്വറിയുടെ കരുത്തിൽ രണ്ടാം ട്വന്‍റി20യിൽ ഇംഗ്ലണ്ടിന് 23 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 19.2 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തായി. 51 പന്തിൽ 84 റൺസെടുത്ത ക്യാപ്റ്റൻ ബട്‍ലറാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. മൂന്നു സിക്സറുകളും എട്ടു ബൗണ്ടറികളുമാണ് ബട്‍ലർ അടിച്ചെടുത്തത്.

21 പന്തിൽ 45 റൺസെടുത്ത ഫഖർ സമാൻ, 26 പന്തിൽ 32 റൺസെടുത്ത ബാബർ അസം, 13 പന്തിൽ 22 റൺസെടുത്ത ഇമാദ് വസിം എന്നിവരാണ് പാകിസ്താനായി പൊരുതി നോക്കിയത്. ഇംഗ്ലണ്ടിനായി റീസ് ടോപ്‍ലി മൂന്നും മുഈൻ അലി, ജോഫ്ര ആർച്ചർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. നാലുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. മൂന്നാം മത്സരം ഈമാസം 28ന് കാർഡിഫിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England Cricket Teammichael vaughanIPL 2024
News Summary - Michael Vaughan blasts England's decision to call players back
Next Story